ad
Deshabhimani

Articles

എം ടി കഥാവശേഷനായിട്ട്‌ ഒരുവർഷം

വരുമോ ഒരിക്കൽക്കൂടി

mt
പി വി ജീജോ

Published on Dec 20, 2025, 09:58 PM | 4 min read

​ മലയാള സാഹിത്യത്തിന്റെ സുകൃതം കഥാവശേഷനായിട്ട്‌ ഒരുവർഷം. കഴിഞ്ഞ വർഷം ക്രിസ്‌മസ്‌ നക്ഷത്രങ്ങൾ ഉദിച്ചുയരുന്ന രാത്രിയിലായിരുന്നു മലയാളത്തിന്റെ സാഹിത്യതാരകം എം ടി വാസുദേവൻ നായർ കണ്ണടച്ചത്‌. ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽനിന്ന്‌ ആ പ്രാണൻ പറന്നുപോകുന്നത്‌ നോക്കിനിന്ന മനുഷ്യൻ, എം ടിക്കൊപ്പം നിഴലായി വർഷങ്ങളായി ജീവിച്ച തെക്കേപ്പാട്ട്‌ സതീശന്‌ മറക്കാനാകാത്ത വേദനയാണ്‌ ആ സ്‌മരണകൾ. ഓർമകൾക്ക്‌ മരണമില്ല, എം ടി, തന്റെ പ്രിയപ്പെട്ട ഉണ്ണിമാമ, അനശ്വരനായി ഒപ്പമുണ്ടെന്നാണ്‌ സതീശന്റെ അനുഭവം. എം ടി എന്ന അതുല്യപ്രതിഭയ്‌ക്ക്‌ ആദരാഭിവാദനം. വേർപാടിന്റെ ഒന്നാംവാർഷികത്തിൽ സതീശനിലൂടെ വീണ്ടും മലയാളത്തിന്റെ മഹാപ്രതിഭയുടെ ചിരസ്‌മരണകളിലേക്ക്‌.


Screenshot from 2025-12-20 21-53-44

വര: സനൽ


ഒരുകാലത്തും മായില്ല


കാലം മായ്‌ക്കാത്ത വേദനകളില്ല എന്ന്‌ എംടി എഴുതിയിട്ടുണ്ട്‌. എന്നാൽ കാലത്തിന്‌ മറക്കാനും മായ്‌ക്കാനുമാകാത്ത ചില ജീവിതങ്ങളുണ്ട്‌. കാലാതീതമായ കലാസൃഷ്‌ടികൾ രചിച്ച ഉണ്ണിമാമ എനിക്ക്‌ അങ്ങനെയാണ്‌. കൺമുന്നിൽ നിന്നേ മറഞ്ഞിട്ടുള്ളൂ. കണ്ണടച്ചാലും തുറന്നാലുമെല്ലാം ആ രൂപമുണ്ട്‌. ശബ്ദമേ നിലച്ചിട്ടുള്ളൂ. ഉള്ളിൽ നിറച്ച പ്രകാശം ഒരിക്കലും അണയില്ല. എത്ര എത്ര യാത്രകൾ, വേദികൾ, പരിപാടികൾ, ജീവിതം ധന്യമായെന്ന്‌ തോന്നിച്ച നിരവധി മുഹൂർത്തങ്ങൾ മനസ്സിൽ ചിറകടിച്ചുയരുന്നുണ്ട്‌. എം ടി വാസുദേവൻ നായരുടെ ജ്യേഷ്‌ഠൻ എം ടി ഗോവിന്ദൻ നായരുടെ മകനായതിനാലുള്ള അടുപ്പമുണ്ട്‌. എം ടി യുടെ പ്രിയപ്പെട്ട ഓപ്പു, ടി മാധവിക്കുട്ടിയമ്മയുടെ മോൻ. അങ്ങനെ വിലാസങ്ങളേറെയാണ്‌. 1971–-ൽ കുറ്റിപ്പുറം ഗവ. ഹൈസ്‌കൂളിൽനിന്ന്‌ എസ്‌എസ്‌എൽസി പാസായി. രണ്ട്‌ മക്കൾ കോളേജിൽ പഠിക്കുന്നതിനാൽ ഇളയവനെ പഠിപ്പിക്കാനുള്ള വയ്യായ്‌ക അനിയൻ വാസുവിനോട്‌ ഗോവിന്ദൻ നായർ പറഞ്ഞു. ‘സതീശൻ എന്റെ കൂടെ കോഴിക്കോട്‌ പോന്നോട്ടെ. വീട്ടിൽനിന്ന്‌ പഠിക്കാം’, എന്നായിരുന്നു മറുപടി.


