ad
Deshabhimani

ചെല്ലാനം ടെട്രാപോഡ്‌ രണ്ടാംഘട്ടം

തീരം സംരക്ഷിക്കാൻ 
കൈകോർത്ത്‌ ജനസാഗരം

tetrapod

ടെട്രാപോഡ് കടൽഭിത്തി രണ്ടാംഘട്ട നിർമാണ പദ്ധതി യുഡിഎഫ് സർക്കാർ അട്ടിമറിച്ചതിനെതിരെ സിപിഐ എം നേതൃത്വത്തിൽ കണ്ണമാലിയിൽ സംഘടിപ്പിച്ച പ്രതിഷേധസദസ് കേന്ദ്രകമ്മിറ്റി അംഗം പി രാജീവ്‌ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 18, 2026, 02:39 AM | 2 min read

പള്ളുരുത്തി


ചെല്ലാനത്തെ ടെട്രാപോഡ്‌ പദ്ധതി അട്ടിമറിക്കാൻ ഒരിക്കലും അനുവദിക്കില്ലെന്ന്‌ പ്രഖ്യാപിച്ച്‌ തീരജനത. തീരം സംരക്ഷിക്കണമെന്നും ടെട്രാപോഡ്‌ പദ്ധതി അട്ടിമറിക്കരുതെന്നും ആവശ്യപ്പെട്ട്‌ സിപിഐ എം നേതൃത്വത്തിൽ വെള്ളിയാഴ്‌ച കണ്ണമാലിയിൽ സംഘടിപ്പിച്ച പ്രതിഷേധസദസ്സിൽ നൂറുകണക്കിനുപേർ അണിനിരന്നു.


എൽഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ കരുതലിന്റെ കോട്ടയായി ചെല്ലാനത്ത്‌ ടെട്രാപോഡ്‌ കടൽഭിത്തി കെട്ടിയപ്പോൾ തീരത്ത്‌ ഉയർന്നത്‌ ആഹ്ലാദത്തിരകളായിരുന്നു. കടലാക്രമണത്തിൽനിന്ന്‌ വീടിനും ജീവനും സുരക്ഷ ഒരുക്കാൻ നിർമിച്ച ടെട്രാപോഡ്‌ കടൽഭിത്തി തീരവാസികൾക്ക്‌ സമ്മാനിച്ചത്‌ പുതുജീവിതം. എന്നാൽ, യുഡിഎഫ്‌ സർക്കാർ അധികാരത്തിൽ എത്തിയതോടെ പദ്ധതിക്ക്‌ തുടർച്ചയുണ്ടാകാനുള്ള സാധ്യത മങ്ങി.


മുൻ എൽഡിഎഫ്‌ സർക്കാർ ഭരണാനുമതി നൽകിയ 404 കോടി രൂപയുടെ രണ്ടാംഘട്ടത്തിന്‌ യുഡിഎഫ്‌ സർക്കാർ അവതരിപ്പിച്ച ആദ്യബജറ്റിൽ നയാപൈസ നീക്കിവച്ചിട്ടില്ല. പുത്തൻതോടുമുതൽ മാനാശേരിവരെ 6.1 കിലോമീറ്റർ രണ്ടാംഘട്ട ടെട്രാപോഡ് കടൽഭിത്തി നിർമാണത്തിന്റെ ഭാവി ത്രിശങ്കുവിലാണ്‌. ​


ചെല്ലാനം ഹാബർമുതൽ പുത്തൻതോടുവരെ 7.32 കിലോമീറ്ററിൽ 340 കോടി രൂപ ചെലവിട്ട്‌ മുൻ എൽഡിഎഫ്‌ സർക്കാർ ടെട്രാപോഡ്‌ കടൽഭിത്തി നിർമിച്ചു. പുത്തൻതോടുമുതൽ മാനാശേരിവരെ 6.1 കിലോമീറ്ററിൽ ടെട്രാപോഡ് നിർമിക്കാൻ കിഫ്ബിവഴി 404 കോടി രൂപയുടെ ഭരണാനുമതിയും എൽഡിഎഫ്‌ സർക്കാർ നൽകി. ഒന്നാംഘട്ടത്തിന്റെ പൂർത്തീകരണവും രണ്ടാംഘട്ടത്തിന്റെ നിർമാണോദ്ഘാടനവും മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ മാർച്ച് എട്ടിന് നിർവഹിച്ചു.



സിപിഐ എം നേതൃത്വത്തിൽ കണ്ണമാലിയിൽ സംഘടിപ്പിച്ച പ്രതിഷേധസദസ്സ്‌ കേന്ദ്രകമ്മിറ്റിയംഗം പി രാജീവ്‌ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ കമ്മിറ്റിയംഗം കെ ജെ മാക്‌സി അധ്യക്ഷനായി.

