മുണ്ടുമുറുക്കികളുടെ രാജ്യഭാരം


അഡ്വ. കെ അനിൽകുമാർ
Published on May 17, 2026, 10:45 PM | 3 min read
1991ൽ അധികാരമേറ്റ പി വി നരസിംഹറാവു സർക്കാരിലെ ധനമന്ത്രി ഡോ. മൻമോഹൻ സിങ് അവതരിപ്പിച്ചതായിരുന്നു "മുണ്ടുമുറുക്കിയുടുക്കൽ’ (You Have To Tighten Your Belts) എന്ന ഉപദേശം. അതിന്റെ യഥാർഥ അർഥം മുതലാളിത്ത സാമ്പത്തിക പ്രതിസന്ധിയുടെ ആഘാതം പൊതുജനങ്ങളുടെ ചെലവിൽ പരിഹരിക്കണമെന്നാണ്. വിദേശ -വിമാനയാത്രകൾ കുറയ്ക്കുക, ആർഭാടം കുറയ്ക്കുക തുടങ്ങി സമ്പന്നവിഭാഗം എന്തോ വിട്ടുവീഴ്ചകൾ ചെയ്യുന്നുവെന്ന പ്രതീതി നിർമിച്ച് ബഹുഭൂരിപക്ഷം വരുന്ന ദരിദ്രരും ഇടത്തരക്കാരും താഴ്‌ന്ന വരുമാനക്കാരുമായ ജനങ്ങളെ കൊള്ളയടിക്കാനുള്ള മറയൊരുക്കലായിരുന്നു ലക്ഷ്യം.
പൊതുസേവനമേഖലകളിൽനിന്ന് സർക്കാരുകൾ പിൻവാങ്ങുക, സർക്കാർമേഖലയിൽ നിയമനം നിരോധിക്കുക, തസ്‌തിക വെട്ടിക്കുറയ്‌ക്കുക, പൊതുമേഖലകളെ സ്വകാര്യമേഖലയ്ക്ക് കൈമാറുക, സബ്സിഡി ഇല്ലാതാക്കുക തുടങ്ങിയ ജനവിരുദ്ധ നയങ്ങൾ നടപ്പാക്കുകയായിരുന്നു പിന്നീട്. മറുഭാഗത്ത് കോർപറേറ്റുകൾക്ക് നികുതിയിളവ്, പൊതുമേഖലാ ബാങ്കുകളിലെ കുത്തകകളുടെ കിട്ടാക്കടം എഴുതിത്തള്ളൽ തുടങ്ങിയ മൂലധനപക്ഷനയങ്ങൾ ചങ്ങാത്ത മുതലാളിത്തത്തിന്റെ ഭാഗമായി നടപ്പാക്കി.
നരസിംഹറാവുവിനുശേഷം വാജ്പേയി നയിച്ച എൻഡിഎ സർക്കാരും തുടർന്നുവന്ന ഡോ. മൻമോഹൻ സിങ് സർക്കാരും അതിന്റെ തുടർച്ചയായി മോദിയും നടപ്പാക്കുന്നത് ഒരേ സാമ്പത്തിക നയങ്ങളാണ്. ഒന്നാം യുപിഎ സർക്കാരിന് ഇടതുപക്ഷത്തിന്റെ പിന്തുണയുണ്ടായപ്പോൾ നാലുവർഷം പൊതുമിനിമം പരിപാടി നടപ്പാക്കി ജനവിരുദ്ധ നയങ്ങളിൽനിന്ന് പിന്നോട്ടുപോകേണ്ടിവന്നു. ഇടതുപക്ഷം പിന്തുണ പിൻവലിച്ചപ്പോൾ കോൺഗ്രസ് തനിനിറം കാട്ടി.
