മദ്യപിച്ച് യാത്ര ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കാൻ റെയിൽവേയ്ക്ക് അധികാരമുണ്ട്: ഹൈക്കോടതി

കൊച്ചി: ട്രെയിനുകളിലോ റെയിൽവേ വളപ്പിലോ മദ്യപിച്ച് ലഹരിയിലാകുന്നവർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കാനും അവരെ പുറത്താക്കാനുമുള്ള റെയിൽവേയുടെ അധികാരം ഹൈക്കോടതി ശരിവെച്ചു. ഇതിനായി റെയിൽവേ അധികൃതർക്ക് അധികാരം നൽകുന്ന 1989-ലെ റെയിൽവേ ആക്ടിലെ 145 (എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് കോടതി വ്യക്തമാക്കി.
പ്രസ്തുത വകുപ്പിന്റെ പ്രവർത്തനം തടയണമെന്നും അത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ചാണ് തള്ളിയത്. പൊതുജന സുരക്ഷയും മറ്റു യാത്രക്കാരുടെ സ്വസ്ഥതയും ഉറപ്പാക്കാൻ റെയിൽവേയ്ക്ക് ഇത്തരമൊരു അധികാരം അത്യാവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു. നിയമം നടപ്പിലാക്കുന്നതിലെ അപകതകൾ ചൂണ്ടിക്കാട്ടി നിയമം തന്നെ റദ്ദാക്കാനാകില്ലെന്നും, എന്തെങ്കിലും തരത്തിലുള്ള നീതികേട് വ്യക്തികൾക്ക് നേരിട്ടാൽ അവർക്ക് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ടൂർ ആന്റ് ട്രാവൽസ് കമ്പനി മാനേജിംഗ് ഡയറക്ടറായ കെ എൻ ശാസ്ത്രിയാണ് ഹൈക്കോടതിയെ സമീപിച്ചത്. 'ലഹരി അവസ്ഥ' എന്നതിന് കൃത്യമായ നിയമപരമായ നിർവചനം നിയമത്തിൽ നൽകിയിട്ടില്ലെന്നും, ഇത് ഉദ്യോഗസ്ഥർക്ക് യാത്രക്കാരെ വേട്ടയാടാൻ അനാവശ്യമായ അധികാരം നൽകുമെന്നുമായിരുന്നു ഹർജിയിൽ ആരോപിച്ചത്. ചെറിയ അളവിൽ മദ്യം കഴിച്ചവരെപ്പോലും ലഹരിയിലാണെന്ന് മുദ്രകുത്തി പുറത്താക്കാൻ ഇത് ഇടയാക്കുമെന്നും, ഭരണഘടന ഉറപ്പുനൽകുന്ന സമത്വം (ആർട്ടിക്കിൾ 14), അഭിപ്രായ സ്വാതന്ത്ര്യം (ആർട്ടിക്കിൾ 19), ജീവിക്കാനുള്ള അവകാശം (ആർട്ടിക്കിൾ 21) എന്നിവയുടെ ലംഘനമാണിതെന്നും ഹർജിക്കാരൻ വാദിച്ചു.
എന്നാൽ മദ്യപിച്ചയാളെ ട്രെയിനിൽ നിന്ന് പുറത്താക്കുന്ന ആദ്യ ഘട്ടത്തിൽ തന്നെ രക്തപരിശോധന നടത്തുന്നത് പ്രായോഗികമല്ലെന്ന് കോടതി നിരീക്ഷിച്ചു. രക്തപരിശോധനാ ഫലം വരാൻ മണിക്കൂറുകളെടുക്കും. അതിനാൽ തുടക്കത്തിൽ ബ്രീത്ത് അനലൈസർ പരിശോധനയോ ശാരീരിക ലക്ഷണങ്ങളോ അടിസ്ഥാനമാക്കി നടപടിയെടുക്കുന്നതിൽ തെറ്റില്ല. ആവശ്യമെങ്കിൽ പിന്നീട് ഡോക്ടറുടെ സേവനം തേടാവുന്നതാണെന്നും ഹൈക്കോടതി നിർദേശിച്ചു.
ട്രെയിനുകളിൽ സ്ത്രീകൾക്ക് നേരെ ഉണ്ടാകുന്ന അതിക്രമങ്ങൾ, അപായങ്ങൾ, മദ്യപിച്ചുണ്ടാകുന്ന മറ്റ് കുറ്റകൃത്യങ്ങൾ എന്നിവ തടയുന്നതിനാണ് സെക്ഷൻ 145(എ) നടപ്പിലാക്കുന്നതെന്ന് റെയിൽവേ കോടതിയെ അറിയിച്ചു. ഇത്തരം നിയമങ്ങൾ ഇല്ലെങ്കിൽ റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും അരാജകത്വം ഉണ്ടാകുമെന്ന് കോടതി ഓർമ്മിപ്പിച്ചു.
ഉദ്യോഗസ്ഥർ ഈ നിയമം ദുരുപയോഗം ചെയ്യുന്നത് തടയാൻ 2023 സെപ്റ്റംബർ 14ന് റെയിൽവേ ബോർഡ് കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒരു വ്യക്തി മദ്യപിച്ചിട്ടുണ്ടോ എന്ന് ഉറപ്പുവരുത്താൻ കാഴ്ച, സംസാരം, പെരുമാറ്റം എന്നിവ നിരീക്ഷിക്കണം. ഒന്നോ രണ്ടോ ലക്ഷണങ്ങൾ കണ്ടതുകൊണ്ടു മാത്രം ഒരാൾ ലഹരിയിലാണെന്ന് ഉറപ്പിക്കാനാകില്ലെന്നും, ലക്ഷണങ്ങളുടെ കൂട്ടായ്മയും പെരുമാറ്റത്തിലെ വ്യത്യാസവും പരിശോധിച്ച ശേഷമേ തുടർനടപടി സ്വീകരിക്കാവൂ എന്നും മാർഗ്ഗരേഖയിൽ വ്യക്തമാക്കുന്നുണ്ട്.










0 comments