സിപിഐ എം ജില്ലാസെക്രട്ടറി എസ്‌ സതീഷ്‌, കൊച്ചി ഏരിയ സെക്രട്ടറി പി എസ്‌ രാജം, പി എ പീറ്റർ, ടി വി അനിത, കെ എം റിയാദ്‌, കെ എസ്‌ രാധാകൃഷ്‌ണൻ, ടി ജെ പ്രിൻസൺ, എ എം ഷാജി, വി ജെ നിക്‌സൺ, യേശുദാസ്‌ പറപ്പിള്ളി എന്നിവർ സംസാരിച്ചു.


trtrapode


നാടിന്റെ ആവശ്യത്തിനോട്‌ സർക്കാർ പുറംതിരിഞ്ഞുനിൽക്കുന്നു: 
പി രാജീവ്‌


കൊച്ചി


നാടിന്റെ ആവശ്യത്തിനോട്‌ പുറംതിരിഞ്ഞുനിൽക്കുന്ന സർക്കാരാണ്‌ കേരളം ഭരിക്കുന്നതെന്ന്‌ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി രാജീവ്‌. എൽഡിഎഫ്‌ സർക്കാർ ജനങ്ങളോട്‌ പറഞ്ഞ വാക്ക്‌ പാലിച്ചവരാണ്‌. ചെല്ലാനത്ത്‌ ടെട്രാപോഡ്‌ ആദ്യഘട്ടം പൂർത്തിയാക്കി. രണ്ടാംഘട്ടത്തിന്‌ അനുമതിയും നൽകി. കിഫ്‌ബിയുടെ കൈയിൽ നിലവിൽ ഫണ്ടുണ്ട്‌, അതിനാൽ പദ്ധതി നടപ്പാക്കുകയാണ്‌ വേണ്ടതെന്നും പി രാജീവ്‌ പറഞ്ഞു. തീരം സംരക്ഷിക്കണമെന്നും ടെട്രാപോഡ്‌ പദ്ധതി അട്ടിമറിക്കരുതെന്നും ആവശ്യപ്പെട്ട്‌ സിപിഐ എം നേതൃത്വത്തിൽ കണ്ണമാലിയിൽ സംഘടിപ്പിച്ച പ്രതിഷേധസദസ്സ്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


മന്ത്രിയായി ചുമതലയേറ്റ ഉടനെ താൻ ചെല്ലാനത്തിന്റെ പ്രശ്‌നം ചർച്ച ചെയ്‌തു. ഒന്നാംഘട്ട ട്രെട്രാപോഡ്‌ പദ്ധതിക്ക്‌ 344 കോടി രൂപ എൽഡിഎഫ്‌ സർക്കാർ ചെലവാക്കി. രണ്ടാംഘട്ടത്തിനായി 404 കോടി രൂപയും അനുവദിച്ചു. കിഫ്‌ബി വഴിയാണ്‌ പദ്ധതിക്ക്‌ ഫണ്ട്‌ അനുവദിക്കുന്നത്‌. എന്നാൽ, കിഫ്‌ബി വേണ്ടെന്നാണ്‌ ഇപ്പോൾ യുഡിഎഫ്‌ സർക്കാർ പറയുന്നത്‌. കിഫ്‌ബിയെ ഇല്ലാതാക്കിയാൽ എങ്ങിനെ ഫണ്ട്‌ ലഭിക്കുമെന്നും പി രാജീവ്‌ ചോദിച്ചു. തീരദേശം സംരക്ഷിക്കേണ്ടത്‌ കേന്ദ്ര സർക്കാരിന്റെകൂടി ഉത്തരവാദിത്വമാണ്‌. എന്നാൽ, ഫണ്ട്‌ നൽകാൻ കേന്ദ്രം തയ്യാറാകുന്നില്ലെന്നും പി രാജീവ്‌ പറഞ്ഞു.


മുഖ്യമന്ത്രി വി ഡി സതീശൻ പറയുന്നത്‌ നുണയാണെന്ന്‌ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ്‌ മുതൽ ടാറ്റ കന്പനിവരെ പറയുന്ന അവസ്ഥായാണിപ്പോൾ. ചരിത്രത്തിൽ ആദ്യമായാണ്‌ ഒരു മുഖ്യമന്ത്രി പറയുന്നത്‌ നുണയാണെന്ന്‌ ടാറ്റ പറഞ്ഞത്‌. സാധാരണക്കാരിൽ സാധാരണക്കാരനാണെന്ന്‌ പറയുന്ന വി ഡി സതീശൻ ചാർട്ടർ ചെയ്‌ത വിമാനത്തിലാണ്‌ യാത്ര ചെയ്യുന്നത്‌.


നാട്ടിൽ വ്യവസായം വരണമെങ്കിൽ തടസ്സമില്ലാതെ വൈദ്യുതി ലഭിക്കണം. എന്നാൽ, ഇപ്പോൾ സംസ്ഥാനത്ത്‌ ഓക്‌സിജൻ സിലിണ്ടറിനുപോലും വൈദ്യുതി കൊടുക്കാൻ സർക്കാരിന്‌ സാധിക്കുന്നില്ലെന്നും പി രാജീവ്‌ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home