Screenshot from 2025-12-20 21-51-59


അന്ന്‌ കൂടെ കൂട്ടിയതാണ്‌


കൊട്ടാരം റോഡിലെ സിതാരയിലെത്തി. മലബാർ ക്രിസ്‌ത്യൻ കോളേജിൽ പ്രീഡിഗ്രി സെക്കൻഡ്‌ ഗ്രൂപ്പിന്‌ ചേർത്തതും ഫീസ്‌ അടച്ചതുമെല്ലാം ഉണ്ണിമാമയായിരുന്നു. ബിരുദത്തിന്‌ ബിഎസ്‌സി രസതന്ത്രത്തിന്‌ ചേരുമ്പോഴും രക്ഷിതാവ്‌ എം ടിയായിരുന്നു. അക്കാലത്ത്‌ റഷ്യയിൽ പോയിരുന്നു. ആ യാത്രയിലാണ്‌ എനിക്കൊരു വാച്ച്‌ കൊണ്ടുത്തന്നത്‌, സ്വർണനിറമുള്ള വാച്ച്‌. ജീവിതത്തിലാദ്യമായി ഞാൻ വാച്ച്‌ കെട്ടുന്നത്‌ അപ്പോഴാണ്‌. ഡിഗ്രി പഠനശേഷമാണ്‌ കൊട്ടാരംറോഡിൽ തെക്കേപ്പാട്ട്‌ മെഡിക്കൽസ്‌ തുടങ്ങുന്നത്‌.


