ജീവൻ കാക്കാൻ നിയമഭേദഗതി വേണം


എം വിജയകുമാർ
Published on May 26, 2025, 10:48 PM | 4 min read
കേരളത്തിന്റെ വനമേഖലയില്‍ താമസിക്കുന്ന മനുഷ്യരുടെ ജീവനും കൃഷിക്കും വന്യജീവി ആക്രമണത്താല്‍ താങ്ങാനാകാത്ത നാശനഷ്‌ടമാണ് അടിക്കടി ഉണ്ടാകുന്നത്. വനം വന്യജീവി നിയമത്തില്‍ കാലോചിതമായ മാറ്റം വരുത്തുന്നതിലൂടെ മാത്രമേ ഈ പ്രതിസന്ധി അവസാനിപ്പിക്കാൻ കഴിയൂ. എന്നാൽ, നിരന്തരം കേന്ദ്ര സര്‍ക്കാരിനോട് ഈ മാറ്റത്തിന് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായിട്ടില്ല. ഈ അവസരത്തിലാണ് വനം വന്യജീവി നിയമം ഭേദഗതി ചെയ്യുക, ജനവാസമേഖലയില്‍ ഇറങ്ങുന്ന അക്രമകാരികളായ വന്യജീവികളെ കൊല്ലാന്‍ അനുവദിക്കുക, നാട്ടിലിറങ്ങുന്ന പന്നിയെ വെടിവച്ച് കൊന്നാല്‍ അതിന്റെ മാംസം ജനങ്ങള്‍ക്ക് ലഭ്യമാക്കുക, ജീവഹാനി സംഭവിച്ചാല്‍ നല്‍കുന്ന നഷ്‌ടപരിഹാരത്തുക വര്‍ധിപ്പിക്കുക, കൃഷി നശിച്ചാല്‍ ലഭ്യമാകുന്ന നഷ്‌ടപരിഹാരം ഉയര്‍ത്തുക എന്നീ ആവശ്യങ്ങളുയര്‍ത്തി കേരള കര്‍ഷകസംഘം 30നും 31നും തിരുവനന്തപുരത്ത് ഫോറസ്റ്റ് ഹെഡ് ക്വാർട്ടേഴ്സിന് മുന്നിൽ രാപകൽ ഉപരോധസമരം സംഘടിപ്പിക്കുന്നത്. സമരത്തിന്റെ പ്രചാരണാര്‍ഥം അഖിലേന്ത്യ കിസാൻസഭ വൈസ് പ്രസിഡന്റ് ഇ പി ജയരാജൻ നേതൃത്വം നൽകുന്ന ജാഥ 22ന് കാസര്‍കോട് ബോവിക്കാനത്തുനിന്ന് ആരംഭിച്ചു. 29ന് തിരുവനന്തപുരം വെള്ളറടയിൽ സമാപിക്കും.
വന്യജീവി ആക്രമണത്തില്‍ മുമ്പ് മലയോര, ഇടനാട് പ്രദേശങ്ങളിൽ മാത്രമാണ് വ്യാപക കൃഷിനാശം സംഭവിച്ചിരുന്നത്. എന്നാൽ, അടുത്തകാലത്തായി കേരളത്തിന്റെ തീരമേഖലയിലടക്കം കാട്ടുപന്നിയുടെയും കാട്ടുപോത്തിന്റെയും കുരങ്ങുകളുടെയും ആക്രമണം നിത്യസംഭവമാകുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിന് സമീപത്തും ഒട്ടും വനമേഖലയില്ലാത്ത ആലപ്പുഴ ജില്ലയിലെ കായംകുളത്തുമടക്കം കാട്ടുപന്നി ആക്രമണമുണ്ടാകുന്നു. ആന, കുരങ്ങ്, കാട്ടുപന്നി, മുള്ളൻപന്നി, മയിൽ തുടങ്ങിയവ ജനവാസമേഖലയിൽ ഇറങ്ങുന്നതിന്റെ ഫലമായി ഓരോ ജില്ലയിലും നൂറുകണക്കിന് ഏക്കർ നെല്ല്, വാഴ, തെങ്ങ്, പച്ചക്കറി തുടങ്ങിയ കൃഷി നശിക്കുന്നു. കടുവ, പുലി എന്നിവയുടെ ആക്രമണത്തിൽ വളർത്തുമൃഗങ്ങളായ പശു, ആട് എന്നിവ കൊല്ലപ്പെടുന്നു. ഇത്തരത്തിൽ കർഷകരുടെ ജീവനും സ്വത്തിനും വലിയ ഭീഷണിയാണ് നേരിടുന്നത്. ഈ ആക്രമണം തടയാൻ വനംവകുപ്പ് പല മാർഗങ്ങളും സ്വീകരിക്കുന്നുണ്ടെങ്കിലും അതൊന്നും ഫലപ്രദമാകുന്നില്ല.
