Articles
ഊഷ്‌മാവ് കൂടുന്നത് യൂറോപ്യൻ ഭൂഖണ്ഡത്തിൽ കൂടുതൽ മാരകമാകാൻ മറ്റൊരു കാരണം അന്തരീക്ഷത്തിലെ ജലാംശമാണ് (Humidity). ഇന്ത്യയെ സംബന്ധിച്ച് കൂടിയ ഊഷ്മാവിലും നമുക്ക് നിലനിൽക്കാൻ കഴിയുന്നത് അന്തരീക്ഷത്തിലെ ജലാംശം കുറവായതിനാലാണ്
യൂറോപ്പിനും ‘ഹൈഡ്രേഷൻ ബ്രേക്ക് '


ഡോ. അബേഷ് രഘുവരൻ
Published on Jul 11, 2026, 06:42 AM | 3 min read
ലോകകപ്പ് ഫുട്‌ബോളിൽ ആദ്യമായാണ് മത്സരത്തിനിടെ 22 മിനിറ്റ് പിന്നിടുമ്പോൾ ‘ഹൈഡ്രേഷൻ ബ്രേക്ക്' നൽകുന്നത്. അമേരിക്കയിലെയും കാനഡയിലെയും മെക്സിക്കോയിലെയും കടുത്ത ചൂടുമൂലമാണ് ഇപ്പോൾ അങ്ങനെയൊരു സമയം നൽകാൻ ഫിഫ തീരുമാനിച്ചത്.
അമേരിക്കയിൽ കടുത്ത ചൂട് അത്ര സുപരിചിതമല്ല. കാലാവസ്ഥയുടെ കാര്യം ഒരുതരത്തിലും പ്രവചിക്കാൻ കഴിയാത്ത അവസ്ഥയും നിലനിൽക്കുന്നു. അമേരിക്കയിൽ ഒരു ഹൈഡ്രേഷൻ ബ്രേക്കിന് പ്രശ്‌നപരിഹാരം സാധ്യമായെങ്കിൽ യൂറോപ്പിനെ സംബന്ധിച്ച് ചൂടിനെ പ്രതിരോധിക്കാൻ ജനങ്ങൾ കൂട്ടമായി ജലാശയങ്ങളിൽ മുങ്ങിക്കിടക്കുന്നു. കടകളിൽ എയർ കണ്ടീഷണറുകൾ കിട്ടാനില്ല. സഞ്ചാരികളുടെ പറുദീസയായിരുന്ന യൂറോപ്യൻ രാജ്യങ്ങളിൽ ഇന്ന് ജീവിക്കാൻപോലുമാകാതെ ആൾക്കാർ മരിക്കുന്നു. യൂറോപ്പിന് തികച്ചും അപൂർവമായ അനുഭവമാണിത്. അതിന്റെ കാരണങ്ങളിലേക്ക് വിരൽചൂണ്ടുന്നതാകട്ടെ പറഞ്ഞുപഴകിയ വാക്കുകൾതന്നെ; - ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും.
ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും ഇന്ന് പ്രകൃതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെയെല്ലാം പിന്നിലെ സ്ഥിരകാരണമാണ്. ഈ യാഥാർഥ്യത്തെ ഉൾക്കൊള്ളാൻ കഴിയാതെ കാലാവസ്ഥാ വ്യതിയാനമല്ല, പകരം അത് താങ്ങാൻ നമ്മുടെ ശരീരത്തിന് കഴിയാതെ വരുന്നതുകൊണ്ടാണ് ഇത്തരം പ്രശ്നങ്ങളുടെ കാരണമെന്ന് ഭരണാധികാരികൾ പറയുന്ന അശാസ്ത്രീയമായ പരാമർശങ്ങളും കേൾക്കുകയുണ്ടായി. ഒരുമാസമായി യൂറോപ്പ് ഭൂഖണ്ഡം അഭിമുഖീകരിക്കുന്ന അസാധാരണമായ ഉഷ്‌ണതരംഗം കാലാവസ്ഥാ വ്യതിയാനത്തിന്റെ ഏറ്റവും അപകടകരമായ മുഖമാണ് കാട്ടിത്തരുന്നത്. കണക്കുകളനുസരിച്ച് ജൂൺ ഒന്നുമുതൽ 1300ലധികംപേരാണ് കഠിനമായ ചൂടിൽ മരിച്ചത്.
