ad
Deshabhimani

മാരീചന്മാരെ തിരിച്ചറിയുക

v d satheesan's hate speech
എ കെ ബാലൻ

Published on Jan 23, 2026, 10:45 PM | 4 min read

കേരള ജമാഅത്തെയുടെ നേതൃത്വത്തിൽ എ പി അബൂബക്കർ മുസ്‌ലിയാർ നടത്തിയ സംസ്ഥാന പ്രചാരണജാഥയുടെ സമാപനം ജനുവരി 16ന് തിരുവനന്തപുരത്ത് നടന്നു. സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയനാണ്‌ ഉദ്ഘാടനം ചെയ്തത്‌. പ്രതിപക്ഷനേതാവും സമ്മേളനത്തെ അഭിസംബോധന ചെയ്തു. കഴിഞ്ഞ 10 വർഷം കേരളത്തിൽ വർഗീയലഹളയുടെ ഒരു ലക്ഷണവും ഉണ്ടാകാതിരുന്നത് എൽഡിഎഫ് സർക്കാരിന്റെ നിലപാടുമൂലമാണെന്നും വർഗീയശക്തികളുടെ സ്വാധീനം ഇല്ലാതായി എന്നല്ല ഇതിനർഥമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മാറാട് സംഭവങ്ങളും തലശേരി കലാപവും ഓർമപ്പെടുത്തി. പ്രതിപക്ഷനേതാവിന് ഇത് തീരെ ഇഷ്ടപ്പെട്ടില്ല. പിന്നീട് അദ്ദേഹം നടത്തിയ പ്രസംഗം ഉറഞ്ഞുതുള്ളലായിരുന്നു. മുഖ്യമന്ത്രിയെ മ്ലേച്ഛമായ ഭാഷ യിൽ അപമാനിച്ചു. മതനിരപേക്ഷതയ്‌ക്കെതിരായി വർഗീയധ്രുവീകരണം ഉണ്ടാക്കാൻ മുഖ്യമന്ത്രി നേതൃത്വം കൊടുക്കുന്നു എന്ന സന്ദേശം ഈ ഉറഞ്ഞുതുള്ളലിൽ പ്രകടമായിരുന്നു. "സൂഫി പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന മഹദ് വ്യക്തിയാണ് എ പി അബൂബക്കർ മൗലവി. കാറിൽ കയറുന്നവരെ സൂക്ഷിക്കണം. അവർ വിദ്വേഷം പ്രസംഗിക്കാത്തവരാകണം. തെരഞ്ഞെടുപ്പിൽ തോറ്റാൽ തോറ്റുപോകട്ടെ. അവരെ പൂമാലയിട്ട് സ്വീകരിക്കരുത്. മതനിരപേക്ഷതയെ തൊട്ടുകളിക്കാൻ അനുവദിക്കരുത്. കാപട്യം പാടില്ല. അതാണ് എനിക്ക് നൽകാനുള്ള സന്ദേശം’. മുഖ്യമന്ത്രിയെ അപമാനിക്കാനും അദ്ദേഹം ആർഎസ്എസിന്റെ മറുപതിപ്പാണെന്ന് വരുത്തിത്തീർക്കാനും അതുവഴി ന്യൂനപക്ഷത്തെ തെറ്റിദ്ധരിപ്പിക്കാനും ഈ വേദിയെ പ്രതിപക്ഷനേതാവ് ദുരുപയോഗിച്ചതിനെതിരായ ശക്തമായ പ്രതികരണം വന്നുകൊണ്ടിരിക്കുകയാണ്.


V D Satheesan


എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി സഹായത്തോടുകൂടി മുഖ്യമന്ത്രിയാകാനുള്ള വ്യഗ്രതയിൽ സ്വബോധം നഷ്ടപ്പെട്ട അവസ്ഥയിലെത്തി പ്രതിപക്ഷനേതാവ്. അതിനായി തനിക്കെതിരായി രംഗത്തുള്ള എല്ലാവരെയും കോൺഗ്രസിൽ സംഘടനാരംഗത്ത് മൂലയ്ക്കിരുത്തി. പ്രതിപക്ഷനേതാവിന്റെ സ്ഥാനത്തുനിന്ന് രമേശ്‌ ചെന്നിത്തലയുടെ സാധ്യത ഇല്ലാതാക്കിയതുപോലെ, ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കുമ്പോൾ അദ്ദേഹത്തെ അപമാനിക്കാൻ കൊണ്ടുവന്ന അഴിമതി ആരോപണങ്ങൾ, കെ സി ജോസഫിനെയും കെപിസിസി പ്രസിഡന്റായിരുന്ന സുധാകരനെയും പരസ്യവേദിയിൽ അപമാനിച്ചത്– ഇതൊന്നും കേരളം മറന്നിട്ടില്ല. ഇതിന്റെ തുടർച്ചയാണ് മുഖ്യമന്ത്രിക്കെതിരായി സതീശൻ ഉപയോഗിക്കുന്ന പ്രയോഗങ്ങൾ.


