പാടും പാതിരി

പി വി ജീജോ
Published on Dec 20, 2025, 08:39 PM | 5 min read
പാടുന്നത് ളോഹയും കുരിശുമാലയുമണിഞ്ഞ വൈദികൻ. വയലിൻ വായിക്കുന്നത് മുസ്ലിം സഹോദരൻ. മൃദംഗത്തിലും ഘടത്തിലും ഹിന്ദുക്കൾ. അങ്ങനെയൊരു സംഗീതവേദി അചിന്ത്യമെന്നു പറയാൻ വരട്ടെ. അമ്പലമുറ്റങ്ങൾ, ദേവാലയാങ്കണങ്ങൾ, എന്തിന് രാഷ്‌ട്രപതിഭവൻപോലും ഈ അപൂർവസംഗീതാനുഭവത്തിന് വേദിയായിട്ടുണ്ട്. അന്നൊരിക്കൽ രാജ്‌ഘട്ടിലെ രാഷ്‌ട്രപിതാവിന്റെ നിദ്രാലയത്തിൽ അലയടിച്ച അനുപമവും അനിർവചനീയവുമായ സംഗീതം ചെന്നെത്തുന്നത് തൃശൂർ സെന്റ് മേരീസ് കോളേജിനടുത്തുള്ള ഫാ. പോൾ പൂവത്തിങ്കലിന്റെ അരികിലാണ്. ‘പാടും പാതിരി’ എന്ന വിശേഷണമുള്ള പോൾ പൂവത്തിങ്കൽ. അദ്ദേഹത്തിനരികിൽ വയലിനിസ്റ്റായി പ്രൊഫ. ടി എം അബ്ദുൾ അസീസ്, ഘടത്തിൽ വെള്ളാറ്റഞ്ഞൂർ ശ്രീജിത്, മൃദംഗത്തിൽ ഗുരുവായൂർ സനോജ്. 2007 ജൂണിൽ രാഷ്‌ട്രപതിഭവനിൽ കച്ചേരിക്ക് ചെന്ന ഈ കലാകാരന്മാരെ കണ്ട് രാഷ്‌ട്രപതി എ പി ജെ അബ്ദുൾകലാം അത്ഭുതംകൂറി. ‘വാതാപി ഗണപതി’യിൽ തുടങ്ങി ‘സലാമുള്ള സലാതുള്ള’ എന്ന് നബിയെ വാഴ്‌ത്തിപ്പാടി ‘ശ്രീ യേശുനാദം ഭജേ’യിലൂടെ ‘ലോകാ സമസ്‌തോ സുഖിനോഭവന്തു’ ആലപിച്ച് അവസാനിക്കുന്ന കച്ചേരി. ദേവസ്‌തുതി മാത്രമായി കർണാട്ടിക് സംഗീതക്കച്ചേരിയെ കാണുന്നവർക്കിടയിൽ വേറിട്ട പാട്ടുജീവിതം നയിക്കുകയാണ് ഫാ. പോൾ പൂവത്തിങ്കൽ.
സുബ്ബുലക്ഷ്‌മിയമ്മയുടെ വാത്സല്യത്തിൽ
സംഗീതത്തിലൂടെ അന്യന്റെ ജീവിതത്തിൽ സ്‌നേഹസാഹോദര്യ തലങ്ങൾ സമ്മാനിക്കാനുള്ള രാഗാർദ്രമായ അന്വേഷണങ്ങളിലാണ് സിഎംഐ സഭയിലെ ഈ പാടും പാതിരി. രാജ്യത്തുതന്നെ ആദ്യമായി ഒരു പാട്ടാശ്രമം സ്ഥാപിക്കുക എന്ന മോഹപഥത്തിലൂടെ സഞ്ചരിക്കുന്ന തൃശൂർ ചേതന ഗാനാശ്രമത്തിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ് ഇദ്ദേഹം. ബോളിവുഡിലും മോളിവുഡിലും നിന്നുള്ള ഗായകർ തേടിയെത്തുന്ന ലോകപ്രശസ്‌തനായ ശബ്ദചികിത്സകൻ. എല്ലാത്തിനുമുപരി ഗാനഗന്ധർവൻ യേശുദാസിന്റെ അരുമശിഷ്യൻ, ഇന്ത്യയുടെ വാനമ്പാടി എം എസ് സുബ്ബുലക്ഷ്‌മി തമിഴ്‌നാട്ടിലെ കൊത്തൂർപുരത്തെ വീട്ടിൽ വിളിപ്പിച്ച് പാടിച്ച് തലയിൽ കൈവച്ച് അനുഗ്രഹിച്ച ഗായകൻ. വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പ പ്രകാശിപ്പിച്ച ‘സർവേശ’ ആൽബം തയ്യാറാക്കിയ മലയാളി സംഗീതജ്ഞൻ. പാലക്കാട് ചെമ്പൈ സംഗീതോത്സവത്തിൽ കാൽനൂറ്റാണ്ടായി കച്ചേരി അവതരിപ്പിക്കുന്ന സംഗീതകാരൻ. കൊതിപ്പിക്കുന്ന അപൂർവസുന്ദര രാഗമാലികകൾ കോർത്തിണക്കിയ സവിശേഷമായ പാട്ടുജീവിതത്തിനുടമയാണ് ഫാ. പോൾ പൂവത്തിങ്കൽ.
