ad
Deshabhimani

Articles

വയനാട് പുനരധിവാസം

‘അപ്പോൾ നമ്മൾ ഒന്നിച്ച് ഇറങ്ങുവല്ലേ' ; ലോകം കാതോർത്തു ആ വാക്കുകൾ

mundakkai old new
avatar
പി ടി രാഹേഷ്

Published on Mar 01, 2026, 11:43 AM | 4 min read

പ്രകൃതിദുരന്തങ്ങളിലും മഹാമാരികളിലും പതറാതെ നിന്നതിന്റെ കേരള മോഡൽ അതിജീവന കഥകൾ വിശ്വ മാതൃകകളാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങളിലെ ജനകീയ പ്രതിരോധവും സർക്കാർ നേതൃത്വത്തിലുള്ള ഇടപെടലുകളും പ്രളയകാലത്തും മഹാമാരിയിലും കേരളത്തെ വ്യത്യസ്തമാക്കി. മതരഹിതരായി ഒന്നിച്ചുനിന്നു നമ്മൾ രചിച്ച അതിജീവന പോരാട്ടം ലോകമാകെ അത്ഭുതത്തോടെയാണ് നോക്കി കണ്ടത്. ‘അപ്പോൾ നമ്മൾ ഒന്നിച്ച് ഇറങ്ങുവല്ലേ' എന്ന മുഖ്യമന്ത്രിയുടെ ഒറ്റ വാചകത്തിൽ നിർഭയരായി നിസ്വാർത്ഥ സേവനത്തിനായി അണിനിരന്നവർ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ജനകീയ മാതൃക സൃഷ്ടിച്ചു. ഒരു രാത്രി ഇരുട്ടി വെളുത്തപ്പോഴേക്കും എല്ലാം നഷ്ടപ്പെട്ടു പോയ വയനാട്ടിലെ ദുരന്തത്തിലും ദുരിതാശ്വാസ പ്രവർത്തനത്തിലെ ഈ മാതൃക നാം തുടർന്നു. ഇപ്പോഴിതാ എല്ലാം നഷ്‌ടപ്പെട്ടവർക്ക്‌ അവരുടെ തീരാ നോവിനിടയിൽ തലചായ്‌ക്കാൻ അടച്ചുറപ്പുള്ള വീടായിരിക്കുന്നു. ചേർത്തു നിർത്തലിന്റെ ഇ‍ൗ മഹാ മാതൃക സൃഷ്‌ടിച്ചത്‌ സംസ്ഥാന സർക്കാരാണ്‌.


2024 ജൂലൈ 30ന് വയനാട്ടിലെ ചൂരൽമലയിൽ സംഭവിച്ച മഹാദുരന്തം 298 മനുഷ്യരുടെ ജീവനാണെടുത്തത്. കേരളം കണ്ടതിൽ വെച്ച് ഏറ്റവും വലിയ ഈ ദുരന്തമുണ്ടായ നിമിഷം മുതൽ സർക്കാർ, ജനങ്ങൾ, സന്നദ്ധസംഘടനകൾ, സൈന്യം തുടങ്ങി എല്ലാവരും ഒരുമിച്ച് നിന്നുകൊണ്ട് ലോകത്തിന് മാതൃകയായ രക്ഷാപ്രവർത്തനങ്ങളാണ് നടത്തിയത്. പുഞ്ചിരിമട്ടത്തുണ്ടായ ഉരുൾപൊട്ടൽ പുഴയിലൂടെ ഒഴുകി വലിയ നാശനഷ്ടങ്ങളാണ് വരുത്തിയത്. ശവശരീരങ്ങളും, ശരീര ഭാഗങ്ങളും ചാലിയാറിലൂടെ ഒഴുകി. പൊലീസ്, ഫയർഫോഴ്സ്, എൻഡിആർഎഫ്, കരസേന, നാവികസേന, കോസ്റ്റ് ഗാർഡ്, കഡാവർ ഡോഗ്സ് തുടങ്ങിയ വിവിധ സേനാവിഭാഗങ്ങളും പൊതുജനങ്ങളും രക്ഷാപ്രവർത്തനങ്ങളിൽ ഒരേ മനസ്സോടെ കൈ കോർത്തു. മേപ്പാടി ഹയർ സെക്കൻഡറി സ്കൂളിൽ വലിയ മോർച്ചറി ഒരുക്കുകയും സർക്കാർ ഏറ്റെടുത്ത സ്ഥലത്ത് പൊതുശ്മശാനം തയ്യാറാക്കി സംസ്കാരച്ചടങ്ങുകൾ നടത്തുകയും ചെയ്തു. ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവരുടെ ചികിത്സയും സർക്കാർ ഏറ്റെടുത്തു.


ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് ആളുകളെ വേഗത്തിൽ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റി. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കേരളം തീർത്ത അതിജീവനഗാഥകളുടെ ചരിത്രത്തിൽ വയനാട് പുതിയൊരു അധ്യായമാണ് എഴുതിച്ചേർന്നത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തുടർച്ചയായി വയനാട്ടിൽ നടക്കുന്ന പുനരധിവാസ പ്രവർത്തനം മറ്റൊരു കേരള മോഡലായി മാറുകയാണ്. പ്രകൃതിദുരന്തങ്ങളിൽ വീട് നഷ്ടപ്പെട്ടവർക്ക് ലോക ചരിത്രത്തിൽ ആദ്യമായി വാടകയ്ക്ക് താമസിക്കാനുള്ള സഹായം നൽകിയത് കേരള സർക്കാരാണ്. വാടകവീടുകളിൽ താമസിക്കുന്നവർക്കും ബന്ധുവീടുകളിലേക്ക് മാറിയവർക്കും പ്രതിമാസം 6000 രൂപ വീതമാണ് വാടക സഹായമായി നൽകിയത്. ജീവനോപാധികൾ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് ആദ്യഘട്ടത്തിൽ 10,000 രൂപയും പിന്നീട് മൂന്നു മാസത്തേക്ക് പ്രതിമാസ സഹായവും നൽകി. വെള്ളാർമല, മുണ്ടക്കൈ സ്കൂളുകളിലെ കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാൻ മേപ്പാടി സ്കൂളിൽ താത്കാലിക ക്ലാസ് മുറികൾ ഒരുക്കി. മാതാപിപിതാക്കൾ നഷ്ടപ്പെട്ട 24 കുട്ടികളുടെ പഠനച്ചെലവും സുരക്ഷയും സർക്കാർ ഉറപ്പാക്കി. വീടുകളുടെ നിർമാണത്തിന് പുറമെ, നഷ്ടപ്പെട്ട തൊഴിലും ജീവനോപാധികളും തിരിച്ചുപിടിക്കാൻ കുടുംബശ്രീയെയും തദ്ദേശസ്വയംഭരണ വകുപ്പിനെയും മുന്നിൽ നിർത്തി മൈക്രോ പ്ലാനുകൾ തയ്യാറാക്കിയിട്ടുണ്ട്. പ്രകൃതി ദുരന്തങ്ങളിൽ ജീവിതവും, ജീവനോപാധികളും നഷ്ടപ്പെട്ടവർ ഭിക്ഷാടകരായി അലയുന്ന മുന്നനുഭവങ്ങൾ ഇന്ത്യയിൽ ധാരാളമുണ്ട്. ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടവരേയും അധ്വാനിച്ചുണ്ടാക്കിയ ജീവിത സമ്പാദ്യങ്ങൾ നഷ്ടപ്പെട്ടവരെയും ചേർത്തുപിടിച്ചതു കൊണ്ടാണ് കേരളത്തിൽ ഇത് സംഭവിക്കാത്തത്.


ദുരിതബാധിതരായ 555 പേരുടെ വായ്പാകുടിശ്ശികയായ 18.75 കോടി രൂപ ഏറ്റെടുക്കുമെന്ന് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ഇതിനാവശ്യമായ 18,75,69,037.90 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് നൽകും. സർക്കാർ ആവശ്യപ്പെട്ടിട്ടും ഹൈക്കോടതി ഇടപെട്ടിട്ടും ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാൻ കേന്ദ്രം തയാറാകാത്ത സാഹചര്യത്തിലും, വായ്പ എഴുതിത്തള്ളാൻ സഹായകരമായ ദുരന്തനിവാരണ വകുപ്പിലെ സെക്ഷൻ 13ലെ വ്യവസ്ഥ കേന്ദ്ര സർക്കാർ റദ്ദാക്കിയതിനാലുമാണ് സംസ്ഥാന സർക്കാറിന് ഈ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വന്നത്. ദുരിതബാധിതർക്ക് അർഹമായ സഹായംപോലും നിഷേധിക്കപ്പെടുമ്പോൾ വയനാട്ടിലെ സഹോദരങ്ങളെ ചേർത്തുപിടിക്കാൻ കേരളം പ്രതിജ്ഞാബദ്ധമാണെന്ന് പ്രഖ്യാപനമാണ് ഇതിലൂടെ സർക്കാർ നടത്തുന്നത്. ചൂരൽമല ദുരന്തത്തിൽ കടകമ്പോളങ്ങൾ നഷ്ടമായവർക്കും നഷ്ടപരിഹാരം നൽകാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. പൂർണമായി നഷ്ടപ്പെട്ട ഓരോ കടക്കും ഏഴ് ലക്ഷം രൂപ വീതവും ഒന്നിൽ കൂടുതൽ നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ അധികമുള്ള ഓരോ കടക്കും 2.5 ലക്ഷം രൂപ വീതവും നൽകും. ഇന്ത്യയിൽ ആദ്യമായാണ് ഒരു ദുരന്തത്തിൽ വാണിജ്യ സ്ഥാപനങ്ങൾ നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാര പാക്കേജ് നൽകാൻ തീരുമാനിക്കുന്നത്. എല്ലാവരേയും ചേർത്തു പിടിക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നത് എന്ന് തിരിച്ചറിയാനും പുനരധിവാസ പ്രവർത്തനങ്ങൾക്ക് പുതിയൊരു മാതൃക സൃഷ്ടിക്കാനുമാണ് കേരളം ശ്രമിക്കുന്നത്.


