സെവൂത്ത കുടിയേറ്റപ്രതിസന്ധിക്ക് പിന്നിലെന്ത്


വി ബി പരമേശ്വരൻ
Published on Aug 04, 2026, 01:14 AM | 3 min read
ആഫ്രിക്ക വൻകരയുടെ വടക്കേ അറ്റത്ത് മധ്യധരണ്യാഴിയോട് ചേർന്നുകിടക്കുന്ന രാജ്യമാണ് മൊറോക്കോ. ഇതിന്റെ വടക്കേഭാഗത്ത് 18 ചതുരശ്ര കിലോമീറ്റർ വിസ്‌തീർണം മാത്രമുള്ള പ്രദേശമാണ് സെവൂത്ത. കൊളോണിയൽ ഭരണത്തിന്റെ ബാക്കിപത്രമായി ഈ പ്രദേശം സ്‌പെയ്‌നിന്റെ ഭാഗമാണ്. സെവൂത്തയിൽനിന്ന് 250 മൈൽ കിഴക്കുള്ള മൊറോക്കോയിലെതന്നെ മെലില്ലയും സ്‌പെയ്‌നിന്റെ കീഴിലുള്ള സ്വയംഭരണപ്രദേശമാണ്. കഴിഞ്ഞദിവസങ്ങളിൽ മാധ്യമങ്ങളിൽ നിറഞ്ഞ പേരാണ് സെവൂത്തയുടേത്. ജൂലൈ 30നും -31നുമായി ഏകദേശം 60,000 പേർ മൊറോക്കോയിൽനിന്ന് സെവൂത്തയിലേക്ക് കുടിയേറിയതാണ് വാർത്തകൾക്ക് കാരണമായത്. 84,000 മാത്രം ജനസംഖ്യയുള്ള പ്രദേശത്തേക്കാണ് ഇത്രയുംപേർ എത്തിയത്.
കുടിയേറ്റത്തെ ഭീകരതയായി കാണുന്ന തീവ്രവലതുപക്ഷ ശക്തികൾക്ക് ഇത് സ്വാഭാവികമായും ജനങ്ങൾക്കിടയിൽ ഭീതിപരത്താൻ എളുപ്പമാർഗമായി. ഒരുനേരത്തെ വിശപ്പടക്കാൻ, ദുരിതപൂർണമായ മൊറോക്കോജീവിതത്തിൽനിന്ന് മോചനം തേടിയെത്തിയ കുടിയേറ്റക്കാരെ രാക്ഷസവൽക്കരിച്ച് നേരിടാനുള്ള മുറവിളിയാണ് ലോകമെങ്ങും ഉയർന്നത്. അമേരിക്ക ഇറാനെ ആക്രമിച്ചതുപോലുള്ള കടന്നാക്രമണമായിട്ടാണ് ഈ കുടിയേറ്റത്തെ അമേരിക്കൻ പ്രസിഡന്റ് ട്രംപ്‌മുതൽ സ്‌പെയ്‌നിലെ തീവ്രവലതുപക്ഷ പ്രസ്ഥാനമായ വോക്സ് നേതാവ് സാന്റിയാഗോ അബസ്കാൽവരെ വിശേഷിപ്പിച്ചത്. യൂറോപ്പ് കീഴ്പെടുത്താൻ മുസ്ലിം ഭീകരവാദികൾ എത്തുന്നുവെന്ന ആഖ്യാനമാണ് മിക്ക യൂറോപ്യൻ രാജ്യങ്ങളും മാധ്യമങ്ങളും നൽകിയത്. കുടിയേറ്റജനതയോട് സഹാനുഭൂതി പുലർത്തുന്ന സ്‌പാനിഷ് പ്രസിഡന്റ് പെദ്രോ സാഞ്ചസ്‌പോലും പെട്ടെന്നുള്ള ഈ കുടിയേറ്റത്തെ രാജ്യത്തിനെതിരായ ആക്രമണമായി കണ്ട് അഭയാർഥികളെ മൊറോക്കോയിലേക്ക് തിരിച്ചയക്കാൻ കർക്കശമായ നടപടികളാണ് സ്വീകരിച്ചത്. 88പേർ ഇതിനകം മരിച്ചു. 48,000 പേർ മൊറോക്കോയിലേക്ക് തിരിച്ചുപോയി. രണ്ടുമൂന്നുദിവസം ഹർത്താലിന്റെ പ്രതീതിയിലായ സെവൂത്ത പതുക്കെ സാധാരണജീവിതത്തിലേക്ക് തിരിച്ചുവരികയും ചെയ്തു.
