ചരിത്രത്തെ ഒറ്റിയവർ സത്യം പറയുമോ

ഡോ. നിതീഷ് നാരായണൻ
Published on Sep 04, 2026, 01:54 AM | 3 min read
എന്തിനാണ് വിദ്യാർഥികൾ ഇങ്ങനെ രോഷം കൊള്ളുന്നതെന്ന് മുഖ്യമന്ത്രി വി ഡി സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്‌ക്കും മനസ്സിലായിട്ടില്ല. അതിൽ അതിശയമില്ല. വന്ദേമാതരത്തിലെ ആദ്യ രണ്ട് ചരണങ്ങൾക്കുശേഷമുള്ള വരികൾ പാടരുതെന്ന് എന്തുകൊണ്ടാണ് നെഹ്‌റു ഉൾപ്പെടെയുള്ളവർ പണ്ട് പറഞ്ഞതെന്ന് മനസ്സിലാകാത്തവരാണ്. സ്വന്തം നേതാക്കളെ മനസ്സിലാകാത്തവർക്ക് സമരം ചെയ്യുന്നവരെ മനസ്സിലാകണം എന്ന് വാശി പിടിക്കാനാകില്ലല്ലോ.
ഒരു സർക്കാർ അധികാരത്തിലേറി മൂന്ന് മാസത്തിനുള്ളിൽ എന്തിനാണ് ഇങ്ങനെ തുടർസമരങ്ങൾ നടത്തുന്നത് എന്നതാണ് മറ്റൊരു സംശയം. സംഘപരിവാർ വിധേയത്വം പ്രകടിപ്പിക്കാനും വർഗീയതയ്‌ക്കെതിരെ കേരളത്തിന്റെ ചെറുത്തുനിൽപ്പിനെ ഒറ്റിക്കൊടുക്കാനും ഒരാഴ്ചപോലും വേണ്ടിവന്നിട്ടില്ലാത്ത കൂട്ടരാണ് ഇത് പറയുന്നത്. കായിക ടൂർണമെന്റുകൾപോലെ ഫിക്സ്ചറിട്ട് നടപ്പാക്കുന്ന ഒന്നല്ല സമരങ്ങൾ എന്നെങ്കിലും ഇക്കൂട്ടർ തിരിച്ചറിയണം. എത്ര വേഗത്തിൽ നിങ്ങൾ സംഘപരിവാറിന് കീഴടങ്ങുന്നുവോ അത്രയും പെട്ടെന്ന് നിങ്ങൾക്ക് ഈ നാടിന്റെ ചെറുത്തുനിൽപ്പിനെ നേരിടേണ്ടിയും വരും. രാഷ്ട്രീയത്തെ ഇവന്റ് മാനേജ്മെന്റ് ആയി കാണുന്നവർക്ക് സമരങ്ങൾ പിറക്കുന്നതെങ്ങനെയെന്ന് അറിയണമെന്നില്ല.
ഇത്രയും കാലം എവിടെയായിരുന്നു എന്നാണ് മറ്റൊരു ചോദ്യം. അത് അറിയാൻ കേരളത്തിന്റെ ആഭ്യന്തരമന്ത്രി സ്വന്തം വകുപ്പിൽ തന്നെ അന്വേഷിച്ചാൽ മതിയാകും; എസ്എഫ്ഐ കഴിഞ്ഞ വർഷങ്ങളിൽ എന്തുചെയ്യുകയായിരുന്നു എന്ന് അറിയാൻ. എല്ലാ ഭരണഘടനാ സ്ഥാപനങ്ങളും അകത്തുനിന്ന് പിടിച്ചെടുത്ത് ഹിന്ദുത്വ അജൻഡ നടപ്പാക്കാനുള്ള നീക്കമാണ് ഇന്ത്യയിൽ നടക്കുന്നത്. സ്വതന്ത്രമായി പ്രവർത്തിക്കുകയും ഭരണഘടനയോട് മാത്രം പ്രതിബദ്ധത കാത്തുസൂക്ഷിക്കുകയും ചെയ്യേണ്ടവയാണ് ഭരണഘടനാ സ്ഥാപനങ്ങൾ. കോടതികൾമുതൽ തെരഞ്ഞെടുപ്പ് കമീഷനുകൾവരെ അതിൽ ഉൾപ്പെടും. ഇവയ്ക്കൊപ്പം സർവകലാശാലകളും ഗവേഷണ സ്ഥാപനങ്ങളും മാധ്യമങ്ങളും അന്വേഷണ ഏജൻസികളും എല്ലാം ഇത്തരത്തിൽ പിടിച്ചെടുക്കുകയാണ് ചെയ്തത്. അതിനെയാണ് നവഫാസിസ്റ്റ് രീതിയായി ഇടതുപക്ഷം വിശേഷിപ്പിച്ചത്. കൂടുതൽ ഗുരുതരമാണത്. തൊലിപ്പുറത്തെ ചുണങ്ങോ മുറിവോ ആയല്ല, ഇന്ത്യയുടെ സിരകളിലൂടെയുള്ള വിഷലിപ്ത ഒഴുക്കായിത്തന്നെ ഹിന്ദുത്വ മാറുന്നത് ഇങ്ങനെയാണ്.