സാധാരണം സൗമ്യം
അപ്പൻ വീട്ടിൽ റേഡിയോ കേട്ടിരിക്കും. അതിലൂടെ ഒഴുകുന്ന സിനിമാപാട്ടുകൾ, വിവിധ ഭാരതി, റേഡിയോ സിലോൺ... ഇവ കേട്ട് മൂളിയ കുട്ടിക്കാലം. സംഗീതത്തിലെ ബാല്യം എങ്ങനെയെന്ന് ചോദിച്ചാൽ ഫാ. പോൾ പൂവത്തിങ്കലിന് പറയാൻ റേഡിയോയും വിയ്യൂരിനടുത്ത വീട്ടിലെ അപ്പൻ പൈലോതുമാണ്. 18–ാംവയസ്സിൽ അമ്പഴക്കാട് സെന്റ് തെരേസാസ് പള്ളിയിൽ തിരുനാളിന് നാടകത്തിന് സംഗീതമൊരുക്കിയതാണ് ആദ്യവേദി. മദിരാശിയിൽ സംഗീതത്തിൽ ഉപരിപഠനകാലം. യേശുദാസിന്റെ തരംഗിണി മലയാളത്തിൽ പാട്ടിന്റെ ആഘോഷം തീർക്കുന്ന കാലം. തരംഗിണിക്കായി കാസറ്റിറക്കാനുള്ള അവസരം ലഭിച്ചു. കൈതപ്രത്തിന്റെ രചനയിലുള്ള ‘ഹിന്ദോള രാഗാർദ്രനായി ഞാൻ’ അടങ്ങുന്ന കാസറ്റ്, സ്‌നേഹാർച്ചന, സ്‌നേഹസരോവരം ഇവയൊക്കെ തരംഗമായി. ഇതിനിടെയാണ് യേശുദാസിനെ പരിചയപ്പെട്ടത്. പിന്നെ സംഗീതപഠനകാലം. കേരള സംഗീതനാടക അക്കാദമി, കേന്ദ്ര മാനവശേഷിവകുപ്പ് എന്നിവയുടെ പുരസ്‌കാരങ്ങൾ, ട്രിച്ചി കലൈകാവേരി അവാർഡ്, ലോസ് ആഞ്ചലസിലെ ഗ്ലോബൽ മ്യൂസിക് അവാർഡ് തുടങ്ങി ഒട്ടേറെ അംഗീകാരങ്ങളും ലഭിച്ചു.