സഭ നടത്താൻ അനുവദിക്കില്ല എന്നതാണ് പ്രതിപക്ഷനേതാവിന്റെ പ്രഖ്യാപനം. ഭരണഘടനയോടുള്ള വെല്ലുവിളിയാണ് സഭ ബഹിഷ്കരിക്കാനുള്ള ആഹ്വാനം. മറ്റൊരു തലത്തിൽ പറഞ്ഞാൽ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതാണ്. ജനാധിപത്യപരമായ പ്രതിഷേധത്തിന്റെ നിർവചനത്തിൽ ഈ വെല്ലുവിളി വരില്ല. 17 പ്രാവശ്യം മറ്റു നടപടികൾ നിർത്തിവച്ച് പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിന് അവസരം നൽകിയ സർക്കാരിനോടാണ് ഈ വെല്ലുവിളി.


വൃത്തികെട്ട ഒരു രാഷ്ട്രീയനയം വി ഡി സതീശൻ സ്വീകരിച്ചു. അത് എസ്‌ഡിപിഐ, ജമാഅത്തെ ഇസ്ലാമിയുടെ ഭാഗമായ വെൽഫെയർ പാർടികളുമായുള്ള രാഷ്ട്രീയസഖ്യമാണ്. വർഗീയതയോടുള്ള കൂട്ടുകെട്ട് വരാൻപോകുന്ന ആപത്തുകളുടെ സൂചനയാണ്. ഇതിന്റെ പ്രതികരണമായിട്ടാണ് എൻഎസ്എസ്, എസ്എൻഡിപി നേതൃത്വം സ്വീകരിച്ച ചില തീരുമാനങ്ങൾ.


K M Shaji


മുസ്ലിംലീഗിന്റെ ഒരു വക്താവായ കെ എം ഷാജി ഇതിനകം സ്വീകരിച്ച നിലപാട് ലീഗിന്റേതാണോ എന്ന് അവർ വ്യക്തമാക്കണം. ‘കഴിഞ്ഞ 10 വർഷം മുസ്ലിം സമുദായത്തിന് നഷ്ടപ്പെട്ടത് തിരിച്ചുപിടിക്കണം, ആർഎസ്എസിനേക്കാളും അപകടകാരി സിപിഐ എമ്മാണ്, തലശേരി കലാപത്തിന്റെ പിന്നിൽ പിണറായി വിജയനാണ്, അദ്ദേഹത്തിന്റെ അനുജൻ കുമാരൻ പള്ളി പൊളിക്കുന്നതിന് നേതൃത്വം കൊടുത്തു, എസ്ഐആറിന്റെ സൃഷ്ടി പിണറായിയാണ്, അതുകൊണ്ട് മതം മതം മതമാണ് ഈ തെരഞ്ഞെടുപ്പിന്റെ പ്രധാനപ്പെട്ട ചർച്ചാവിഷയം' എന്ന ഷാജിയുടെ ജൽപ്പനങ്ങൾ മലയാളിയെ ഞെട്ടിച്ചു.


യൂത്ത് ലീഗിന്റെ സംസ്ഥാന പ്രസിഡന്റായിരിക്കുമ്പോൾ ജമാഅത്തെ ഇസ്ലാമിയെ നഖശിഖാന്തം എതിർത്ത കെ എം ഷാജി ഇപ്പോൾ പറയുന്നത് അവരോടുള്ള സമീപനം മാറ്റിയെന്നാണ്. ഇതിനിടയിൽ മാറാട് നരഹത്യ ഈ ലേഖകൻ ചൂണ്ടിക്കാട്ടുകയുണ്ടായി. "വർഗീയവാദികളെ കൂട്ടുപിടിച്ച് ആര് അധികാരത്തിൽ വന്നാലും അവർ ആ ഭരണത്തെ സ്വാധീനിക്കും. ഗവൺമെന്റിനെ പൊതുവിൽ സ്വാധീനിക്കും. ആഭ്യന്തര ഭരണത്തിൽ ഇടപെടും. അത് മാറാടുപോലുള്ള സംഭവങ്ങൾക്ക് വഴിയൊരുക്കും.’ ഇതിന് തെറ്റായ വ്യാഖ്യാനം നൽകി വർഗീയവിഷം ചീറ്റുന്ന പ്രയോഗങ്ങളാണ് പിന്നീട് പ്രതിപക്ഷനേതാവും ചുരുക്കം ചില യുഡിഎഫ് നേതാക്കളും നടത്തിയത്.

