തൊഴിലാളിദ്രോഹം; മോദി വഴിയേ വിഡി സതീശനും


എ കെ രമേശ്
Published on Jul 07, 2026, 12:14 AM | 4 min read
നവഉദാര നയങ്ങളിൽ കേന്ദ്രീകരിച്ച് സ്വകാര്യവൽക്കരണ കോർപറേറ്റ് അജൻഡയാണ് കേന്ദ്രം ഭരിക്കുന്ന മോദിസർക്കാരിന്റെ മുഖമുദ്ര. ജനദ്രോഹ, തൊഴിലാളിവിരുദ്ധ നയങ്ങൾ ഇതിന്റെ തുടർച്ചയാണ്. അതേപാതയിലാണ് കേരള മുഖ്യമന്ത്രി വി ഡി സതീശനും മുന്നോട്ടുപോകുന്നത്. ഇക്കാര്യം തന്റെ പ്രവൃത്തികളിലൂടെ അദ്ദേഹം അനുദിനം തെളിയിക്കുകയും ചെയ്യുന്നു.
നുണകൾ നിരന്തരം ആവർത്തിക്കുകയും പരസ്യമായി പറഞ്ഞ കാര്യങ്ങൾപോലും പിന്നീട് നിഷേധിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രി, മുൻനിലപാടുകളെല്ലാം മറന്ന് സംഘപരിവാർ അനുകൂലസമീപനമാണ് സ്വീകരിക്കുന്നത്. യുഡിഎഫ് സർക്കാരിന്റെ നയപ്രഖ്യാപനവും പുതുക്കിയ ബജറ്റും ഇതിന്റെ തെളിവാണ്. പിഎം ശ്രീയിലും വിഴിഞ്ഞം തുറമുഖ വിഷയത്തിലുമെല്ലാം ഇക്കാര്യം വ്യക്തം. മോദിസർക്കാരിനെ വിമർശിക്കുന്നില്ലെന്നുമാത്രമല്ല, ഏറ്റവും ഒടുവിൽ അതിഥിത്തൊഴിലാളികളെ ആക്ഷേപിക്കുന്ന വിദ്വേഷനിലപാടിൽവരെ മോദിയുടെയും വി ഡി സതീശന്റെയും സാമ്യത കാണാം.
അതിഥിത്തൊഴിലാളികൾക്കെതിരെ മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിൽ നടത്തിയ വിദ്വേഷപ്രസംഗം സ്വയംപ്രഖ്യാപിത നെഹ്‌റുവിയൻ സോഷ്യലിസ്റ്റിന്റെ തനിനിറം വെളിപ്പെടുത്തുന്നതാണ്. നൂറുകോടിയുടെ പ്രോജക്ട് നടത്തുമ്പോൾ 40 മുതൽ 50 ശതമാനംവരെ കൂലിയായി കിട്ടിയിരുന്നെന്നും അത് അതിഥിത്തൊഴിലാളികൾ അവരുടെ നാട്ടിലേക്ക് കുത്തിയൊഴുക്കുകയാണെന്നും പ്രതിപക്ഷനേതാവായിരിക്കെ സതീശൻ പറഞ്ഞിട്ടുണ്ട്. ഇപ്പോൾ മുഖ്യമന്ത്രിയും ധനമന്ത്രിയുംകൂടിയായ ആൾ അതേ വിഡ്‌ഢിത്തം ആവർത്തിക്കുന്നത് അത്ര നിഷ്‌കളങ്കമല്ല.
ഒരു പ്രോജക്ടിൽ മെറ്റീരിയൽസിന് 55–60 ശതമാനം ചെലവ് വരും. ഓവർ ഹെഡ് ചെലവുകളും ലാഭവുംകൂടി കൂട്ടിയാൽ അത് 10–-15 ശതമാനം. മെഷിനറികൾക്കും ഉപകരണങ്ങൾക്കും 5–10 ശതമാനം. അങ്ങനെവന്നാൽ ലേബർ ചാർജ് ശരാശരി 25–-30 ശതമാനമേ വരൂ. അതിരട്ടിപ്പിച്ചുകാട്ടി മനുഷ്യരെ തെറ്റിദ്ധരിപ്പിക്കുന്നത് ബഹുജനങ്ങളെ അതിഥിത്തൊഴിലാളികൾക്ക് എതിരാക്കാൻവേണ്ടി മാത്രമല്ല; പദ്ധതിച്ചെലവിൽ പാതിയും തട്ടിക്കൊണ്ടുപോകുന്നത് തൊഴിലാളികളാണെന്ന് സ്ഥാപിക്കാനാണ്. പണിയെടുക്കുന്നവരാണ് കുഴപ്പക്കാരെന്ന പ്രചാരണത്തിൽ മുതലാളിമാർക്കൊപ്പം ചേരുകയാണ് മുഖ്യമന്ത്രി.