ഗന്ധർവ ഗുരു
ഡൽഹിയിൽ പഠിക്കവെ സിരിഫോർട്ടിൽ യേശുദാസിന്റെ കച്ചേരി കേട്ടതാണ് മറക്കാനാകാത്ത ആദ്യ ഓർമ. മദിരാശിയിൽ ഗവേഷണകാലത്ത് മദിരാശി മ്യൂസിക് അക്കാദമിയിൽ ടിക്കറ്റ് കിട്ടാതെ കച്ചേരി കേൾക്കാനാകാതെ സങ്കടപ്പെട്ടു. തിരുവാണിയൂരിലെ വീട്ടിൽ പോയി കാണുന്നതും അടുത്തദിവസം നാരദഗാനസഭയിൽ യേശുദാസിന്റെ അതിഥിയായി മുൻനിരയിലിരുന്ന് കച്ചേരി കേട്ടതും ഇന്നും മനസ്സിൽ അലയടിക്കുന്നുണ്ട്. ടി നഗറിൽ വാണിമഹൽ ഓഡിറ്റോറിയത്തിൽ കച്ചേരി കേൾക്കാൻ പോയപ്പോഴാണ് ജീവിതം മാറ്റിമറിച്ച സംഭവം. കൂടെ തംബുരുമീട്ടാൻ ആവശ്യപ്പെടുകയാണ്. മൂന്നരമണിക്കൂർ നീണ്ട കച്ചേരിയിൽ പാടിയപോലെ അവിസ്‌മരണീയമായ പാട്ടനുഭവം അച്ചന്റെ മനസ്സിൽ വേറെയില്ല. പാലക്കാട് ചെമ്പൈ സംഗീതോത്സവത്തിൽ പാടിക്കുന്നതും കൊച്ചിയിലെ തന്റെ ഇടവകയിൽ കച്ചേരി അവതരിപ്പിക്കുന്നതുമുൾപ്പെടെ ദാസേട്ടൻ നൽകിയ സ്‌നേഹവാത്സല്യങ്ങൾ പറയുമ്പോൾ ആദ്യവേദിയിലെ കൈവിറയ്‌ക്കുന്ന സംഗീതവിദ്യാർഥിയാകും ഈ അറുപത്തിനാലുകാരൻ. 2004 മാർച്ച് 19-ന് സംഗീതപ്രതിഭകളുടെ തട്ടകമായ മദിരാശി മ്യൂസിക് അക്കാദമിയിൽ പാടാനായതടക്കം ഭാഗ്യസിദ്ധികളേറെയുണ്ട് ഓർമിക്കാൻ. 2006-ൽ അമേരിക്കയിലെ ഡള്ളാസിലേക്ക് യേശുദാസ് ക്ഷണിക്കുന്നതും രണ്ടുമാസം കുടുംബാംഗമായി താമസിപ്പിച്ച് പഠിപ്പിച്ചതും ജീവിതത്തിൽനിന്ന് പറിച്ചെറിയാനാകാത്ത സംഗീതസപര്യയിലേക്ക് നയിച്ചു. 2005 -ഏപ്രിലിൽ തൃശൂരിൽ ചേതന സംഗീത് നാട്യ അക്കാദമി ഉദ്‌ഘാടനംചെയ്‌ത് അനുഗ്രഹിച്ചതുമുൾപ്പെടെ മലയാളത്തിന്റെ ഗന്ധർവഗായകനോട് പാടിയാൽ തീരാത്ത കടപ്പാടുകളേറെ.
സംഗീതം തലയ്‌ക്കു പിടിച്ച്
വരന്തരപ്പള്ളി സെമിനാരിയിൽ അച്ചൻപട്ട പഠനകാലത്താണ് ആദ്യമായി ഒരു സംഗീതകാരനെ കാണുന്നത്, സോദരൻ ഭാഗവതർ. ‘സംഗതി ’അറിയാമെന്ന് തിരിച്ചറിഞ്ഞ് സംഗീതം തലയ്‌ക്കു പിടിക്കുന്നതും സോദരൻ ഭാഗവതരുടെ ശിഷ്യത്വത്തിലൂടെയാണ്. ബംഗളൂരു ക്രൈസ്റ്റ് കോളേജിലെ ബിരുദ പഠനകാലത്ത് ലളിതഗാനവും സംഘഗാനവും പാടി ക്യാമ്പസ് ഗായകനായി. എന്നാൽ, ബിരുദശേഷം റോമിൽ പോയി ദൈവശാസ്‌ത്രം പഠിക്കാനായിരുന്നു സഭാമേധാവികളുടെ നിർദേശം. അച്ചൻ പോകുന്നതാകട്ടെ ഡൽഹി സർവകലാശാലയിൽ ഫാക്കൽറ്റി