കൊല്ലത്ത് ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി അപകടം; 3 മരണം, 2 പേരുടെ നില ഗുരുതരം

കൊല്ലം: കൊട്ടാരക്കര നീലേശ്വരത്ത് ടിപ്പർ ലോറി നിയന്ത്രണം നഷ്ടപ്പെട്ട് ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി അപകടം. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടം നടന്നത്. അപകടത്തിൽ 3 മരണം. നിരവധിപേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്.
ബസ് സ്റ്റോപ്പിൽ ഏഴ് വിദ്യാർത്ഥികളും മുതിർന്ന ഒരാളുമാണ് ഉണ്ടായിരുന്നത്. അമിതവേഗതയിൽ വരികയായിരുന്ന ലോറി ബൈക്കിലിടിച്ച് നിയന്ത്രണം നഷ്ടമായതിനെത്തുടർന്ന് ബസ് സ്റ്റോപ്പിലേക്ക് ഇടിച്ച് കയറുകയായിരുന്നു.
അപകടത്തിൽ ടിപ്പറിനടിയിൽപ്പെട്ടവരിൽ കൂടുതലും വിദ്യാർത്ഥികളാണ്. ബസ് കാത്തുനിൽക്കുകയായിരുന്ന യാത്രക്കാരുടെ ഇടയിലേക്കാണ് മണ്ണുമായി വന്ന ലോറി നിയന്ത്രണം വിട്ട് പാഞ്ഞുകയറിയത്.
ലോറിക്കടിയിൽ കുട്ടികൾ ഉൾപ്പെടെയുള്ളവർ കുടുങ്ങിക്കിടക്കുന്നതായാണ് പ്രാഥമിക വിവരം. അപകടസമയത്ത് നിരവധി പേർ സ്റ്റോപ്പിൽ ബസ് കാത്തുനിൽക്കുന്നുണ്ടായിരുന്നു.
പ്രായമായവരും ഇതിൽ ഉൾപ്പെടുന്നു. സംഭവസ്ഥലത്ത് ലോറിയ്ക്കടിയിൽപെട്ടവരെ പുറത്തെടുക്കാനുള്ള അടിയന്തര രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ലോറി അമിതവേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.









0 comments