മുണ്ടക്കൈ -ചൂരൽമല ദുരന്തബാധിതർക്കായി നിർമിച്ച കൽപ്പറ്റ ടൗൺഷിപ്പിന്റെ ആദ്യഘട്ട ഉദ്ഘാടനം മാർച്ച് ഒന്നിന് നടക്കുകയാണ്. ഇതൊരു ഉദ്ഘാടനം മാത്രമല്ല, നമ്മുടെ നാടിന്റെ അതിജീവനത്തിന്റെ മഹത്തായ പ്രഖ്യാപനം കൂടിയാണെന്നാണ് വയനാട്ടിലെ ദുരിതബാധിതർക്കായി ഒരുക്കിയ വീടുകളുടെ കൈമാറ്റത്തെ മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. സ്കൂൾ കുട്ടികൾ മുതൽ സർക്കാർ ജീവനക്കാരും യുവജനങ്ങളും തൊഴിലാളികളും സാധാരണക്കാരും വരെ ഒരുമിച്ച് നിന്നുകൊണ്ട് ഉരുൾപൊട്ടലിൽ ഉള്ളു പൊട്ടിപ്പോയ ഒരു ജനതയുടെ ജീവിതം തിരിച്ചു നൽകുന്ന പദ്ധതിയായി വയനാട് പുനരധിവാസ പാക്കേജ് മാറുകയാണ്. ഒന്നും നഷ്ടപ്പെട്ടതിന് പകരമാവില്ലെങ്കിലും തെരുവിലേക്ക് ഇറങ്ങി ഭിക്ഷ യാചിച്ച് ജീവിക്കേണ്ടി വരാത്ത അവസ്ഥ ഇവിടെ ഉണ്ടാവില്ലെന്ന് കേരളം ഒറ്റക്കെട്ടായി നിന്നുകൊണ്ട് ആത്മാഭിമാനത്തോടെ പ്രഖ്യാപിക്കുകയാണ്. പ്രകൃതിദുരന്തങ്ങൾ അതിജീവിക്കാൻ സാധിക്കുംവിധം 1000 ചതുരശ്രയടിയിൽ ഒറ്റനിലയിൽ പണിത കെട്ടിടങ്ങൾ ഭാവിയിൽ ഇരുനില നിർമിക്കാനുള്ള അടിത്തറയോടെയാണ് തയ്യാറാക്കിയിരിക്കുന്നത്. പ്രധാന കിടപ്പുമുറി, രണ്ട് മുറികൾ, സിറ്റൗട്ട്, ലിവിങ്, സ്റ്റഡി റൂം, ഡൈനിങ്, അടുക്കള, സ്റ്റോർ ഏരിയ എന്നിവ വീടിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്.


