Deshabhimani

ഇങ്ങനെയൊക്കെ ചെയ്യാമോ

v d satheeshan
avatar
സി കെ ദിനേശ്‌

Published on Feb 18, 2026, 03:37 AM | 2 min read

തന്റെ ജാഥയ്ക്കിടെ ഏറ്റുമുട്ടിയ യൂത്ത്‌ കോൺഗ്രസ്‌ പ്രവർത്തകനോട്‌ പ്രതിപക്ഷനേതാവ്‌ വി ഡി സതീശൻ പറഞ്ഞു: ‘‘ഞാൻ നിൽക്കുമ്പോ തോന്ന്യാസം കാണിക്കണോ? അതും ഞാൻ നിൽക്കുമ്പോ, എന്റെ മുന്നില്‌ വച്ച്‌... മാറി നിൽക്കങ്ങ്‌ട്‌... ഞാൻ... ഞാൻ...’’ അത്‌ നീണ്ടുനീണ്ടുപോയി. (ഞാൻ പോയിട്ട്‌ എന്തുവേണേലും ആയിക്കോ എന്ന്‌ സന്ദേശം).


ജാഥ വേറൊരു വേദിയിൽ. ആരോഗ്യവകുപ്പിനെതിരെ ആത്മാർഥമായി തള്ളുമ്പോഴാണ്‌ മുന്നിൽനിന്നും പിന്നിൽനിന്നും ബഹളമയം. അണികളും പ്രസംഗം കേൾക്കുന്നില്ല നേതാക്കളും... തിരിഞ്ഞുനിന്ന്‌ ശബ്ദം താഴ്‌ത്തി: ‘‘ഏയ്‌... ഏയ്‌...’’ (‘മുൻകോപക്കാരീ...’ എന്ന പാട്ടിന്റെ ഇ‍ൗണത്തിൽ). ആരോട്‌ പറയും, ആര്‌ കേൾക്കും? ‘‘ഹേ പ്രഭൂ...’’ എന്ന്‌ സമൂഹമാധ്യമങ്ങളിൽ പ്രളയം.


മറ്റൊരു വേദിയിൽ സതീശനെ പ്രസംഗിക്കാൻ വിളിച്ചതും, കൊളുത്തി കതിന, അമിട്ട്‌, കുഴിമിന്നൽ... ഉൾപ്പെടെ വെടി. ആസൂത്രിതമാണെന്ന്‌ ജാഥാ ക്യാപ്റ്റന്‌ മനസ്സിലായി. അവർക്കും കൊടുത്തു: ‘‘ഞാൻ സംസാരിക്കില്ല, പ്രസംഗിക്കാൻ നിങ്ങള്‌ വേറെ ആരെയെങ്കിലും വിളിക്ക്‌.’’ (ശീലം വച്ച്‌, സംഘാടകർ ഉടനെ ബിജെപി ഓഫീസിലേക്കാണ്‌ പോകാൻ ശ്രമിച്ചതെങ്കിലും, തണുത്ത്‌ തിരിച്ചുവന്നു).


VD Satheesan.jpg


അല്ലെങ്കിലും കോഴിക്കോട്ടുനിന്ന്‌ ഷാഫി പറമ്പിൽ ഡിസിസി നേതാവിന്റെ കൊങ്ങയ്ക്കുപിടിച്ച്‌ ഞെക്കി ‘സ്നേഹത്തള്ളൽ’ തരംഗംതന്നെ തീർത്ത ജാഥയായതുകൊണ്ട്‌, ഇതൊക്കെ എന്ത്‌ എന്ന്‌ ചോദിക്കുന്നവരുമുണ്ട്‌. പക്ഷേ, പ്രതിപക്ഷനേതാവ്‌ അങ്ങനെയൊന്നും വിട്ടുകൊടുക്കുന്നയാളല്ല കേട്ടോ.


