മ്യാൻമറിൽ സൈനിക ആക്രമണങ്ങളിൽ ആറുമാസത്തിനിടെ കൊല്ലപ്പെട്ടത് 700-ലധികം സാധാരണക്കാർ; ഐക്യരാഷ്ട്രസഭ

വ്യോമാക്രമണങ്ങളാണ് മ്യാൻമറിലെ നാശത്തിന്റെയും ദുരിതത്തിന്റെയും പ്രധാന കാരണം എന്ന് യുഎൻ മനുഷ്യാവകാശ വിഭാഗം വ്യക്തമാക്കി| Photo Credit:AFP
ജനീവ: കഴിഞ്ഞ വർഷം നടന്ന തെരഞ്ഞെടുപ്പ് കാലയളവിൽ മ്യാൻമർ സൈന്യം നടത്തിയ ആക്രമണങ്ങളിൽ 700-ലധികം സാധാരണക്കാർ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭ.
കഴിഞ്ഞ ഓഗസ്റ്റ് മുതൽ ഈ വർഷം ജനുവരി വരെയുള്ള ആറുമാസത്തെ കണക്കുകൾ പ്രകാരം, 224 സ്ത്രീകളും 153 കുട്ടികളുമടക്കം ചുരുങ്ങിയത് 702 പേർ കൊല്ലപ്പെട്ടതായാണ് വിശ്വസനീയമായ സ്രോതസ്സുകളിൽ നിന്ന് സ്ഥിരീകരിച്ചിട്ടുള്ളതെന്ന് യുഎൻ മനുഷ്യാവകാശ വിഭാഗം റിപ്പോർട്ട് വ്യക്തമാക്കുന്നു.
അഞ്ച് വർഷം മുമ്പ് അട്ടിമറിയിലൂടെ അധികാരത്തിലെത്തിയ സൈന്യം പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് വലിയ തോതിൽ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. പ്രധാന പ്രതിപക്ഷ പാർട്ടികളെ ഒഴിവാക്കി നടത്തിയ ഈ തെരഞ്ഞെടുപ്പ് വെറും പ്രഹസനമാണെന്ന് നേരത്തെ തന്നെ ആക്ഷേപമുയർന്നിരുന്നു.
നിലവിൽ മ്യാൻമർ പാർലമെന്റ് പൂർണ്ണമായും സൈനിക അനുകൂലികളാൽ നിറഞ്ഞതാണ്. ആകെ സീറ്റുകളുടെ നാലിലൊന്ന് സൈന്യത്തിന് സംവരണം ചെയ്തിരിക്കെ, ബാക്കിയുള്ള സീറ്റുകളിൽ 80 ശതമാനവും സൈന്യത്തിന്റെ സ്വന്തം പാർട്ടിയായ യുഎസ്ഡിപി നേടിയത് തികച്ചും ഏകപക്ഷീയമായ തെരഞ്ഞെടുപ്പിലൂടെയാണ്.
രാജ്യത്തെ വലിയ തോതിലുള്ള നാശനഷ്ടങ്ങൾക്കും ദുരിതങ്ങൾക്കും കാരണം സൈന്യത്തിന്റെ വ്യോമാക്രമണങ്ങളാണെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. സൈന്യം സ്വാധീനം ഉറപ്പിക്കാൻ ശ്രമിക്കുന്ന സാഗയിങ് മേഖലയാണ് സാധാരണക്കാർക്ക് ഏറ്റവും അപകടകരമായ പ്രദേശം.
ഒക്ടോബറിൽ ചാങ്-യുവിൽ സ്കൂളിന് മുന്നിൽ ഒത്തുചേർന്നവർക്ക് നേരെ നടത്തിയ ആക്രമണത്തിൽ നാല് കുട്ടികളടക്കം 23 പേർ കൊല്ലപ്പെട്ടു. ഡിസംബറിൽ തബയിനിൽ ഫുട്ബോൾ മത്സരം കാണാനായി ടീഷോപ്പിൽ ഒത്തുകൂടിയവർക്ക് നേരെ സൈനിക വിമാനം നടത്തിയ ബോംബാക്രമണത്തിൽ 19 പേരും കൊല്ലപ്പെട്ടു.
ഇതിനിടെ, റോഹിങ്ക്യൻ ജനതയ്ക്കെതിരായ അതിക്രമങ്ങളും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. നിർബന്ധിത സൈനിക റിക്രൂട്ട്‌മെന്റ്, കൊലപാതകങ്ങൾ, ലൈംഗികാതിക്രമങ്ങൾ എന്നിവയ്ക്ക് അവർ നിരന്തരം ഇരയാകുന്നു.
സൈന്യത്താൽ വലിയ തോതിൽ ദുരിതം അനുഭവിക്കുന്ന മ്യാൻമർ ജനതയെ പുറംലോകം മറന്നതായി യുഎൻ മനുഷ്യാവകാശ മേധാവി വോൾക്കർ ടർക്ക് പറഞ്ഞു.
അന്താരാഷ്ട്ര സഹായങ്ങളിലെ കുറവ് ജനങ്ങളുടെ ദുരിതം ഇരട്ടിയാക്കിയിരിക്കുകയാണ്. 2021-ലെ അട്ടിമറിക്ക് ശേഷം ആരംഭിച്ച ആഭ്യന്തര യുദ്ധത്തിൽ ആയിരക്കണക്കിന് ആളുകൾക്കാണ് ഇതിനകം ജീവൻ നഷ്ടപ്പെട്ടത്.









0 comments