ad
Deshabhimani

Articles

എന്തുകൊണ്ട് തുടർഭരണം

എന്തുകൊണ്ട് തുടർഭരണം

Pinarayi.jpg
avatar
കെ രാജേന്ദ്രൻ

Published on Mar 16, 2026, 11:09 PM | 3 min read

പോയവാരത്തിൽ ദേശീയതലത്തിൽ കേരളത്തെക്കുറിച്ച് ഏറ്റവും സജീവചർച്ച നടന്നത് ഒരു വിവാഹവുമായി ബന്ധപ്പെട്ടാണ്. പ്രയാഗ് രാജ് കുംഭമേളയിലെ ‘വൈറൽ താരം' മധ്യപ്രദേശുകാരി മൊണാലിസ ഭോസ്ലെയും സിനിമാനടൻ യുപി സ്വദേശി മുഹമ്മദ് ഫർമാനും തിരുവനന്തപുരം പൂവാറിലെ ഒരു ക്ഷേത്രത്തിൽ വിവാഹിതരായി. യുപി, മധ്യപ്രദേശ് സ്വദേശികൾ എന്തുകൊണ്ടാണ് വിവാഹിതരാകാൻ കേരളത്തിലെത്തിയത്?


മൊണാലിസ തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ നൽകിയ മറുപടി ഇങ്ങനെ: ‘ഞങ്ങൾക്ക് ഏറ്റവും സുരക്ഷിതത്വം നൽകുന്ന സ്ഥലം കേരളമാണ്.' ലൗ ജിഹാദ്, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം തുടങ്ങിയ ആരോപണങ്ങളോടെ സംഘപരിവാർ ദേശീയതലത്തിൽ വിദ്വേഷപ്രചാരണം ആരംഭിച്ചു. ദേശീയ മാധ്യമങ്ങൾ ഏറ്റുപിടിച്ചു. മൊണാലിസയുടെ വിവാഹം ഒറ്റപ്പെട്ട സംഭവമല്ല.


കഴിഞ്ഞവർഷം ഫെബ്രുവരിയിൽ ദുരഭിമാനഹത്യാഭീഷണിയിൽനിന്ന് രക്ഷതേടി ജാർഖണ്ഡ് സ്വദേശികളായ മുഹമ്മദ് ഖരീബും ആശാവർമയും എത്തിയതും കേരളത്തിലാണ്. പൊലീസ് സംരക്ഷണത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകരുടെ സഹായത്തോടെ ഇരുവരും കായംകുളത്ത് വിവാഹിതരായി. ദുരഭിമാനഹത്യകളിൽനിന്നും മതവേട്ടകളിൽനിന്നും മതപരിവർത്തനമെന്നപേരിലുള്ള കള്ളക്കേസുകളിൽനിന്നും സംരക്ഷണം ലഭിക്കുന്ന രാജ്യത്തെ അപൂർവയിടങ്ങളിലൊന്നായി അവശേഷിക്കുന്നത് കേരളം മാത്രമാണ്. അതുകൊണ്ടുതന്നെയാണ് മണിശങ്കർ അയ്യർ ഉൾപ്പെടെയുള്ള സത്യസന്ധരായ കോൺഗ്രസ് നേതാക്കൾ കേരളത്തിൽ ഇടതുപക്ഷം വീണ്ടും അധികാരത്തിൽ വരണമെന്ന് പരസ്യമായി അഭിപ്രായപ്പെടുന്നതും.


വ്യാജ കേരള സ്റ്റോറികൾ നിർമിച്ച് സംസ്ഥാനത്തെ അപകീർത്തിപ്പെടുത്താൻ സംഘപരിവാർ സംഘടിതമായി ശ്രമിക്കുമ്പോൾത്തന്നെ ഉത്തരേന്ത്യയിൽ നടക്കുന്നത് മറ്റു ചിലതാണ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ബലാത്സംഗം ചെയ്ത കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ‘മനുഷ്യദൈവം’ അസാറാം ബാപ്പു ചികിത്സയ്‌ക്കെന്ന കാരണം പറഞ്ഞ് ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു. ഈ പീഡകനെ അടുത്തിടെ സംഘപരിവാർ അയോധ്യയിലെ പുതിയ രാമക്ഷേത്രത്തിലേക്ക്‌ ക്ഷണിച്ചുവരുത്തി ആദരിച്ചു.ആദിത്യനാഥിന്റെ യുപി പൊലീസ് സംരക്ഷണമൊരുക്കി. അംഗബലത്തിൽ കുറവെങ്കിലും അയോധ്യയിലെ കമ്യൂണിസ്റ്റുകാർമാത്രമാണ് ശക്തമായി പ്രതിഷേധിച്ചത്. ലിംഗനീതിയുടെ കാര്യത്തിൽ കേരളവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും തമ്മിലുള്ള വ്യത്യാസം ഇതെല്ലാമാണ്.