കലിപ്പോട്‌ കലിപ്പുള്ള ആളാണെങ്കിലും ഇപ്പോ അതിന്‌ കുറച്ച്‌ പൊലിപ്പ്‌ കൂടാൻ കാരണമുണ്ട്‌. ‘പുതുജുഗ യാത്ര’യുടെ പ്ലക്കാർഡുമേൽപ്പിച്ച്‌ മാർച്ച്‌ ഏഴുവരെ ചുറ്റാൻ പറഞ്ഞ വിദ്വാന്മാർ (കനുഗോലു മ്യാരക വേർഷൻ!) എന്തൊക്കെയാണ്‌ ചെയ്യുന്നത്‌. ഹൈക്കമാൻഡ്‌ ആസ്ഥാനത്തുനിന്ന്‌ കൃത്യമായി പുറത്തിറക്കിയ പത്രക്കുറിപ്പിൽ അതാവരുന്നു രമേശ്‌ ചെന്നിത്തല, പ്രചാരണസമിതി ചെയർമാനായിട്ട്‌. കൂട്ടത്തിൽ തന്നെ ഭേഷായി തേച്ച ഷാഫി പറമ്പിൽ. താൻ നാടുമുഴുവൻ നടന്ന്‌ ‘സസ്‌പെൻസ്‌ ത്രില്ലടിപ്പിക്കുന്ന’ വാഗ്ദാനങ്ങൾ തയ്യാറാക്കാൻ ശത്രുപക്ഷത്തുള്ള ബെന്നി ബെഹനാനെ ഏൽപ്പിച്ചിരിക്കുന്നു. തിരുവനന്തപുരത്ത്‌ സ്ഥാനാർഥിചർച്ചയ്ക്ക്‌ വിശാലയോഗം, പ്രചാരണം തീരുമാനിക്കൽ. എന്താ ടൈമിങ്‌!


തീർന്നില്ല, ആലപ്പുഴയിൽ ഒരു വീട്ടിൽ കയറി കെ സി വേണുഗോപാൽ മീൻകറിയുടെ ഉപ്പ്‌ നോക്കിയതും കപ്പ തൊട്ടുനക്കിയതും സ്വന്തം പത്രത്തിൽ വിരിച്ചിട്ടപ്പോൾത്തന്നെ ‘കളി’ കാര്യമാണെന്ന്‌ ബോധ്യപ്പെട്ടു. തിരുവനന്തപുരത്തെത്തി ചേംബർ ഓഫ്‌ കൊമേഴ്‌സിന്റെ വേദിയിൽ ‘യുഡിഎഫ്‌ വന്നാൽ എന്തൊക്കെ’ (എവിടെ വന്നാൽ എന്നുമാത്രം ചോദിക്കരുത്‌) എന്നും വച്ച്‌ കാച്ചി. തങ്ങളോട്‌ ഒരു വേദി ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ടുവെന്നാണ്‌ ചേംബർ സംഘത്തിലെ ചിലർ രഹസ്യമായി നൽകുന്ന വിവരം. അപ്പോ സംഗതി ‘ക്ലിയർ’. സമുദായങ്ങളെ കൈകാര്യം ചെയ്യാൻ സതീശൻ പോരാ എന്ന ഒരു സന്ദേശവും തിരുവനന്തപുരത്തെ മാധ്യമസുഹൃത്തുക്കൾവഴി പരത്തുന്നുമുണ്ട്‌. ഏതായാലും, പ്രതിപക്ഷനേതാക്കളെ ആ സ്ഥാനത്ത്‌ തുടരാൻ അനുവദിക്കാത്ത ശീലം കോൺഗ്രസിൽ പണ്ടേ ഉള്ളതാണല്ലോ.


കോൺഗ്രസിൽ എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത്‌ താനാണ്‌, അടുത്ത ഒരുനൂറ്റാണ്ടേക്കുള്ള പദ്ധതി കൈയിലുണ്ട്‌ പക്ഷേ, കൊന്നാലും പറയൂല, എന്തായാലും കേരളത്തിന്റെ മുഖച്ഛായ മാറ്റിയ കിഫ്‌ബി പൂട്ടിക്കും... തുടങ്ങി എത്ര മനോഹര മനോജ്ഞ സ്വപ്നങ്ങൾ കൊണ്ടുനടക്കുന്നയാളാണ്‌ സതീശൻ.


എങ്കിലും ഒരു കോൺഗ്രസ്‌ ജാഥയല്ലേ? സാധാരണപ്രവർത്തകരുടെ ചോദ്യം അതാണ്‌. പ്രധാനപ്പെട്ട ഏതെങ്കിലും നേതാവ്‌ കൂടെവേണ്ടേ. എൽഡിഎഫ്‌ ജാഥ നടത്തിയല്ലോ, മുന്നണിയിലെ എല്ലാ പാർടികളുടെയും പ്രധാനപ്പെട്ട നേതാക്കളെല്ലാം ജാഥയിൽ അണിനിരന്നു. കോൺഗ്രസിൽ ‘ഫീകര’ യോജിപ്പുതന്നെ. കാര്യം നുണയനെന്ന ആക്ഷേപമൊക്കെ ഉണ്ടെങ്കിലും ആരായാലും ചോദിച്ചുപോകില്ലേ, ‘ഇങ്ങനെയൊക്കെ ചെയ്യാമോ’ എന്ന്‌.​



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home