എന്താണ് യൂറോപ്പിൽ സംഭവിക്കുന്നത്?
ആദ്യമായല്ല യൂറോപ്പിൽ കഠിനമായ ചൂട് ഉണ്ടാകുന്നത്. ജർമനിയിലും സ്പെയിനിലും 1950കളിൽ ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്‌തിരുന്നു. 1976ൽ ഇംഗ്ലണ്ടിലും ഇത്തരത്തിലുള്ള സംഭവങ്ങളുണ്ടായി. എന്നാൽ, അന്നൊക്കെ പത്തും ഇരുപതും വർഷങ്ങൾ കൂടുമ്പോഴുണ്ടായിരുന്ന സംഭവങ്ങൾ ഇന്ന് തുടർക്കഥയാകുന്നു. ഇംഗ്ലണ്ടിൽ 2003, 2018, 2023, 2025 വർഷങ്ങളിലും തുടരെ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
അന്തരീക്ഷ ഊഷ്‌മാവിന്റെ വർധന യൂറോപ്പിൽമാത്രമല്ല, ആഗോളതലത്തിൽ ഉണ്ടാകുന്നുണ്ട്. ജർമനിയിൽ ഏകദേശം 43 ഡിഗ്രിവരെയാണ് ചൂട് കൂടിയത്. ഇന്ത്യയിലെ പല നഗരങ്ങളും ഈ താപനില അഭിമുഖീകരിക്കാറുണ്ട്. അതുവച്ചുനോക്കുമ്പോൾ യൂറോപ്പിൽ ഉണ്ടായിരിക്കുന്നതും അത്ര അപകടകരമായ ചൂടുമല്ല എന്നിരിക്കെ എന്തുകൊണ്ടാണ് ഇത്രയേറെ മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്? അവിടെയാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രശ്‌നങ്ങൾ വിവിധയിടങ്ങളിൽ ഏതുതരത്തിൽ ബാധിക്കുന്നു എന്നു മനസ്സിലാക്കിത്തരുന്നത്.
അതിൽ ആദ്യത്തേത് യൂറോപ്യൻ ജനതയുടെ ശീലങ്ങളാണ്. പത്തുമുതൽ 20 ഡിഗ്രിവരെ ഊഷ്‌മാവ് ശീലമുള്ളവരാണ് യൂറോപ്പുകാർ. അവരുടെ ശരീരം ആ ഊഷ്‌മാവിൽ ജീവിക്കുന്നതിനായാണ് അനുയോജ്യമായിരിക്കുന്നത്. അതിനനുസരിച്ചാണ് വീടുകളും ശീലങ്ങളും വസ്ത്രങ്ങളുമൊക്കെ. വർഷത്തിന്റെ ഏതാണ്ട് ഭൂരിഭാഗവും അതിശൈത്യം. അതിനനുസരിച്ചാണ് വീടുകൾ നിർമിച്ചിരിക്കുന്നത്. ചൂട് പുറത്തുപോകാനാകാത്തതരത്തിൽ വെന്റിലേഷനുകൾ ഒഴിവാക്കുകയും സൂര്യന്റെ ചൂട് കഴിവതും അകത്തേക്ക് കയറാനായി വാതിലുകൾ രണ്ടുപാളികളായുള്ള ചില്ലുകൾ ഉപയോഗിച്ചുമൊക്കെയാണ് നിർമിച്ചിരിക്കുന്നത്. എന്നാൽ, അന്തരീക്ഷത്തിൽ പെട്ടെന്നുണ്ടായ മാറ്റംമൂലം വീടിനുള്ളിലേക്ക് കയറുന്ന ചൂടിന് പുറത്തേക്ക് പോകാൻ കഴിയാത്ത അവസ്ഥ ഉണ്ടാകുകയും അത് ശീലമല്ലാത്ത ജനതയ്ക്ക് സഹിക്കാവുന്നതിലും അപ്പുറമാകുകയും ചെയ്തു. അമേരിക്കയിൽ 90 ശതമാനം വീടുകളിലും എസികളുണ്ട്. യൂറോപ്പിലെ വെറും 20 ശതമാനം വീടുകളിൽമാത്രമാണ് എസി ഉപയോഗിക്കുന്നത്. കഴിഞ്ഞ ഒരുമാസം അവിടെ ഏറ്റവുമധികം വിറ്റഴിച്ച ഇലക്ട്രോണിക്സ് ഉപകരണം എസിയാണ്.
