ad
Deshabhimani

Articles

ഇ‍ൗ സർക്കാരിന്‌ മുഖ്യം ജനങ്ങളല്ല

ഇ‍ൗ സർക്കാരിന്‌ മുഖ്യം ജനങ്ങളല്ല

Rain
avatar
എം വി ഗോവിന്ദൻ

Published on Aug 06, 2026, 01:30 AM | 4 min read

‘‘ഞങ്ങളുടെ പപ്പയെ കാണാതായിട്ട് അഞ്ചുദിവസമായി. വേദന തിന്ന് എത്രനാൾ കഴിയണം? മുഖ്യമന്ത്രിയോ മന്ത്രിമാരോ എംഎൽഎയോ തിരിഞ്ഞുനോക്കിയില്ല. കലക്ടർ ഫോണെടുത്തില്ല’’– വിഴിഞ്ഞത്തുനിന്ന്‌ മീൻപിടിത്തത്തിന് പോയി കാണാതായ ജോണിന്റെ മക്കൾ ജിജിയും ജീനിലും ജിത്തുമോളും കാണാനെത്തുന്നവർക്കുമുമ്പിൽ വിതുമ്പി പറഞ്ഞ വാക്കുകളാണിത്. ‘‘ബന്ധു ആശുപത്രിയിലായപ്പോൾ ഹെലികോപ്റ്ററിൽ കാണാൻപോയ മുഖ്യമന്ത്രിക്ക് ഞങ്ങളുടെ വേദന മനസ്സിലാകില്ല’’ എന്ന്‌ അവർ കൂട്ടിച്ചേർത്തു. പ്രകൃതിദുരന്തങ്ങൾ നേരിടുന്നതിൽ യുഡിഎഫ് സർക്കാരിന്റെ അനാസ്ഥയുടെയും പിടിപ്പുകേടിന്റെയും നിസ്സംഗതയുടെയും ആഴം വ്യക്തമാക്കുന്നതാണ് ഈ കുട്ടികളുടെ പ്രതികരണം. ഇത് വിഴിഞ്ഞത്തുമാത്രമല്ല,


ദുരന്തമുണ്ടായ പല പ്രദേശങ്ങളിലും ഉയരുന്ന രോദനമാണ്. ദുരന്തമുണ്ടാകുമ്പോൾ ഒപ്പംനിൽക്കേണ്ട സർക്കാരും ഔദ്യോഗികസംവിധാനങ്ങളും അതിന് തയ്യാറാകാതിരിക്കുമ്പോൾ സ്വാഭാവികമായും ജനങ്ങളിൽനിന്ന്‌ ഉയരുന്ന പ്രതികരണങ്ങളാണിത്. കടലിൽ വീണാൽ കിട്ടാൻ ദിവസങ്ങൾ എടുക്കുമെന്ന മന്ത്രി മുരളീധരന്റെ പ്രസ്താവന മുറിവിൽ മുളകുപുരട്ടുന്നതിനു സമാനമാണ്. സർക്കാർ അനാസ്ഥയുടെ ഏറ്റവും പ്രകടമായ ഉദാഹരണംകൂടിയാണിത്‌. കടലിൽ അപകടത്തിൽപ്പെട്ടവർ സ്വയം രക്ഷ കണ്ടെത്തട്ടെ, സർക്കാരിന് ഒന്നും ചെയ്യാനാകില്ലെന്ന ദയാരാഹിത്യമാണ് മന്ത്രിയുടെ വാക്കുകളിൽ പ്രതിഫലിക്കുന്നത്.


ദുരന്തവേളയിൽ ജനങ്ങളെ ചേർത്തുപിടിച്ച്‌, അവർക്ക് ആശ്വാസവും പ്രതീക്ഷയും നൽകേണ്ട സർക്കാരാണ് ഒന്നും ചെയ്യാനാകില്ലെന്നു പറഞ്ഞ് മുഖംതിരിഞ്ഞ്‌ നിൽക്കുന്നത്. കേന്ദ്രസർക്കാരിനെപ്പോലെ ഉത്തരവാദിത്വങ്ങളിൽനിന്ന്‌ ഒളിച്ചോടുകയാണ് കേരളത്തിലെ യുഡിഎഫ്‌ സർക്കാരും. മുതലപ്പൊഴിയിലും വിഴിഞ്ഞത്തും കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താൻ തിരച്ചിൽ വൈകിയെന്ന ആരോപണം ശക്തമാണ്. ഫിഷറീസും തീരദേശ പൊലീസും ആഴക്കടലിലേക്ക് പോകാൻ തയ്യാറായില്ലെന്നും തിരച്ചിലിന് നാവികസേനയുടെ സഹായം അഭ്യർഥിച്ചില്ലെന്നും മത്സ്യത്തൊഴിലാളികൾ പരാതിപ്പെടുന്നു.

