ചുരം കയറുമോ നേപ്പാൾ ജനാധിപത്യം


വി ബി പരമേശ്വരൻ
Published on Mar 08, 2026, 09:45 PM | 4 min read
നേപ്പാളിൽ നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ ജെൻസി പ്രസ്ഥാനത്തിന് നേതൃത്വം നൽകിയവർക്കും അതിനെ പിന്തുണച്ചവർക്കും വൻവിജയമുണ്ടായിരിക്കുകയാണ്. കഴിഞ്ഞവർഷം സെപ്തംബറിൽ നടന്ന സർക്കാർ വിരുദ്ധകലാപംവരെയും രാജ്യം ഭരിച്ച കമ്യൂണിസ്റ്റ് പാർടി ഓഫ് നേപ്പാൾ- യുനൈറ്റഡ് മാർക്സിസ്റ്റ് ലെനിനിസ്റ്റ് (സിപിഎൻ-യുഎംഎൽ), നേപ്പാളി കോൺഗ്രസ് എന്നീ കക്ഷികളും നേപ്പാൾ കമ്യൂണിസ്റ്റ് പാർടിയും കനത്ത തോൽവി ഏറ്റുവാങ്ങി. ജെൻസി പ്രസ്ഥാനത്തെ പിന്തുണച്ച പ്രസിദ്ധ റാപ്പ് ഗായകനും എൻജിനിയറുമായ ബലേന്ദ്ര ഷാ എന്ന ബലെൻ പ്രധാനമന്ത്രിയാകുമെന്ന് ഉറപ്പായി.
ടെലിവിഷൻ അവതാരകനും മുൻ ഉപപ്രധാനമന്ത്രിയുമായ രബി ലാമിച്ച് മൂന്ന് വർഷംമുമ്പ് സ്ഥാപിച്ച രാഷ്ട്രീയ സ്വതന്ത്ര പാർടി (ആർഎസ്‌പി) ടിക്കറ്റിലാണ് മുപ്പത്തഞ്ചുകാരനായ ബലെൻ വിജയിച്ചത്. തലസ്ഥാനമായ കാഠ്മണ്ഡുവിന്റെ മേയർകൂടിയായ ബലെൻ കഴിഞ്ഞ ഡിസംബറിലാണ് ആർഎസ്‌പിയിൽ ചേർന്നതും പ്രധാനമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിക്കപ്പെട്ടതും.
ഝാപ്പ 5 മണ്ഡലത്തിൽനിന്നും മുൻ പ്രധാനമന്ത്രിയും സിപിഎൻയുഎംഎൽ നേതാവുമായ കെ പി ശർമ ഒലിയെ അരലക്ഷത്തോളം വോട്ടുകൾക്ക് തോൽപ്പിച്ചാണ് ബലെൻ പാർലമെന്റിൽ എത്തുന്നത്. സർക്കാർവിരുദ്ധ കലാപത്തെ തുടർന്ന് രാജിവച്ചൊഴിയാൻ നിർബന്ധിക്കപ്പെട്ട പ്രധാനമന്ത്രിയാണ് ഒലി. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും വൻഭൂരിപക്ഷത്തിന് ജയിച്ച മണ്ഡലത്തിൽ 18734 വോട്ട് മാത്രമാണ് ഒലിക്ക് ലഭിച്ചത്. ബലെന് 63348 വോട്ട് ലഭിച്ചു. ചിത്വാൻ–2 മണ്ഡലത്തിൽനിന്നും രബി ലാമിച്ച് 40000 വോട്ടിന്റെ ഭൂരിപക്ഷത്തിന് നേപ്പാളി കോൺഗ്രസ് സ്ഥാനാർഥി മീന ഖരേലിനെ തോൽപ്പിച്ചു.
