ad
Deshabhimani

Articles

പ്രൊഫ. ജോസഫിന്റെ കൈ വെട്ടിയ പോപ്പുലർ ഫ്രണ്ടിന്റെ നടപടിയെ അദ്ദേഹം ശക്തമായി വിമർശിച്ച്‌ രംഗത്തുവന്നു.

ആവേശം നിറയ്‌ക്കുന്ന പോരാളി

2
എം വി ​ഗോവിന്ദൻ

Published on Jul 23, 2026, 12:38 PM | 3 min read

കേരളത്തിലെ കമ്യൂണിസ്റ്റ് പാർടിയുടെ, അതിലുപരി അധഃസ്ഥിതരും അശരണരും ചൂഷിതരുമായ ജനസഞ്ചയത്തിന്റെ അതുല്യനേതാവായ വി എസ്‌ അച്യുതാനന്ദൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഒരുവർഷം. അടിസ്ഥാന ജനവിഭാഗത്തിന്റെ മുന്നേറ്റത്തിനായി ഒരായുസ്സ്‌ മുഴുവൻ പോരാടി ചരിത്രത്തിന്റെ ഭാഗമായ പോരാളിയായിരുന്നു വി എസ്. രാജ്യത്തെ കർഷക–-കർഷകത്തൊഴിലാളികളുടെ പോരാട്ടങ്ങൾക്ക്‌, കമ്യൂണിസ്റ്റ് പാർടിയുടെ വളർച്ചയ്‌ക്ക് നേതൃത്വം നൽകിയ അദ്ദേഹം, നിസ്വവർഗത്തിന്റെ ഹൃദയത്തിൽ എന്നെന്നും ജീവിക്കുമെന്നതിൽ സംശയമില്ല. സാധാരണപ്രവർത്തകൻമുതൽ പിബി അംഗംവരെയും ഒരു ദശാബ്‌ദത്തിലധികം പാർടി സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ച വി എസ്‌, മികച്ച പ്രതിപക്ഷനേതാവും മുഖ്യമന്ത്രിയുമായിരുന്നു. ദേശാഭിമാനിയുടെ ചീഫ്‌ എഡിറ്ററായും പ്രവർത്തിച്ചു.


പതിനേഴാംവയസ്സിലാണ്‌ വി എസ്‌ കമ്യൂണിസ്റ്റ്‌ പാർടി അംഗമായത്‌. കേരളത്തിൽ കമ്യൂണിസ്റ്റ്‌ പാർടി കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ച പി കൃഷ്‌ണപിള്ളയുടെ സ്വാധീനത്തിലാണ്‌ സഖാവും കമ്യൂണിസ്റ്റ്‌–കർഷകത്തൊഴിലാളി പ്രസ്ഥാനത്തിലേക്ക്‌ ആകർഷിക്കപ്പെട്ടത്‌. പാർടി അംഗമായ ഉടൻതന്നെ കർഷകത്തൊഴിലാളി മേഖലയിലായിരുന്നു പ്രവർത്തനം. കുട്ടനാട്ടിൽ അടിമസമാനമായ ജീവിതം നയിച്ച, ഫ്യൂഡൽ മാടമ്പിമാരുടെ മർദനങ്ങൾക്കും പീഡനങ്ങൾക്കും ഇരയായ കർഷകത്തൊഴിലാളികളെ അവകാശബോധമുള്ളവരാക്കി പോരാട്ടപാതയിലേക്ക്‌ നയിക്കുന്നതിൽ വി എസ്‌ ചെറുതല്ലാത്ത പങ്കുവഹിച്ചു. തിരുവിതാംകൂർ കർഷക തൊഴിലാളി യൂണിയൻ രൂപീകരിച്ചായിരുന്നു തുടക്കം. പാടശേഖരങ്ങളിൽ ജന്മിമാരുടെ കൊള്ളപ്പിരിവുകൾക്കെതിരെ അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിൽ വലിയ പോരാട്ടങ്ങൾക്ക്‌ നേതൃത്വം നൽകി. ഇതോടൊപ്പം സർ സി പിയുടെ അമേരിക്കൻ മോഡലിനെതിരെയും ഈ മേഖലയിലെ ജനങ്ങളെ സംഘടിപ്പിക്കുന്നതിനുമുന്നിലും വി എസ്‌ ഉണ്ടായിരുന്നു. പുന്നപ്ര–-വയലാർ സമരത്തെ രക്തത്തിൽ മുക്കിക്കൊല്ലാൻ അന്നത്തെ ഭരണകൂടം ശ്രമിച്ചപ്പോഴും അതിനെതിരെ പൊരുതിനിന്ന സഖാക്കളിൽ ഒരാളായിരുന്നു. 1964ൽ കമ്യൂണിസ്റ്റ്‌ പാർടിയുടെ നാഷണൽ കൗൺസിൽ യോഗത്തിൽനിന്ന്‌ ഇറങ്ങിവന്ന 32 പേരിൽ ഒരാളായിരുന്നു വി എസ്‌. കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിൽ ഉയർന്ന റിവിഷനിസത്തിനെതിരെ പൊരുതുന്നതിലും നിർണായക പങ്കുണ്ടായിരുന്നു.