എന്നാൽ, ഈ അഭയാർഥിപ്രവാഹം ചൂണ്ടിക്കാട്ടി തീവ്രവലതുപക്ഷം സൃഷ്ടിച്ച വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും അലയൊലികൾ പെട്ടെന്നൊന്നും അവസാനിക്കാൻ ഇടയില്ല. ഇടത് -പുരോഗമനകക്ഷികളുടെ പിന്തുണയോടെ ഭരണം നടത്തുന്ന പെദ്രോ സാഞ്ചസ് സർക്കാരിനെ താഴെയിറക്കുകയാണ് ട്രംപ്‌മുതൽ നെതന്യാഹുവരെയുള്ളവരുടെ ലക്ഷ്യം. യൂറോപ്പിലെ തീവ്രവലതുപക്ഷ മുഖമായ ഇറ്റലിയിലെ ജോർജിയ മെലോണി സ്‌പെയ്‌ൻകാർക്ക് ഷെങ്കൻ വിസയുടെ (ഷെങ്കൻ കരാറിൽ ഉൾപ്പെട്ട 24 രാജ്യങ്ങളിൽ ഈ വിസയുള്ളവർക്ക് സഞ്ചരിക്കാം) ആനുകൂല്യം നിഷേധിച്ചുകഴിഞ്ഞു. കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന സ്‌പെയ്‌നിനെതിരെ നടപടി വേണമെന്നാണ് ഭൂരിപക്ഷം യൂറോപ്യൻ യൂണിയൻ (ഇയു) രാഷ്ട്രങ്ങളുടെയും ആവശ്യം. ഇത് പരിഗണിച്ച് ആഗസ്ത് നാലിന് യൂറോപ്യൻ യൂണിയൻ ആഭ്യന്തരമന്ത്രിമാരുടെ അടിയന്തരയോഗം വിളിച്ചുചേർത്തിരിക്കുകയാണ്.
ഒരൊറ്റ ദിവസം അരലക്ഷത്തിലധികംപേർ കുടിയേറ്റത്തിന് ശ്രമിച്ചത് സ്വാഭാവികമായി സംഭവിച്ചതല്ലെന്ന് ഉറപ്പാണ്. ചിലർ ഇതിനുപിന്നിൽ പ്രവർത്തിച്ചിട്ടുണ്ടെന്നതിലും സംശയമില്ല. മനുഷ്യക്കടത്തിൽപ്പെട്ട ഏജൻസികളാണ് ഈ അപ്രതീക്ഷിത കുടിയേറ്റത്തിനുപിന്നിൽ പ്രവർത്തിച്ചതെന്നാണ് സാഞ്ചസ് സർക്കാർ സംശയിക്കുന്നത്. ജൂൺ 29ന് സ്പാനിഷ് സുപ്രീംകോടതി നടത്തിയ വിധിന്യായം ഉപയോഗിച്ചാണ് കുടിയേറ്റം പ്രോത്സാഹിപ്പിക്കപ്പെട്ടതെന്നും സ്‌പെയ്‌ൻ സംശയിക്കുന്നു. കടൽമാർഗം എത്തുന്ന അഭയാർഥികളെ നിയമപരമായ നടപടിക്രമങ്ങൾവഴിയല്ലാതെ തിരിച്ചയക്കരുതെന്നാണ് സുപ്രീംകോടതി വിധിച്ചത്. കടൽ കടന്ന് സെവൂത്തയിൽ എത്തിയാൽ ഉടൻ തിരിച്ചയക്കില്ലെന്ന ആഖ്യാനം നൽകി ഏജൻസികൾ മൊറോക്കോയിൽനിന്ന് സ്‌പെയ്‌നിലേക്കും അതുവഴി യൂറോപ്യൻ രാജ്യങ്ങളിലേക്കും കുടിയേറ്റക്കാരെ വലിയതോതിൽ അയച്ചുവെന്നാണ് പ്രാഥമികസംശയം. എന്നാൽപ്പോലും ഇത്രയും കൂടുതൽ ആളുകൾ ഈ പ്രചാരണത്തിന്റെ ഭാഗമായി എത്താൻ ഇടയില്ലെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തിലാണ് കമ്യൂണിസ്റ്റ് പാർടി ഓഫ് സ്‌പെയ്‌നും സുമർ എന്ന പുരോഗമന കക്ഷിയും (പെഡമോസ് ഭിന്നിച്ച് ഉണ്ടായത്) സംശയത്തിന്റെ കുന്തമുന മൊറോക്കോയിലേക്ക് തിരിച്ചുവയ്‌ക്കുന്നത്. ഇപ്പോഴത്തെ ആഗോള രാഷ്ട്രീയവുമായും ഇതിന് ബന്ധമുണ്ടെന്നു കാണാം.