ഒന്നാം മാറാട് സംഭവത്തിനുശേഷം (2002) രണ്ടാം മാറാട് ഒരുവർഷം (2003) കഴിഞ്ഞാണ് മനുഷ്യക്കുരുതി അരങ്ങേറിയത്. 14 മനുഷ്യരുടെ ജീവൻ നഷ്ടപ്പെട്ട ആ സംഭവം മേലിൽ ആവർത്തിക്കാൻ പാടില്ലെന്ന ഒരു പൊതുപ്രവർത്തകന്റെ ആശങ്കയും മുന്നറിയിപ്പും ഒരിക്കലും മതസൗഹാർദത്തെ ഹനിക്കാനല്ല, മറിച്ച് മേലിൽ ആവർത്തിക്കാതിരിക്കാനുള്ള മുന്നറിയിപ്പാണ്. അതുകൊണ്ട് ചരിത്രം ഓർമപ്പെടുത്തുന്നത് ചരിത്രത്തിലെ മോശം അധ്യായങ്ങൾ ആവർത്തിക്കാനല്ല. ഗാന്ധിവധം വീണ്ടും ഓർമപ്പെടുത്തുന്നതും ബാബ്‌റി മസ്ജിദ്, ഗുജറാത്ത് സംഭവങ്ങൾ എല്ലാ തെരഞ്ഞെടുപ്പിലും സജീവചർച്ചയാകുന്നതും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനാണ്. രാഷ്ട്രീയ ഇച്ഛാശക്തിയില്ലാത്ത, വർഗീയശക്തികളോട് കൂറുപുലർത്തുന്ന സർക്കാരിൽ പൊലീസ് നിർജീവമായാൽ, വർഗീയശക്തികൾക്ക് കീഴ്പെട്ടാൽ എന്ത് സംഭവിക്കും എന്നതിന്റെ വെളിപ്പെടുത്തലാണ് ജസ്റ്റിസ് തോമസ് ജോസഫിന്റെ ജുഡീഷ്യൽ കമീഷൻ റിപ്പോർട്ട്. ഞെട്ടിപ്പിക്കുന്നതായിരുന്നു ആ കമീഷൻ റിപ്പോർട്ട്.