കേരളത്തിലെ വലതുപക്ഷ രാഷ്‌ട്രീയത്തിന്റെ ജീർണത തുറന്നുകാണിച്ചതിൽ വലിയ പങ്ക്‌ വി എസിനുണ്ട്‌. കേന്ദ്രത്തിൽ കോൺഗ്രസ്‌ സർക്കാരുകൾ കൈക്കൊണ്ട മൃദുഹിന്ദുത്വ നയത്തിനെതിരെയും നവ ഉദാര വാദ നയത്തിനെതിരെയും ശക്തമായ പോരാട്ടമാണ് നടത്തിയത്. മതനിരപേക്ഷതയുടെ കാവലാളായും സഖാവ്‌ പ്രവർത്തിച്ചു. നെഹ്റുവിന്റെ മതനിരപേക്ഷബോധ്യങ്ങളെ പല വേദികളിലും ഉദാഹരിച്ച വി എസ്, ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും നരസിംഹ റാവുവും മതനിരപേക്ഷത സംരക്ഷിക്കുന്നതിൽ കാട്ടിയ ശുഷ്കാന്തിയില്ലായ്മ തുറന്നുകാണിച്ചു. വർഗീയതയോട് ഒരു വിട്ടുവീഴ്ചയ്‌ക്കും വി എസ് തയ്യാറായിരുന്നില്ല. അത് ഭൂരിപക്ഷ വർഗീയതയായാലും ന്യൂനപക്ഷ വർഗീയതയായാലും അവയെ തുറന്നെതിർക്കുന്ന സമീപനമാണ് ഉണ്ടായിരുന്നത്.


ഇന്ത്യൻ ഭരണഘടനയ്‌ക്കും മതനിരപേക്ഷ ഇന്ത്യക്കും കടുത്ത ആഘാതമേൽപ്പിച്ച് സംഘപരിവാറുകാർ ബാബ്‌റി മസ്ജിദ് തകർത്തപ്പോൾ അതിനെതിരെ കേരളത്തിൽനിന്ന്‌ ഉയർന്ന പ്രധാന ശബ്ദങ്ങളിലൊന്ന് വി എസിന്റേതായിരുന്നു. നിയമസഭയിൽ ഉപക്ഷേപം അവതരിപ്പിച്ചുകൊണ്ട് ഇന്ത്യൻ റിപ്പബ്ലിക്കിനെ തകർക്കാനുള്ള ഹിന്ദുമതഭ്രാന്തന്മാരുടെ കിരാതനടപടിയെക്കുറിച്ച് സഭ ചർച്ച ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 1949ൽ ബാബ്റി മസ്ജിദിൽ രാമവിഗ്രഹം ഒളിച്ചുകടത്തിയതും ആയിരക്കണക്കിനാളുകളുടെ ജീവനപഹരിച്ച അദ്വാനിയുടെ രഥയാത്രയുംമുതൽ ആർഎസ്‌എസും സംഘപരിവാറും നടത്തിയ വർഗീയ വിഭജന ശ്രമങ്ങളെ തുറന്നുകാട്ടിയ വി എസ്, ബാബ്റി മസ്ജിദ് തകർക്കൽ പ്രസ്ഥാനത്തിന് കോൺഗ്രസ് നൽകിയ സംഭാവനകളും എടുത്തുപറഞ്ഞു. 2002ൽ നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നടന്ന വംശഹത്യയെക്കുറിച്ചും പലഘട്ടങ്ങളിലും വി എസ് സംസാരിക്കുകയുണ്ടായി. വംശഹത്യ നടക്കുമ്പോൾ കോൺഗ്രസ് എന്തുചെയ്യുകയായിരുന്നു എന്ന ചോദ്യവും പലഘട്ടങ്ങളിലും ഉയർത്തി.