ഇതിൽനിന്ന് തികച്ചും വ്യത്യസ്‌തമായി കേരളത്തിൽ ഒന്നും രണ്ടും പിണറായി സർക്കാരുകളുടെ കാലത്ത് ബദൽ കൃത്യമായി നടപ്പാക്കി. അതിന്റെ ഫലമായി കേരള സമ്പദ്ഘടന തകർന്നില്ല, രാജ്യത്ത് എല്ലാ മനുഷ്യവികസന സൂചികകളിലും കേരളം ഒന്നാംസ്ഥാനത്തായി. ഇതിനുപുറമെ, മികവാർന്ന പശ്ചാത്തല സൗകര്യങ്ങളോടെ നിക്ഷേപ സൗഹൃദമായി കേരള സമ്പദ്ഘടന വളർന്നു. കേരളത്തിന്റെ ജിഎസ്‌ഡിപി വളർച്ച നോക്കിയാൽ അത് തെളിയും. 2011–12ൽ 3.64 ലക്ഷം കോടിയായിരുന്ന ജിഎസ്‌ഡിപി 2015–-16ൽ 5.62 ലക്ഷം കോടിയായി. അഞ്ചുവർഷത്തെ വളർച്ച 1.98 ലക്ഷം കോടിമാത്രം. 2016ലെ 5.62 ലക്ഷം കോടിയിൽനിന്നും 2026ൽ 14.24 ലക്ഷം കോടിയിലെത്തി. എൽഡിഎഫ് സർക്കാരിന്റെ പത്തുവർഷത്തിനിടെ 8.62 ലക്ഷം കോടി അധികം വളർച്ച. അതായത് അഞ്ചുവർഷത്തെ യുഡിഎഫിന്റെ ഭരണകാലത്തെ 1.98ലക്ഷം കോടിയെന്ന അധിക വളർച്ചയുടെ വാർഷിക ശരാശരിയായ 0.396ൽനിന്ന് എൽഡിഎഫ് കാലത്ത് 0.862 എന്ന നിലവാരത്തിലേക്ക് ജിഎസ്‌ഡിപി ഉയർന്നു. ഇത് നേടിയതാകട്ടെ, നിപാ, ഓഖി, രണ്ട് മഹാപ്രളയങ്ങൾ, കോവിഡ് എന്നിവയെ മറികടന്നുമാണ്. അത്തരം ദുരന്തങ്ങൾ ഇല്ലെങ്കിൽ വളർച്ചാവേഗം ഇതിനേക്കാൾ ഏറെ മുന്നിലാകുമായിരുന്നു.
അതിസമ്പന്നരായ ചുരുക്കം ചിലരിലേക്ക് പൊതുസമ്പത്ത് കൈമാറി അത് പിന്നീട് ജനങ്ങളിലേക്ക് കിനിഞ്ഞിറങ്ങുമെന്നാണ് വലതുരാഷ്ട്രീയ സിദ്ധാന്തം. അതിൽനിന്നും വ്യത്യസ്‌തമായി ഒരു കോടിയിലേറെ ഗുണഭോക്താക്കളിലേക്ക് നേരിട്ട് ധനസഹായം എത്തിച്ചതാണ് കേരള സമ്പദ്ഘടനയ്ക്ക് ഈ കുതിപ്പ് നൽകിയത്. കോർപറേറ്റ് വളർച്ചയുടെ ഇന്ത്യൻ അനുഭവത്തിൽനിന്നും കോർപറേറ്റുകളെ ആശ്രയിക്കാതെ കേരളം നേടിയ വളർച്ചയാണ് യഥാർഥ ദേശീയ ഇടതുപക്ഷ ബദൽ. ഇടതുപക്ഷം തുടർഭരണത്തോടെ വലതുപക്ഷമായെന്ന നുണ നിർമിക്കുകയായിരുന്നു കോൺഗ്രസും മാധ്യമങ്ങളും. അഞ്ച് ഗ്യാരന്റികൾ പ്രചരിപ്പിച്ചാണ് യുഡിഎഫ് വിജയം നേടിയത്. അത് നടപ്പാക്കുന്ന ബാധ്യതയിൽനിന്ന് യുഡിഎഫിനെ ഒഴിവാക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണ് പുതിയ സർക്കാർ അധികാരമേൽക്കുംമുമ്പ് വലതുപക്ഷം ആരംഭിച്ചത്. മലയാള മനോരമ തുടക്കമിട്ട പ്രചാരവേലയ്ക്ക് നിയുക്ത മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ എ കെ ആന്റണി മുന്നോട്ടുവച്ച രാഷ്‌ട്രീയമാർഗനിർദേശം അപകടകരമായ തിരിച്ചുപോക്കാണ്. 2001ൽ ആന്റണി സർക്കാർ അധികാരത്തിൽ വന്ന കാലത്തേക്കാൾ കേരളം സാമ്പത്തികമായി തകർന്നിരിക്കുന്നുവെന്ന പച്ചനുണയ്ക്കുമേലെയാണ് തെരഞ്ഞെടുപ്പ് വിജയത്തിനുശേഷമുള്ള യുഡിഎഫ് സർക്കാരിന്റെ ദിശാനിർണയം നടത്തിയത്. 2001ലെ ആന്റണി സർക്കാരിന്റെ വഴിയെ 2026ലെ കേരളത്തെ നയിക്കലാണ് അതിന്റെ ലക്ഷ്യം. കാൽനൂറ്റാണ്ടുമുമ്പ് പരാജയപ്പെട്ട് നാടുവിട്ട് ഓടേണ്ടി വന്ന ആന്റണിയുടെ "വികസനത്തിന്റെ ലാസ്റ്റ് ബസ്’ എന്ന പ്രയോഗം മറക്കരുത്. കഴിഞ്ഞ പത്തുവർഷത്തെ വികസന മഹാവിസ്മയങ്ങൾ ആന്റണിയുടെ വലതുപക്ഷ രാഷ്ട്രീയത്തെ ചെറുത്ത് നാം നേടിയതാണ്. 2001ലേക്ക് കേരളം തിരിച്ചുപോകണമെന്ന വാദം അസ്വീകാര്യവും വഞ്ചനാപരവുമാണ്.