2022ൽ 20 സീറ്റുമായി നാലാം സ്ഥാനത്തായിരുന്ന ആർഎസ്‌പി ഇക്കുറി 180ഓളം സീറ്റ് നേടി ഏറ്റവും വലിയ കക്ഷിയായി. നേപ്പാൾ ജനപ്രതിനിധി സഭയിൽ 275 അംഗങ്ങളാണുള്ളത്. ഭൂരിപക്ഷത്തിന് 138 സീറ്റ്. 165 സീറ്റിലേക്ക് മാത്രമാണ് നേരിട്ട് തെരഞ്ഞെടുപ്പ്. ബാക്കി 110 സീറ്റ് ഓരോ പാർടിക്കും ലഭിക്കുന്ന വോട്ടിങ് ശതമാനത്തിന് അനുസരിച്ച് ഭാഗിക്കും.
നേരിട്ടുള്ള തെരഞ്ഞെടുപ്പിൽ ആർഎസ്‌പിക്ക് 124 സീറ്റ് (റിസൾട്ട് പൂർണമായി വന്നിട്ടില്ല) ലഭിച്ചിട്ടുണ്ട്. നേപ്പാളി കോൺഗ്രസിന് 18 മാത്രം. സിപിഎൻയുഎംഎല്ലിന് 10ഉം പ്രചണ്ഡ നയിക്കുന്ന നേപ്പാൾ കമ്യൂണിസ്റ്റ് പാർടിക്ക് ഏഴുമാണ് ലഭിച്ചത്. രാജഭരണത്തെ അനുകൂലിക്കുന്ന രാഷ്ട്രീയ പ്രജാതന്ത്ര പാർടിക്ക് ഒരു സീറ്റ് മാത്രം. നേപ്പാളി കോൺഗ്രസ് നേതാവും അഞ്ച് തവണ പ്രധാനമന്ത്രിയുമായ ഷേർ ബഹാദൂർ ദുബെെ മത്സരിച്ചിരുന്നില്ല. ഈ ജനുവരിയിൽ പാർടി പിളരുകയും വിമതവിഭാഗം നേതാവ് ഗഗൻ ഥാപ്പയെ നേതാവായി തെരഞ്ഞെടുക്കുകയും ചെയ്‌തു. തെരഞ്ഞെടുപ്പ് കമീഷൻ ഈ വിമതവിഭാഗത്തിനാണ് അംഗീകാരം നൽകിയത്. എന്നാൽ നാൽപ്പത്തഞ്ചുകാരനായ ഥാപ്പയും പരാജയപ്പെട്ടു. ഒലിക്ക് പുറമെ മുൻ പ്രധാനമന്ത്രിയും കമ്യൂണിസ്റ്റ് പാർടി എംഎൽ നേതാവുമായ മാധവ് കുമാറും റൗട്ടാ ഹട്ട് –- 1 മണ്ഡലത്തിൽ തോറ്റു. മുൻ മാവോയിസ്റ്റ് നേതാവും മുൻ പ്രധാനമന്ത്രിയുമായ പുഷ്പകുമാർ ദഹൽ എന്ന പ്രചണ്ഡ, റുകും പൂർബ മണ്ഡലത്തിൽനിന്നും വിജയിച്ചു. അറുപതോളം പാർടികളിലായി 3000 സ്ഥാനാർഥികളാണ് ഇക്കുറി മത്സരിച്ചത്.
രാജഭരണം അവസാനിപ്പിച്ച് 2008ൽ ജനാധിപത്യം സ്ഥാപിക്കുകയും 2015ൽ ഒരു മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കായി നേപ്പാൾ മാറുകയും ചെയ്തെങ്കിലും 18 വർഷത്തിനകം 14 സർക്കാരുകളാണ് അധികാരത്തിൽ വന്നത്.
അധികാരമത്സരവും അഴിമതിയും കൊടികുത്തി വാണപ്പോൾ തൊഴിലില്ലായ്മ, ദാരിദ്ര്യം ഉൾപ്പെടെയുള്ള വിഷയങ്ങൾ പരിഹരിക്കപ്പെട്ടില്ല. 50 ശതമാനം കുടുംബങ്ങളിൽ ഒരാളെങ്കിലും വിദേശത്ത് തൊഴിൽ തേടി പോയി. നേപ്പാൾ ജിഡിപിയുടെ 30 ശതമാനവും ഇവർ അയക്കുന്ന പണമായിരുന്നു. ഇതിനിടയിൽ 26 സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകൾക്ക് നിരോധനംകൂടി ഏർപ്പെടുത്തിയതോടെയാണ് സർക്കാർവിരുദ്ധ കലാപം വന്നത്. സെപ്തംബർ 9ന് ഒലി സർക്കാർ രാജിവച്ചു. 12ന് മുൻ ചീഫ് ജസ്റ്റീസ് സുശീല കർക്കിയുടെ നേതൃത്വത്തിൽ ഇടക്കാല സർക്കാർ വന്നു.
