മൂന്നുമാസം പ്രായമുള്ള ഇരട്ട പെൺമക്കളെ കൊലപ്പെടുത്തി യുവതി; പിന്നാലെ ആത്മഹത്യാ ശ്രമം

Photo: NDTV
ബംഗളൂരു: മൂന്നുമാസം പ്രായമായ ഇരട്ട പെൺമക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച് യുവതി. ബംഗളൂരുവിലെ വജ്രഹള്ളി മേഖലയിൽ ബിസിസി എച്ച്എസ് ലേഔട്ടിലെ വീട്ടിൽ ചൊവ്വ ഉച്ചയോടെയാണ് സംഭവം. രാമലിംഗപ്പയുടെ ഭാര്യ ഉമാദേവി ഐവിഎഫ് ചികിത്സയിലൂടെയാണ് ഗർഭം ധരിച്ചത്. ഈ വർഷം മെയ് 5 നാണ് ഇവർ ഇട്ട പെൺകുട്ടികൾക്ക് ജന്മം നൽകിയത്.
ഇന്നലെ ഉച്ചയോടെ വീട്ടിലെത്തിയ രാമലിംഗപ്പ മുറി അകത്തുനിന്ന് പൂട്ടിയ നിലയിൽ കണ്ടെത്തി. ഉടനെ വാതിൽ തുറന്ന് നോക്കുമ്പോൾ ഉമാദേവി ആത്മഹത്യയ്ക്ക് ശ്രമിക്കുന്ന നിലയിലായിരുന്നുവെന്ന് രാമലിംഗപ്പ പറയുന്നു. മുറിയിൽ കുട്ടികളെ മരിച്ച നിലയിലുമാണ് കണ്ടതെന്നും ഇയാൾ പറഞ്ഞു. സംഭവത്തിൽ രാമലിംഗപ്പ പൊലീസിൽ പരാതി നൽകി. കുട്ടികളെ വെള്ളത്തിൽ മുക്കിയാകാം കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം.
പ്രസവത്തിന് ശേഷം ഉമാദേവിയുടെ പെരുമാറ്റത്തിൽ മാറ്റമുണ്ടായിരുന്നതായി കുടുംബം പറയുന്നു. കുട്ടികളോട് താൽപര്യമില്ലാത്ത രീതിയിലായിരുന്നു പെരുമാറ്റമെന്നും മക്കളെ അനാഥാലയത്തിലേയ്ക്ക് അയക്കുന്നതിനെ കുറിച്ചും പലതവണ സംസാരിച്ചിരുന്നതായും കുടുംബം ആരോപിച്ചു. ശേഷം ഉമാദേവിയെ മാനസികാരോഗ്യ ചികിത്സയ്ക്ക് വിധേയയമാക്കുകയും ചെയ്തിരുന്നു. പ്രസവാനന്തര വിഷാദവും ഹോർമോൺ വ്യതിയാനവുമാണ് പെരുമാറ്റത്തിലെ മാറ്റത്തിന് കാരണമെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം നടത്തി വരികയാണ്.










0 comments