കെഎസ്ആർടിസി ബസിലെ സ്ത്രീകളുടെ പരിധിയില്ലാത്ത സൗജന്യയാത്ര സ്വപ്‌നംകണ്ട് വോട്ടുചെയ്തവരോട് നിർദയം അത് സതീശന്റെ "നടക്കാത്ത സ്വപ്‌നങ്ങൾ’ മാത്രമാണെന്ന് പറയാൻ ആന്റണി തയ്യാറായി. 3000 രൂപയാക്കി പ്രതിമാസ പെൻഷൻ നൽകാനാകില്ലെന്നും കോളേജ് വിദ്യാർഥിനികൾക്കായി പ്രതിമാസം വാഗ്‌ദാനംചെയ്ത 1000 രൂപ മറന്നേക്കൂ എന്നുമാണ് ആന്റണിയുടെ നിലപാട്. നിയുക്ത മുഖ്യമന്ത്രി അത് മനഃപൂർവം നിരാകരിച്ചില്ല. 25 ലക്ഷം രൂപയുടെ ഇൻഷുറൻസ് പദ്ധതി നടപ്പാക്കാൻ അമിതാവേശം കാണാം. സ്വകാര്യ ഇൻഷുറൻസ് കമ്പനികളുടെ മാത്രമല്ല, സ്വകാര്യ ആശുപത്രികളുടെ താൽപ്പര്യവും അതാകും. ഇതിന്റെ മറവിൽ സർക്കാർ ആശുപത്രികൾക്കുള്ള ബജറ്റ് വിഹിതമാണ് ഇല്ലാതാകാൻ പോകുന്നത്. ഫലത്തിൽ സാമ്പത്തിക നയങ്ങളിലെ ഇടതുപക്ഷ ബദലിന്റെ നിരാകരണമാണ് കേരളത്തിലെ "പ്രതിവിപ്ലവനായക’സ്ഥാനത്തെ രാജഗുരു പദവിയിലിരുന്ന് എ കെ ആന്റണി പ്രഖ്യാപിച്ചത്.
നരേന്ദ്ര മോദി സർക്കാരിന്റെ അതേ സാമ്പത്തിക നയങ്ങളുടെ പാതയിലേക്ക് കേരളത്തെ നയിക്കുന്ന ഈ വലതുപക്ഷ രാഷ്ട്രീയത്തോട് സംസ്ഥാനത്തെ ബിജെപിക്ക് എതിർപ്പൊന്നുമുണ്ടാകില്ല. നിയമസഭയ്ക്കകത്തും പുറത്തുമായി ബിജെപിക്ക് ലഭിക്കുന്ന ഇടം അവർ ഈ സാമ്പത്തിക നയങ്ങൾ നടപ്പാക്കാൻ തക്കവണ്ണം രാഷ്ട്രീയ പരിസരമൊരുക്കാനായി വിനിയോഗിക്കുമെന്നതാണ് പുതിയ വെല്ലുവിളി. മുസ്ലിംലീഗിന്റെ അധികാര പങ്കാളിത്തത്തിന്റെ ഭാഗമായി, സന്പന്നവിഭാഗം നേടുന്ന ഓരോ നേട്ടങ്ങളും ദരിദ്രരും സാധാരണക്കാരുമായ ന്യൂനപക്ഷങ്ങൾ നേടുന്ന നേട്ടങ്ങളായി വക്രീകരിച്ച് വർഗീയ പ്രചാരണം നടത്തുകയാണ് ബിജെപിയുടെ രീതി. അതുവഴി ന്യൂനപക്ഷ സ്വത്വരാഷ്ട്രീയത്തിന്റെ യഥാർഥ ഗുണഭോക്താക്കളായ പ്രമാണിവർഗത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിച്ചുകൊടുക്കുകയാണ് ഭൂരിപക്ഷ വർഗീയത. "മുണ്ടുമുറുക്കൽ’ വാദത്തിൽ ആന്റണിയും മോദിയും മാത്രമല്ല, മുസ്ലിംലീഗും ബിജെപിയും ഒരേ പങ്കാണ് നിർവഹിക്കുന്നത്. എൽഡിഎഫ് സർക്കാരിന്റെ പത്തുവർഷത്തെ ഭരണനേട്ടങ്ങളെ കൈയൊഴിയാനല്ല, അവയെ മുറുകെപ്പിടിച്ച് പോരാടുകയെന്നതാണ് സാധാരണക്കാരുടെ താൽപ്പര്യം സംരക്ഷിക്കാനുള്ള ഏക പോംവഴി.












