ad
Deshabhimani

Articles

യുദ്ധമേഖല വിരൂപമാണ്

യുദ്ധം ആഘോഷമല്ല

war and aftermath
avatar
വിജയ് പ്രഷാദ്

Published on May 17, 2025, 12:45 AM | 3 min read

യുദ്ധമേഖല വിരൂപമാണ്. ശബ്ദത്തിന്റെയും പൊടിപടലങ്ങളുടെയും അന്തരീക്ഷം, ചുവരുകളിൽ രക്തത്തിന്റെ ഭാഷ, കൊല്ലാനോ കൊല്ലപ്പെടാനോ അഡ്രിനാലിൻ ഉൽപ്പാദിപ്പിക്കുന്ന ഭയചകിത യൗവനം, ഉൽക്കണ്ഠയും ഭയവുമകറ്റാൻ മയക്കുമരുന്നിലേക്ക് തിരിയുന്ന തലമുറ. യുദ്ധത്തിന് അയക്കപ്പെടുന്ന യുവ തൊഴിലാളിവർഗം കർത്തവ്യത്താലോ ദേശസ്നേഹത്താലോ തോക്കുകൾ പ്രയോഗിക്കുന്നില്ല; ഭയമാണ് ഏറെയും വെടിയുതിർക്കുന്നത്‌. എന്നാൽ, ഡ്രോണുകളും മിസൈലുകളും വളരെ വിദൂരത്തുനിന്നുമാത്രം തൊടുക്കുന്നുവെന്നാകുമ്പോൾ യുദ്ധം തീർത്തും യാന്ത്രികമാകുന്നു. ബട്ടണുകൾ അമർത്തുന്നവർ വിരക്തമായ ഒരു ശാസ്ത്രീയ സംവേദനക്ഷമത വികസിപ്പിക്കുന്നു. ജനങ്ങളുടെ ദൃശ്യങ്ങളില്ലാത്ത, യുദ്ധത്തിന്റെ ശബ്ദത്തിലും രക്തത്തിലും കലാശിക്കുന്ന അപകടകരമായ വീഡിയോ ഗെയിമുകളും സാങ്കേതികരംഗങ്ങളും നിറയുന്ന ടെലിവിഷൻ സ്ക്രീനുകളിലേക്ക് അവർ ഉറ്റുനോക്കുന്നു.


ആണവാക്രമണ സമയത്ത് വിദ്യാർഥികളെ അവരുടെ മേശകൾക്കടിയിൽ ഒളിക്കാൻ പ്രേരിപ്പിച്ച അമ്പതുകളിലെ അമേരിക്കൻ നടപടി അന്ന്‌ അസംബന്ധമായിരുന്നു. ഇന്നത്‌ പരിഹാസ്യമായി ആവർത്തിക്കുന്നു


ഇരുപത്തൊന്നാം നൂറ്റാണ്ടിലെ യുദ്ധങ്ങൾ മുൻകാലങ്ങളിലുണ്ടായതുപോലെയല്ല. മുമ്പ് സൈന്യങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ പ്രധാന സമ്പർക്കകേന്ദ്രം മുൻനിരയായിരുന്നു. ഇപ്പോൾ, മുൻനിര ഉണ്ടെങ്കിലും വ്യോമാക്രമണത്തിലൂടെ പിൻനിരയുടെ കളികളുമുണ്ട്‌. കണ്ടെത്താനോ തടഞ്ഞുനിർത്താനോ കഴിയാത്ത മിസൈലുകൾ ശത്രുദേശത്തേക്ക് തുളച്ചുകയറും. ഒരു ആണവ ഏറ്റുമുട്ടലിലേക്ക് മാറുകയാണെങ്കിൽ, പഴയ പ്രതിരോധതന്ത്രത്തിനൊന്നും ഇപ്പോൾ ഒരു വിലയുമില്ല. ആണവാക്രമണ സമയത്ത് വിദ്യാർഥികളെ അവരുടെ മേശകൾക്കടിയിൽ ഒളിക്കാൻ പ്രേരിപ്പിച്ച അമ്പതുകളിലെ അമേരിക്കൻ നടപടി അന്ന്‌ അസംബന്ധമായിരുന്നു. ഇന്നത്‌ പരിഹാസ്യമായി ആവർത്തിക്കുന്നു. പരമ്പരാഗത ആക്രമണങ്ങളിൽനിന്നുപോലും സ്വയം സംരക്ഷിക്കാൻ ഒരു മാർഗവുമില്ലെന്നാണ് ഗാസയിൽ വർഷങ്ങളായി കാണുന്നത്. ഇസ്രയേലി വിമാനങ്ങളിൽനിന്ന് അമേരിക്കൻ നിർമിത ബോംബുകൾ വർഷിച്ചപ്പോൾ പതിനായിരക്കണക്കിന് പലസ്തീൻകാർ കൊല്ലപ്പെട്ടു. ഇറാഖിലെ ഫലൂജയിലും റമാദിയിലും അമേരിക്ക കാലഹരണപ്പെട്ട യുറേനിയം ബോംബുകൾ വർഷിച്ചു. വർഷങ്ങൾക്കുശേഷം ഗുരുതര വൈകല്യങ്ങളുമായി ജനിക്കുന്ന കുട്ടികൾക്ക് ആണവായുധവും പരമ്പരാഗത ആയുധങ്ങളും തമ്മിലുള്ള വ്യത്യാസം നിരർഥമാക്കുന്നു.