ഈ അജൻഡയാണ് ഗവർണറിലൂടെ നടപ്പാക്കാൻ കേരളത്തിൽ ശ്രമിച്ചത്. അതിന് ചുക്കാൻ പിടിച്ച ആരിഫ് മൊഹമ്മദ് ഖാനും പിന്നീട് വന്ന ആർലേക്കറും കേരളത്തിലെ എസ്എഫ്ഐയുടെ സമരവീര്യം നേരിട്ട് അനുഭവിച്ചവർ തന്നെയായിരുന്നു. ചാൻസലർ പദവി ദുരുപയോഗം ചെയ്തും ദുർവ്യാഖ്യാനം ചെയ്തും സംഘപരിവാർ വിധേയരായ വൈസ് ചാൻസലർമാരെ നിയമിച്ചും സെനറ്റിലേക്ക് ആർഎസ്എസുകാരെ തിരുകിക്കയറ്റിയുമൊക്കെയാണ് അവർ തങ്ങളെ നാഗ്‌പൂരിൽനിന്ന് ഏൽപ്പിച്ച ദൗത്യം നിർവഹിക്കാൻ ശ്രമിച്ചത്. അതിനിടയിൽ അവർ ഇട്ടുകൊടുത്ത എല്ലിൻ കഷണങ്ങളിൽ കോൺഗ്രസ് കടിച്ചു. അവരിൽ ചിലർക്കുകൂടി ഗവർണർ നിയമനം നൽകിയതോടെ ഒന്നുമറിയാത്തവരെപ്പോലെ അവർ ചടഞ്ഞുകൂടി. കേരള സർവകലാശാല സിൻഡിക്കറ്റിലേക്ക് ചരിത്രത്തിൽ ആദ്യമായി ആർഎസ്‌എസിന് ഒരു അംഗത്തെ ലഭിക്കുന്നത് ഗവർണറുടെ ഈ അട്ടിമറിയുടെ തുടർച്ചയിൽ ആയിരുന്നു.
അന്നും സന്ധിയില്ലാത്ത സമരങ്ങളിൽ എസ്എഫ്ഐ ഉണ്ടായിരുന്നു. ഒപ്പം നിയമ പോരാട്ടവും നടത്തി. മെറിറ്റ് അട്ടിമറിച്ചും റാങ്ക് ഹോൾഡർമാരെപ്പോലും ഒഴിവാക്കിയും സെനറ്റിലേക്ക് ഗവർണർ നിയമിച്ച എബിവിപിക്കാർ പുറത്തായത് ജാഗ്രതയോടെ എസ്എഫ്ഐയും ഇടതുപക്ഷവും നടത്തിയ ഇടപെടൽ വഴിയായിരുന്നു. ഇന്ന് സർവകലാശാലകളിൽ വിലസുന്ന മോഹനൻ കുന്നുമ്മൽ ഉൾപ്പെടെയുള്ള പിൻവാതിൽ നിയമനക്കാർക്ക് അക്കാലത്ത് എത്ര ദിവസം സർവകലാശാലയിൽ പ്രവേശിക്കാൻ സാധിച്ചിട്ടുണ്ട് എന്ന് പരിശോധിച്ചാൽ മനസ്സിലാകുന്നതേയുള്ളൂ എസ്എഫ്‌ഐ സമരത്തിന്റെ വീര്യം. സംഘവൽക്കരണത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യയിൽത്തന്നെ ഏറ്റവും കൂടുതൽ പ്രവർത്തകർ തടവിലാക്കപ്പെട്ട പ്രസ്ഥാനത്തിന്റെ പേര് എസ്എഫ്ഐ എന്നുതന്നെയാണ്. സത്യപ്രതിജ്ഞ കഴിഞ്ഞ ഉടനെ ഗവർണർരാജിലൂടെ അവരോധിക്കപ്പെട്ട സംഘപരിവാറുകാരനെ സ്നേഹാലിംഗനം ചെയ്ത മുഖ്യമന്ത്രിയാണ് സമരം ചെയ്യുന്ന എസ്എഫ്ഐക്കാരെ ചുടുചോറ് വാരിക്കുകയാണെന്ന് പരിഹസിച്ചത്.