ആദ്യമായല്ല വി ഡി സതീശൻ തൊഴിലാളി യൂണിയനുകൾക്കും തൊഴിലാളിസമരങ്ങൾക്കുമെതിരെ കോർപറേറ്റുകൾക്കൊപ്പം ചേരുന്നത്.
പണിയെടുക്കുന്നവർക്കെല്ലാം എതിരായ ലേബർ കോഡുകൾ പിൻവലിക്കണമെന്ന് മോദിസർക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ട് രാജ്യത്തെ ആർഎസ്‌എസ് നിയന്ത്രിത യൂണിയനൊഴികെ എല്ലാ സംഘടനകളും യോജിച്ചുനടത്തിയതാണ് 2026 ഫെബ്രുവരി 12ന്റെ ദേശീയ പണിമുടക്ക്. അതിൽ കർഷകരുടെ സമരൈക്യപ്രസ്ഥാനവുംകൂടി അണിചേർന്നപ്പോൾ പലേടത്തും പരിപൂർണ ബന്ദായി. എന്നാൽ, കേരളമൊഴികെ ഇന്ത്യയിലെവിടെയും സമരം ജനജീവിതത്തെ ബാധിച്ചിട്ടില്ലെന്നും കേരളത്തിൽമാത്രം ഇതെന്തിന് എന്നുമാണ് പ്രതിപക്ഷനേതാവായിരുന്ന വി ഡി സതീശൻ ചോദിച്ചത്. ഇത്തരം കാലഹരണപ്പെട്ട സമരരൂപങ്ങൾ മാറണമെന്നായിരുന്നു പരസ്യപ്രസ്താവന.
സ്വാഭാവികമായും "വയലാർ രവിക്കും ഉമ്മൻ ചാണ്ടിക്കും ശേഷം ഏറ്റവും കൂടുതൽ യൂണിയനുകളുടെ ഭാരവാഹിയായ തന്നെ ഐഎൻടിയുസി ഉന്നംവയ്ക്കുന്നത് ദൗർഭാഗ്യകരമാണ് ‘ എന്ന് പ്രസ്താവന നടത്തേണ്ടിവന്നു സതീശന്. 2022 ഏപ്രിലിൽ അദ്ദേഹത്തിനെതിരെ ഐഎൻടിയുസി പ്രവർത്തകർ ചങ്ങനാശേരിയിലും കഴക്കൂട്ടത്തും മറ്റും പ്രതിഷേധ പ്രകടനം നടത്തിയ സാഹചര്യത്തിലാണത്.
ഇത് സതീശന്റെ നയവ്യതിയാനമല്ല; കോൺഗ്രസിന്റെ നയമാണെന്ന് വ്യക്തമാക്കുന്നതാണ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ അവർ പുറത്തിറക്കിയ മാനിഫെസ്റ്റോ. ഐഎൻടിയുസിയടക്കം എല്ലാ കേന്ദ്ര ട്രേഡ് യൂണിയനുകളും ഒന്നിച്ചുയർത്തിയ ആവശ്യമാണ് മിനിമം വേതനം 26,000 രൂപയാക്കണമെന്നത്. എന്നാൽ, കോൺഗ്രസ് പ്രവർത്തകസമിതി അംഗം സഞ്ജീവ റെഡ്ഡിയടക്കം ചേർന്ന് തയ്യാറാക്കിയ ആ അവകാശപത്രിക കാണാത്തമട്ടിൽ കോൺഗ്രസ് പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്ന മിനിമം വേതനം 12,000 രൂപയാണ്. സിപിഐ എമ്മിന്റെ പ്രകടനപത്രികയിൽ തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ തള്ളിക്കളയുമെന്ന് വ്യക്തമായി പ്രഖ്യാപിക്കുന്നുണ്ട്. അങ്ങനെ പറയാൻ കോൺഗ്രസുകാർക്ക് നാവുയരാത്തത് അക്കാര്യത്തിൽ മോദിയുടെ കൂടെയാണ് അവർ എന്നതുകൊണ്ടുതന്നെ.