ഇനി ഇതിന്റെ കാരണങ്ങൾ എന്തൊക്കെയെന്ന് പരിശോധിക്കാം. പ്രധാനമായും രണ്ടു കാരണങ്ങളാണ് ഇതിനുപിന്നിലുള്ളത്. അതിലൊന്ന് പ്രകൃത്യായുള്ള കാരണമാണ്. രണ്ടാമത്തേത് മനുഷ്യനിർമിതമായതും. ഉത്തരാർധഗോളത്തിൽ (Northern Hemisphere) ജൂൺ–-ജൂലൈ വേനൽമാസങ്ങളാണ്. അതായത് സൂര്യൻ കൂടുതൽ സമയം ഉത്തരാർധഗോളത്തിനുമുകളിൽ നിൽക്കുന്നു. പകലുകൾക്ക് ദൈർഘ്യം കൂടുതലായിരിക്കും. അന്തരീക്ഷത്തിലെ ചൂട് കൂടുന്നത് സ്വാഭാവികം. ഇതിനൊപ്പം സൂപ്പർ എൽ -നിനോ പ്രതിഭാസംകൂടിയാകുമ്പോൾ ചൂടിന്റെ കാഠിന്യം വർധിക്കുന്നു.
ഇത്തരം പ്രകൃത്യായുള്ള കാരണങ്ങൾക്കൊപ്പം മനുഷ്യനിർമിതമായ പ്രശ്‌നങ്ങൾകൂടി വിലയിരുത്തേണ്ടതുണ്ട്. അതിൽത്തന്നെ സ്വാഭാവികമായും ആഗോളതാപനം ഒന്നാമതായി വരുമ്പോൾ മറ്റുള്ള പ്രദേശങ്ങളെ അപേക്ഷിച്ച് ഏറ്റവുമധികം വേഗത്തിൽ താപനില ഉയരുന്ന പ്രദേശമാണ് യൂറോപ്പ്. ഇതിനൊപ്പം എടുത്തുപറയേണ്ട ഒന്നാണ് ‘ഒമേഗ ബ്ലോക്ക്' എന്ന പ്രതിഭാസം. യൂറോപ്പിലെ അന്തരീക്ഷത്തിൽ മുകളിലായി ഒരു വായുപ്രവാഹമുണ്ട് (Jet Stream). പടിഞ്ഞാറുനിന്ന് കിഴക്കോട്ട് സഞ്ചരിക്കുന്ന വേഗംകൂടിയ ഒരു വായുപ്രവാഹമാണിത്. അവയിൽ പലയിടത്തും പലരീതിയിലുള്ള മർദമാണ് ഉണ്ടാകുന്നത്. ചില സ്ഥലങ്ങളിൽ കൂടുതൽ മർദവും (High Pressure Area), മറ്റു ചില ഇടങ്ങളിൽ കുറഞ്ഞതും (Low Pressure Area). മർദത്തിന്റെ ഏറ്റക്കുറച്ചിൽ അനുസരിച്ച് ഈ വായുപ്രവാഹത്തിന്റെ രീതിയും മാറും. ചില സമയങ്ങളിൽ ഹൈ -പ്രഷർ പ്രദേശത്തിന്റെ വലിപ്പം കൂടുകയും ലോ -പ്രഷർ പ്രദേശത്തിന്റെ വലിപ്പം കുറയുകയും ചെയ്യുമ്പോൾ മേൽസൂചിപ്പിച്ച വായുപ്രവാഹത്തിന്റെ പാതയിൽ ഒരു വലിയ വ്യതിചലനം (deflection) ഉണ്ടാകുന്നു. ഗ്രീക്ക് അക്ഷരമായ ഒമേഗയുടെ രൂപമാണ് ആ പ്രവാഹത്തിന് ഉണ്ടാകുന്നത്. അതിനാലാണ് അതിനെ ഒമേഗ ബ്ലോക്ക് എന്നു പറയുന്നത്. ഈ ഒമേഗ ബ്ലോക്കിന്റെ ഭാഗമായി ഹൈ പ്രഷർ പ്രദേശത്ത് കൂടുതലായി ചൂട് എത്തുകയും അത് അന്തരീക്ഷത്തിലെ ചൂടിനെ ക്രമാതീതമായി വർധിപ്പിക്കുകയും ചെയ്യുന്നു.
