വാഗ്ഭടാനന്ദ ദർശനത്തിന്റെ കാലിക പ്രസക്തി


ടി പി കുഞ്ഞിക്കണ്ണന്
Published on Oct 29, 2025, 12:15 AM | 2 min read
1892ലാണ് സ്വാമി വിവേകാനന്ദൻ കേരളം സന്ദർശിച്ചത്. അന്നത്തെ കേരളത്തെ വിവേകാനന്ദൻ ഭ്രാന്താലയം എന്നാണ് വിശേഷിപ്പിച്ചത്. അതിന്റെ കാരണം സാമൂഹികരംഗത്തെ ജാതീയത, അയിത്തം, തീണ്ടൽ തുടങ്ങിയ അനാചാരങ്ങളും സാമ്പത്തികരംഗത്തെ ജന്മി നാടുവാഴി അധീശത്വവും ചേർന്നുണ്ടായ വിവേചനപരമായ സവിശേഷ അവസ്ഥയായിരുന്നു. താഴ്ന്നവരായി കണക്കാക്കിയിരുന്നവർക്ക് പൊതുവഴിയിൽപ്പോലും നടക്കാൻ അനുവാദമില്ലായിരുന്നു. അതുകൊണ്ടുകൂടിയാകാം വിവേകാനന്ദ സന്ദർശനത്തിന്റെ പിറ്റേവർഷംതന്നെ മഹാനായ അയ്യൻകാളി പൊതുവഴിയിൽ കാലുറപ്പിക്കാനായി പ്രസിദ്ധമായ വില്ലുവണ്ടി സമരത്തിന് നേതൃത്വം നൽകിയത്.
1890കളിൽനിന്ന് 1970കളിലേക്ക് എത്തിയപ്പോൾത്തന്നെ അതായത് കേവലം എട്ടുപതിറ്റാണ്ടുകൾക്കുശേഷം നടന്ന ആധുനിക കണക്കെടുപ്പുകളിൽ കേരളം മറ്റ് സംസ്ഥാനങ്ങൾക്കുപോലും -മാതൃകയായി. കേരളമെന്ന കൊച്ചുപ്രദേശം ഭ്രാന്താലയത്തിൽനിന്ന് വഴികാട്ടിയായി മാറി. ഈ ഒരു മാറ്റം വരുത്തിയതിൽ ധാരാളം വ്യക്തികളും പ്രസ്ഥാനങ്ങളും സ്തുത്യർഹമായ പങ്ക് വഹിച്ചിട്ടുണ്ട്. ഇക്കൂട്ടത്തിൽ എന്തുകൊണ്ടും മുൻപന്തിയിൽ നിൽക്കുന്ന സാമൂഹ്യപരിഷ്കർത്താവാണ് വാഗ്ഭടാനന്ദൻ.
വാഗ്ഭടാനന്ദൻ 1885ൽ കണ്ണൂർ ജില്ലയിലെ പാട്യത്താണ് ജനിച്ചത്. വിദ്യാഭ്യാസം നേടിയത് സമീപപ്രദേശങ്ങളിൽനിന്നായിരുന്നെങ്കിലും വാഗ്ഭടാനന്ദന്റെ പ്രധാന പ്രവർത്തനമേഖല കോഴിക്കോടായിരുന്നു. സംസ്കൃത ഭാഷയിലും മതഗ്രന്ഥങ്ങളിലും അഗാധമായ പാണ്ഡിത്യം നേടി. എന്നാൽ, പാണ്ഡിത്യം തുളുമ്പാത്ത ഇടപെടൽരീതിയും അറിവിനെ നിസ്വാർഥമായി പകർന്നുനൽകാനുള്ള മാനസികാവസ്ഥയുമെല്ലാം വാഗ്ഭടാനന്ദനെ അക്കാലത്തെ ആസ്ഥാനപണ്ഡിതരിൽനിന്ന് വ്യത്യസ്തനാക്കി. 1939 ഒക്ടോബർ 29നാണ് അദ്ദേഹം അന്തരിച്ചത്.