സൗഹൃദത്തിന്റെയും മാന്യതയുടെയും സംസ്‌കാരങ്ങളെ യുദ്ധം ഇല്ലാതാക്കുന്നു. ജിപിഎസ് സംവിധാനങ്ങൾക്കും നൂതന റഡാറുകൾക്കും ഏത് കൂരിരുട്ടിന്റെയും മറവുകളെ മറികടക്കാൻ കഴിയുമെന്നിരിക്കെയാണ് 21–--ാം നൂറ്റാണ്ടിലെ ഒരു സർക്കാർ ഡ്രോണുകളിൽനിന്ന് രക്ഷപ്പെടാൻ വൈദ്യുതി വിച്ഛേദിക്കണമെന്ന് പറയുന്നത്. ജനങ്ങളെ സുരക്ഷിതരാക്കാൻ വേണ്ടിയല്ല, മറിച്ച് തങ്ങൾ യുദ്ധത്തിലാണെന്ന തോന്നൽ സൃഷ്ടിച്ച് സാധാരണക്കാരുടെ മനസ്സിൽ ഭയം വളർത്തിയെടുക്കാനാണ് വൈദ്യുതി വിച്ഛേദിക്കുന്നത്. ഇത് യുദ്ധത്തെ മുൻനിരയിലേക്ക് കൊണ്ടുവരുന്നു. ജനങ്ങളെ യുദ്ധത്തിന്റെയും അത് വളർത്തുന്ന വെറുപ്പിന്റെയും സംസ്‌കാരത്തിലേക്ക് അണിനിരത്തുന്നു. അമേരിക്ക നയിക്കുന്ന ഭീകരതയ്ക്കെതിരായ യുദ്ധം ഇത്തരത്തിലുണ്ടാക്കിയ ഭയത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. അൽഖായ്ദ അമേരിക്കയിലെ ഒരു ചെറിയ പട്ടണത്തെ ആക്രമിക്കുമെന്ന ആശങ്ക അസംബന്ധമാണ്‌. എന്നിട്ടും, തങ്ങൾ ഭീകരരുടെ ലക്ഷ്യമാകുമെന്ന് അമേരിക്കയിലെ എല്ലാ മനുഷ്യരും ഭയപ്പെടേണ്ടിവന്നു.


