മിന്നൽ പ്രളയം: നേപ്പാളിലും ടിബറ്റിലുമായി മരണസംഖ്യ 1066 കടന്നു; രക്ഷാപ്രവർത്തനം ഊർജിതം

image courtesy : afp
കാഠ്മണ്ഡു: മിന്നൽ പ്രളയത്തിൽ നേപ്പാളിലും ടിബറ്റിലുമായി മരിച്ചവരുടെ എണ്ണം 1,066 കടന്നു. ആയിരക്കണക്കിന് ആളുകളെ കണ്ടെത്താനായി രക്ഷാപ്രവർത്തകർ ഹെലികോപ്റ്ററുകളും എക്സ്കവേറ്ററുകളും മറ്റു യന്ത്രസാമഗ്രികളും ഉപയോഗിച്ച് തെരച്ചിൽ തുടരുകയാണ്. ദുരന്തത്തിൽ ഏകദേശം 4,000-ത്തോളം പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. കാണാതായവരിൽ 583 വിദേശപൗരന്മാരും ഉൾപ്പെടുന്നു.
പ്രളയത്തിൽ തകർന്ന ജലവൈദ്യുത പദ്ധതികളുടെ തുരങ്കങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ പ്രധാനമായും രക്ഷാപ്രവർത്തനം നടക്കുന്നത്. 900-ഓളം പേർ വിവിധ ജലവൈദ്യുത നിലയങ്ങളിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. റസൂവ ജില്ലയിലെ ത്രിശൂലി ഹൈഡ്രോ പവർ പ്ലാന്റിലെ തുരങ്കത്തിൽ മാത്രം 500-ഓളം പേർ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. ഇന്ത്യ, ചൈന, നേപ്പാൾ സേനകൾ സംയുക്തമായാണ് ഇവിടെ തെരച്ചിൽ നടത്തുന്നത്.
ഇതുവരെ 11,000-ത്തിലധികം ആളുകളെ രക്ഷപ്പെടുത്തിയതായും ചില പ്രദേശങ്ങളിൽ വൈദ്യുതി, വാർത്താവിനിമയ ബന്ധങ്ങൾ പുനഃസ്ഥാപിച്ചതായും നേപ്പാൾ പ്രധാനമന്ത്രി ബലേന്ദ്ര ഷാ അറിയിച്ചു. ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ദ്ധ സംഘങ്ങൾ താത്കാലിക പാലങ്ങൾ നിർമിച്ച് ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്ക് വഴിതുറക്കുന്നുണ്ട്.
കെട്ടിട അവശിഷ്ടങ്ങളും പാറകളും കളിമണ്ണും ഉൾപ്പെടെ 22 ലക്ഷം ടൺ അവശിഷ്ടങ്ങളാണ് പ്രളയത്തെത്തുടർന്ന് അടിഞ്ഞുകൂടിയിട്ടുള്ളതെന്ന് യുണൈറ്റഡ് നേഷൻസ് ഡെവലപ്‌മെന്റ് പ്രോഗ്രാം പ്രാഥമിക കണക്കെടുപ്പിൽ വ്യക്തമാക്കി. കാണാതായ ഒമ്പത് പൗരന്മാരെ കണ്ടെത്താനായി ദക്ഷിണ കൊറിയ 44 അംഗ അടിയന്തര ദുരന്തനിവാരണ സംഘത്തെ റസൂവയിലേക്ക് നിയോഗിച്ചിട്ടുണ്ട്. ദുരന്തബാധിതർക്കായി നിലവിൽ 4.2 കോടി ഡോളറിലധികം (ഏകദേശം 350 കോടിയിലധികം രൂപ) അന്താരാഷ്ട്ര ധനസഹായം ലഭിച്ചിട്ടുണ്ട്.









0 comments