ഫ്യൂഡൽ മാടമ്പിമാരുടെ ദുഷ്‌ചെയ്തികൾ എല്ലാ തീവ്രതയോടുംകൂടി അനുഭവിച്ചറിഞ്ഞ വി എസ്‌, ആ വ്യവസ്ഥയുടെ ജീർണതകളെ വാരിപ്പുണരുന്ന ആർഎസ്എസിനെ എന്നും ശക്തമായി എതിർത്തുകൊണ്ടിരുന്നു. ജനാധിപത്യവാഴ്ചയിലും രാജഭക്തിയുമായി നടക്കുന്നവരെ കണക്കിന് പരിഹസിക്കാൻ ഒരവസരവും പാഴാക്കിയിരുന്നില്ല. 2014ൽ മോദിസർക്കാർ അധികാരത്തിൽ വന്നതോടെ സംഘപരിവാറിനെതിരായ വിമർശം വി എസ് കടുപ്പിച്ചു. 2016ൽ മോദി നോട്ട്‌ നിരോധനം നടപ്പാക്കിയപ്പോൾ, നിശിതമായി വിമർശിച്ചു. ഈ പരിഷ്കാരം പൊളിഞ്ഞപ്പോൾ രാജ്യത്തെമ്പാടും മോദിക്കെതിരെ വിമർശം ഉയർന്നു. മോദിയെ രക്ഷിക്കാൻ അന്ന് ബിജെപി പടുത്തുയർത്തിയ ആഖ്യാനം രാജ്യത്തിനുവേണ്ടി വീടും കുടുംബവുംപോലും ഉപേക്ഷിച്ച നിസ്വാർഥപ്രവർത്തകനാണ് മോദിയെന്നായിരുന്നു. ഒരൊറ്റ വാചകംകൊണ്ട് വി എസ് അതിനെ പൊളിച്ചടുക്കി. മോദി വീടും കുടുംബവും ഉപേക്ഷിച്ചതിനാൽ ആ വീടും കുടുംബവും രക്ഷപ്പെട്ടുവെന്നും രാജ്യം കുളംതോണ്ടിയെന്നുമായിരുന്നു വി എസിന്റെ കമന്റ്.