അമേരിക്കയുമായും ഇസ്രയേലുമായും അടുത്തബന്ധമുള്ള ആഫ്രിക്കൻ രാഷ്ട്രമാണ് മൊറോക്കോ. അമേരിക്കൻ പ്രേരണയാൽ ഇസ്രയേലുമായി അബ്രഹാം സന്ധിയിൽ ഒപ്പിട്ട ഇസ്ലാമികരാഷ്ട്രംകൂടിയാണ് മൊറോക്കോ. അമേരിക്കയുടെ ഇറാൻ യുദ്ധത്തെയും ഇസ്രയേലിന്റെ ഗാസ ആക്രമണത്തെയും നിശിതമായി വിമർശിച്ച രാജ്യമാണ് സ്‌പെയ്‌ൻ. ഗാസയിലേത് വംശഹത്യയാണെന്നു പറഞ്ഞ യൂറോപ്പിലെ ഏക രാഷ്ട്രത്തലവൻ പെദ്രോ സാഞ്ചസാണ്. ഇസ്രയേലിലേക്കുള്ള ആയുധങ്ങൾ കൊണ്ടുപോകുന്ന കപ്പലുകൾക്കും വിമാനങ്ങൾക്കും സ്പാനിഷ് തുറമുഖമോ വിമാനത്താവളങ്ങളോ ഉപയോഗിക്കാൻ സ്‌പെയ്‌ൻ അനുമതി നൽകിയില്ല. ഇസ്രയേലിലേക്ക് ആയുധം കടത്തിയ ഇന്ത്യൻ കപ്പലിനടക്കം നങ്കൂരമിടാൻ സ്പാനിഷ് സർക്കാർ അനുമതി നൽകിയിരുന്നില്ല. അതുപോലെതന്നെ ഇറാനെതിരായ യുദ്ധത്തിൽ അമേരിക്കയ്‌ക്ക് സ്‌പെയ്‌നിലെ സൈനികതാവളങ്ങൾ ഉപയോഗിക്കാൻ സാഞ്ചസ് അനുവാദം നൽകിയില്ല. ഇറാനെതിരായ യുദ്ധം അന്താരാഷ്ട്രനിയമങ്ങളുടെ ലംഘനമാണെന്നും സാഞ്ചസ് അഭിപ്രായപ്പെട്ടു. യുദ്ധത്തിനെതിരാണ് സ്പാനിഷ് സർക്കാരെന്ന് അസന്ദിഗ്‌ധമായി പറയാനും സാഞ്ചസ് തയ്യാറായി.
അതോടൊപ്പം ട്രംപ് ഉൾപ്പെടെയുള്ള തീവ്രവലതുപക്ഷ നേതാക്കളുടെ കുടിയേറ്റവിരുദ്ധ നയത്തെയും സാഞ്ചസ് ചോദ്യംചെയ്തു. രേഖകളില്ലാതെ സ്‌പെയ്‌നിലെത്തിയ അഞ്ചുലക്ഷം പേർക്ക് വർക് ആൻഡ് റെസിഡൻസി വിസ നൽകാൻ അദ്ദേഹം നടപടി സ്വീകരിച്ചു. ജനസംഖ്യയിലുണ്ടാകുന്ന കുറവും വയോധികരുടെ ജനസംഖ്യയിലുണ്ടാകുന്ന വർധനയും തൊഴിൽശക്തിയുടെ കുറവും പരിഹരിക്കാൻ കുടിയേറ്റക്കാരെ അനുവദിക്കേണ്ടത് സ്‌പെയ്‌നിന്റെ സാമ്പത്തികവളർച്ചയ്‌ക്ക് അനിവാര്യമാണെന്ന നയമാണ് സാഞ്ചസ് സ്വീകരിച്ചത്. അതായത് എല്ലാ അർഥത്തിലും അമേരിക്കൻ–ഇസ്രയേൽ നയങ്ങളുടെ എതിർപക്ഷത്ത് നിൽക്കുന്ന യൂറോപ്യൻ നേതാവാണ് സാഞ്ചസ്. അതിനാൽ സാഞ്ചസിന്റെ ജനസമ്മതി കുറയ്‌ക്കാനും ആ സർക്കാരിനെ വീഴ്‌ത്താനും കിട്ടുന്ന ഒരവസരവും അമേരിക്കയും ഇസ്രയേലും മൊറോക്കോയും വേണ്ടെന്നുവയ്‌ക്കില്ല. അതിന്റെ ഫലമായാണ് സുപ്രീംകോടതിവിധി മറയാക്കി മൊറോക്കോ കുടിയേറ്റത്തെ പ്രോത്സാഹിപ്പിച്ചതെന്നുവേണം സംശയിക്കാൻ. സെവൂത്തയിലേക്ക് കടക്കാൻ ശ്രമിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് മൊറോക്കോ സുരക്ഷാ അധികൃതർ സ്വീകരിച്ചതെന്ന് ‘ന്യൂയോർക്ക് ടൈംസും’ ‘ഗാർഡിയനും’ റിപ്പോർട്ട് ചെയ്തു.