വാഗ്ഭടാനന്ദ ദർശനം
സാമൂഹ്യപരിഷ്കർത്താക്കളായ മനീഷികളുമായുള്ള ബന്ധവും സംവാദങ്ങളുംവഴിയാണ് പ്രത്യേകമായൊരു ദാർശനികനിലപാട് വാഗ്ഭടാനന്ദനിൽ വളർന്നുവരുന്നത്. ഒന്നാമത്തേത്, ബ്രഹ്മസമാജത്തിലെ സ്വാമി ശിവയോഗിയുമായുള്ളതായിരുന്നു. രണ്ടാമത്തേതാകട്ടെ, ശ്രീനാരായണ ഗുരുവുമായും. ശിവയോഗിയുടെ സന്ദേശങ്ങൾ പ്രചരിപ്പിക്കാനായി ‘ശിവയോഗി വിലാസം' എന്നൊരു പത്രംതന്നെ വാഗ്ഭടാനന്ദൻ ആരംഭിച്ചിരുന്നു. ശിവയോഗി യുക്തിചിന്തയ്ക്ക് ഊന്നൽ നൽകിയ പണ്ഡിതൻമാത്രമായിരുന്നില്ല; നിരീശ്വരവിശ്വാസികൂടിയായിരുന്നു. എന്നാൽ, വാഗ്ഭടാനന്ദൻ യുക്തിചിന്തയ്ക്ക് ഊന്നൽ നൽകിയ ഈശ്വരവിശ്വാസിയായിരുന്നു. അതിനാൽ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ യുക്തിയുടെ ഭാഷയിൽ ചിന്തിക്കുകയും ചോദ്യം ചെയ്യുകയും പ്രവർത്തിക്കുകയും ഈശ്വരചിന്തയുടെ പേരിൽ നടക്കുന്ന അനാചാരങ്ങളെ ശക്തമായി എതിർക്കുകയും ചെയ്തു.
‘ഉണരുവിൻ അഖിലേശനെ സ്മരിപ്പിൻ, ക്ഷണമെഴുന്നേൽപ്പിൻ അനീതിയോടെതിർപ്പിൻ' എന്ന സന്ദേശത്തിന്റെ (മുദ്രാവാക്യം) ഉൾക്കാമ്പ് വിശദീകരിക്കാനായി ആത്മവിദ്യ എന്ന ഗ്രന്ഥവും പ്രസിദ്ധീകരിച്ചു. ഈ പ്രവർത്തനങ്ങളിലൂടെ പല പ്രദേശങ്ങളിലെയും ഉത്പതിഷ്ണുക്കളായ ചെറുപ്പക്കാരെ ആവേശഭരിതരാക്കി. ആ സന്ദേശം പ്രാവർത്തികമാക്കാനുള്ള പലവിധ വേദികളും സംരംഭങ്ങളും അതുവഴി ഉയർന്നുവന്നു
ശ്രീനാരായണ ഗുരുവിന്റെ ജ്ഞാനമാർഗത്തിൽ ഏറെ തൽപ്പരനായിരുന്ന വാഗ്ഭടാനന്ദൻ ഒരിക്കലും ക്ഷേത്രനിർമാണത്തിന്റെയോ വിഗ്രഹപ്രതിഷ്ഠയുടെയോ ബിംബാരാധനയുടെയോ വക്താവായിരുന്നില്ല. ശ്രീനാരായണ ഗുരുവുമായി പലതരം സംവാദങ്ങളിൽ ഏർപ്പെട്ടു. വസ്തുനിഷ്ഠമായ ഈയൊരു വൈജ്ഞാനികപശ്ചത്താലത്തിൽ ശിവയോഗിയിൽനിന്നുള്ള യുക്തിചിന്തയും ശ്രീനാരായണ ഗുരുവിൽനിന്നുള്ള ജ്ഞാനമാർഗവും ചേർന്നൊരു ദർശനമാണ് തന്റേതായി അദ്ദേഹം വളർത്തിക്കൊണ്ടുവന്നത്. ഈ രീതിയിൽ ഉയർന്നുവന്ന വാഗ്ഭടാനന്ദ ദർശനത്തെയാണ് ആത്മവിദ്യ എന്നുപറയുന്നത്. അതിന്റെ പ്രചാരണത്തിനുള്ള വേദിയായിരുന്നു ആത്മവിദ്യാസംഘം. അത് വ്യക്തിഗത പ്രവർത്തനങ്ങളിലാണ് കൂടുതൽ ഊന്നിയത്. ‘ഉണരുവിൻ അഖിലേശനെ സ്മരിപ്പിൻ, ക്ഷണമെഴുന്നേൽപ്പിൻ അനീതിയോടെതിർപ്പിൻ' എന്ന സന്ദേശത്തിന്റെ (മുദ്രാവാക്യം) ഉൾക്കാമ്പ് വിശദീകരിക്കാനായി ആത്മവിദ്യ എന്ന ഗ്രന്ഥവും പ്രസിദ്ധീകരിച്ചു. ഈ പ്രവർത്തനങ്ങളിലൂടെ പല പ്രദേശങ്ങളിലെയും ഉത്പതിഷ്ണുക്കളായ ചെറുപ്പക്കാരെ ആവേശഭരിതരാക്കി. ആ സന്ദേശം പ്രാവർത്തികമാക്കാനുള്ള പലവിധ വേദികളും സംരംഭങ്ങളും അതുവഴി ഉയർന്നുവന്നു.