വടക്കു കിഴക്കും കേരളത്തിലേക്ക്‌


ബിജെപി ഡബിൾ എൻജിൻ ഭരണം നടത്തുന്ന മണിപ്പുർ ഇപ്പോഴും കലാപകലുഷിതം.സംസ്ഥാനത്തെ മെയ്‌തീ, കുക്കി മേഖലകൾ രണ്ടു രാജ്യങ്ങളെപ്പോലെ വിഭജിക്കപ്പെട്ടിരിക്കുന്നു. 2023 മെയ് മൂന്നിന്‌ രണ്ട് സ്ത്രീകളെ കലാപകാരികൾ പിടികൂടി നഗ്നരാക്കി. അവരെ ഗ്രാമത്തിലൂടെ നടത്തിച്ചു. ആൾക്കൂട്ടത്തിനു മുന്നിൽ കൂട്ടബലാത്സംഗം ചെയ്തു. മൂന്നുവർഷങ്ങൾക്കിപ്പുറം ഈ കേസിലെ പ്രതികളെല്ലാം മണിപ്പുരിൽ വിലസിനടക്കുകയാണെന്ന്‌ ‘ദ ഹിന്ദു’ ദിനപത്രം റിപ്പോർട്ട് ചെയ്‌തു.


തൊഴിലും സമാധാനവും തേടി മണിപ്പുരുകാർ ഇപ്പോൾ ഏറ്റവുമധികം എത്തുന്ന സംസ്ഥാനം കേരളമാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ തലസ്ഥാനമായ ഗുവാഹത്തിയേക്കാളും കിഴക്കൻ ഇന്ത്യയുടെ തലസ്ഥാനമായ കൊൽക്കത്തയേക്കാളും ഇവർ മുൻഗണന നൽകുന്നത് ഏറെ അകലെ തെക്കേ ഇന്ത്യയുടെ അറ്റത്തുള്ള കേരളത്തിനാണ്. ഉയർന്ന വേതനത്തിലുമുപരി അവർക്കിവിടെ സംരക്ഷണവും സുരക്ഷിതത്വവുമുണ്ട്. ഇതെല്ലാമാണ് സംഘപരിവാറിന്റെ വിദ്വേഷപ്രചാരണങ്ങൾക്കിടയിലും രാജ്യം തിരിച്ചറിയുന്ന കേരള മോഡൽ.

ഉദാരവൽക്കരണത്തിന് 
ബദലുണ്ട്


നവഉദാര സാമ്പത്തിക നയങ്ങൾക്ക് ബദലില്ലെന്നും ഇവയുമായി സമരസപ്പെടാതെ ഒരു സർക്കാരിനും നിലനിൽക്കാനാകില്ലെന്നുമുള്ള വലതുപക്ഷ സൃഷ്ടിയായ 'പൊതുബോധം' തെറ്റാണെന്ന് ബദൽ നയങ്ങളുടെ വിജയകരമായ നടത്തിപ്പിലൂടെ എൽഡിഎഫ് സർക്കാർ തെളിയിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിച്ചും ലാഭത്തിലാക്കിയുമാണ് സർക്കാർ കേരളത്തിലെ സ്വകാര്യനിക്ഷേപങ്ങൾ വർധിപ്പിച്ചത്. 10 വർഷങ്ങൾക്കുള്ളിൽ രാജ്യത്ത് ഏറ്റവും വ്യവസായസൗഹൃദമായ സംസ്ഥാനമായി കേരളം മാറി.


രാജ്യത്ത് ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമാണ്. കേരളം നടപ്പാക്കിയ അതിദാരിദ്ര്യ നിർമാർജനപദ്ധതി ആഗോളതലത്തിൽ പ്രശംസ പിടിച്ചുപറ്റി. കേരളത്തെ സാമ്പത്തികമായി ഞെരുക്കി ഇല്ലാതാക്കാൻ നോക്കുന്ന കേന്ദ്രസർക്കാർ സാമ്പത്തിക അവലോകന റിപ്പോർട്ടിൽ കേരളത്തെ വാഴ്ത്തി. ഇതേസമയം കോൺഗ്രസ് ഭരിക്കുന്ന കർണാടകത്തിലും തെലങ്കാനയിലും ചേരികൾ ഇടിച്ചുനിരത്തി പരമദരിദ്രരെ വഴിയാധാരമാക്കുകയാണ്.