മുതലാളിമാരുടെ കൈയടി പ്രതീക്ഷിച്ചാണ് 26,000ന്റെ നേർപകുതിയിൽ കുറഞ്ഞ സംഖ്യ വാഗ്ദാനം ചെയ്യുന്നതെന്ന് കോൺഗ്രസ് പ്രകടനപത്രികയിലെ തൊഴിലാളികളെ സംബന്ധിക്കുന്ന അധ്യായത്തിന്റെ ആദ്യഖണ്ഡിക വായിച്ചാൽ മനസ്സിലാകും. അവരുടെ സമീപനം വ്യക്തമാക്കുന്ന ആ വാചകം ‘‘തൊഴിലാളികളും മൂലധനവും തമ്മിലുള്ള സമതുലിതാവസ്ഥ വീണ്ടെടുക്കുന്നതിന് വ്യവസായ- തൊഴിൽ നിയമങ്ങളിൽ പരിഷ്കാരങ്ങൾ കൊണ്ടുവരും’’ എന്നാണ്. അതുതന്നെയാണ് മുതലാളികൾക്കുവേണ്ടി മോദി കൊണ്ടുവന്ന തൊഴിൽ നിയമ പരിഷ്കാരങ്ങൾ.
അതിനെ ഐഎൻടിയുസിയടക്കം എല്ലാ തൊഴിലാളിസംഘടനകളും ഒന്നിച്ചെതിർക്കുമ്പോഴാണ്, സമതുലിതാവസ്ഥ വീണ്ടെടുക്കുമെന്ന കോൺഗ്രസിന്റെ പ്രഖ്യാപനം. ബിജെപിയുടെ സാമ്പത്തികനയം, കോൺഗ്രസ് സാമ്പത്തികനയം പ്ലസ് പശുവാണെന്ന് അരുൺ ഷൂരി പറഞ്ഞത് ഇപ്പോൾ അനുഭവവേദ്യമാവുകയാണ്. ലേബർ കോഡുകൾ എങ്ങനെ ഉടമയ്‌ക്കനുകൂലമാകുന്നു എന്ന് ഏറ്റവും ഒടുവിൽ തെളിയുന്നത് എറണാകുളത്തും കോഴിക്കോട്ടുമുള്ള 800 മെഡിക്കൽ ട്രാൻസ്ക്രിപ്ഷൻ തൊഴിലാളികളെ പിരിച്ചുവിട്ട കോറോ ഹെൽത്ത് എന്ന വിദേശ കമ്പനിയുടെ നടപടിയിലാണ്.
തൊഴിലിന്റെ വ്യാപകമായ കരാർവൽക്കരണവും അസ്ഥിരീകരണവുമാണ് ലേബർ കോഡ് ലക്ഷ്യംവയ്‌ക്കുന്നത്. മൂലധനത്തിന് ചൂഷണം നടത്താനുള്ള സർവതന്ത്ര സ്വാതന്ത്ര്യം. പണിമുടക്കവകാശം മാത്രമല്ല, പണിമുടക്കിനെ പിന്തുണയ്ക്കാനുള്ള ജനാധിപത്യാവകാശംപോലും കവർന്നെടുക്കുന്ന വ്യവസ്ഥകളാണ് ലേബർ കോഡിൽ. 19–ാംനൂറ്റാണ്ടിൽ തൊഴിലാളികൾ പൊരുതിനേടിയ എട്ടുമണിക്കൂർ ജോലിയെന്നത് ആഴ്ചയിൽ 35 മണിക്കൂറായി ചുരുങ്ങിവരുമ്പോഴാണ്, അത് 72 മണിക്കൂറാക്കണമെന്ന് വൻകിട മുതലാളിമാർക്കൊപ്പം ചേർന്ന് ഇന്ത്യൻ പ്രധാനമന്ത്രിയും ആവശ്യപ്പെടുന്നത്. കോൺഗ്രസ് ഭരിക്കുന്ന കർണാടകത്തിലെയും തെലങ്കാനയിലെയും പല വ്യവസായസ്ഥാപനങ്ങളിലും ഇൗ വ്യവസ്ഥ നടപ്പാക്കിയിരിക്കുകയാണ്. വ്യവസായനിക്ഷേപം ആകർഷിക്കണമെങ്കിൽ ഇത് കേരളത്തിലേക്കും വ്യാപിപ്പിക്കണമെന്ന നിലപാടുതന്നെയാണ് വി ഡി സതീശൻ വച്ചുപുലർത്തുന്നത്.
ട്രേഡ് യൂണിയനുകൾ ഇല്ലാത്ത തൊഴിലിടങ്ങൾ ഉറപ്പാക്കാനാണ് വ്യവസായബന്ധ കോഡ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇത് യൂണിയനുകളുടെ രജിസ്ട്രേഷൻ കഠിനവും പ്രായോഗികമായി അസാധ്യവുമാക്കുന്നു. കൂടാതെ രജിസ്ട്രാർക്ക് യൂണിയനുകളുടെ രജിസ്ട്രേഷൻ ഏകപക്ഷീയമായി റദ്ദാക്കാനുള്ള അധികാരവും നൽകുന്നു. ഏതു പണിമുടക്കിനെയും നിയമവിരുദ്ധമായി പ്രഖ്യാപിക്കാനും നിരോധിക്കാനും കഴിയും.