1983–-ൽ എനിക്ക്‌ ബാങ്കിൽ ജോലികിട്ടി. വയനാട്ടിലേക്ക്‌ പോയി. അതിന്‌ മുന്നെ നഷ്‌ടത്തിലായിരുന്ന മെഡിക്കൽസ്‌ നിർത്തി, ‘നമ്മക്കിത്‌ ചേരൂല്ല , ബിസിനസ്‌ ശരിയാവൂല്ലാന്ന്‌’പറഞ്ഞാ പൂട്ടിയത്‌. 1993–-ലാണെന്നാ തോന്നുന്നെ . തുഞ്ചൻ സ്‌മാരക ട്രസ്‌റ്റിന്റെ ചെയർമാനായി എം ടി. അന്ന്‌ മുതലാണ്‌ യാത്രയിൽ പതിവായി കൂടെ കൂട്ടുന്നത്‌. ഭാര്യ ജയശ്രീയുടെ വീട്‌ തുഞ്ചൻപറമ്പിനടുത്താണ്‌. തുഞ്ചനിലെ പരിപാടിക്ക്‌ വരുന്ന എഴുത്തുകാരികളെ, തമിഴ്‌ സാഹിത്യകാരി ശിവശങ്കരി അടക്കമുള്ളവരെ ജയശ്രീയുടെ വീട്ടിലായിരുന്നു താമസിപ്പിക്കാറ്‌. തിരൂരിലേക്കുള്ള യാത്രകളിൽ നിറയെ സംസാരിക്കും, തിരിച്ച്‌ പതിവ്‌ മൗനമാകും. എന്നാൽ ചില വേളകളിൽ ചിലത്‌ പറയും, സൂചിപ്പിക്കും. ഭക്ഷണത്തിനൊന്നും വലിയ നിർബന്ധമില്ല. രാത്രി കഞ്ഞി, ഗോതമ്പ്‌ദോശ, എന്തായാലും മതി. രാവിലെ ആദ്യം പത്രം, ചായ അത്‌ വേണം.മൗനംപോലെ കൂടെയുള്ളതാ ബീഡി. മാംഗ്ലൂരിലെ ഗണേഷ്‌ബീഡിയാണ്‌ വർഷങ്ങളായി വലിച്ചിരുന്നത്‌. തുഞ്ചൻ പറമ്പിലേക്ക്‌ പോകുമ്പം വലിയ പാക്കറ്റിലാക്കി വാങ്ങിവയ്‌ക്കും. വണ്ടി പുറപ്പെടുമ്പം ചോദ്യമുണ്ടാകും, സതീശാ ബീഡിയില്ലേന്ന്‌. പടിഞ്ഞാറേ നടക്കാവിലെ ചെറിയ പീടികയിലും കൊട്ടാരംറോഡിലേ ചന്ദ്രേട്ടന്റെ പീടികയിലുമേ ഗണേശ്‌ ബീഡി കിട്ടൂ. കോവിഡ്‌ കാലത്ത്‌ വലിയങ്ങാടിയിലെ അരി ലോറിക്കാരെ ഏൽപിച്ച്‌ മാംഗ്ലൂരിൽനിന്ന്‌ വലിയ കെട്ട്‌ വരുത്തിക്കുകയായിരുന്നു. കോഴിക്കോടുള്ളപ്പം പതിവായി വൈകിട്ട്‌ അശോകപുരത്തെ ഫ്‌ളാറ്റിൽപോകും. പുസ്‌തകവായനയും എഴുത്തുമൊക്കെ ആ നേരത്തുണ്ടാകും. ഇന്ന പുസ്‌തകം വേണം, അതിന്ന ഷെൽഫിലുണ്ടാകും എന്നു പറഞ്ഞാൽ കൃത്യമാകും. അതവിടെയുണ്ടാകും. ഡോ. എം എം ബഷീറും എം എൻ കാരശേരിയുമാണ്‌ ഫ്‌ളാറ്റിലെ പതിവുകാർ. ചില ദിവസം പറയും, ഇന്ന്‌ രാത്രി വായിക്കാൻ ഒന്നുമില്ല. കഴിക്കാൻ ഒന്നുമില്ലല്ലോയെന്ന്‌ നമ്മളൊക്കെ സങ്കടപ്പെടുംപോലെ. അതുകേട്ടാൽ ഞാൻ സെൻട്രൽ ലൈബ്രറിക്കടുത്ത പുസ്‌തകശാലയിലേക്ക്‌ പോകും.ചിലപ്പം എം ടി വരും. ഇല്ലേൽ പുസ്‌തകം തെരഞ്ഞെടുക്കാൻ പ്രയാസമാണ്‌. ചാക്കിൽ പുസ്‌തകങ്ങൾ നിറച്ചുകൊണ്ടുവരും. വീട്ടിലെ മുകൾനിലയിലെ മുറിയിലിരുന്നാണ്‌ എഴുത്ത്‌. ഉച്ചയ്‌ക്ക്‌ ഊണുകഴിക്കാൻ താഴേക്ക്‌ വരുമ്പം ഞാൻ ഓടി മുകളിൽപ്പോകും. എഴുതിയത്‌ വായിച്ചുനോക്കും. അങ്ങനെ ആദ്യ വായനക്കാരനെന്ന രഹസ്യാനുഭൂതിയിൽ സന്തോഷിക്കും.