സാർവദേശീയ വിഷയങ്ങളിൽ ഇടതുപക്ഷം കൈക്കൊള്ളുന്ന നിലപാടുകളെയും സമരങ്ങളെയുമെല്ലാം പരിഹസിച്ചിരുന്നവർക്ക് വൈകിയാണെങ്കിലും ചില തിരിച്ചറിവുകൾ ഉണ്ടായിരിക്കുന്നു. സ്വന്തം വീട്ടിൽ പാചകവാതകം എത്താത്തതിന്റെയും ഹോട്ടലുകളിൽ ഭക്ഷണം കിട്ടാത്തതിന്റെയും കാരണം ഇറാനെതിരായ ഇസ്രയേൽ–യുഎസ് ആക്രമണമാണെന്നതാണ് ആ തിരിച്ചറിവ്. പൊതുപ്രവർത്തകരെയും പ്രത്യേകിച്ച് കമ്യൂണിസ്റ്റുകാരെയും പരിഹസിക്കുന്ന ‘സന്ദേശം' എന്ന സിനിമയിൽ ശ്രീനിവാസൻ അവതരിപ്പിച്ച സഖാവ് കോട്ടപ്പള്ളി പ്രഭാകരൻ എന്ന കഥാപാത്രം പറഞ്ഞ രാജ്യാന്തര രാഷ്ട്രീയകാര്യങ്ങൾ ഒടുവിൽ ഓരോ മലയാളിയുടെയും അടുക്കളയിലും തീൻമേശയിലും എത്തിയിരിക്കുന്നു.


ഒന്നും രണ്ടും പിണറായി സർക്കാരുകളുടെ ഭരണത്തിൽ കേരളം കൈവരിച്ച നേട്ടങ്ങൾ നിലനിർത്താനും കേരളത്തെ കൂടുതൽ മുന്നോട്ടുകൊണ്ടുപോകാനുമുള്ള പരിശ്രമങ്ങൾക്ക് വിഘാതം നില്ക്കുന്നത് ദേശീയ–സാർവദേശീയ തലത്തിൽ വലതുപക്ഷം കൈക്കൊള്ളുന്ന നിലപാടുകളാണ്.


ഇറാൻ–പാകിസ്ഥാൻ–ഇന്ത്യ വാതക പൈപ്പ്‌ലൈൻ പദ്ധതി യാഥാർഥ്യമായിരുന്നുവെങ്കിൽ ഇപ്പോഴത്തെ പാചകവാതക പ്രതിസന്ധി ഒരുപരിധിവരെ ഒഴിവാക്കാൻ സാധിക്കുമായിരുന്നു. എന്നാൽ, അമേരിക്കയെ പ്രീതിപ്പെടുത്താൻ ഈ പദ്ധതി അട്ടിമറിച്ചത് മൻമോഹൻ സിങ്‌ സർക്കാരാണ്. ഇതിന്റെ തുടർച്ചയാണ് കൂടുതൽ തീവ്രതയോടെ ഇപ്പോൾ മോദിസർക്കാർ നടപ്പാക്കുന്നത്. ഇടതുപക്ഷം നൽകിയ മുന്നറിയിപ്പുകൾ മുഖവിലയ്‌ക്കെടുത്തിരുന്നെങ്കിൽ രാജ്യം ഇന്ന് നേരിടുന്ന പല പ്രതിസന്ധികളും ഒഴിവാക്കാൻ സാധിക്കുമായിരുന്നു.


കേരളത്തിൽ ഇടതുപക്ഷം വീണ്ടും അധികാരത്തിൽ വരുന്നത് തടയാനായി എല്ലാ കമ്യൂണിസ്റ്റ് വിരുദ്ധ ശക്തികളും കൈകോർക്കുമ്പോൾ, തുടർഭരണം കേരളത്തിനുമാത്രമല്ല, രാജ്യത്തിന് അകത്തും പുറത്തുമുള്ള മതനിരപേക്ഷ ജനാധിപത്യവിശ്വാസികൾക്കെല്ലാം അവരുടെ ആശയപോരാട്ടങ്ങൾക്ക് അനിവാര്യതകൂടിയാണ്.



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home