ഓഫ് മ്യൂസിക്കിലും. ആ കാലത്തെക്കുറിച്ച് പറയുമ്പോൾ ഓർമകൾ ഒരുവട്ടംകൂടി ഗൃഹാതുരമാകും. പ്രൊഫ. ടി എൻ കൃഷ്‌ണൻ (വയലിൻ), ടി ആർ സുബ്രഹ്മണ്യൻ, ലീല ഓംചേരി എന്നിങ്ങനെയുള്ള പ്രതിഭാശാലികളായ അധ്യാപകർ. സംഗീതശിരോമണിയായി. എംഎ നേടിയതാകട്ടെ ദൈവശാസ്‌ത്രം ഒഴിവാക്കി പാട്ടുപഠനത്തിന് പോയപ്പോൾ നെറ്റിചുളിച്ചവരടക്കം കൈയടിച്ച് അംഗീകരിക്കുംവിധം സ്വർണമെഡലോടെ ഒന്നാം റാങ്കുമായി. തുടർന്ന് നേരെ മദിരാശി സർവകലാശാലയിലേക്ക്. എംഫിൽ പിഎച്ച്‌ഡി പഠനം. ഗവേഷണവിഷയം ക്രൈസ്‌തവമതത്തിൽ കർണാട്ടിക് സ്വാധീനം. സംഗീതത്തിന്റെ വഴിയും രാഗസഞ്ചാരങ്ങളും അന്വേഷിച്ചും പാട്ടുമൂളിയും പാടിയും പറഞ്ഞുമുള്ള 12 വർഷങ്ങൾ. ഹൈന്ദവമെന്നും ദേവകീർത്തനമെന്നും പറഞ്ഞ കർണാട്ടിക് സംഗീതലോകത്ത് അലയുന്ന അച്ചൻപയ്യനെ സിഎംഐ സഭാനേതൃത്വം പ്രോത്സാഹിപ്പിച്ചു. സംഗീതത്തിന്റെ പരിമളം അനർഗളമായി വർഷിച്ച് പാട്ടില്ലാതെ മറ്റെന്തു ജീവിതമെന്ന് പഠിച്ചും പഠിപ്പിച്ചും വേറിട്ട വഴികളിലാണീ പുരോഹിതന്റെ ജീവിതയാത്ര. ജന്മനാടായ മണിമലർക്കാവിലെ ഭഗവതിക്ഷേത്രംമുതൽ പാലാ, വാടാനപ്പള്ളി, പള്ളുരുത്തി എന്നിവിടങ്ങളിലെ അമ്പലങ്ങൾ പിന്നിട്ട് കനഡയിലെ വാൻകൂവറിലെ മഹാലക്ഷ്‌മിക്ഷേത്രം, ബർമിങ്‌ഹാമിലെ ബാലാജിക്ഷേത്രം എന്നിങ്ങനെ ആരാധനാലയങ്ങളിൽ കച്ചേരി അവതരിപ്പിച്ചു.
ശബ്ദചികിത്സകൻ
‘സംഗതിപോരാ’, സംഗീതത്തിലെ ശബ്ദമാധുരിക്ക് റിയാലിറ്റി ഷോയിൽ വന്നുഭവിച്ച പേരാണിത്. മലയാളത്തിലെയും തമിഴിലെയും ഹിന്ദിയിലെയും ഗായികാഗായകന്മാർ സംഗതി പിണങ്ങിയാൽ കാണാൻ എത്തുന്നത് ഫാ. പോൾ പൂവത്തിങ്കലിനെയാണ്. അധികമാർക്കും അറിയാത്തതാണ് അദ്ദേഹത്തിന്റെ ശബ്ദചികിത്സ. മുൻനിര പാട്ടുകാരടക്കം എത്തുന്നെങ്കിലും സ്വകാര്യത മാനിച്ച് ഫാദർ പേരുകൾ വെളിപ്പെടുത്തില്ല. എസ് പി ബാലസുബ്രഹ്മണ്യം ശിഷ്യനെ അയച്ചിട്ടുണ്ട്. ഗുണ്ടൂരിലെ ആശുപത്രിയിൽ ആറുലക്ഷം രൂപയ്‌ക്ക് നാല് ശസ്‌ത്രക്രിയയായിരുന്നു തെലുങ്ക് റിയാലിറ്റി ഷോയിലെ താരം ഗണേഷ് റേവന്തിന് ഡോക്ടർമാർ നിർദേശിച്ചത്. തൃശൂരിലെ ചേതനയിലെത്തി നാലുദിവസം ചികിത്സിച്ച റേവന്തിന് ചെലവായത് ആയിരം രൂപ. മടങ്ങിയതാകട്ടെ നഷ്‌ടമായെന്ന് സങ്കടപ്പെട്ട ശബ്ദസൗകുമാര്യത്തോടെ. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയടക്കം പോൾ പൂവത്തിങ്കൽ എന്ന വോക്കോളജിസ്റ്റിന്റെ പരിചരണമികവിന് സാക്ഷ്യപത്രം നൽകിയവർ ഏറെയാണ്. 2006-ൽ ഡെൻവറിലുള്ള (അമേരിക്കയിലെ കൊളറാഡോ) അയോവ സർവകലാശാലയിലെ നാഷണൽ സെന്റർ ഫോർ വോയ്‌സ് ആൻഡ് സ്‌പീച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ശബ്ദശാസ്‌ത്രം പഠിച്ച ഫാദർ ആരംഭിച്ച നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വോക്കോളജി രാജ്യത്തുതന്നെ ഈ മേഖലയിലെ ആദ്യസ്ഥാപനമാണ്. എല്ലാ ബുധനാഴ്‌ചയുമുള്ള വോയ്‌സ് ക്ലിനിക്കിലൂടെ നിരവധി പ്രസംഗകരും ഗായകരും ശബ്ദസൗഭഗവും സ്വരമാധുരിയും തിരിച്ചുപിടിക്കുന്നുണ്ട്. രാജ്യാന്തര പ്രശസ്‌തമായ അമേരിക്കയിലെ മിനിസോട്ട മയോ ക്ലിനിക്കിൽ ശബ്ദചികിത്സയ്‌ക്ക് പോയ ബംഗളൂരുവിലെ ഐടി ബിസിനസുകാരൻ സതീഷ്‌ചന്ദ്ര ഫാ. പോളിന് ഒരു ഇ–-മെയിൽ സന്ദേശമയച്ചു. അതിങ്ങനെയായിരുന്നു, - ‘‘മയോക്ലിനിക്കിലെ ഡോ. ഡയാന ഓർബല്ല ചോദിച്ചു, നിങ്ങളെന്തേ ഇന്ത്യയിൽനിന്നിവിടെ വന്നു, എന്തുകൊണ്ട് കേരളത്തിലെ ഫാ. പോളിനെ സമീപിച്ചാൽ പോരായിരുന്നോ’’. ഏഴു കടലുകടന്നു പരന്ന ഈ ശബ്ദചികിത്സകന്റെ ദേശാന്തരപ്പെരുമയ്‌ക്ക് നിരവധിയാണ് സാക്ഷ്യപത്രങ്ങൾ.
പാട്ടിനായി ഒരാശ്രമം
ഗാനാശ്രമം. ഇങ്ങനൊരാശയം കേൾക്കുമ്പോൾ എന്ത് വട്ടാണിതെന്നുള്ള പരിഹാസമാകും പലരിലും നിറയുക. എന്നാൽ, പാടും പാതിരി, സ്വപ്‌നസമാനമായ ആ മോഹത്തിന്റെ സാക്ഷാൽക്കാരപാതയിലാണ്. പാടി പൂർത്തിയാക്കാനാകാത്ത പാട്ടില്ല, മനനംചെയ്യാനുള്ള തപസ്യ ധന്യമായ മനസ്സും ആത്മസമർപ്പണവുമുണ്ടേൽ ഒന്നു മൂളിനോക്കാമെന്ന് പതിറ്റാണ്ടുകളായി തുടരുന്ന സംഗീതസപര്യയിലൂടെ പോൾ പൂവത്തിങ്കൽ സാധകം ചെയ്‌തെടുത്ത പാഠം. സംഗീതമെന്നത് സൗഖ്യമായി, സാന്ത്വനമായി, തിരക്കിലൂളിയിടുന്ന മർത്യജീവിതത്തിൽ ലേപനമായി അനുഭവിപ്പിക്കാനുള്ള വഴികൾ. അത് -തൃശൂർ നഗരത്തിന്റെ ഓരത്ത് യാഥാർഥ്യമാക്കാനുള്ള ഓട്ടത്തിലാണിപ്പോൾ ഈ പുരോഹിതൻ. നടത്തറയിൽ പത്തേക്കറോളം സ്ഥലത്ത് പ്രകൃതിരമണീയവും സംഗീതസാന്ദ്രവുമായ ക്യാമ്പസ് അതാണ് ചേതനയുടെ ഗാനാശ്രമം. സംഗീതധ്യാനത്തിലൂടെ സമാധാനവും