അതുപോലെതന്നെ സംഘപരിവാറിന്റെ ഗോസംരക്ഷണ രാഷ്ട്രീയത്തെയും അദ്ദേഹം നഖശിഖാന്തം എതിർത്തു. പശുവിനെ ഗോമാതാവ് എന്ന് വിളിച്ചാണ് ആർഎസ്എസ് രാജ്യത്തെമ്പാടും ന്യൂനപക്ഷവേട്ടയ്‌ക്ക് കളമൊരുക്കിയത്. പശു ഗോമാതാവാണെങ്കിൽ പശുവിന്റെ ഇണയായ കാള നിങ്ങളുടെ അച്ഛനാണോ എന്ന ചോദ്യത്തിലൂടെയാണ് സഖാവ്‌ സംഘപരിവാറിനെ നേരിട്ടത്. പശു മാതാവാണെങ്കിൽ മാതാവിന്റെ മൂക്കിൽ ആരെങ്കിലും കയറിട്ട് നിയന്ത്രിക്കാൻ ശ്രമിക്കുമോ എന്ന ചോദ്യവും ഉയർത്തി. ബീഫിനെതിരെ ആർഎസ്‌എസ്‌ രംഗത്തുവന്നപ്പോൾ, ഏതു ഭക്ഷണം കഴിക്കണമെന്നത് ഓരോ മനുഷ്യന്റെയും അവകാശമാണെന്നും കേരളത്തിന്റെ മണ്ണിൽ ബീഫ് രാഷ്ട്രീയമുയർത്തി ജനങ്ങളെ ഭിന്നിപ്പിക്കാൻ അനുവദിക്കില്ലെന്നും സംശയത്തിന് ഇടമില്ലാതെ വ്യക്തമാക്കി. പാഠപുസ്തകങ്ങളിൽ സംഘപരിവാർ രാഷ്ട്രീയത്തിന് അനുകൂലമായി മാറ്റങ്ങൾ വരുത്തിയതിനെതിരെയും രംഗത്തുവന്നു. ചരിത്രം എന്ന രീതിയിൽ അസംബന്ധങ്ങളാണ് പഠിപ്പിക്കാൻ ശ്രമിക്കുന്നതെന്നും ഇത്‌ അനുവദിക്കില്ലെന്നും പലവേദികളിലും പറഞ്ഞു. ക്ഷേത്രങ്ങളെ ആർഎസ്എസിന്റെ ആയുധപരിശീലന കേന്ദ്രങ്ങളാക്കുന്നതിനെതിരെ മുഖ്യമന്ത്രിയായപ്പോഴും പ്രതിപക്ഷനേതാവായപ്പോഴും ഒരേസ്വരത്തിൽ വി എസ് എതിർത്തു. വിവേകാനന്ദനെയും ശ്രീനാരായണഗുരുവിനെയും സങ്കുചിത അറയിൽ അടയ്ക്കാൻ സംഘപരിവാർ നടത്തിയ ശ്രമങ്ങൾക്കെതിരെയും വിട്ടുവീഴ്ചയില്ലാതെ പോരാടി. ഈശ്വരനല്ല, മനുഷ്യർക്ക് പ്രഥമപരിഗണന നൽകിയവരാണ് ശ്രീനാരായണഗുരുവും വിവേകാനന്ദനും എന്നു പറഞ്ഞ അദ്ദേഹം, ഇരുവരും ജാതിഭ്രാന്തിനെതിരെ നടത്തിയ പോരാട്ടങ്ങളെ എടുത്തുകാട്ടുകയും ചെയ്തു.


ഇസ്ലാമിക വർഗീയതയ്‌ക്കെതിരെയും വി എസ് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിച്ചത്. പ്രൊഫ. ജോസഫിന്റെ കൈ വെട്ടിയ പോപ്പുലർ ഫ്രണ്ടിന്റെ നടപടിയെ അദ്ദേഹം ശക്തമായി വിമർശിച്ച്‌ രംഗത്തുവന്നു. ഇന്ത്യൻ ഭരണഘടന മുന്നോട്ടുവയ്‌ക്കുന്ന ജനാധിപത്യ, മതനിരപേക്ഷ, സാമൂഹ്യനീതിയിലധിഷ്ഠിതമായ ഫെഡറൽ റിപ്പബ്ലിക്കിനുവേണ്ടി അവസാനശ്വാസംവരെയും പൊരുതിയ ധീരനായ കമ്യൂണിസ്റ്റാണ് വി എസ്. മോദിയുടെ നേതൃത്വത്തിൽ രാജ്യത്തെ ഹിന്ദുരാഷ്ട്രമാക്കാൻ സംഘപരിവാർ ശ്രമിക്കുമ്പോൾ, ആ ശക്തികൾക്കെതിരെ സഖാവ്‌ നടത്തിയ പോരാട്ടം നമുക്ക് ആവേശം പകരും. ആ ഓർമയിൽനിന്നുയരുന്ന ഊർജം രാജ്യത്തെ മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കായി നിലനിർത്താൻ നമുക്ക് ശക്തിപകരും.



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home