വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കാനുള്ള നീക്കം: സർക്കാരിനെതിരെ നിലപാട് കടുപ്പിച്ച് മുസ്ലിം ലീഗ്, യുഡിഎഫിൽ തമ്മിലടി

കോഴിക്കോട്: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള സർക്കാർ തീരുമാനത്തിൽ അതൃപ്തി പരസ്യമാക്കി മുസ്ലിം ലീഗ് അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ.
ലഹരിയെ നാടുകടത്താൻ സർക്കാർ 'ഓപ്പറേഷൻ തൂഫാൻ' ഉൾപ്പെടെയുള്ള പദ്ധതികളുമായി മുന്നോട്ട് പോകുമ്പോൾ തന്നെ ഇത്തരമൊരു തീരുമാനം പ്രഖ്യാപിച്ചത് വൈരുദ്ധ്യമാണെന്ന് അദ്ദേഹം വിമർശിച്ചു.
'പിറക്കട്ടെ, ലഹരി മുക്ത ഗ്രാമങ്ങൾ' എന്ന തലക്കെട്ടിൽ എഴുതിയ ലേഖനത്തിലാണ് തങ്ങളുടെ പ്രതികരണം. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ലഹരിവിരുദ്ധ ക്യാമ്പയിനുകളുമായി മുന്നോട്ട് പോകുമ്പോഴും ബജറ്റിലെ പുതിയ പ്രഖ്യാപനം ജനങ്ങളിൽ വലിയ ആശങ്കയാണുണ്ടാക്കിയിരിക്കുന്നത്.
ഇക്കാര്യത്തിൽ വ്യക്തമായ മറുപടി നൽകാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മദ്യനയത്തിൽ സർക്കാർ സ്വീകരിച്ച തീരുമാനം മുന്നണിക്കുള്ളിൽ തന്നെ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
മുഖ്യമന്ത്രി വി ഡി സതീശന്റെ ഏകപക്ഷീയമായ തീരുമാനമാണിതെന്നും, എക്സൈസ് മന്ത്രി പോലും ഇക്കാര്യം അറിഞ്ഞിരുന്നില്ലെന്നുമാണ് ഉയരുന്ന ആക്ഷേപം. ഇതിനു പിന്നാലെ എം ലിജു മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
മുതിർന്ന നേതാവ് വി എം സുധീരൻ മുഖ്യമന്ത്രിക്ക് കത്തയക്കുകയും ചെയ്തിട്ടുണ്ട്. ജനാധിപത്യ രീതിയിലല്ല തീരുമാനങ്ങൾ എടുക്കുന്നതെന്ന് കോൺഗ്രസ് നേതാവ് ജിന്റോ ജോണും തുറന്നടിച്ചു.
അതേസമയം, പ്രശ്നം പരിഹരിക്കാൻ പാർട്ടി തലത്തിൽ ചർച്ചകൾ ഉണ്ടാകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ വ്യക്തമാക്കി.
കർണാടകയിലെ മദ്യലോബിയെ സഹായിക്കാനാണ് സർക്കാർ നീക്കമെന്ന് മുൻ മന്ത്രി എം ബി രാജേഷ് ആരോപിച്ചു. ബജറ്റിലെ മദ്യനയത്തിനെതിരെ കെ എൻ ബാലഗോപാലിന്റെ നേതൃത്വത്തിൽ അടിയന്തര പ്രമേയം അവതരിപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.









0 comments