war and aftermath



യുദ്ധങ്ങൾ എപ്പോഴെങ്കിലും ഒരു ജനതയെ ഒന്നിപ്പിച്ചിട്ടുണ്ടോ. തങ്ങൾ തടവിലാക്കപ്പെട്ടിരിക്കുന്നു എന്ന ബോധം അവരെ പരസ്പരം ആശ്രയിക്കാൻ പ്രേരിപ്പിച്ചിട്ടുണ്ടോ. യുദ്ധം ദേശീയ സൗഹൃദത്തിന്റെ വികാസമുണ്ടാക്കുന്നതുപോലെതന്നെ ദുർലഭമായ വസ്തുക്കൾക്കുവേണ്ടിയുള്ള കടുത്ത മത്സരവും അയൽക്കാരോടുള്ള ഭയവും ഉണ്ടാക്കുന്നു. അതുകൊണ്ടാണ് യുദ്ധസമയത്ത് ‘ദേശീയ ഇച്ഛാശക്തി'യെക്കുറിച്ചും ‘ദേശസ്‌നേഹ'ത്തെക്കുറിച്ചുമൊക്കെ വാചാലമാകുന്ന പ്രചാരണങ്ങൾ നല്ല ശമ്പളം വാങ്ങുന്ന ടെലിവിഷൻ അവതാരകരിൽനിന്നടക്കം സ്വതസിദ്ധമെന്ന മട്ടിൽ ഇത്രയധികം നടക്കുന്നത്. ജനങ്ങൾ മനസ്സിലുള്ളത് പറയാൻ ഭയപ്പെടുകയോ സംഘർഷത്തിന്റെ വിശദാംശങ്ങൾ അറിയാതിരിക്കുകയോ ചെയ്യുമ്പോൾ, യഥാർഥ ‘ദേശീയ മാനസികാവസ്ഥ' ആർക്കാണ് അറിയാൻ കഴിയുക. ഇന്ത്യയിൽ ഇംഗ്ലീഷ് വാർത്തകൾക്കുള്ള കാഴ്ചക്കാർ ജനസംഖ്യയുടെ വളരെ ചെറിയൊരു ശതമാനമാണ്. അതിനാൽ, അവതാരകരുടെ മാനസികാവസ്ഥ ‘ദേശീയ മാനസികാവസ്ഥ'യുടെ സൂചകമായി എടുക്കാനാകില്ല. സൗഹൃദത്തിന്റെയും മാന്യതയുടെയും സംസ്‌കാരത്തെ തകർക്കാൻ ആസൂത്രിത പ്രചാരണം ആവശ്യമാണ്. സുഡാൻ യുദ്ധത്തിൽ ഇരുപക്ഷത്തുമുള്ള മാധ്യമപ്രവർത്തനത്തിലോ റഷ്യയെക്കുറിച്ച് പാശ്ചാത്യ മാധ്യമങ്ങളുടെ യുദ്ധതൽപ്പരതയിലോ കാണാൻ കഴിയുന്നതുപോലെ, വിദ്വേഷം ജനിപ്പിക്കുന്നതിനാണ് യുദ്ധ പ്രചാരവേല കൊഴുപ്പിക്കുന്നത്.


ഇക്കാലത്ത് മുൻനിരയിൽനിന്ന് പഠിക്കാൻ വളരെക്കുറച്ച് കാര്യങ്ങൾ മാത്രമേയുള്ളൂവെന്ന്‌ ഞാനാദ്യമായി ഇറാഖിൽ പോയപ്പോൾ ഒരു മുതിർന്ന യുദ്ധലേഖകൻ പറഞ്ഞു. ഒരു റിപ്പോർട്ടർക്ക് പോരാളികളെ നേരിട്ടു കാണാൻ കഴിഞ്ഞാൽ അവരുടെ മനോവീര്യം അളക്കാനാകും. ഭാഗ്യമുണ്ടെങ്കിൽ യുദ്ധക്കളത്തെക്കുറിച്ച് രാഷ്ട്രീയ നേതാക്കൾ പറയുന്ന നുണകൾ പൊളിച്ചെഴുതാനുമാകും. അത് നല്ല ഉപദേശമായിരുന്നു. സഹേലിൽ, നൈജറിനും ലിബിയക്കും ഇടയിലുള്ള മരുപ്രദേശങ്ങളിൽ യുദ്ധത്തിൽ ഏർപ്പെട്ട അൽഖായ്ദക്കാരെ കണ്ടുമുട്ടി. അവർ യഥാർഥത്തിൽ പ്രത്യയശാസ്ത്ര തീവ്രവാദികൾ എന്നതിലുപരി സിഗരറ്റിന്റെയും ആയുധങ്ങളുടെയും കടത്തുകാരായിരുന്നു. ദശാബ്ദക്കാലമായി ആഫ്രിക്കൻ മേഖലയെ കീറിമുറിച്ചുകൊണ്ടിരിക്കുന്ന സംഘർഷങ്ങളെക്കുറിച്ച് അതിലുപരിയായി ഒന്നും പഠിക്കാനായില്ല. ആയുധ ഇടപാടുകൾ നടക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലുകളിലും, സ്വന്തം താൽപ്പര്യങ്ങൾക്കനുസരിച്ച് പ്രശ്‌നങ്ങൾ പരിഹരിക്കാൻ വരേണ്യവർഗം അതിർത്തികൾ കടന്ന് നടത്തുന്ന രാഷ്ട്രീയഭാഷണങ്ങളുടെ ഉന്നതാന്തരീക്ഷത്തിലുമാണ് ഇന്ന് യുദ്ധവിവരങ്ങൾ ഏറ്റവും നന്നായി ലഭിക്കുന്നത്.