സെവൂത്തയും മെലില്ലയും മൊറോക്കൻ ഭൂമിശാസ്ത്രാതിർത്തിയിൽ വരുന്നതിനാൽ ആ പ്രദേശങ്ങൾ തങ്ങളുടേതാണെന്ന സമീപനമാണ് മൊറോക്കോയ്‌ക്കുള്ളത്. അതംഗീകരിക്കാൻ സ്‌പെയ്‌ൻ ഇതുവരെയും തയ്യാറായിട്ടില്ല. അതോടൊപ്പം 1976ൽ സ്‌പെയ്‌ൻ പടിഞ്ഞാറൻ സഹാറയിൽനിന്ന് പിൻവാങ്ങിയപ്പോൾ ആ പ്രദേശം മൊറോക്കോ കീഴ്പെടുത്തി. അവിടെയുണ്ടായിരുന്ന സഹ്റാവി ജനത പടിഞ്ഞാറൻ സഹാറയുടെ വിമോചനം ലക്ഷ്യമാക്കി പോരാട്ടം ആരംഭിച്ചു. പോളിസാരിയോ മുന്നണി രൂപീകരിച്ചാണ് പോരാട്ടത്തിന് തുടക്കമിട്ടത്. ഈ പ്രസ്ഥാനത്തെ സ്‌പെയ്‌ൻ സഹായിക്കുന്നുവെന്നാണ് മൊറോക്കോയുടെ മറ്റൊരു പരാതി. കോവിഡ് കാലത്ത് പോളിസാരിയോ മുന്നണി നേതാവ് ബ്രഹിം ഘലിക്ക് സ്‌പെയ്‌നിൽ ചികിത്സ നൽകിയത് മൊറോക്കോയ്‌ക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. പോളിസാരിയോ പ്രസ്ഥാനത്തെ പിന്തുണയ്‌ക്കുന്ന ആഫ്രിക്കൻ രാജ്യമാണ് അൾജീരിയ. സഹ്റാവി അറബ് ഡെമോക്രാറ്റിക് റിപ്പബ്ലിക് പ്രവർത്തിക്കുന്നത് അൾജീരിയ കേന്ദ്രമാക്കിയാണ്. ജൂലൈ 20ന് സാഞ്ചസ് അൾജീരിയ സന്ദർശിച്ചതും സഹ്‌റാവി വംശജർക്ക് പൗരത്വം നൽകാൻ സ്പാനിഷ് പാർലമെന്റിൽ ബിൽ കൊണ്ടുവരാനുള്ള നീക്കവും സംശയത്തോടെയാണ് മൊറോക്കോ വീക്ഷിക്കുന്നത്. പോളിസാരിയോ പ്രസ്ഥാനത്തെ അടിച്ചമർത്താൻ സൈനികവും സാങ്കേതികവുമായ സഹായം മൊറോക്കോയ്‌ക്ക് നൽകുന്നതാകട്ടെ ഇസ്രയേലും. ഈ വിശാല ക്യാൻവാസിലൂടെ നോക്കിയാൽ വ്യക്തമാകുന്നത്; പുതുജീവിതം തേടി അലയുന്ന മനുഷ്യരെ, തങ്ങൾക്ക് അപ്രിയമായ സ്‌പെയ്‌നിലെ സർക്കാരിനെ അപകീർത്തിപ്പെടുത്താനും താഴെയിറക്കാനും അമേരിക്കൻ സാമ്രാജ്യത്വവും അവർ പോറ്റിവളർത്തുന്ന കവലച്ചട്ടമ്പിയായ ഇസ്രയേലും അവരുടെ ശിങ്കിടിയായ മൊറോക്കോയും ഉപയോഗിച്ചതിന്റെ ഫലമായി ഉണ്ടായതാണ് സെവൂത്തയിലെ കുടിയേറ്റമെന്നാണ്.