സന്തോഷവും ജീവിതോർജവും നൽകുന്ന ദിവ്യമായ സർവമത ആലയമാകും ഗാനാശ്രമം. അപരന്റെ വാക്കുകളെ സംഗീതംപോലെ അനുഭവവേദ്യമാക്കാവുന്ന ജീവിതാലയം. ജാതിമതഭേദമന്യേ ഏവർക്കും താമസിച്ച് സംഗീതാനുഭവത്തിലൂടെ, ധ്യാനത്തിലൂടെ സമാധാനവും ആന്തരിക ഐക്യവും സ്വാസ്ഥ്യവും അനുഭവിക്കാം. ധ്യാനാലയം, സംഗീതാലയം, ശബ്ദാലയം, കലാലയം, യോഗാലയം എന്നിങ്ങനെ അഞ്ച് വിഭാഗമായാണ് പരികൽപ്പന. മനുഷ്യശരീരത്തിൽ എല്ലാത്തിന്റെയും പ്രഭവകേന്ദ്രം തലച്ചോറാണെന്ന ശാസ്‌ത്രീയ ധാരണയെ അവലംബിച്ചാകും മസ്‌തിഷ്‌ക സംഗീതചികിത്സ (ന്യൂറോളജിക് മ്യൂസിക് തെറാപ്പി). സെറിബ്രൽപാൾസി, ഓട്ടിസം തുടങ്ങി മസ്‌തിഷ്‌കസംബന്ധമായ പ്രയാസങ്ങളാൽ ശാരീരികവും മാനസികവുമായ പീഡാവസ്ഥകളിൽ കഴിയുന്നവർക്ക് ആശ്വാസമേകുകയാണ് ലക്ഷ്യം. തലച്ചോറിലുണ്ടാകുന്ന ആഘാതം, തകരാറുകൾ ഇവയാൽ ദുരിതത്തിലേക്ക് വീഴുന്നവർക്കും ശമനൗഷധിയേകാനുള്ള കേന്ദ്രമാകുമിത്. ഫെബ്രുവരിയിൽ ചേതന ഗാനാശ്രമത്തിന് കല്ലിടും. രാജ്യത്തെ ആദ്യ സംഗീതാശ്രമത്തിന്റെ ആദ്യഘട്ടം രണ്ടുവർഷത്തിനകവും അഞ്ചുവർഷംകൊണ്ട് പൂർണമായും യാഥാർഥ്യമാക്കാമെന്ന ആത്മവിശ്വാസത്തിൽ വീണ്ടുമൊരു കച്ചേരിക്ക് കെട്ടുമുറുക്കുകയാണീ നല്ല ഇടയൻ. ‘
ദേവവാണി’ പാട്ടുകൂട്ടം
ഓട്ടിസവും സെറിബ്രൽപാൾസിയും ബാധിച്ചിട്ടും തളരാതെ കച്ചേരികളിലൂടെ സംഗീതവേദികളിൽ വിസ്‌മയാനുഭവം തീർക്കുന്ന പൂജാ രമേഷ്, ടി എ കിരൺ എന്നിവരുടെ പാട്ടുജീവിതത്തെ ഉദാഹരിച്ച് മസ്‌തിഷ്‌ക സംഗീതചികിത്സ (ന്യൂറോളജിക് മ്യൂസിക് തെറാപ്പി) സുന്ദരമായ സ്വപ്‌നഭാവനയല്ലെന്ന ആത്മവിശ്വാസം പങ്കിടുന്നു ഈ വൈദികൻ. സെറിബ്രൽ പാൾസിയും ഓട്ടിസവും ബാധിച്ചവർക്ക് പാട്ടിലൂടെ ജീവിതസാന്ത്വനമേകാനുള്ള പോൾ പൂവത്തിങ്കലിന്റെയും ചേതനയുടെയും പരിശ്രമമാണ് ‘ദേവവാണി’ പാട്ടുകൂട്ടം. പാലക്കാട് വെള്ളിനേഴിയിലെ നിരഞ്ജൻ, റിയാലിറ്റി ഷോകളിൽ തിളങ്ങിയ സുകേഷ് കുട്ടൻ തുടങ്ങി വീടിന്റെ അകത്തളങ്ങളിലൊതുങ്ങുമായിരുന്ന പ്രതിഭകളാണ് ദേവവാണിയിലെ ഗായകർ. ഈ കുഞ്ഞാറ്റകളുമായി അടുത്തുതന്നെ യുഎഇയിൽ സംഗീതവിരുന്നൊരുക്കാമെന്ന പ്രതീക്ഷ അച്ചന്റെ ഇത്തവണത്തെ ക്രിസ്‌മസിന് നക്ഷത്രത്തിളക്കമേകുന്നു.















