Deshabhimani

Articles

ക്ഷേമപെൻഷനും മോദിയുടെ കത്തി

ക്ഷേമപെൻഷനും മോദിയുടെ കത്തി

modi amith sha.jpg
avatar
എൻ ചന്ദ്രൻ

Published on Mar 14, 2026, 12:00 AM | 3 min read

സാമൂഹ്യസുരക്ഷയും പൗരക്ഷേമവും ഏതൊരു സർക്കാരിന്റെയും വികസന അജൻഡയിലെ നിർണായകവും അവിഭാജ്യവുമായ ഘടകമായിരിക്കണം. കേരളത്തിലെ എൽഡിഎഫ്‌ സർക്കാർ ആ ഘടകങ്ങൾ ഉറപ്പാക്കുന്നതിൽ രാജ്യത്തിനുതന്നെ മാതൃകയാണ്. എന്നാൽ, കേന്ദ്രസർക്കാർ ഈ ഘടകങ്ങളെ ദുർബലപ്പെടുത്തുന്ന നിലപാടാണ് നിരന്തരം കൈക്കൊള്ളുന്നത്. ആരോഗ്യസംരക്ഷണം, പോഷകാഹാരം, പാലിയേറ്റിവ് കെയർ, വിദ്യാഭ്യാസം, തൊഴിൽ പരിശീലനം, ജീവനോപാധി മെച്ചപ്പെടുത്തൽ തുടങ്ങിയവയോടൊപ്പം സാമ്പത്തികസഹായവും പൗരന്മാരെ ശാക്തീകരിക്കാനും ജീവിതനിലവാരം ഉയർത്താനും ആവശ്യമാണ്. ഇക്കാര്യങ്ങളിലെല്ലാം കേന്ദ്രം പിന്നാക്കംപോകുന്നു. കോർപറേറ്റുകളെ വളർത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മോദിസർക്കാർ; മുതിർന്നവർ, ഭിന്നശേഷിക്കാർ, വിധവകൾ, കർഷകത്തൊഴിലാളികളടക്കമുള്ളവരുടെ സാമൂഹ്യസുരക്ഷാ പെൻഷൻ ഉറപ്പാക്കുന്നതിൽനിന്ന്‌ പിൻവാങ്ങുകയാണ്. കോൺഗ്രസ് അടക്കമുള്ള വലതുപക്ഷം ബിജെപിയുടെ നിലപാടിനൊപ്പമാണ്‌.


വയോജനങ്ങൾ, വിധവകൾ, ഭിന്നശേഷി വിഭാഗത്തിലുള്ളവർ തുടങ്ങിയവർക്കുള്ള സാമൂഹ്യസുരക്ഷാ പെൻഷൻ സംസ്ഥാനങ്ങൾ സ്വന്തം ഫണ്ടിൽനിന്ന്‌ നൽകണമെന്ന് കേന്ദ്ര ഗ്രാമവികസനമന്ത്രി കമലേഷ് പസ്വാൻ രാജ്യസഭയിൽ നിർദേശിച്ചു. രാജ്യത്തെ ബഹുഭൂരിപക്ഷം സാധാരണകുടുംബങ്ങളെ ബാധിക്കുന്ന ഈ പ്രശ്നത്തെ അഭിസംബോധന ചെയ്യാൻ മാധ്യമങ്ങൾ തയ്യാറല്ല. സാമൂഹിക ക്ഷേമപെൻഷൻ ഇനത്തിൽ കേന്ദ്രസർക്കാർ നൽകുന്നത് നാമമാത്രമായ തുകയാണ്. ദേശീയ വയോജന പെൻഷൻ ഇനത്തിൽ 79 വയസ്സുവരെ 200 രൂപയും 80 വയസ്സുമുതൽ 500 രൂപയുമാണ് കേന്ദ്രവിഹിതം. ദേശീയ ഭിന്നശേഷി പെൻഷനും ദേശീയ വിധവാ പെൻഷൻവിഹിതവും 300 രൂപയാണ്. കേരളത്തിൽ ഈ മൂന്നിനം പെൻഷൻ ലഭിക്കുന്നത്‌ 8,46,456 പേർക്കുമാത്രമാണ്. കർഷകത്തൊഴിലാളി പെൻഷനും 50 വയസ്സ്‌ കഴിഞ്ഞ അവിവാഹിതകൾക്കുള്ള പെൻഷനും കേന്ദ്രസർക്കാർ എവിടെയും നൽകുന്നുമില്ല. ലുബ്‌ധിച്ച് കൊടുക്കുന്ന സാമൂഹ്യ സുരക്ഷാ പെൻഷൻ തുകപോലും നൽകാനാകില്ലെന്ന കേന്ദ്രനിലപാട് പാവങ്ങളോടുള്ള വെല്ലുവിളിയാണ്.