ടൗൺഷിപ്പിൽ ഒരുങ്ങുന്ന 410 വീടുകളിലായി 1662-ലധികം ആളുകൾക്കാണ് തണലൊരുങ്ങുന്നത്. വീടുകൾക്ക് പുറമെ പൊതു റോഡ്, ആരോഗ്യ കേന്ദ്രം, അങ്കണവാടി, പൊതുമാർക്കറ്റ്, കമ്മ്യൂണിറ്റി സെന്ററുകൾ എന്നിവയും ഇതിന്റെ ഭാഗമായുണ്ടാവും. ആരോഗ്യ കേന്ദ്രത്തിൽ ലബോറട്ടറി, ഫാർമസി, പരിശോധന-വാക്സിനേഷൻ-ഒബ്സർവേഷൻ മുറികൾ, ഒപി, ടിക്കറ്റ് കൗണ്ടർ സൗകര്യങ്ങളും സജീകരിക്കും. പൊതു മാർക്കറ്റിൽ കടകൾ, സ്റ്റാളുകൾ, ഓപ്പൺ മാർക്കറ്റ്, കുട്ടികൾക്ക് കളി സ്ഥലം, പാർക്കിങ് എന്നിവ ഒരുക്കും. മർട്ടി പർപ്പസ് ഹാൾ, കളി സ്ഥലം, ലൈബ്രറി, സ്പോട്സ് ക്ലബ്ബ്, ഓപ്പൺ എയർ തിയേറ്റർ എന്നിവ കമ്മ്യൂണിറ്റി സെന്ററിൽ നിർമ്മിക്കും. ഒരുനാട്ടിൽ അയൽവാസികളായി ജീവിച്ച മനുഷ്യർക്ക് ഒരുമിച്ച് ഒരിടത്ത് ജീവിക്കാൻ കഴിയുന്ന സാഹചര്യമാണ് ടൗൺഷിപ്പിലൂടെ യാഥാർത്ഥ്യമാകുന്നത്. സ്വന്തം വീട് കുത്തിയൊലിച്ചു പോയപ്പോൾ ഉള്ളു കലങ്ങിപ്പോയ മനുഷ്യർ രണ്ടുവർഷം തികയുന്നതിന് മുമ്പ് താങ്കൾക്ക് ലഭിച്ച പുതിയ വീട് വരെ വിരൽ ചൂണ്ടുന്ന കാഴ്ച്ച കേരളത്തിൽ മാത്രമാണ് കാണാനാവുക. ഒരു ജീവിതം കാലം കൊണ്ട് പടുത്തുയർത്തിയ വീട് ഒരു രാത്രി കൊണ്ട് ഇല്ലാതായെങ്കിലും രണ്ടു വർഷത്തിനുള്ളിൽ മറ്റൊരു വീട് ലഭിക്കാനായത് ദുരന്തം കേരളത്തിലായതുകൊണ്ട് മാത്രമാണ്.


ഒന്നും നഷ്ടപ്പെട്ടതിന് പകരമാവില്ലെങ്കിലും പുനരധിവാസത്തിലൂടെ പുതിയൊരു ജീവിതമാണ് വയനാട്ടിലെ ദുരന്തബാധിതർക്കായി കേരളം ഒരുക്കി നൽകുന്നത്. ദുരന്തമുഖങ്ങളിൽ വേർതിരുവുകളില്ലാതെ കൈ കോർക്കുന്ന തലമുറകളാണ് കേരളത്തെ പ്രതിസന്ധികളിൽ എപ്പോഴും പിടിച്ചുയർത്തുന്നത്. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കേരളം ഉയർത്തിപ്പിടിക്കുന്ന മതനിരപേക്ഷതയിലും മാനവികതയിലും രൂപം കൊള്ളുന്ന ഈ കേരള മോഡൽ പുരധിവാസ പ്രവർത്തനത്തിലും സാധ്യമാവുന്നതിൻ്റെ വിസ്മയം ലോകമാകെ ഉറപ്പായും പഠിക്കും. പ്രകൃതി ദുരന്തങ്ങളിലും കോവിഡ് മഹാമാരിയിലും ജാതിമതരഹിതമായി കേരളത്തിൽ നടന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾ കണ്ടു പഠിച്ചത് പോലെ ലോകത്തെവിടെയും ഉണ്ടാകുന്ന ദുരന്തങ്ങളിലെ മനുഷ്യർക്ക് ജീവിതം തിരികെ നൽകാൻ ഭരണകൂടങ്ങൾക്ക് വയനാട് പുനരധിവാസ പ്രവർത്തനങ്ങൾ പുതിയൊരു അനുഭവ പാഠമാണ്. ഭരണകൂടങ്ങൾ നേരിട്ട് അഭയാർത്ഥികളെ സൃഷ്ടിക്കുന്ന കാലത്ത് ദുരിതബാധിതരുടെ അഭിമാനവും ആത്മവിശ്വാസവും സംരക്ഷിക്കാൻ ഇച്ഛാശക്തിയോടെ മുന്നിട്ടിറങ്ങുന്ന ഒരു സർക്കാർ വേറിട്ടതാകുന്നതിൻ്റെ കാരണം പരിശോധിക്കുമ്പോഴാണ് ഭൂമിയിൽ ഇടതുപക്ഷത്തിൻ്റെ പ്രസക്തി എത്രമാത്രമാണെന്ന് മനുഷ്യവംശം തിരിച്ചറിയുക.




deshabhimani section

Dont Miss it

Recommended for you

Deshabhimani
Home