വാഗ്ഭടാനന്ദന്റെ ജീവിതകാലത്ത് നിലവിലുണ്ടായിരുന്ന സാമൂഹ്യ സാമ്പത്തിക സാഹചര്യം നാം തുടക്കത്തിലേ നിരീക്ഷിക്കുകയുണ്ടായി. ദരിദ്രർ പിന്നാക്കാവസ്ഥയിലാകുകയും ഇരട്ടചൂഷണത്തിന് ഇരയാവുകയുമായിരുന്നു. അവരിലേക്ക് ആത്മവിദ്യ എന്ന ദർശനത്തെ എത്തിക്കാനല്ല വാഗ്ഭടാനന്ദൻ ശ്രമിച്ചത്. പകരം നിലവിലുള്ള സാഹചര്യത്തെ പ്രായോഗികമായി ചോദ്യം ചെയ്യാനാണ് ശ്രമിച്ചത്. എന്തുകൊണ്ട് ദാരിദ്ര്യം! എന്തുകൊണ്ട് സാമ്പത്തിക–സാമൂഹ്യ പിന്നാക്കാവസ്ഥ! എന്നീ ചോദ്യങ്ങൾ അദ്ദേഹം ഉയർത്തി. ദരിദ്രർക്ക് ഭക്ഷണം നൽകാനും തൊഴിൽ നൽകാനും വിദ്യാഭ്യാസം നൽകാനും പരസ്പര നാണയസംഘവും തൊഴിലാളികളുടെ സഹകരണസംഘവുമെല്ലാം ഉയർന്നുവന്നു. അവ ഇന്നും വിജയസ്തംഭങ്ങളായിത്തന്നെ നിലനിൽക്കുന്നു. ഊരാളുങ്കൽ സഹകരണ ബാങ്കിന്റെയും യുഎൽസിസിയുടെയും സ്ഥാപകരെല്ലാംതന്നെ ആത്മവിദ്യാസംഘം പ്രവർത്തകരായിരുന്നു.
വാഗ്ഭടാനന്ദ ദർശനത്തെ പുതുക്കുകയും വളർത്തുകയും ചെയ്ത് പുതിയ മുന്നേറ്റങ്ങൾക്ക് ആക്കംകൂട്ടുകയാണ് ഇനി വേണ്ടത്. യുക്തിചിന്തയും മതനിരപേക്ഷനിലപാടുകളും ജനാധിപത്യബോധവും വെല്ലുവിളിക്കപ്പെടുന്നു. ഇത്തരത്തിലുള്ള പ്രശ്നങ്ങളും വെല്ലുവിളികളും ഉണ്ടാകുന്നിടങ്ങളിലെല്ലാം പുതിയ പോർമുഖങ്ങൾ തുറക്കണം. വാഗ്ഭടാനന്ദ ദർശനം അനീതിക്കും അസമത്വത്തിനും എതിരായ പോരാട്ടങ്ങൾക്കുള്ള കൈത്താങ്ങായി മാറണം. അഥവാ അങ്ങനെ നാം അവയെ മാറ്റിത്തീർക്കേണ്ടതുണ്ട്.