സാമൂഹ്യക്ഷേമ പെൻഷനെ ഇകഴ്ത്തിക്കാട്ടാനും ഏതുവിധേനയും പെൻഷൻ വിതരണം മുടക്കാനും യുഡിഎഫ് പരിശ്രമിക്കുന്നു. 1980ൽ ഇ കെ നായനാരുടെ നേതൃത്വത്തിലുള്ള സർക്കാർ, കർഷകത്തൊഴിലാളികൾക്ക് ക്ഷേമപെൻഷൻ പ്രഖ്യാപിച്ചപ്പോൾ എതിർപ്പുമായി വന്ന ചരിത്രമാണ് അവർക്കുള്ളത്. കർഷകത്തൊഴിലാളികളടക്കമുള്ള ദുർബല ജനവിഭാഗങ്ങൾക്ക് ഒരു സഹായവും നൽകേണ്ടതില്ലെന്ന വികാരമാണ് കോൺഗ്രസും യുഡിഎഫും എന്നും വച്ചുപുലർത്തുന്നത്. കർഷകത്തൊഴിലാളി ക്ഷേമപെൻഷന് നായനാർ സർക്കാർ തുടക്കമിട്ടപ്പോൾ 45 രൂപയായിരുന്നു പെൻഷൻതുക. തുടർന്ന് ഇടതുപക്ഷ സർക്കാരുകൾ അധികാരത്തിലെത്തിയ വേളയിലെല്ലാം പെൻഷൻതുക വർധിപ്പിച്ചു. 2016ൽ പ്രകടനപത്രികയിൽ സാമൂഹ്യക്ഷേമ പെൻഷനുകളെല്ലാം 1000 രൂപയാക്കി വർധിപ്പിക്കുമെന്ന്‌ എൽഡിഎഫ്‌ വാഗ്ദാനം നൽകി. തുടർന്ന് അധികാരത്തിൽ വന്ന ഒന്നാം പിണറായി സർക്കാർ വർധന 1000ത്തിൽ നിർത്തിയില്ല; 1600 രൂപയാക്കി. 2016-ൽ എൽഡിഎഫ്‌ അധികാരത്തിൽ വരുന്നതിനുമുമ്പ് യുഡിഎഫ് കാലത്ത് 33.99 ലക്ഷംപേർക്കാണ് സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകിയിരുന്നത്. എൽഡിഎഫ് ഭരണത്തിൽ 62 ലക്ഷത്തിലേറെയായി. അർഹതപ്പെട്ട ഒരാൾപോലും ഒഴിവാകുന്നില്ലെന്ന് ഉറപ്പുവരുത്തി.


സാമൂഹ്യക്ഷേമ പെൻഷൻ ജനങ്ങളുടെ അവകാശമാണ്. അത് മാസംതോറും ലഭ്യമാക്കണമെന്നത് എൽഡിഎഫിന്റെ നിലപാടാണ്. എന്നാൽ, ക്ഷേമപെൻഷൻ എല്ലാ മാസവും കൃത്യദിവസം നൽകാൻ ട്രഷറിയിൽ പണം ഉണ്ടായെന്നുവരില്ല. ഈ പ്രതിസന്ധി മറികടക്കാനാണ് കോവിഡ് കാലത്ത് കേരള സ്റ്റേറ്റ് സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ് എന്ന പേരിൽ പെൻഷൻ കമ്പനി രൂപീകരിച്ചത്. ആ സംവിധാനത്തിലൂടെ പെൻഷൻ സുഗമമായി വിതരണം ചെയ്യുന്നത് യുഡിഎഫിനും ബിജെപിക്കും സഹിച്ചില്ല.