ഗുരുവായൂരിൽ തൊഴാനുള്ള യാത്രകളുമുണ്ട്‌. ഗുരുവായൂരപ്പനെ കാണുന്ന എം ടി, ക്ഷേത്രസന്നിധിയിൽ എഴുത്തുകാരനെ ദർശിച്ച്‌ ഇരട്ടസൗഭാഗ്യപ്രീതിയിൽ നിൽക്കുന്നവർ. ഇത്‌ പലവുരു കണ്ട കാഴ്‌ചയാണ്‌. യാത്രകളിൽ, ഏത്‌ തിരക്കിലും ഡ്രൈവർമാരുടെ താമസം, ഭക്ഷണം അതുറപ്പാക്കും. ഓണത്തിനും വിഷുവിനുമൊക്കെ കൂടല്ലൂരിൽ വരും. സരസ്വതി അമ്മായിക്ക്‌ അക്കാര്യത്തിലൊക്കെ പ്രത്യേക ശ്രദ്ധയാ. ബന്ധുക്കൾക്കൊക്കെ കോടിയുടുപ്പുമായാകും കോഴിക്കോട്‌ നിന്നുള്ള വരവ്‌. ബന്ധുക്കളുടെ, പ്രത്യേകിച്ചും അവരുടെ മക്കളുടെ കാര്യത്തിൽ എം ടിക്ക്‌ വലിയ ശ്രദ്ധയായിരുന്നു. എന്റെ അനിയത്തി ശൈലജയുടെ മകൻ രാഹുൽ പത്താംവയസ്സിലാണ്‌ ക്യാൻസർ ബാധിച്ച്‌ മരിക്കുന്നത്‌. കോഴിക്കോട്‌ മെഡിക്കൽ കോളേജിൽ അവനെ അഡ്‌മിറ്റാക്കുന്നത്‌ എംടിയാണ്‌. വലിയ വായനക്കാരനായിരുന്ന അവന്‌ വീട്ടിൽ നിന്ന്‌ എം ടി പുസ്‌തകമെത്തിച്ചുകൊടുക്കും. വായനകൊണ്ട്‌ വേദന മറന്ന കുട്ടി എന്ന്‌ എം ടി ആ അനുഭവം വേദനയോടെ എഴുതിയിട്ടുണ്ട്‌. കൊഡാക്‌ കാമറയുമായാണ്‌ അക്കാലത്ത്‌ കൂടല്ലൂർക്ക്‌ വരിക. എല്ലാവരുടെയും ഫോട്ടോ എടുക്കുന്നത്‌ ഉണ്ണിമാമയ്‌ക്ക്‌ പ്രത്യേക സന്തോഷമുള്ള കാര്യമായിരുന്നു. നിർമ്മാല്യം സിനിമയുടെ ചിത്രീകരണം കൂടല്ലൂരിനടുത്ത്‌ എടപ്പാൾ മൂക്കുതലയിലായിരുന്നു. ബന്ധനം ഷൂട്ട്‌ ചെയ്‌തത്‌ കൂടല്ലൂരിൽ നിന്നായിരുന്നു. കടവിന്റെ ചിത്രീകരണവും വടക്കേ പുഴയിലായിരുന്നു. കൂടല്ലൂരിൽ ‘അശ്വതി’കോട്ടേജ്‌ പണിതപ്പോൾ സുഹൃത്തുക്കളെത്തും. പഞ്ചായത്ത്‌ പ്രസിഡന്റായിരുന്ന പാറക്കുളങ്ങര അപ്പുണ്ണിമേനോൻ, കൂടെപ്പഠിച്ചിരുന്ന പൊന്നേരി അബ്ദുറഹ്മാൻ, ഇവരൊക്കെയാകും പതിവുകാർ.