യുഡിഎഫുകാരെപ്പോലെ സംഘപരിവാർ വിളമ്പിയ ചോറ് തിന്നാൻ അവർ തയ്യാറായിട്ടില്ല. നിർഭാഗ്യവശാൽ, നാടിന്റെ മതനിരപേക്ഷ പാരമ്പര്യം വഞ്ചിക്കപ്പെടുമ്പോൾ അതിനെതിരെ ശബ്ദിക്കാൻ പ്രോട്ടോകോൾ അനുവദിക്കുന്നതും കാത്തിരിക്കുകയാണ് കേരളത്തിലെ യുഡിഎഫ് സർക്കാർ. പാഠപുസ്തകങ്ങളിൽ വർഗീയത കുത്തിനിറയ്‌ക്കുകയും ചരിത്രത്തിനുപകരം മിത്തുകൾ സ്ഥാപിക്കുകയും തങ്ങൾക്കനുകൂലമാംവിധം വെട്ടിമാറ്റുകയും ചെയ്തപ്പോൾ ചട്ടക്കൂടുകൾ ചൂണ്ടിക്കാട്ടി മിണ്ടാതിരിക്കുകയല്ല ഇടതുപക്ഷം ചെയ്തിരുന്നത്. ഗവർണറുടെ നെറികേടുകൾക്ക് മുന്നിൽ മൗനികളായി ഇരിക്കുകയുമല്ല ചെയ്‌തത്. വൈസ് ചാൻസലർ നിയമനത്തിൽ ഗവർണറുടെ അട്ടിമറി നീക്കങ്ങൾക്കെതിരെ ഇടതുപക്ഷം നിയമപോരാട്ടം നടത്തിയപ്പോൾ യുഡിഎഫ് സർക്കാർ പദവികൾ വീതംവച്ച് ഒത്തുതീർപ്പിലേക്കാണ് നീങ്ങിയത്.
ഇന്ത്യൻ ചരിത്ര കോൺഗ്രസിന്റെ ഉദ്ഘാടനവേദിയിൽ സംഘപരിവാർ വിധേയത്വം പ്രകടിപ്പിച്ച അന്നത്തെ ഗവർണർ ആരിഫ് മൊഹമ്മദ് ഖാനൊപ്പം നിൽക്കുകയല്ല, അതിനെതിരെ അവിടെത്തന്നെ പ്രതിഷേധം ഉയർത്തുവാനാണ് ഇടതുപക്ഷം ഒരുമ്പെട്ടത്. കേരളത്തിലെ കേന്ദ്ര സർവകലാശാലയിൽ ക്ലാസ് മുറിയിലെ ഒരു പരാമർശത്തിന്റെ പേരിൽ ഒരു അധ്യാപകനെ വേട്ടയാടിയപ്പോൾ അതിനെതിരെ ആദ്യം രംഗത്തുവന്നത് എസ്എഫ്ഐ ഉൾപ്പെടെയുള്ള സംഘടനകൾ തന്നെയായിരുന്നു. ഇങ്ങനെയൊക്കെയാണ് മതനിരപേക്ഷ കേരളം അതിജീവിച്ചത്. ചരിത്രത്തെ ഒറ്റിയവരോട് ജീവിക്കുന്ന കാലത്തോട് സത്യസന്ധരാകണം എന്ന് ആവശ്യപ്പെടാനാകില്ല. പക്ഷേ, നിങ്ങളുടെ ചാപ്പകുത്തിന് പിറകേ അനുസരണയോടെ നടക്കാൻ മാത്രം ഓർമകൾ നശിച്ചവരാണ് കേരളത്തിലെ മനുഷ്യർ എന്ന് വ്യാമോഹിക്കരുത്.













