പിന്നെയും പാടുന്ന വൈലോപ്പിള്ളി

ഡോ. ജിനേഷ് കുമാർ എരമം
Published on Dec 20, 2025, 09:42 PM | 2 min read
കവിതകൊണ്ട് നവകേരളവും നവലോകവും തീർക്കാൻ ഒരായുഷ്‌കാലം യത്നിച്ച മഹാകവി വൈലോപ്പിള്ളി വിട ചൊല്ലിയിട്ട് ഡിസംബർ 22ന് നാൽപ്പതാണ്ട്. കാലം പകർന്നുനൽകിയ രാഷ്ട്രീയബോധവും സാമൂഹ്യബോധവും കലാസൃഷ്ടിയെ എങ്ങനെ കരുത്തും കാമ്പുമുള്ളതാക്കി തീർക്കുന്നുവെന്നതിന്റെ ഉദാഹരണമാണ് വൈലോപ്പിള്ളിക്കവിത. 1911 മെയ് 11ന് കലൂരിൽ ജനിച്ച ശ്രീധരമേനോൻ മലയാളികളുടെ പ്രിയപ്പെട്ട ശ്രീയും വൈലോപ്പിള്ളിയുമായി മാറിയത് കാലത്തോട് സംവദിച്ചും പുരോഗമന നിലപാടെടുത്തുമാണ്. ‘നിയതാർഥത്തിൽ ഞാനൊരു മാർക്സിസ്റ്റല്ല. ഞാൻ കിനാവുകാണുന്ന സ്വതന്ത്രമനുഷ്യരുടെ ലോകം സാധിതപ്രായമാക്കാൻ അവർ ചെയ്യുന്ന ത്യാഗോജ്വല യത്നത്തെ ഞാൻ മാനിക്കുന്നു'എന്ന് കവി തന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട് (കാവ്യലോക സ്മരണകൾ).
പുരോഗമനപക്ഷത്ത് നിന്നതിനും പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ പ്രഥമ അധ്യക്ഷനായതിനുമുള്ള വിശദീകരണമായി കുടിയൊഴിക്കലിലെ ‘മർത്ത്യസൗന്ദര്യബോധങ്ങൾ പെറ്റ മക്കളല്ലീ പുരോഗമനങ്ങൾ’ എന്ന വരികളെ കണക്കാക്കാം. സൗന്ദര്യം എല്ലാവർക്കും ഇഷ്ടമാണ്. പട്ടിണിയും ദാരിദ്ര്യവുമൊക്കെ സമൂഹത്തിന്റെ വൈരൂപ്യങ്ങളാണ്. അവ ഇല്ലാതാക്കി സുന്ദരമായ ലോകമുണ്ടാക്കലാണ് പുരോഗമനകാരികളുടെ ലക്ഷ്യം. മനുഷ്യന്റെ സൗന്ദര്യബോധത്തിൽനിന്നാണ് പുരോഗമന ചിന്ത ജനിക്കുന്നതെന്നതിനാൽ സൗന്ദര്യസ്രഷ്ടാക്കളായ കവികൾ അതിന്റെകൂടെ നിൽക്കുക സ്വാഭാവികം.