ദേശീയ ശരാശരിയേക്കാൾ വനവിസ്‌തൃതി കൂടുതലുള്ള സംസ്ഥാനമാണ് കേരളം–- 29 ശതമാനം. ദേശീയ ശരാശരി 20 ശതമാനത്തോളം മാത്രമാണ്. നമ്മുടെ വനഭൂമിയിൽ 9157 ചതുരശ്രകിലോമീറ്ററോളം സംസ്ഥാനത്തെ 430 പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്നു. ഇതിൽ 4400 ഹെക്‌ടർ വനം തേക്കിൻ തോട്ടമാണ്. ആയിരക്കണക്കിന് ഏക്കർ വ്യവസായ ആവശ്യത്തിനുള്ള മരങ്ങൾക്കായി മാറ്റിവച്ചിരിക്കുന്നു. കൂടാതെ, വൈദ്യുതപദ്ധതിക്കുവേണ്ടിയും നൂറുകണക്കിന് ഹെക്‌ടർ ഭൂമി ഉപയോഗിക്കുന്നു. ഇതിന്റെയെല്ലാം ഫലമായി വനഭൂമിയുടെ സ്വഭാവത്തിൽ മാറ്റം വന്നു.

ഇന്ദിരാഗാന്ധി സർക്കാർ 1972-ൽ വനനിയമ ഭേദഗതി കൊണ്ടുവരുന്നതുവരെ രാജ്യത്ത് നിലനിന്നത് 1929-ലെ ഇന്ത്യൻ വനനിയമമായിരുന്നു. അതേസമയം, 1961ൽ തന്നെ രാജ്യത്തിന് മാതൃകയായി സ്വന്തമായി വനനിയമം കൊണ്ടുവന്ന സംസ്ഥാനമാണ് കേരളം. 1972ലെ വന്യജീവിസംരക്ഷണ നിയമം 2003ൽ വാജ്പേയി സർക്കാർ കൂടുതൽ കർക്കശമാക്കി. കാട്ടുപന്നിയെപ്പോലും വംശനാശ ഭീഷണി നേരിടുന്ന വിഭാഗത്തിൽപ്പെടുത്താൻ അന്ന് മന്ത്രിയായിരുന്ന മേനക ഗാന്ധി നടത്തിയ ഇടപെടൽ കുപ്രസിദ്ധമാണ്. 2023-ൽ മോദി സർക്കാർ വനഭൂനിയമ ഭേദഗതിയുമായി കർഷകരെ അങ്ങേയറ്റം ദ്രോഹിക്കുന്ന നയം നടപ്പാക്കി.
കൃഷിനാശം വിതച്ച് പെറ്റുപെരുകുന്ന പന്നിയെ വെടിവയ്ക്കാൻ കേരളം അനുമതി തേടുമ്പോൾ എതിർക്കുന്ന കേന്ദ്ര സർക്കാർ ആൻഡമാനിൽ 72,000 കോടിയുടെ നിക്കോബാർ പദ്ധതിക്കായി 131 ചതുരശ്ര കിലോമീറ്റർ വനപ്രദേശത്തെ മരം മുറിച്ചുമാറ്റാൻ അനുമതി നൽകി. വനനിയമം കാർക്കശ്യത്തോടെ നടപ്പാക്കുന്ന കേന്ദ്രം പല സംസ്ഥാനത്തും ടൂറിസം വികസനത്തിനും ഖനനത്തിനും യഥേഷ്ടം ഇളവ് നൽകുന്നുമുണ്ട്. ഒഡിഷയിൽ അപൂർവ വന്യജീവികളുടെ ആവാസകേന്ദ്രമായ 450 ഹെക്ടറാണ് റെയിൽപ്പാത നിർമിക്കാൻ വിട്ടുനൽകിയത്.
