ഉസ്ബെക്കിസ്ഥാനെതിരെ റൊണാൾഡോയെ മാറ്റിനിർത്തുമോ? മറുപടി നൽകാതെ മാർട്ടിനസ്

Photo Credit:AFP
ദോഹ: ലോകകപ്പിൽ ഉസ്ബെക്കിസ്ഥാനെതിരായ നിർണ്ണായക മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ആദ്യ ഇലവനിൽ ഉണ്ടാകുമോയെന്നതിൽ വ്യക്തത വരുത്താതെ പോർച്ചുഗൽ പരിശീലകൻ റോബർട്ടോ മാർട്ടിനസ്.
കോംഗോയ്‌ക്കെതിരായ ആദ്യ മത്സരത്തിൽ റൊണാൾഡോയുടെ പ്രകടനം നിരാശാജനകമായിരുന്നു. ഇതിന് പിന്നാലെയാണ് റൊണാൾഡോയെ ടീമിൽ നിന്ന് മാറ്റണമെന്ന ആവശ്യം സമൂഹമാധ്യമങ്ങളിൽ ശക്തമായത്.
എന്നാൽ, ടീം സെലക്ഷൻ കാര്യങ്ങൾ കളിക്കാരോട് പറയുന്നതിന് മുൻപ് പുറത്തുവിടാൻ കഴിയില്ലെന്ന് മാർട്ടിനസ് വ്യക്തമാക്കി.
റൊണാൾഡോയ്‌ക്കെതിരെയുള്ള വിമർശനങ്ങൾ അന്യായമാണെന്ന് പറഞ്ഞ മാർട്ടിനസ്, ലോകകപ്പ് പോലുള്ള വലിയ വേദികളിൽ സമ്മർദ്ദങ്ങൾ സ്വാഭാവികമാണെന്നും കൂട്ടിച്ചേർത്തു.
താരത്തിന്റെ കഴിഞ്ഞ 32 മത്സരങ്ങളിലെ കണക്കുകൾ പരിശോധിച്ചാൽ അദ്ദേഹത്തിന്റെ മികവ് തെളിയിക്കപ്പെടുമെന്നും, ഗോൾ നേടാൻ റൊണാൾഡോ തന്നെയാണ് ഏറ്റവും മികച്ച താരമെന്നും പരിശീലകൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ആറ് ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ താരമെന്ന ചരിത്ര റെക്കോർഡിലേക്കാണ് റൊണാൾഡോ ഉറ്റുനോക്കുന്നത്.
അതേസമയം, പോർച്ചുഗലിന്റെ ആദ്യ മത്സരഫലം കണ്ട് റൊണാൾഡോയെ നിസ്സാരമായി കാണാൻ ഉസ്ബെക്കിസ്ഥാൻ പരിശീലകൻ ഫാബിയോ കന്നവാരോ തയ്യാറല്ല.
ബോക്സിനുള്ളിൽ റൊണാൾഡോയെ തനിച്ചാക്കിയാൽ വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്ന് കന്നവാരോ മുന്നറിയിപ്പ് നൽകി.
ഫ്രീ കിക്കുകളിലും കോർണറുകളിലും അപകടകാരിയായ റൊണാൾഡോയെ പൂട്ടാൻ താരങ്ങൾക്ക് പ്രത്യേക നിർദ്ദേശം നൽകിയതായും അദ്ദേഹം വ്യക്തമാക്കി.










0 comments