ഇത്‌ ഉദാഹരണങ്ങൾമാത്രം. നാലഞ്ചുദിവസങ്ങളായി സംസ്ഥാനത്തിന്റെ പല ഭാഗത്തും പെരുമഴയാണ്. സർക്കാരിന്റെ വീഴ്ചകളും പെരുമഴപോലെതന്നെ ജനങ്ങളിൽ പതിക്കുകയാണ്. സംസ്ഥാനത്തെ നടുക്കിയ പ്രകൃതിദുരന്തത്തിൽ ഇതിനകം 27 പേരുടെ ജീവൻ നഷ്ടമായി. പതിനായിരങ്ങൾ വിവിധ ക്യാമ്പുകളിൽ കഴിയുകയാണ്. മിന്നൽപ്രളയമാണ് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലുണ്ടായത്. കാലം തെറ്റിയെത്തിയ മഴയൊന്നുമല്ല ഇത്. കുറച്ചുവർഷങ്ങളായി ജൂലൈ, -ആഗസ്ത് മാസങ്ങളിൽ മഴ ശക്തമാകാറുണ്ട്. ഇക്കുറിയും കേന്ദ്ര കാലാവസ്ഥാവകുപ്പ് സംസ്ഥാനത്തിന് വിശദമായ മുന്നറിയിപ്പ് നൽകിയിരുന്നു. അടുത്ത രണ്ടുദിവസങ്ങളിൽ തീവ്രമോ അതിതീവ്രമോ ആയ മഴയ്ക്ക് സാധ്യതയാണ് അവർ ജൂലൈ 31ന് പ്രവചിച്ചത്. 11 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.


ഇത്തരം വിവരങ്ങളുടെ പശ്ചാത്തലത്തിൽ ഒരുക്കം നടത്തേണ്ടത് സംസ്ഥാന, ജില്ലാ ഭരണസംവിധാനങ്ങളാണ്. എന്നാൽ, ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ബാധ്യസ്ഥരായ മുഖ്യമന്ത്രിയും മന്ത്രിമാരും ജില്ലാ ഭരണമേധാവികളും അത് -നിർവഹിക്കുന്നതിൽ ഗുരുതര വീഴ്ചവരുത്തുന്നതാണ് കഴിഞ്ഞദിവസങ്ങളിൽ കേരളം കണ്ടത്. സംസ്ഥാന, ജില്ലാ തലങ്ങളിൽ ഒരുതരത്തിലുള്ള ഏകോപനവും ഉണ്ടായില്ല.

സംസ്ഥാനത്ത് പ്രകൃതിദുരന്തങ്ങൾ കുറെ വർഷങ്ങളായി പതിവാണ്. ഒരുക്കങ്ങളും മുൻകരുതലുകളുംവഴിയാണ് നാം അതിന്റെ ആഘാതം കുറയ്ക്കാറുള്ളത്. പ്രളയസാഹചര്യങ്ങൾ മുൻകൂട്ടി കാണുന്നതിനുള്ള സംവിധാനങ്ങളുള്ളതിനാൽ അതിന്റെ അടിസ്ഥാനത്തിൽ ഫലപ്രദമായ ഒരുക്കങ്ങൾ സർക്കാരും ത്രിതല ഭരണസംവിധാനങ്ങളും സാമൂഹ്യ, സന്നദ്ധ സംഘടനകളും കൂട്ടായി നടത്തുന്നതിനാലാണ് ദുരന്തത്തിന്റെ ആഘാതം കുറയ്ക്കാൻ കഴിയുന്നത്. ദുരന്തനിവാരണത്തിന് ഓരോ നിമിഷവും വിലപ്പെട്ടതാണ്. ഒരുനിമിഷം പിഴച്ചാൽ വിലപ്പെട്ട ജീവനുകൾ നഷ്ടപ്പെടുന്നതാണ് അനുഭവം.

കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ് കിട്ടിയശേഷം എട്ടുമണിക്കൂറിലധികം സർക്കാരിനുമുന്നിലുണ്ടായിരുന്നു. വെള്ളി വൈകിട്ടോടെ ശക്തമായ മഴ ആരംഭിച്ചിരുന്നെങ്കിലും മുന്നറിയിപ്പ് നൽകിയത്‌ അർധരാത്രിയോടെയാണ്. ശനി രാവിലെ, വെള്ളം കയറിയ വീടുകളിൽനിന്ന്‌ പലർക്കും പുറത്തുകടക്കാൻ കഴിഞ്ഞില്ല. വീട്ടുപകരണങ്ങളും വാണിജ്യസ്ഥാപനങ്ങളിലെ സാധനങ്ങളും മാറ്റുന്നതിന് അവസരമുണ്ടായില്ലെന്ന പരാതി വ്യാപകമാണ്. പ്രത്യേകിച്ചും റാന്നി, ആറന്മുള മേഖലകളിൽ. ഗ്രാമങ്ങളും നഗരങ്ങളും ഒരുപോലെ വെള്ളത്തിനടിയിലായപ്പോഴാണ് സർക്കാർസംവിധാനങ്ങൾ ഉറക്കമുണർന്നത്. റെഡ് അലർട്ട് അടയാളപ്പെടുത്തിയ ഭൂപടം സഹിതം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദേശം നൽകിയിട്ടും 2019 മുതൽ പിന്തുടരുന്ന നടപടിക്രമങ്ങൾ പാലിക്കാൻ സർക്കാർ തയ്യാറായില്ല.


സാധാരണ ജൂൺമുതൽതന്നെ മഴക്കെടുതി പ്രതീക്ഷിച്ചുള്ള ഒരുക്കങ്ങൾ ചെയ്യാറുണ്ട്. പ്രളയബാധിത മേഖലയിലുള്ളവരെ, പ്രത്യേകിച്ചും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സ്ഥലങ്ങളിലുള്ളവരെ ബന്ധുവീടുകളിലേക്കുംമറ്റും താൽക്കാലികമായി മാറ്റിപ്പാർപ്പിക്കുക പതിവാണ്. ദുരിതാശ്വാസക്യാമ്പുകൾ സജ്ജീകരിക്കുകയും അവിടെ അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തുകയും രക്ഷാസേനകളെ ഒരുക്കിനിർത്തുകയും ചെയ്യാറുണ്ടായിരുന്നു. ഇക്കുറി അതൊന്നും ഉണ്ടായില്ലെന്ന് ദുരന്തബാധിത മേഖലയിലെ ജനങ്ങളുടെ പ്രതികരണങ്ങളിൽനിന്ന്‌ വ്യക്തമാകുന്നു.


മൂഴിയാർ ഡാം തുറന്നതിലെ ഗുരുതരവീഴ്ചയും ദുരന്തത്തിന്റെ ആഘാതം കൂട്ടി. വെള്ളി രാത്രി ജലനിരപ്പ് റെഡ് അലർട്ട് കടന്നതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ്‌ നൽകിയിരുന്നു. ഏതുനിമിഷവും ഷട്ടർ തുറക്കുമെന്ന് അറിയിച്ചിട്ടും താഴ്‌ന്നപ്രദേശങ്ങളിൽ മൈക്ക് അനൗൺസ്‌മെന്റുപോലും ഉണ്ടായില്ല. ജനപ്രതിനിധികളെയും തദ്ദേശസ്ഥാപനങ്ങളെയും പിആർഡിയെയും അറിയിച്ചിട്ടുമാത്രമേ ഡാം തുറക്കാവൂ എന്ന പ്രോട്ടോകോൾ പാലിച്ചില്ല. ശനി പുലർച്ചെ ഒന്നിന് മൂഴിയാർ, കക്കി-ആനത്തോട് ഡാമുകൾ തുറന്നു. ഇതോടെ പമ്പയിലും പോഷകനദിയായ കക്കാട്ടാറിലും ജലനിരപ്പ് ഉയർന്നു. റാന്നി, വടശേരിക്കര തുടങ്ങിയ മേഖലകൾ വെള്ളത്തിനടിയിലാവുകയും ചെയ്തു.


