ad
Deshabhimani

മേൽപ്പാലം പണി നിലച്ചു

ആറ്റിങ്ങൽ രാമച്ചംവിളയിൽ അപകടഭീഷണി

രാമച്ചംവിളയിൽ മണ്ണെടുത്ത ഭാഗത്ത് നിർമിച്ച കുത്തനെയുള്ള റോഡിൽ കയറ്റംകയറുന്നതിനിടെ സ്വകാര്യ ബസ് നിൽക്കുന്നു. ഡ്രൈവറുടെ സമയോജിത ഇടപെടൽകാരണം ബസ് പിന്നിലേക്കിറങ്ങിയാലുണ്ടാകാമായിരുന്ന അപകടം ഒഴിവായി

രാമച്ചംവിളയിൽ മണ്ണെടുത്ത ഭാഗത്ത് നിർമിച്ച കുത്തനെയുള്ള റോഡിൽ കയറ്റംകയറുന്നതിനിടെ സ്വകാര്യ ബസ് നിൽക്കുന്നു. ഡ്രൈവറുടെ സമയോജിത ഇടപെടൽകാരണം ബസ് പിന്നിലേക്കിറങ്ങിയാലുണ്ടാകാമായിരുന്ന അപകടം ഒഴിവായി

വെബ് ഡെസ്ക്

Published on Sep 02, 2026, 05:21 AM | 1 min read

ചിറയിൻകീഴ്

ആറ്റിങ്ങൽ ബൈപാസിലെ രാമച്ചംവിള ഭാഗത്ത് മേൽപ്പാലം നിർമാണം നിലച്ചതോടെ അപകടസാധ്യതയേറുന്നു. ചിറയിൻകീഴ്–ആറ്റിങ്ങൽ റോഡിന് മധ്യേ മൂന്ന് വർഷംമുന്പാണ് 25 അടിയിലേറെ താഴ്ചയിൽ മണ്ണെടുത്തത്. വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയുന്ന തരത്തിൽ 70 മീറ്ററിലേറെ നീളത്തിൽ യു ആകൃതിയിലാണ് ഇരുവശങ്ങളിലും കുത്തനെയുള്ള കയറ്റിറക്കങ്ങളോടെ താൽക്കാലിക റോഡ് നിർമിച്ചിരിക്കുന്നത്. ചരക്ക് ലോറികളും ബസുകളുമുൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ ദിവസേന കടന്നുപോകുന്ന റോഡിൽ വലിയ അപകടമാണ്‌ പതിയിരിക്കുന്നത്‌. മണ്ണിടിച്ച ഭാഗങ്ങളുടെ ഇരുവശത്തും കമ്പിവേലി സ്ഥാപിച്ചതല്ലാതെ കാര്യമായ സുരക്ഷാസംവിധാനങ്ങളൊന്നുമില്ല. നിറയെ യാത്രക്കാരുമായി എത്തുന്ന ബസുകൾ കുത്തനെയുള്ള കയറ്റം കയറാനാകാതെ പിന്നോട്ടിറങ്ങുന്നത്‌ പതിവാണ്‌. ഡ്രൈവറുടെയും കണ്ടക്ടറുടെയും സമയോചിത ഇടപെടലിലാണ് പലപ്പോഴും അപകടങ്ങൾ ഒഴിവാകുന്നത്. ഇരുവശങ്ങളിലെയും മണ്ണിടിയുന്നത് അപകടസാധ്യത വർധിപ്പിച്ചിട്ടുണ്ട്. അടുത്തിടെ മണ്ണുമായി എത്തിയ ലോറി ഇവിടെ ചരിഞ്ഞിരുന്നു. മണ്ണുമാന്തിയന്ത്രം ഉൾപ്പെടെ എത്തിച്ച് ലോറി താങ്ങിനിർത്തിയാണ് അപകടം ഒഴിവാക്കിയത്. തെരുവുവിളക്കുകൾ ഇല്ലാത്തതിനാൽ രാത്രിയാത്രയും ദുരിതത്തിലാണ്. ചിറയിൻകീഴ്–ആറ്റിങ്ങൽ റൂട്ടിൽ മിനിറ്റുകളുടെ വ്യത്യാസത്തിലാണ് സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നത്. ബസുകൾ അമിതവേഗത്തിൽ ഓടിക്കുന്നതും അപകടസാധ്യത വർധിപ്പിക്കുന്നതായി നാട്ടുകാർ പറയുന്നു. ദേശീയപാത 66-ൽ മാമം ഭാഗത്തുനിന്ന് കല്ലമ്പലം ആഴാംകോണത്ത് പ്രവേശിക്കുന്ന രീതിയിൽ 11.150 കിലോമീറ്റർ ദൂരത്തിലാണ് ബൈപാസ് നിർമിക്കുന്നത്. നിർമാണം ആരംഭിച്ച് നാല് വർഷം പിന്നിട്ടിട്ടും പല ഭാഗങ്ങളിലും റോഡിന്റെ രൂപംപോലും കൈവന്നിട്ടില്ല. നിലവിൽ നിർമാണം പൂർണമായും നിലച്ച നിലയിലാണ്. പ്രവൃത്തികളിലെ കാലതാമസം ചൂണ്ടിക്കാട്ടി ആദ്യം കരാറെടുത്ത കമ്പനിയെ ദേശീയപാത അതോറിറ്റി ഒഴിവാക്കിയിരുന്നു. പുതിയ കമ്പനി എത്തിയിട്ടും നിർമാണം ഇഴഞ്ഞു. ഇതിനിടെ കഴക്കൂട്ടം മുതൽ കടമ്പാട്ടുകോണം വരെയുള്ള ഭാഗത്ത് 12 ഉയരപ്പാതകൾ, രണ്ട് കട്ട് ആൻഡ് കവർ ടണലുകൾ, ഒരു അടിപ്പാത എന്നിവ നിർമിക്കുന്നതിന് ദേശീയപാത അതോറിറ്റി 959.25 കോടി രൂപയുടെ കരാർ ക്ഷണിച്ചിട്ടുണ്ട്. വയൽപ്രദേശങ്ങളിലടക്കം മണ്ണിട്ട് നടത്തിയ നിർമാണത്തിലെ അപാകതകളെ തുടർന്ന് അപകടങ്ങളുണ്ടായ സാഹചര്യത്തിൽ ഡിസൈൻ പുനഃപരിശോധിച്ച് ഉയരപ്പാതകളുടെ നീളം കൂട്ടാനാണ് തീരുമാനം. ഇത് ബൈപാസ് നിർമാണം ഇനിയും അനിശ്ചിതമായി നീളാൻ ഇടയാക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ. മേൽപ്പാലം നിർമാണം അടിയന്തരമായി പൂർത്തിയാക്കി ഗതാഗതസുരക്ഷ ഉറപ്പാക്കണമെന്നാണ് ആവശ്യം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home