മനുഷ്യജീവനേക്കാൾ വില കാട്ടുപന്നികൾക്കാണെന്നാണ് കേന്ദ്രത്തിന്റെ നയം. കേരളത്തിൽ നാനൂറിൽലധികം പഞ്ചായത്തുകളിൽ കർഷകർ മാത്രമല്ല, എല്ലാ ജനങ്ങളും ജീവഭയത്തോടെയാണ് കഴിയുന്നത്. കാട്ടാന, കടുവ, പുലി, കാട്ടുപോത്ത്, കാട്ടുപന്നി തുടങ്ങിയ വന്യമൃഗങ്ങളുടെ ആക്രമണത്താൽ മനുഷ്യജീവൻ പൊലിയുന്ന ദുരന്തവാർത്തകളാണ് മിക്ക ദിവസവും ശ്രവിക്കുന്നത്. കഴിഞ്ഞ അഞ്ചുവർഷത്തിൽമാത്രം കേരളത്തിൽ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത് 496 പേരാണ്. ഈ അവസ്ഥയ്ക്ക് അറുതി വരുത്തിയേ മതിയാകൂ.
ഈ പ്രതിസന്ധി പരിഹരിച്ച് മനുഷ്യജീവനും സ്വത്തും സംരക്ഷിക്കാൻ കേന്ദ്ര വനനിയമത്തിൽ ഭേദഗതി അനിവാര്യമാണ്. 1972ലെ വന്യജീവി സംരക്ഷണ നിയമത്തിൽ വന്യമൃഗങ്ങളെ അഞ്ച് ഷെഡ്യൂളുകളായി തിരിച്ചിട്ടുണ്ട്. അതിൽ ഒന്നുമുതൽ നാലുവരെ വംശനാശ ഭീഷണി നേരിടുന്ന ആന, പുലി തുടങ്ങിയ അപൂർവ വന്യമൃഗങ്ങളെ സംരക്ഷിക്കാനാണ്. എന്നാൽ, ഷെഡ്യൂൾ മൂന്നിലുള്ള പന്നി, മുള്ളൻപന്നി, കുരങ്ങ് തുടങ്ങിയവയെ അഞ്ചാം ഷെഡ്യൂളിലേക്ക് നിശ്ചിതകാലത്തേക്ക് മാറ്റിയുള്ള ഭേദഗതിയാണ് വരുത്തേണ്ടത്. അത്തരമൊരു ഭേദഗതിയോ താൽക്കാലിക ഉത്തരവോ വന്നാൽ നിശ്ചിത കാലയളവിൽ കൃഷി ഭൂമിയിലേക്ക് വരുന്ന കാട്ടുപന്നി, കുരങ്ങ് എന്നിവയെ വെടിവയ്ക്കാനുള്ള അംഗീകാരം കർഷകർക്ക് ലഭിക്കും. ഇത്തരത്തിൽ 2016 ഫെബ്രുവരി മൂന്നിന് ഉത്തരാഖണ്ഡിനും 2016 മാർച്ച് 14ന് ഹിമാചൽപ്രദേശിനും പ്രത്യേകമായി കേന്ദ്രസർക്കാർ താൽക്കാലിക ഉത്തരവ് ഇറക്കിയിരുന്നു.
വനം മറ്റെന്തെങ്കിലും വികസനാവശ്യത്തിന് കേന്ദ്രാനുമതിയോടെ ഏറ്റെടുത്താൽ ഹെക്‌ടറിന് 11,000 മുതൽ 50,000 രൂപവരെ സംസ്ഥാന സർക്കാർ കേന്ദ്രത്തിന് നൽകണം. ഇങ്ങനെ ലഭിച്ച ഒരുലക്ഷം കോടിയിലധികം രൂപ കേന്ദ്രത്തിലുണ്ടെന്നാണ് അറിവ്. ഈ ഫണ്ടിൽനിന്ന് കൃഷിയിട സംരക്ഷണത്തിനാവശ്യമായ തുക അനുവദിക്കാം. വന്യമൃഗ ആക്രമണത്തിൽനിന്ന് കൃഷിയിടം സംരക്ഷിക്കുന്ന പ്രവർത്തനത്തിന് സാമ്പത്തികസഹായം ഗ്രാന്റായി അനുവദിക്കാം. കൃഷിക്കാരുടെ സഹകരണത്തോടെ ഇത് നടപ്പാക്കാനുമാകും. ഇതിനുള്ള ഫണ്ട് കേന്ദ്രത്തിൽനിന്ന് സംസ്ഥാന സർക്കാരിന് ലഭിക്കണം.