മുൻകൂട്ടി അറിയിപ്പില്ലാതെ ഡാമുകൾ തുറന്നതാണ് ദുരന്തത്തിന് കാരണമായത്. ഇത് സർക്കാർ വരുത്തിവച്ച ദുരന്തമാണെന്ന് ഈ മേഖലയിലെ ജനങ്ങൾ ആരോപിക്കുന്നതും ഇതിനാലാണ്. വെള്ളം കയറിയ പ്രദേശങ്ങളിലെ ചെളിയും അവശിഷ്‌ടങ്ങളും നീക്കാൻ സംവിധാനമുണ്ടായില്ല. ദുരിതാശ്വാസക്യാമ്പുകളുടെ അവസ്ഥ അതിലും ഹൃദയഭേദകമാണ്. ഭക്ഷണവും കുടിവെള്ളവുംപോലും ലഭിക്കുന്നില്ലെന്ന പരാതിയും പല ക്യാമ്പുകളിൽനിന്ന്‌ ഉയരുകയാണ്.


​ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകേണ്ട മുഖ്യമന്ത്രിയാകട്ടെ, ഇ‍ൗ ദിവസങ്ങളിൽ സ്വകാര്യപരിപാടികളുടെ തിരക്കിലായിരുന്നു. ദുരന്തനിവാരണ ആസ്ഥാനത്തെത്തി ഇവ അവലോകനം ചെയ്യാൻ മുഖ്യമന്ത്രിയോ റവന്യുമന്ത്രിയോ തയ്യാറായില്ല. സംസ്ഥാനം പ്രളയക്കെടുതിയിൽപ്പെട്ട് ദുരിതമനുഭവിക്കുമ്പോൾ മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ ഊരുചുറ്റുകയായിരുന്നു. പ്രളയക്കെടുതിയുടെ ആദ്യ രണ്ടുദിവസം ദുരന്തസ്ഥലങ്ങളിൽ തിരിഞ്ഞുനോക്കിയില്ല. ആലുവയിൽ സ്വകാര്യ ആശുപത്രി ഉദ്ഘാടനം, സ്വകാര്യ എൻജിനിയറിങ്‌ കോളേജുകളിലെ പരിപാടികൾ, പൊന്നാനിയിൽ വിരുന്ന്, കുറ്റിപ്പുറത്തെ കോളേജിൽ കോൺക്ലേവ് ഉദ്ഘാടനം, കൊച്ചിയിൽ ഷോറൂം ഉദ്ഘാടനം തുടങ്ങിയ പരിപാടികൾക്ക് സമയം കണ്ടെത്തിയ മുഖ്യമന്ത്രി ദുരന്തമുഖത്തേക്ക് പറന്നെത്താനോ ദുരന്തബാധിതർക്ക് ആശ്വാസമേകാനോ തയ്യാറായില്ല.


മൂന്നാംദിവസം മാധ്യമങ്ങളെ കണ്ടപ്പോൾമാത്രമാണ് മുഖ്യമന്ത്രിയിൽനിന്ന്‌ ദുരന്തവുമായി ബന്ധപ്പെട്ട ഔദ്യോഗികപ്രതികരണംപോലും ഉണ്ടാകുന്നത്. കാലാവസ്ഥാവകുപ്പിനെയും എൽ നിനോ പ്രതിഭാസത്തെയും പ്രതിഭാഗത്ത് നിർത്തി സർക്കാരിന്റെ വീഴ്ചകൾ മറച്ചുപിടിക്കാനുള്ള വൃഥാശ്രമമാണ്‌ മുഖ്യമന്ത്രി നടത്തിയത്. ഭൂരിപക്ഷം മാധ്യമങ്ങളും ഒരുക്കിയ രക്ഷാകവചത്തിലാണ്‌ മുഖ്യമന്ത്രി പിടിച്ചുനിന്നത്‌. സ്വകാര്യ ആവശ്യത്തിന് ഹെലികോപ്റ്റർ ഉപയോഗിച്ചതിന് തൃപ്തികരമായ വിശദീകരണം നൽകാൻ മുഖ്യമന്ത്രിക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല. എൽഡിഎഫ് സർക്കാർ സംസ്ഥാന ആവശ്യങ്ങൾക്കായി ഹെലികോപ്റ്റർ വാങ്ങാൻ തീരുമാനിച്ചപ്പോൾ, അത് ധൂർത്താണെന്ന് നിയമസഭയിലടക്കം ആക്ഷേപമുയർത്തിയ ആളാണ്‌ അന്ന്‌ പ്രതിപക്ഷനേതാവായിരുന്ന വി ഡി സതീശൻ. ദുരിതാശ്വാസപ്രവർത്തനങ്ങൾക്കും അവയവമാറ്റ ശസ്ത്രക്രിയകളെ സഹായിക്കാനുമാണ് എൽഡിഎഫ് ഭരണകാലത്ത്‌ ഹെലികോപ്റ്റർ ഉപയോഗിച്ചിരുന്നത്.


