സംസ്ഥാനത്ത് കാലവർഷം ദുർബലം; പത്തിടങ്ങളിൽ മഴ കുറഞ്ഞു; കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ട്

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ജൂൺ പകുതി പിന്നിട്ടിട്ടും സംസ്ഥാനത്ത് കാലവർഷം പ്രതീക്ഷിച്ചത്ര ശക്തമായില്ല. സംസ്ഥാനത്തെ 14 ജില്ലകളിൽ പത്തിടത്തും മഴ തീരെ കുറവാണെന്നാണ് കണക്കുകൾ. ജൂൺ മാസം പകുതി വരെയുള്ള കണക്കെടുപ്പിൽ സംസ്ഥാനത്ത് ലഭിക്കേണ്ട മഴയിൽ 28 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
പസഫിക് സമുദ്രത്തിലെ 'എൽ നിനോ' പ്രതിഭാസമാണ് കാലവർഷം ദുർബലമാകാൻ പ്രധാന കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. കൂടാതെ, ബംഗാൾ ഉൾക്കടലിൽ ശക്തമായ ന്യൂനമർദ്ദങ്ങൾ രൂപപ്പെടാത്തതും മഴക്കുറവിന് കാരണമായി.
ജൂൺ അവസാന വാരത്തോടെ കാലവർഷം വീണ്ടും ശക്തിപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് 'യെല്ലോ അലേർട്ട്' പ്രഖ്യാപിച്ചു.
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനുള്ള സാധ്യതയാണ് ഈ ജില്ലകളിലുള്ളത്. വ്യാഴാഴ്ച നാല് ജില്ലകളിലും യെല്ലോ അലേർട്ട് നിലവിലുണ്ട്. നാളെ ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പുകളില്ല. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും മത്സ്യബന്ധനത്തിന് കർശന വിലക്ക് തുടരും.
ഈ മേഖലകളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. കൊങ്കൺ തീരം, ഗോവ തീരം, മധ്യ കിഴക്കൻ അറബിക്കടൽ, കന്യാകുമാരി, തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ, ബംഗാൾ ഉൾക്കടൽ തുടങ്ങിയ പ്രദേശങ്ങളിലും സമാനമായ കാലാവസ്ഥാ സാഹചര്യം തുടരുന്നതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.









0 comments