ad
Deshabhimani

അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതിയിൽ

Ayodhya.jpg
വെബ് ഡെസ്ക്

Published on Jun 23, 2026, 07:46 AM | 1 min read

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട സംഭാവനകളിൽ ക്രമക്കേട് നടന്നെന്നാരോപിച്ച് സുപ്രീംകോടതിയിൽ ഹർജി. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിടണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകരായ അജയ് കുമാർ റായ്, ദിനേശ് കുമാർ യാദവ് എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്.


ശ്രീ റാം ജന്മഭൂമി തീർത്ഥ് ക്ഷേത്ര ട്രസ്റ്റിന്റെ പ്രവർത്തനങ്ങളിൽ ഉയർന്ന ആരോപണങ്ങൾ സമഗ്രമായി അന്വേഷിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ക്ഷേത്രത്തിൽ സുതാര്യമായ നിയന്ത്രണ, മേൽനോട്ട, ഓഡിറ്റ് സംവിധാനങ്ങൾ ഉറപ്പാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും ട്രസ്റ്റിനും നിർദേശം നൽകണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു.


ലക്ഷക്കണക്കിന് ഭക്തരുടെ വിശ്വാസത്തെ ബാധിക്കുന്ന വിഷയമാണിതെന്നും, തലമുറകളായി കാത്തിരുന്ന ക്ഷേത്ര നിർമ്മാണത്തിൽ ഇത്തരമൊരു വിവാദം ഉണ്ടായത് വലിയ ആശങ്കയുണ്ടാക്കുന്നുണ്ടെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.


നിലവിൽ ഉത്തർപ്രദേശ് സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം എഫ്‌ഐആറോ ക്രിമിനൽ കേസോ രജിസ്റ്റർ ചെയ്യാതെയാണ് അന്വേഷണം നടത്തുന്നത്. സങ്കീർണ്ണമായ സാമ്പത്തിക-ക്രിമിനൽ ക്രമക്കേടുകളിൽ പൊതുജനങ്ങൾക്ക് വിശ്വാസം ലഭിക്കണമെങ്കിൽ സിബിഐ പോലുള്ള ഒരു വിദഗ്ധ ഏജൻസിയുടെ അന്വേഷണം അനിവാര്യമാണെന്നും ഹർജിക്കാർ വാദിക്കുന്നു.


അതേസമയം, സംഭവത്തിൽ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ തീരുമാനമായിട്ടുണ്ട്. അന്വേഷണ റിപ്പോർട്ട് ചൊവ്വാഴ്ച ലഖ്‌നൗ ഡിവിഷണൽ കമ്മീഷണർ വിജയ് വിശ്വാസ് പന്ത്, ഐജി കിരൺ എസ്, ഫിനാൻസ് ഡിപ്പാർട്ട്‌മെന്റ് സ്‌പെഷ്യൽ സെക്രട്ടറി നീൽ രത്തൻ എന്നിവരടങ്ങുന്ന സംഘം മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കൈമാറി. ജൂൺ 13-നാണ് ക്ഷേത്ര ട്രസ്റ്റിന്റെ അപേക്ഷ പ്രകാരം ക്രമക്കേട് അന്വേഷിക്കാൻ എസ്‌ഐടിയെ സർക്കാർ ചുമതലപ്പെടുത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home