കൂടാതെ തൊഴിലാളികൾക്കും ട്രേഡ് യൂണിയനുകൾക്കും അത്തരം പണിമുടക്കുകളെ ഏതെങ്കിലും തരത്തിൽ പിന്തുണയ്ക്കുന്നവർക്കും ഭീമമായ പിഴയും തടവുശിക്ഷയും ചുമത്താനും ഇതിൽ വ്യവസ്ഥയുണ്ട്. ഇന്ത്യൻ തൊഴിലാളികൾ പൊരുതിനേടിയ തൊഴിൽനിയമങ്ങൾ; അതുകൊണ്ടാണ് അവയിൽ ഏറ്റവും എടങ്ങേറുള്ള 29 നിയമങ്ങൾ കൂട്ടിക്കെട്ടി ചുരുട്ടിയെടുത്ത് അവയുടെ സ്ഥാനത്ത് മുതലാളിമാർക്കിണങ്ങിയ നാല് കോഡുകളാക്കി പാലമെന്റിൽ അവതരിപ്പിച്ചത്. ലോക്‌സഭയിൽ കോൺഗ്രസ് പിന്തുണയോടെയാണ് അത് പാസാക്കിയെടുത്തത്. എന്നുവച്ചാൽ ഭരണവർഗത്തിന്റെ രാഷ്ട്രീയാതീതമായ ഐക്യമാണ് കോഡുകൾ പാസാക്കുന്നതിലേക്ക് നയിച്ചത്.
തൊഴിൽത്തർക്കനിയമം പഴയപടി നിലനിന്നിരുന്നെങ്കിൽ നൂറിലേറെ തൊഴിലാളികൾ പണിയെടുക്കുന്ന സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ സംസ്ഥാന സർക്കാരിന്റെ അനുമതി വേണമായിരുന്നു. ഉടമകൾക്കുവേണ്ടി അത് തിരുത്തിയെഴുതിയ സാഹചര്യത്തിലാണ് 800 പേരെ ഒന്നിച്ച് പിരിച്ചുവിടാൻ കോറോ ഹെൽത്തിന് അവസരമൊരുങ്ങിയത്. പാർലമെന്റിൽ അവർകൂടി വോട്ട് ചെയ്ത് പാസാക്കിയ ലേബർ കോഡുകൾ നടപ്പാക്കുന്നതിന് തടസ്സംനിൽക്കാൻ കേരള മുഖ്യമന്ത്രിക്കാകുമോ. പിരിച്ചുവിടൽപ്രശ്നത്തിൽ ആത്മാർഥമായി ഇടപെടാൻ വി ഡി സതീശൻ സർക്കാരിന് കഴിയില്ല.
ലേബർ കോഡുകൾ തൊഴിലാളിവിരുദ്ധമാണെന്ന് തിരിച്ചറിഞ്ഞാണ് എൽഡിഎഫ് സർക്കാർ നടപ്പാക്കാൻ വിസമ്മതിച്ചത്. അതിന്റെ ആഘാതത്തിൽനിന്ന് സംസ്ഥാനത്തെ തൊഴിലാളികളെ എങ്ങനെ പരിരക്ഷിക്കാമെന്ന ആലോചനയിലാണ് ജസ്റ്റിസ് ഗോപാൽ ഗൗഡ കമ്മിറ്റി രൂപീകരിച്ചതും മാർച്ചിൽ റിപ്പോർട്ട് സ്വീകരിച്ചതും. അതിൻപടി ചട്ടങ്ങൾ തയ്യാറാക്കാനും കമ്മിറ്റി നിർദേശിച്ച പുതിയ നിയമങ്ങൾ പാസാക്കാനുമുള്ള ആർജവം കാട്ടാൻ മുഖ്യമന്ത്രിക്കാകുമോ, അതോ "തൊഴിലാളികളും മൂലധനവും തമ്മിലുള്ള സമതുലിതാവസ്ഥ’ ഉറപ്പാക്കാൻ ശ്രമിക്കുമോ? പഴയതുപോലെ യൂണിയൻ ഭാരവാഹിത്വത്തിന്റെ എണ്ണം പറഞ്ഞ് രക്ഷപ്പെടാൻ അപ്പോൾ ആകണമെന്നില്ല! നയംമാറ്റാൻ വി ഡി സതീശൻ തയ്യാറായില്ലെങ്കിൽ അദ്ദേഹത്തെ മാറ്റാൻ തൊഴിലാളികൾ നിർബന്ധിതരാകും.