വൻ പ്രതീക്ഷയോടെയാണ് ജനങ്ങൾ പുതിയ സർക്കാരിനെ കാണുന്നത്. നേപ്പാൾ ജിഡിപി 10000 കോടി ഡോളറായും ആളോഹരി വരുമാനം 3000 ഡോളറായും ഉയർത്തുമെന്നും 12 ലക്ഷംപേർക്ക് തൊഴിൽ നൽകുമെന്നുമാണ് ആർഎസ്‌പി വാഗ്‌ദാനം. നിലവിൽ 4550 കോടി ഡോളർ മാത്രമാണ് ജിഡിപി.
ആളോഹരി വരുമാനമാകട്ടെ 1535 ഡോളറും. അതായത് അഞ്ച് വർഷത്തിനകം ജിഡിപിയും ആളോഹരി വരുമാനവും ഇരട്ടിയായി ഉയർത്തുമെന്നാണ് പുത്തൻ കക്ഷിയുടെ വാഗ്ദാനം. ഇത് പാലിക്കുക വിഷമമാണെന്നാണ് പ്രമുഖ രാഷ്ട്രീയ- സാമ്പത്തിക വിദഗ്‌ധരുടെ അഭിപ്രായം. ഇതിന് അയൽരാജ്യങ്ങളായ ഇന്ത്യയുടെയും ചൈനയുടെയും സഹായം ആവശ്യമാണ്. നേപ്പാളിന്റെ വ്യാപാരത്തിന്റെ മൂന്നിൽ രണ്ടും ഇന്ത്യയുമായിട്ടാണ്. എന്നാൽ, നിയുക്‌തപ്രധാനമന്ത്രി ബലെൻ നേരത്തേ ഇന്ത്യ വിരുദ്ധ നിലപാടുകാരനാണ്. ചൈനയുമായും വലിയ സൗഹൃദം ഇവർ ആഗ്രഹിക്കുന്നുണ്ടെന്ന് പറയാനുമാകില്ല. മാത്രമല്ല ഏറ്റവും കൂടുതൽ നേപ്പാളികൾ ജോലി ചെയ്യുന്ന പശ്ചിമേഷ്യ ഇപ്പോൾ യുദ്ധത്തിലുമാണ്. അതായത് പ്രതിസന്ധികളുടെ നടുവിലാണ് പുതിയ സർക്കാർ അധികാരമേൽക്കുന്നത്. സർക്കാർ വിരുദ്ധ കലാപത്തിൽ 19 പേർ വെടിയേറ്റ് മരിച്ചതുൾപ്പെടെ 77 പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. ഇതിന് ഉത്തരവാദികളായവരെ കണ്ടെത്തി ശിക്ഷിക്കുമെന്ന വാഗ്‌ദാനവും നടപ്പാക്കേണ്ടതുണ്ട്.
ഇടക്കാല സർക്കാർ നിയോഗിച്ച മുൻ ജഡ്ജി ഗൗരി കർക്കിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സമിതിയുടെ റിപ്പോർട്ടിന്മേൽ നടപടി സ്വീകരിക്കണമെന്ന സമ്മർദവും ശക്തമാണ്. റിപ്പോർട്ട് പുറത്തുവിട്ടാൽ ഉണ്ടാകുന്ന രാഷ്ട്രീയ ആഘാതവും നേരിടേണ്ടിവരും.