യുഡിഎഫിന്റെ സഹായത്തോടെ കേന്ദ്രസർക്കാർ പ്രതിമാസ പെൻഷൻ വിതരണം പൊളിച്ചു. പെൻഷൻ കമ്പനി നിയമവിരുദ്ധമാണെന്ന് അവർ പ്രഖ്യാപിച്ചു. കമ്പനി പൊളിഞ്ഞതോടെ പ്രതിമാസ പെൻഷൻ വിതരണം താറുമാറായി. അങ്ങനെയാണ് അഞ്ചുമാസം കുടിശ്ശികയായത്. എന്തെല്ലാം പ്രതിസന്ധി ഉണ്ടായാലും ക്ഷേമപെൻഷൻ കുടിശ്ശികയില്ലാതെ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പ്രഖ്യാപിച്ചു. അത് നടപ്പാക്കി. ഇപ്പോൾ കുടിശ്ശികയില്ല. കഴിഞ്ഞ ഒക്ടോബറിൽ 2000 രൂപയാക്കി; നവംബർമുതൽ വിതരണം തുടങ്ങി.


സാമൂഹ്യസുരക്ഷാ രംഗത്തുനിന്ന്‌ പിന്മാറുകമാത്രമല്ല കേന്ദ്രം ചെയ്യുന്നത്. കേരളത്തിലെ പെൻഷൻ വിതരണം മുടക്കാനുള്ള തന്ത്രങ്ങളും പ്രയോഗിക്കുന്നുണ്ട്. നേരത്തേ കേന്ദ്രവിഹിതം അടക്കമുള്ള ക്ഷേമപെൻഷൻ തുക ഒരുമിച്ച് സംസ്ഥാന സർക്കാർ ഗുണഭോക്താവിന് നൽകുകയും കേന്ദ്രവിഹിതം പിന്നീട് റീ ഇംപേഴ്സ്മെന്റ് രീതിയിൽ തിരികെ നൽകുകയും ചെയ്യുകയായിരുന്നു. അപ്പോൾ 600 കോടിയിലേറെ രൂപ കുടിശ്ശികയിടുന്ന സമ്പ്രദായമായിരുന്നു കേന്ദ്രം പുലർത്തിയത്. കൃത്യമായി ക്ഷേമപെൻഷൻ ഗുണഭോക്താക്കൾക്ക് തുക നൽകുന്ന അവസ്ഥ കേരളത്തിലുണ്ടായപ്പോൾ, അതിൽ എന്തെങ്കിലും കുത്തിത്തിരിപ്പുണ്ടാക്കാൻ കേന്ദ്രസർക്കാർ ആഗ്രഹിച്ചു. അങ്ങനെയാണ് പിഎഫ്എംഎസ് സംവിധാനം കേരളത്തിൽ അടിച്ചേൽപ്പിച്ചത്. അപ്പോൾ കേന്ദ്രവിഹിതം കൃത്യമായി കിട്ടാത്ത അവസ്ഥയുണ്ടായി.


ഗുണഭോക്താക്കൾ പരാതികളുയർത്തി. തുടർന്ന് കേന്ദ്രവിഹിതം പഴയതുപോലെ മുൻകൂറായി പിഎഫ്എംഎസ് അക്കൗണ്ടിലേക്ക് നൽകാൻ കേരളം തയ്യാറായി. അപ്പോഴും മുൻകൂറായി സംസ്ഥാനം നൽകുന്ന തുക കൃത്യമായി ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യാൻ കേന്ദ്രം മടിക്കുകയാണ്. കേരളത്തിൽ 8.46 ലക്ഷംപേർക്കാണ് കേന്ദ്രവിഹിതം. അവർക്കാണ് സാമൂഹ്യക്ഷേമ പെൻഷൻ തുക മുഴുവനായും ലഭിക്കുന്നില്ലെന്ന പരാതി ഉണ്ടാകുന്നത്. കേന്ദ്രവിഹിതം കൃത്യമായി നൽകിയാൽ അവരുടെ പരാതിയും ഇല്ലാതാക്കാനാകും. സാമൂഹ്യസുരക്ഷാ പെൻഷൻ ഇല്ലാതാക്കാനുള്ള ശ്രമം ഒരു ടെസ്റ്റ് ഡോസ് മാത്രമാണ്. അതുകഴിഞ്ഞാൽ ജനങ്ങളുടെ അവകാശങ്ങൾ ഓരോന്നായി ഇല്ലാതാക്കാനുള്ള ശ്രമങ്ങളുമായി കേന്ദ്രം മുന്നോട്ടുപോകുമെന്നതിൽ ഒരു സംശയവും വേണ്ട.



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home