war and aftermath



ഇന്ന്‌ സമൂഹമാധ്യമങ്ങളും മുതലാളിത്ത മാധ്യമങ്ങളും ആർക്കും സ്ഥിരീകരിക്കാനാകാത്ത ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ച് കാഴ്ചക്കാരെ അമ്പരപ്പിക്കുകയാണ്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സമീപകാല സംഘർഷത്തിനിടെ, വികാരങ്ങളെ ഉത്തേജിപ്പിക്കുന്ന കിംവദന്തികൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിന്നു. അവതാരകർ തെറ്റായ കഥകൾ റിപ്പോർട്ട് ചെയ്യാൻ തുടങ്ങി. അവരുടെ നുണകൾക്ക് അവർക്കുതന്നെ ക്ഷമ ചോദിക്കേണ്ടിവന്നു. ഇത്തരം അതിശയോക്തികളും നുണകളും പൗരന്മാർക്ക് വിവരങ്ങൾ ലഭ്യമാക്കുന്നതിനോ ശാന്തമായ ചർച്ചയിൽ ഏർപ്പെടുന്നതിനോ ഒരുതരത്തിലും സഹായകമല്ല. മറിച്ച് വെടിവയ്പ് അവസാനിച്ചശേഷവും വിട്ടുമാറാത്ത യുദ്ധാസക്തി സൃഷ്ടിക്കാൻ രൂപകൽപ്പനചെയ്ത ഈ വ്യാജങ്ങളുടെയും അതിശയോക്തികളുടെയും ആഘാതം സംസ്‌കാരത്തിന്റെ ആത്മാവിലേക്ക് ആഴ്ന്നിറങ്ങുന്നു.


‘ഭീകരതയ്‌ക്കെതിരായ അമേരിക്കൻ യുദ്ധം' എന്ന പ്ലേബുക്കിൽ പ്രതിലോമകരമായ നിരവധി കാഴ്‌ചപ്പാടുകളുണ്ട്‌. ഏതൊരു ഭീകരാക്രമണത്തെയും നേരിടാനുള്ള വഴികൾ ഇപ്രകാരമാണ്‌: അതേക്കുറിച്ച് അന്വേഷിക്കാൻ വിസമ്മതിക്കുക, ‘ഭീകരരെ സംരക്ഷിക്കുന്ന' മറ്റൊരു രാജ്യത്തിനെതിരെ യുദ്ധത്തിൽ ഏർപ്പെടുക, ‘ഭീകര ക്യാമ്പുകളിൽ' കൃത്യമായ ആക്രമണം നടത്തുക, അന്താരാഷ്ട്ര നിയമങ്ങളെ പൂർണമായി അവഗണിക്കുക. മധ്യേഷ്യമുതൽ വടക്കേ ആഫ്രിക്കവരെയും അഫ്ഗാനിസ്ഥാൻ മുതൽ ഇറാഖുവരെയും ലിബിയമുതൽ സിറിയവരെയും നിരവധി രാജ്യങ്ങളെയും സമൂഹങ്ങളെയും നശിപ്പിക്കാൻ ഈ പ്ലേബുക്ക് ഉപയോഗിക്കുന്നുണ്ട്‌. നേതാക്കൾ കൊല്ലപ്പെട്ടിട്ടും ഈ ഗ്രൂപ്പുകൾ അപ്രത്യക്ഷമാകുന്നില്ല. മറ്റൊരു തരത്തിൽ മാരകശക്തികളായി ഉയർന്നുവരുന്നത്‌ അടിച്ചമർത്തപ്പെടുമ്പോൾ ഇത്തരം സംഘടനകൾ കൂടുതൽ വിരൂപമായ രൂപത്തിൽ തിരിച്ചെത്തുന്നു. അവശിഷ്ടങ്ങൾക്കടിയിൽ കയ്‌പ്‌ വളരുന്നു, വിദ്വേഷവും. നിർത്താനാകാത്ത ഒരു അക്രമചക്രത്തിന് അത് തുടക്കമിടുന്നു. രാഷ്ട്രീയ സംഭാഷണങ്ങളില്ലാത്തപ്പോൾ നിഷേധസിദ്ധാന്തങ്ങൾ വളരുന്നുവെന്നാണ്‌ കഠിനമായ ഭീകരാക്രമണങ്ങളിലൂടെ ലോകമെമ്പാടും വെളിവാകുന്നത്. പ്രശ്‌നങ്ങൾക്ക്‌ ഹ്രസ്വകാല ബോംബാക്രമണമല്ല, ദീർഘകാല രാഷ്ട്രീയ പരിഹാരമാണ് വേണ്ടത്.


(ട്രൈകോണ്ടിനന്റൽ: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് 
സോഷ്യൽ റിസർച്ച് എക്സിക്യൂട്ടീവ് 
ഡയറക്ടറാണ് ലേഖകൻ)



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home