സാധാരണയായി മറ്റു പ്രദേശങ്ങളിൽ പകൽ ഉണ്ടാകുന്ന ചൂട് രാത്രിയാകുന്നതോടെ കുറയുകയും കര തണുക്കുകയും ചെയ്യുമ്പോൾ യൂറോപ്പിൽ അന്തരീക്ഷത്തിൽ ചൂട് നിൽക്കുന്നതിനാൽ കൂടിയ ചൂട് അതേപടി തുടരുകയും രാത്രികാലങ്ങളിൽപ്പോലും കഠിനമായ ചൂട് അനുഭവപ്പെടുകയും ചെയ്യുന്നു. ഇങ്ങനെ പകലും രാത്രിയും ഒരുപോലെ ചൂടാകുകയും മനുഷ്യരിൽ അത് പല ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു.
ഊഷ്‌മാവ് കൂടുന്നത് യൂറോപ്യൻ ഭൂഖണ്ഡത്തിൽ കൂടുതൽ മാരകമാകാൻ മറ്റൊരു കാരണം അന്തരീക്ഷത്തിലെ ജലാംശമാണ് (Humidity). ഇന്ത്യയെ സംബന്ധിച്ച് കൂടിയ ഊഷ്മാവിലും നമുക്ക് നിലനിൽക്കാൻ കഴിയുന്നത് അന്തരീക്ഷത്തിലെ ജലാംശം കുറവായതിനാലാണ്. ചൂടിൽ നാം വിയർക്കുകയും വിയർപ്പ് അന്തരീക്ഷത്തിലേക്ക് ബാഷ്‌പീകരിച്ചുപോകുകയുംവഴി നമുക്ക് ചെറിയ തണുപ്പ് തോന്നുകയും ചെയ്യും. അത്തരത്തിൽ അന്തരീക്ഷത്തിലേക്ക് നമ്മുടെ വിയർപ്പ് ബാഷ്പീകരിക്കണമെങ്കിൽ അന്തരീക്ഷത്തിലെ ജലാംശത്തിന്റെ അളവ് കുറവായിരിക്കണം. എന്നാൽ, യൂറോപ്പിനെ സംബന്ധിച്ച് ഒരുവശത്ത് അറ്റ്‌ലാന്റിക് സമുദ്രവും മറ്റൊരു വശത്ത് മെഡിറ്ററേനിയൻ കടലുമാണ്. ഇതിനാൽ അന്തരീക്ഷത്തിലെ ജലാംശം കൂടിയ അളവിൽ ഉണ്ടാകുകയും ശരീരത്തിലെ വിയർപ്പ് ബാഷ്‌പീകരിച്ചുപോകാതിരിക്കുകയും ചെയ്യുന്നതിനാൽ അതികഠിനമായ ചൂട് ശരീരത്തിൽ അനുഭവപ്പെടുന്നു.
ഇത് ഒരു മുന്നറിയിപ്പാണ്. യൂറോപ്പിനുമാത്രമല്ല, ഭൂമിയിൽ എവിടെയും ഇത്തരം പ്രതിഭാസങ്ങളും കാലാവസ്ഥാപ്രശ്‌നങ്ങളും ഉണ്ടാകാം. സഹിക്കാൻ കഴിയുന്നതിലുമപ്പുറത്ത് അതെത്തുമ്പോഴാണ് നാമത് ചർച്ചപോലും ചെയ്യുന്നത്. ഇനി ചർച്ച ചെയ്യാനും തീരുമാനമെടുക്കാനും മുതിർന്നില്ലെങ്കിൽ, അടുത്ത ഭീഷണി ഏതു രൂപത്തിലാണ് വരുന്നതെന്ന് പ്രവചിക്കാൻ കഴിയില്ല.
(കൊച്ചി സർവകലാശാല, സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റിയിൽ അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകൻ)