ഇപ്പോൾ വ്യക്തിപരമായ ആവശ്യങ്ങൾക്ക് മുഖ്യമന്ത്രി ഹെലികോപ്റ്റർ ഉപയോഗിച്ചതാണ് വിവാദത്തിന് കാരണം. ഇതുസംബന്ധിച്ച ചോദ്യങ്ങളിൽനിന്ന്‌ രക്ഷപ്പെടാനാണ് നിക്ഷേപക ഗ്രൂപ്പിനെ കാണാനായാണ് ഹെലികോപ്റ്റർ ഉപയോഗിച്ച് കൊച്ചിയിലേക്ക് പോയതെന്ന് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ, സ്വന്തം വാക്കുകൾ കള്ളമായിരുന്നെന്ന് ബുധനാഴ്ച മുഖ്യമന്ത്രിതന്നെ പറഞ്ഞു. കൊച്ചിയിൽ പോയപ്പോൾ നിക്ഷേപകരെ കണ്ടുവെന്നാണ് പുതിയ വ്യാഖ്യാനം. ദിവസം ഒരു കളവെങ്കിലും പറയാതെ ഉറക്കംവരാത്ത സ്ഥിതിയാണ് മുഖ്യമന്ത്രിക്കെന്ന്‌ തോന്നുന്നു. ഏതു നിക്ഷേപകരുമായാണ് ചർച്ച നടത്തിയതെന്ന് വ്യക്തമാക്കാൻ മുഖ്യമന്ത്രി തയ്യാറാകുന്നില്ല. പൊതുപ്രവർത്തകൻ എന്നനിലയിൽ മുഖ്യമന്ത്രി ആരുമായാണ് ചർച്ച നടത്തിയതെന്ന് വ്യക്തമാക്കണം. എവിടെവച്ചാണ് ചർച്ച നടന്നതെന്ന്‌ പറയാനും തയ്യാറാകണം.


സർക്കാർസംവിധാനങ്ങളൊന്നും ഈ ചർച്ചയെക്കുറിച്ച് അറിഞ്ഞില്ലെന്നാണ് മാധ്യമവാർത്ത. അതായത്, സംസ്ഥാന താൽപ്പര്യത്തിനെതിരായ ചർച്ചയാണോ നടന്നത്? അധികാരമേൽക്കുന്നതിനുമുമ്പ് മംഗളൂരുവിൽ നടത്തിയ രഹസ്യചർച്ചയുടെ തുടർച്ചയാണോ ഇത്? വ്യക്തമാക്കേണ്ടത് മുഖ്യമന്ത്രിയാണ്. ഒരുകാര്യം വ്യക്തം. ദുരന്തത്തിൽപ്പെട്ട് ഉഴലുന്ന മനുഷ്യരെ സഹായിക്കലല്ല ഈ സർക്കാരിന് മുഖ്യം; സ്വകാര്യനിക്ഷേപകരുടെ താൽപ്പര്യസംരക്ഷണമാണ് മുഖ്യമന്ത്രിക്ക് പ്രധാനം. സ്വാഭാവികമായും ഈ ഘട്ടത്തിൽ പിണറായി സർക്കാരിനെ ജനങ്ങൾ ഓർത്തുപോകും.



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home