കഥാപാത്രങ്ങളെ കണ്ടു വളർന്നു


എം ടിയുടെ കഥകൾ വായിച്ച്‌ മാത്രമല്ല . കഥാപാത്രങ്ങളെയും കണ്ടാണ്‌ വളർന്നത്‌. കൂടല്ലൂരിലും പുന്നയൂർക്കുളത്തുമുള്ളവരാണ്‌ അവരിലേറെയും. കാലവും നാലുകെട്ടും അസുരവിത്തും ഇരുട്ടിന്റെ ആത്മാവും, പുളിക്കൽ യൂസഫ്‌, ഗോവിന്ദൻകുട്ടി, സുമിത്ര, തങ്കമണി, കുട്ട്യേടത്തി, സെയ്‌താലി, വേലായുധൻ, ശങ്കുണ്ണിയേട്ടൻ ഇവരെയെല്ലാം കണ്ടിട്ടുണ്ട്‌. പലരും അതേ പേരിലാ കഥകളിൽ വന്നത്‌. കുമരനെല്ലൂരിലെ അക്കിത്തത്തിന്റെ വീട്ടിൽനിന്ന്‌ കൊണ്ടുവന്ന ഒരു ദിവസത്തേക്ക്‌ കടമായി കിട്ടിയ ചങ്ങമ്പുഴയുടെ രമണൻ ആർത്തിയോടെ വായിച്ചതും ഓപ്പുവും കൊച്ചുണ്ണിനും താനുംചേർന്ന്‌ മണ്ണെണ്ണവിളക്കിന്റെ വെളിച്ചത്തിൽ കാവ്യമാകെ പകർത്തി എഴുതിയതും അമ്മ പറഞ്ഞ്‌ കേട്ടിട്ടുണ്ട്‌. അമ്മയുമായി ബന്ധപ്പെട്ടാണ്‌ മറ്റൊരനുഭവം. അമ്മ കവിതകൾ എഴുതിയിരുന്നു. അതൊരു കാവ്യസമാഹാരമാക്കി. ‘ഇലഞ്ഞിമരം സാക്ഷി’. പ്രകാശിപ്പിച്ചത്‌ കൂടല്ലൂരിലെ മാടത്ത്‌ തെക്കേപ്പാട്ട്‌ തറവാട്ട്‌ വീട്ടിലായിരുന്നു. സാഹിത്യകാരനെന്നറിയപ്പെടുന്ന തനിക്കുപോലും ലഭിക്കാത്ത അപൂർവഭാഗ്യമാണ്‌ ഓപ്പുവിന്‌ ലഭിച്ചതെന്ന്‌ സന്തോഷത്തോടെ ആ ചടങ്ങിൽ എം ടി പറയുകയുണ്ടായി. ‘‘പല ഭാഷയിലെ പ്രശസ്‌ത എഴുത്തുകാരുമായി ഇ‍ൗ തറവാട്ടിൽ പലപ്പോഴും വന്നുപോയിട്ടുണ്ട്‌. ഇങ്ങനെ ഒരു സാഹിത്യസദസ്സ്‌ ഇ‍ൗ തറവാട്‌ മുറ്റത്ത്‌ ചേരുമെന്നോ ഓപ്പുവിന്റെ കവിതാസമാഹാരം പ്രകാശനം ചെയ്യപ്പെടുമെന്നോ സ്വപ്‌നത്തിൽപ്പോലും കരുതിയിരുന്നില്ല’’. അക്കിത്തമടക്കം എഴുത്തുകാരുണ്ടായിരുന്നു വീട്ടുമുറ്റത്ത്‌ നടന്ന പുസ്‌തകപ്രകാശനത്തിൽ.


ഒന്നു വന്നെങ്കിൽ


ഉണ്ണിമാമ പോയപ്പോൾ ആൾക്കൂട്ടത്തിൽ തനിയെയായ പ്രതീതിയാണ്‌. അവസാന ശ്വാസമെടുക്കുന്നതും ചുണ്ടിൽ വെള്ളം നനച്ചതും പ്രാണൻപറന്നകലുന്നതും ഒരിക്കലും ഓർമിക്കാനാഗ്രഹിക്കാത്ത നിമിഷങ്ങളാണ്‌. യാത്രകളിലിപ്പോഴും മുൻ സീറ്റിൽ ഉണ്ണിമാമയുണ്ടെന്നാണ്‌ വിചാരിക്കാറ്‌. പക്ഷെ ആ ഇരിപ്പിടം ശൂന്യമാണെന്ന്‌ കാണുന്പോൾ വല്ലാത്ത നഷ്‌ടബോധം. എം ടി എന്നത്‌ ആരുടെയും സ്വകാര്യമല്ലെന്ന്‌ അറിയാം. എങ്കിലും എം ടി ഇല്ല, ഉണ്ണിമാമ ഇല്ല എന്നത്‌ അംഗീകരിക്കാൻ മനസ്സ്‌ തയ്യാറാകുന്നില്ല. എവിടേക്കോ ഒരു യാത്രപോയിരിക്കയാണ്‌ ഉണ്ണിമാമ, തിരിച്ചുവരാത്ത യാത്രയാണെന്നറിയുന്പോഴും വന്നിരുന്നെങ്കിൽ, അല്ലെങ്കിൽ വേണ്ട. ആത്മമിത്രം എൻ പി മുഹമ്മദ്‌ മരിച്ചപ്പോൾ ഉണ്ണിമാമ എഴുതിയ ലേഖനം അവസാനിപ്പിച്ചത്‌ ‘വീണ്ടും കണ്ടുമുട്ടുന്നതുവരെ വിട ’എന്നാണ്‌. ഉണ്ണിമാമെ, ‘‘AU REVOIR’’.



Deshabhimani
Home