വന്യജീവി ആക്രമണത്തിൽ സ്വൈര്യജീവിതം തകർന്ന് കൃഷിനാശത്തിൽ കഷ്‌ടപ്പെടുന്ന മലയോരകർഷകർക്ക് ആശ്വാസ നടപടിയുമായി മുന്നോട്ടുപോകുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിനെ ഇകഴ്‌ത്താനുള്ള ആസൂത്രിതശ്രമമാണ് ഇതിനുപിന്നിൽ.
ഇന്ത്യയിൽ വനമുള്ള എല്ലാ സംസ്ഥാനത്തും ഇത്തരം വന്യജീവി ആക്രമണം നടക്കുന്നുണ്ട്. പലയിടത്തും കേരളത്തേക്കാൾ രൂക്ഷവുമാണ്. എന്നാൽ, കേരളത്തിലെ പ്രതിപക്ഷവും ബിജെപിയും സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിലുള്ള കള്ളപ്രചാരണങ്ങളാണ് വിഷയത്തിൽ അഴിച്ചുവിടുന്നത്. വന്യജീവി ആക്രമണത്തിൽ സ്വൈര്യജീവിതം തകർന്ന് കൃഷിനാശത്തിൽ കഷ്‌ടപ്പെടുന്ന മലയോരകർഷകർക്ക് ആശ്വാസ നടപടിയുമായി മുന്നോട്ടുപോകുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിനെ ഇകഴ്‌ത്താനുള്ള ആസൂത്രിതശ്രമമാണ് ഇതിനുപിന്നിൽ. എല്ലാ നിലയിലും കർഷക സൗഹൃദ നിലപാടുകൾ സ്വീകരിക്കുന്ന കേരളത്തിലെ എൽഡിഎഫ് സർക്കാർ ഈ വിഷയത്തിലും കർഷകരെയും മലയോരമേഖലയിൽ ജീവിക്കുന്ന മനുഷ്യരെയും സഹായിക്കാൻ കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്. നാട്ടിലിറങ്ങുന്ന കാട്ടുപന്നിയെ വെടിവച്ചുകൊല്ലാൻ ഉത്തരവിട്ടത് അതിനുദാഹരണമാണ്. എന്നാൽ, അതിനും കേന്ദ്ര അംഗീകാരം വേണമെന്നതാണ് തടസ്സം. എണ്ണം പെരുകുന്ന ക്ഷുദ്രമൃഗങ്ങളെ വേട്ടയാടാൻ കഴിയുന്നതരത്തിൽ നിയമഭേദഗതി വേണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം വളരെയേറെ പ്രതീക്ഷ നൽകുന്നതാണ്.
വന്യജീവി ആക്രമണത്തിന് ശാശ്വതപരിഹാരം കാണാൻ കർഷകസംഘം മുന്നോട്ടുവച്ച നിർദേശങ്ങൾ പരിഗണിച്ച് കേരള സർക്കാർ പത്ത് മിഷൻ രൂപീകരിച്ചിട്ടുണ്ട്. വന്യജീവികളെ വനത്തിൽത്തന്നെ നിലനിർത്തുന്നതിന് അവയ്ക്കാവശ്യമായ ഭക്ഷണവും വെള്ളവും അവിടെത്തന്നെ ഒരുക്കുക, അവ നാട്ടിടങ്ങളിലിറങ്ങുന്നത് തടയാനാവശ്യമായ കിടങ്ങുകളും മതിലുകളും സ്ഥാപിക്കുക തുടങ്ങിയ പത്ത് മിഷനുകളെന്ന നിർദേശം കേന്ദ്ര സർക്കാരിന് സമർപ്പിച്ചു. എന്നാൽ, അതിനും ആവശ്യമായ ഫണ്ട് അനുവദിക്കാൻ കേന്ദ്രം തയ്യാറല്ല. കർഷകരുടെയും കേരളത്തിലെ വലിയൊരു ശതമാനം മനുഷ്യരുടെയും ജീവനും സ്വത്തിനും വില കൽപ്പിക്കാത്ത കേന്ദ്ര സർക്കാർ നിലപാടിനെതിരെ രാജ്യത്തെ എല്ലാ കർഷകരും പ്രക്ഷോഭരംഗത്ത് വരണം. ആ പോരാട്ടത്തിന്റെ തുടക്കമെന്ന നിലയിൽ 30നും 31നും നടക്കുന്ന രാപകല്‍ ഉപരോധസമരം വിജയിപ്പിക്കാൻ എല്ലാ കർഷകരോടും ബഹുജനങ്ങളോടും അഭ്യർഥിക്കുന്നു.
(കേരള കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റാണ് ലേഖകൻ)
















