ജീവനക്കാരുടെ വിവരങ്ങൾ ചോർന്നു; ആഭ്യന്തര എഐ പരിശീലന പദ്ധതി നിർത്തിവെച്ച് മെറ്റ

മെൻലോ പാർക്ക്: ജീവനക്കാരുടെ കമ്പ്യൂട്ടർ പ്രവർത്തനങ്ങൾ ട്രാക്ക് ചെയ്യുന്നതിനായി മെറ്റ നടപ്പിലാക്കിയ ആഭ്യന്തര എഐ പരിശീലന പദ്ധതി നിർത്തിവെച്ചു. ജീവനക്കാരുടെ സ്വകാര്യ സംഭാഷണങ്ങളും പ്രവർത്തന വിവരങ്ങളും കമ്പനിയിലുടനീളമുള്ളവർക്ക് ലഭ്യമായതോടെയാണ് നടപടി.
സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് പദ്ധതി നടപ്പിലാക്കിയതെന്ന് അവകാശപ്പെട്ടിരുന്നെങ്കിലും, വിവരങ്ങൾ ചോർന്നത് വലിയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. മെറ്റയിലെ സൂപ്പർ ഇന്റലിജൻസ് ലാബ്സ് ടീം വികസിപ്പിച്ച 'മോഡൽ കപ്പബിലിറ്റി ഇനിഷ്യേറ്റീവ്' എന്ന പദ്ധതിയാണ് നിർത്തിവെച്ചത്.
കമ്പ്യൂട്ടറുകളിൽ മനുഷ്യർ എങ്ങനെ ഇടപെടുന്നുവെന്ന് പഠിച്ച് എഐ മോഡലുകളുടെ കഴിവ് വർദ്ധിപ്പിക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. എന്നാൽ, പദ്ധതിയുടെ ഭാഗമായി ജീവനക്കാരുടെ കീസ്ട്രോക്കുകൾ, മൗസ് ചലനങ്ങൾ, ക്ലിക്കുകൾ എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിച്ചിരുന്നു.
ജീവനക്കാരുടെ സ്വകാര്യ സംഭാഷണങ്ങളും പെർഫോമൻസ് ഡാറ്റയും അടക്കമുള്ള വിവരങ്ങൾ കമ്പനിയിലെ മറ്റുള്ളവർക്ക് കാണാവുന്ന രീതിയിൽ തുറന്നുകിട്ടി. ബിസിനസ് ഇൻസൈഡറാണ് ചോർച്ചയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്.
പദ്ധതി നടപ്പിലാക്കുമ്പോൾ നൽകിയ സുരക്ഷാ വാഗ്ദാനങ്ങൾ ലംഘിക്കപ്പെട്ടതിൽ ജീവനക്കാർ കടുത്ത അമർഷം രേഖപ്പെടുത്തി. വിവരങ്ങൾ സുരക്ഷിതമായിരിക്കുമെന്ന് ഉറപ്പുനൽകിയിട്ടും അശ്രദ്ധയുണ്ടായതാണ് പ്രതിഷേധത്തിന് കാരണം.
വിവരങ്ങൾ ആരും ദുരുപയോഗം ചെയ്തതായി നിലവിൽ സൂചനകളില്ലെന്ന് മെറ്റ വക്താവ് അറിയിച്ചു. എങ്കിലും, സംഭവത്തിൽ അന്വേഷണം നടക്കുന്നതിനാൽ പദ്ധതി താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. 'എഐ ഫോർ വർക്ക്' എന്ന പേരിൽ തുടങ്ങിയ പദ്ധതി പിന്നീട് 'ഏജന്റ് ട്രാൻസ്ഫോർമേഷൻ ആക്സിലറേറ്റർ' എന്ന് പുനർനാമകരണം ചെയ്തിരുന്നു.
മിക്ക ജീവനക്കാർക്കും നിർബന്ധിതമായിരുന്ന ഈ പദ്ധതി, തുടക്കം മുതൽ തന്നെ ജീവനക്കാരുടെ ഭാഗത്തുനിന്ന് എതിർപ്പ് നേരിട്ടിരുന്നു. സ്വകാര്യതയെക്കുറിച്ചുള്ള ആശങ്കകൾ നിലനിൽക്കെ തന്നെ വിവരങ്ങൾ ചോർന്നത് മെറ്റയ്‌ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്.









0 comments