മൃതദേഹം കുഴിമാടത്തിൽ നിന്ന് പുറത്തെടുത്ത് സ്വർണം കവർന്നു; മൂന്നുപേർ പിടിയിൽ

പ്രതീകാത്മക ചിത്രം
കോയമ്പത്തൂർ: തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ ശ്മശാനത്തിൽ അടക്കം ചെയ്ത മൃതദേഹം കുത്തിത്തുറന്ന് പുറത്തെടുത്ത് മൂന്നര പവന്റെ സ്വർണ്ണമാല കവർന്ന മൂന്നംഗ സംഘത്തെ പീളമേട് പൊലീസ് അറസ്റ്റ് ചെയ്തു. ശൗരിപാളയം സ്വദേശികളായ ശക്തിവേൽ, മണികണ്ഠൻ, കാർത്തികേയൻ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.
കെ വെങ്കടേഷിന്റെ പരാതിയിലാണ് പോലീസ് നടപടി. വെങ്കടേഷിന്റെ പിതാവ് നാഗരാജ് കഴിഞ്ഞ ജൂൺ 6-നാണ് മരണപ്പെട്ടത്. തുടർന്ന് ആചാരപ്രകാരം ശൗരിപാളയത്തെ ശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചു. എന്നാൽ നാഗരാജ് ധരിച്ചിരുന്ന സ്വർണ്ണമാല ബന്ധുക്കൾ ഊരി മാറ്റിയിരുന്നില്ല.
ജൂൺ 19-ന് മരണാനന്തര ചടങ്ങുകൾക്കായി ബന്ധുക്കൾ വീണ്ടും ശ്മശാനത്തിൽ എത്തിയപ്പോഴാണ് കുഴിമാടത്തിലെ മണ്ണ് മാറ്റിയ നിലയിൽ കണ്ടത്. സംശയം തോന്നിയ ബന്ധുക്കൾ ശ്മശാന പരിസരത്ത് സ്ഥിരമായി തങ്ങാറുള്ള കാർത്തികേയനെ പിടികൂടി ചോദ്യം ചെയ്തതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
സുഹൃത്തുക്കളായ ശക്തിവേൽ, മണികണ്ഠൻ എന്നിവരുമായി ചേർന്ന് അർദ്ധരാത്രിയിൽ മൃതദേഹം പുറത്തെടുത്ത് മാല പൊട്ടിച്ചെടുക്കുകയായിരുന്നു എന്ന് ഇയാൾ സമ്മതിച്ചു. കവർന്ന സ്വർണം കോയമ്പത്തൂർ മാർക്കറ്റിലെ ഒരു കടയിൽ വിറ്റതായും പ്രതികൾ വെളിപ്പെടുത്തി. ബന്ധുക്കൾ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പീളമേട് പൊലീസ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.









0 comments