V D Satheeshan


ഒന്നാം മാറാട് സംഭവം കഴിഞ്ഞ് ഒരുവർഷക്കാലം വീണ്ടും കലാപത്തിന് ഒരുക്കംകൂട്ടുന്ന ഗൂഢാലോചന മണത്തറിഞ്ഞ് ചില പൊലീസ് ഉദ്യോഗസ്ഥർ, പ്രത്യേകിച്ച് ഇന്റലിജൻസ്‌ നൽകിയ മുന്നറിയിപ്പും സ്ഥലം എംഎൽഎ വി കെ സി മമ്മദ്‌കോയ മുഖ്യമന്ത്രി എ കെ ആന്റണിക്ക് എഴുതിയ കത്തും അന്വേഷണ കമീഷൻ എടുത്തുപറയുന്നു. വീട് കൊള്ളയടിക്കാൻ റൂറൽ പൊലീസ് മൂകസാക്ഷികളായ സംഭവം കമീഷൻ ചൂണ്ടിക്കാണിച്ചത് എ കെ ആന്റണി മുഖ്യമന്ത്രിയായ ഘട്ടത്തിലാണല്ലോ. കുറ്റവാളികളുടെ നീക്കവും അവർ കൈകാര്യം ചെയ്യുന്ന മാരകായുധങ്ങളുടെ ഒളിച്ചുവയ്ക്കലും മനസ്സിലാക്കാൻ പൊലീസ് ശുപാർശ ചെയ്ത ഒരു വാച്ച് ടവറിനുപോലും സർക്കാർ പണം നൽകിയില്ല. 6,34,000 രൂപ ചെലവുവരുന്ന ഈ ചെറിയ സംരംഭത്തിന് എംഎൽഎ നൽകിയ കത്തിന് ഒരുലക്ഷം രൂപയ്ക്കാണ് ഭരണാനുമതി നൽകിയത്. കൂടുതൽ പൊലീസിനെ വിന്യസിക്കാതെ നിലവിലുള്ളവരെപ്പോലും പിൻവലിച്ചു. അതോടെ വർഗീയകക്ഷിക്ക് അഴിഞ്ഞാടാൻ മൗനാനുവാദം ലഭിച്ചു. പഴയ എ കെ ആന്റണി സർക്കാരിന്റെ തുടർച്ചയായിരുന്നു കേരളം ഭരിക്കുന്നതെങ്കിൽ എത്ര മാറാടുകൾ ആവർത്തിക്കും, എത്ര ഹിന്ദു–മുസ്ലിം സഹോദരങ്ങൾ ബലിയാടാകും. ഈ വസ്തുതകൾ രേഖകൾ വച്ചാണ് ആശങ്കയുടെ രൂപത്തിൽ ഈ ലേഖകൻ ചൂണ്ടിക്കാണിച്ചത്. ഒരു ഭാഗത്ത് ആർഎസ്എസ്, മറുഭാഗത്ത് മുസ്ലിം തീവ്രവാദ സംഘടനകൾ. ഇവരെ തരംപോലെ സ്വീകരിച്ചതിന്റെ തെളിവാണ് കഴിഞ്ഞ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിൽ കണ്ടത്. തിരുവനന്തപുരം കോർപറേഷനിൽ ബിജെപി വിജയിച്ച ഡിവിഷനുകളിൽ 41 എണ്ണത്തിൽ കോൺഗ്രസ് മൂന്നാംസ്ഥാനത്തായത് ആർക്ക് വോട്ട് മറിച്ചുകൊടുത്തതിന്റെ ഫലമാണ്? തൃശൂർ മറ്റത്തൂർ പഞ്ചായത്തിലെ എല്ലാ കോൺഗ്രസ് വാർഡ് മെമ്പർമാർക്കും ബിജെപിയിലേക്ക് പോകാൻ ഒരു മടിയും ഉണ്ടായില്ലല്ലോ.


ഇന്ത്യൻ ഭരണഘടന അംഗീകരിക്കാത്ത, ജനാധിപത്യം, മതനിരപേക്ഷത, പരമാധികാരം എന്നിവ അംഗീകരിക്കാത്ത, ഇസ്ലാമിക് റിപ്പബ്ലിക് ലക്ഷ്യമാണെന്ന് പ്രഖ്യാപിക്കുന്ന ഒരു സംഘടനയുടെ സഹായത്തോടെയാണ് യുഡിഎഫ് ജനകീയ അടിത്തറ വികസിപ്പിക്കുന്നതെങ്കിൽ അത് നമ്മുടെ ഭരണഘടനയോടുള്ള വെല്ലുവിളിയായിരിക്കും. മറിച്ച്, ജമാഅത്തെ ഇസ്ലാമി സംഘടന ഇന്ത്യൻ ഭരണഘടനയും മതനിരപേക്ഷതയും ജനാധിപത്യവും അംഗീകരിക്കുന്നുവെന്നും ഇസ്ലാമിക് റിപ്പബ്ലിക് തങ്ങളുടെ ലക്ഷ്യമല്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്താൽ ജമാഅത്തെ ഇസ്ലാമിയ്‌ക്കെതിരായ എല്ലാ ആരോപണങ്ങളും പിൻവലിക്കാം. ഇതിന് തയ്യാറുണ്ടോ? ഇന്ത്യൻ ഭരണഘടന അംഗീകരിക്കാത്ത, ഇസ്ലാമിക് റിപ്പബ്ലിക് ലക്ഷ്യമായി പ്രഖ്യാപിച്ച ഒരു സംഘടനയെ ചേർത്ത് മുന്നണി ഉണ്ടാക്കുന്നതിനോട് നാളിതുവരെ മുസ്ലിംലീഗോ മുസ്ലിം ബൗദ്ധിക സംഘടനകളോ അനുകൂലമായ ഒരു നിലപാടും എടുത്തിട്ടില്ലെന്ന് ഓർക്കണം. എൽഡിഎഫിന്റെ മൂന്നാംവരവ് തടയാൻവേണ്ടിയാണ് പ്രതിപക്ഷനേതാവിന്റെ ഉത്സാഹത്തിൽ ഇങ്ങനെയൊരു നീക്കം നടത്തുന്നത്.



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home