സർക്കാർ വിരുദ്ധ കലാപം നയിച്ച് അധികാരത്തിലെത്തിയ ആർഎസ്‌പിയും അതിന്റെ നേതാക്കളും ക്ലീൻ ഇമേജുള്ളവരാണെന്ന് പറയാനുമാകില്ല. രബി ലാമിച്ച് വിവാദപുരുഷനാണ്. ടെലിവിഷനിൽ "ജനങ്ങളോട് സംവദിക്കാം’ എന്ന ടോക്ക് ഷോയിൽ അഴിമതിക്കും സ്വജനപക്ഷപാതത്തിനും മറ്റും എതിരെ സംസാരിച്ച് ജനശ്രദ്ധ നേടിയ വ്യക്തിയാണ്. വ്യക്തമായ ഒരു പ്രത്യയശാസ്ത്രമോ ആസൂത്രിതമായ രാഷ്ട്രീയപദ്ധതിയോ ഇല്ലാതെ നിലവിലുള്ള സംവിധാനത്തോടുള്ള ജനങ്ങളുടെ ക്രോധം മുതലെടുത്ത് രാഷ്ട്രീയത്തിലേക്ക് കടന്നുവന്നയാളാണ് . 2022ലെ പൊതുതെരഞ്ഞെടുപ്പിന് മാസങ്ങൾക്കു മുമ്പാണ് ആർഎസ്‌പിക്ക് രൂപം നൽകിയത്. ആ തെരഞ്ഞെടുപ്പിൽ നാലാംസ്ഥാനം നേടുകയും പ്രചണ്ഡയുടെ കക്ഷിയുമായി സഹകരിച്ച് സർക്കാരിന്റെ ഭാഗമാകുകയും ആഭ്യന്തരമന്ത്രാലയ ചുമതലയോടെ ഉപപ്രധാനമന്ത്രിവരെയാകുകയും ചെയ്തു.
ഏത് ഭരണസംവിധാനത്തെയാണോ എതിർക്കുന്നത് അതിന്റെ ഭാഗമായ ആളാണ് ലാമിച്ച് എന്നർഥം. തെറ്റായ രേഖകൾ നൽകി പൗരത്വം നേടിയതിന് 2023ൽ സുപ്രീംകോടതി അദേഹത്തിന്റെ പാർലമെന്റ് അംഗത്വം റദ്ദാക്കി. തുടർന്ന് സഹകരണ തട്ടിപ്പ് കേസിൽ ജയിലിലടയ്‌ക്കപ്പെട്ടു. കലാപം മറയാക്കിയാണ് ജയിലിൽനിന്നും പുറത്തുകടക്കുന്നത്.
ബലെനും മേയറായിരിക്കെ പല വിവാദങ്ങളും സൃഷ്ടിച്ചു. തെരുവുകച്ചവടക്കാരെ പ്രധാന ഭാഗങ്ങളിൽനിന്നും ബലപ്രയോഗത്തിലൂടെ നീക്കം ചെയ്തത് വലിയ പ്രതിഷേധങ്ങൾ ക്ഷണിച്ചുവരുത്തി. സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്തവർ താൽക്കാലികമായി താമസിക്കുന്ന പ്രദേശങ്ങളിൽനിന്നും ആട്ടിയോടിച്ചുവെന്ന ആക്ഷേപവും ഉയർന്നു. ബലെന്റെ സമൂഹമാധ്യമങ്ങളിലെ പല കമന്റുകളും വിവാദമാണ്. പുതിയ അധികാരലബ്‌ധിയെ എങ്ങനെയാണ് ഇവർ ഉപയോഗിക്കുക എന്ന ആകാംക്ഷ അതുകൊണ്ടുതന്നെ നേപ്പാളിലുടനീളം ഉണ്ട്. പോപ്പുലിസ്റ്റ് രാഷ്ട്രീയക്കാർ ക്രമേണ ജനാധിപത്യത്തിനെതിരെ നീങ്ങുന്ന കാഴ്ചയാണ് പൊതുവേ. നേപ്പാളും ആ വഴിക്ക് നീങ്ങുമോ. അതോ ജനങ്ങളുടെ ആശയാഭിലാഷങ്ങൾക്കൊത്ത് ഉയർന്ന് പ്രവർത്തിക്കുമോ. കാത്തിരുന്ന് കാണാം.