സഹോദരൻ അയ്യപ്പന്റെ ‘സഹോദരൻ’ പത്രത്തിൽ നിന്നുൾക്കൊണ്ട സാഹിത്യ സംസ്കാരവും സ്വാതന്ത്ര്യബോധവും, ഇടപ്പള്ളി കരുണാകരമേനോനെപ്പോലുള്ളവരുമായുള്ള ചങ്ങാത്തവും മഹാരാജാസ് കോളേജിലെ കുറ്റിപ്പുറത്ത് കേശവൻ നായരെപ്പോലുള്ളവരുടെ ശിഷ്യത്വവും വള്ള ത്തോളിനെപ്പോലുള്ളവരിൽനിന്ന് ലഭിച്ച വാത്സല്യവും ആശാൻ കവിതയോടുള്ള അഭിനിവേശവും ഗാന്ധിജിയെ നേരിൽ കാണാനായതിന്റെ ആവേശവുമൊക്കെ വൈലോപ്പിള്ളിയെ വാർത്തെടുക്കുന്നതിൽ വഹിച്ച പങ്ക് ചെറുതല്ല. ജീവശാസ്ത്രം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത കവിക്ക് നല്ല ശാസ്ത്രബോധമുണ്ടായിരുന്നു. അതിലുമധികമുണ്ടായിരുന്നു ചരിത്രബോധം. എന്തിനെയും ചരിത്രബോധത്തോടെയാണദ്ദേഹം സമീപിച്ചത്. ഭൂതകാലക്രിയകൾ ആ കവിതകളിൽ ധാരാളം കാണാം. ഭാവിയിൽ നടന്നേക്കാവുന്ന വിപ്ലവത്തെപ്പോലും ഭൂതകാല സംഭവമാക്കി മാറ്റുകയാണ് കുടിയൊഴിക്കലിൽ. പക്ഷെ, ഏത് പഴയ കഥയെയും വർത്തമാനത്തിലൂടെ കൊണ്ടുപോയി ഭാവിയിൽ മുട്ടിച്ചേ അദ്ദേഹം പിൻവാങ്ങൂ. ചാരവും കനലുംപോലെ ചരിത്രത്തിൽ നന്മയും തിന്മയുമുണ്ടെന്നദ്ദേഹം തിരിച്ചറിഞ്ഞു.
ഗതകാല കേരളത്തിന്റെ നന്മയായിരുന്നു കൃഷിയും ഗ്രാമീണതയും. കൃഷിയെക്കുറിച്ച് അദ്ദേഹം അത്രമേൽ പാടിയത് അതുകൊണ്ടാണ്. തിന്മയായിരുന്നു ജാതി, ജൻമി, നാടുവാഴിത്തം. ഈ മണ്ണിൽ എഴുതപ്പെട്ട പേച്ച് എന്നും പുലയാടിത്തം എന്നും ജൻമിത്തത്തെ അദ്ദേഹം വിശേഷിപ്പിക്കുന്നു. ജൻമിത്തം അവസാനിക്കുമ്പോഴാണ് യഥാർഥ വസന്തം വിടരുന്നത്. ജൻമിത്ത ചൂഷണത്തിന്റെ ഇരകളായ കർഷകത്തൊഴിലാളികളുടെ പക്ഷത്ത് അദ്ദേഹം ഉറച്ചുനിന്നു. പുഞ്ചയ്ക്ക് വെള്ളം തേവുന്ന വേട്ടുവരെ പടയാളികളെന്ന് പാടിപ്പുകഴ്‌ത്തി (പടയാളികൾ). ‘വേർപ്പു മുത്തേലും തൊഴിലാളർ തൻ മെയ്യും, വ്രീളാവായ്പിനാലർദ്ധസ്‌പൃഷ്ടമനുരാഗത്തിൻ ചുണ്ടും അമൃതിൻ മണമെന്റെ ജീവനിൽ തളിച്ചിട്ടുണ്ടതിലൽപ്പമെൻ പാട്ടിൽ വാറ്റുവാൻ കഴിഞ്ഞെങ്കിൽ’എന്ന് ആശിച്ചു. കേരളത്തിന്റെ പാരമ്പര്യം സഹിഷ്ണുതയുടേതാണെന്നും നാനാ ജാതിമതങ്ങൾക്കേകം നാകം തീർത്ത നാടാണിതെന്നും കവി ആവർത്തിച്ച് പറ യുന്നുണ്ട്. (കേരളത്തിലെ യഹൂദർ ഇസ്രയേലിലേക്ക്). ജൻമിത്തം അവസാനിപ്പിക്കുകയും മതനിരപേക്ഷ മാനവികതയെ ഊട്ടിവളർത്തുകയും ചെയ്യുന്ന കേരളത്തിന്റെ വഴിയേ സഞ്ചരിച്ചാലേ ഇന്ത്യ മുന്നേറൂ എന്നദ്ദേഹം പ്രഖ്യാപിച്ചു.















