ad
Deshabhimani

Articles

സംഘവിലാസം സതീശൻ സർക്കാർ

സംഘവിലാസം സതീശൻ സർക്കാർ

VD Satheesan.jpg
avatar
അജിൻ ജി നാഥ്‌

Published on Aug 17, 2026, 11:43 AM | 2 min read

വായന ആരംഭിക്കണേന്‌ മുമ്പേ‍ ഒരു കാര്യമങ്ങട്ട്‌ ബോധ്യപ്പെടുത്താം, എന്താന്നുവച്ചാൽ വായിച്ചുതീരണേന്റെ മുമ്പേ ഇത്‌ അപ്രത്യക്ഷമാവാൻ സാധ്യതയിണ്ട്‌. എന്താന്നല്ലേ, തിരുവുള്ളക്കേടുണ്ടാവാൻ പാടില്ലാല്ലോ. പണ്ട്‌ തമ്പ്രാൻ ഭരണകാലത്താണേൽ തിരുവുള്ളക്കേടുണ്ടായാൽ ഒന്നെങ്കിൽ ഗളച്ഛേദം അല്ലാച്ചാ, നാടുകടത്തൽ. ഇതിപ്പോ പൂക്കി യുഗമല്ലേ, ഇപ്പോ തിരുവുള്ളക്കേടിന് നാടുകടത്തിലിന്റെ പ്രോ വേർഷനായ പോസ്‌റ്റ്‌ നീക്കലും ബാൻ ചെയ്യലുമാണല്ലോ രാജനീതി. അതോണ്ടന്നെ ഇതിന്റെ ശീർഷകം നാടുവാണരുളുന്ന വടശ്ശേരി ദാമോദരമേനോൻ മകൻ സതീശൻ മേനവന്‌ ഉള്ളാലേ പുകളിതമെങ്കിലും പുറമേ തിരുവുള്ളക്കേടാകൂലോ‍, അതോണ്ട്‌ മെറ്റക്ക്‌ തീട്ട‍ൂരം നൽകി ചെലപ്പോ നീക്കിയേക്കാം. അങ്ങനാച്ചാ, പിന്നെ ഇ‍ൗ എഴുത്ത്‌ തൂഫാനാവൂല്ലോ.


അല്ലേൽത്തന്നെ എന്താ നാട്ടിൽ നടക്കണേ ബാലസംഘം ഭാരവാഹികളാക്കിയേന്റെ സന്തോഷം തൊങ്ങിച്ചാടി കളിക്കണേന്റെടേൽ ഇൻസ്‌റ്റേൽ പങ്കുവച്ച കുട്ട്യോൾടെ റീലിനെയൊക്കെ ആരാന്റെപ്പാ ഇത്രയ്‌ക്കങ്ങട്ട്‌ പേടിക്കണത്‌, മനസ്സിലാവണില്ലേയ്‌. അതിപ്പോൾ, ആർക്കാണ്‌ ഇ‍ൗ മഹാരാജ്യത്ത്‌ കുട്ട്യോളെ പേടീന്നങ്ങട്ട്‌ നീരീച്ചാ കാര്യം പിടിക്കിട്ടൂന്ന്‌. അതേ, നമ്മടെ ദാമോദർദാസ്‌ ജീക്ക്‌ തന്നെ. ജന്തർ മന്തറിൽ, സ്വന്തം നാടിന്റെ ഭാവി അപകടത്തിലാന്ന്‌ ബോധ്യം വന്ന കുട്ട്യോൾ പാറ്റക്കൂട്ടം പോലെ ഇരച്ചങ്ങട്ട്‌ എത്തിയപ്പോ ആദ്യമൊക്കൊ വേലിപ്പത്തലൂരി തല്ലി നോക്കി. പക്ഷേ, തങ്ങളുടെ ആസന്നഭാവി അപകടത്തിലാന്ന്‌ തോന്നിയ ജി മന്ത്രിപുംഗവനെ ബലികൊടുത്തങ്ങട്ട്‌ രക്ഷപ്പെടാനൊക്കെ നോക്കി. പിന്നെ അല്ലറ ചില്ലറ പരിക്ക്‌ ഒന്നുമല്ലല്ലോ സോഷ്യൽമീഡിയേല്‌ ഏറ്റത്‌. വിശ്വഗുരുക്കൾ സകല ഗുരുക്കളേം ഗോമാതേനേം സാരിയുടുത്ത്‌ കാവിക്കൊടിയേന്തിയ സ്‌ത്രീയെയൊക്കെ ധ്യാനിച്ചങ്ങട്ട്‌ പോംവഴി കണ്ടെത്തി. സകല വീഡിയോയും കുണ്ടാമണ്ടികളുമങ്ങട്ട്‌ നീക്കാ. അല്ല പിന്നെ സംഘത്തെ പേടിപ്പിക്കാൻ നോക്കണോ, സംഗതി നന്നായി പേടിച്ചാലും പുറത്തുകാട്ടരുതല്ലോ. ഇപ്പോ പദപ്രശ്‌നത്തിന്‌ പോംവഴിയായില്ലേ. സതീശ മേനവന്‌ വഴി കാട്ടുന്നത്‌ സംഘമാവുമ്പോ സംഘവഴിയല്ലേ സ്വീകരിക്കാനാക‍ൂ. നന്നായി പേടിച്ചാൽ പിന്നെ പേടിപ്പിച്ച സാധനങ്ങളെ കൺമുന്നിൽ കാണരുത്. ഏത്‌, വീണ്ടും പേടി തട്ടരുതല്ലോ. പിന്നേം പിന്നേം പേടിതട്ടിയാൽ മന്ത്രങ്ങളും പരിഹാരക്രിയകളുമൊന്നുമങ്ങട്ട്‌ ഏക്കാതെ വരും. അതോണ്ട്‌ റ‍ീൽസാകട്ടെ, വാർത്തയാകട്ടെ, ഷോർട്സാകട്ടെ എല്ലാം നീക്കി കളയാ.. തിരുവുള്ളക്കേടുണ്ടാവല്ലോ.


ഇതിപ്പോ സർക്കാരിനേം, രാജാവിനേം..അയ്യ്‌ നാക്കുപിഴ ഭവിച്ചതാണേയ്‌... മുഖ്യനേം വിമർശിക്കണ പോസ്‌റ്റുകൾ നീക്കണ കാര്യത്തിൽ മാത്രല്ല സംഘപാതയിലെ പ്രയാണം... എവിടുന്നാണെന്നാ അതിന്റെ നാന്ദി കുറിച്ചേന്നോ. കവടിയാർ ലോകഭവനത്തിലെ രാജേന്ദ്ര മന്നവൻ തുല്യം ചാർത്തിയ അധികാരപത്രം സത്യപ്രതിജ്ഞ ചെയ്‌ത്‌ ഏറ്റുവാങ്ങിയ അതുല്യ സുന്ദരനിമിഷത്തിലാണേയ്‌ തുടക്കം. എന്താ കഥയെന്നല്ലേ. വന്ദേമാതരം പൂർണമായങ്ങട്ട്‌ ആലപിച്ചു. വന്ദേമാതരം പൂ‍ർണമായി പാടുന്നതാരാപ്പാ. കോൺഗ്രസ്‌ സർക്കാരന്നെ. കോൺഗ്രസിനെന്താ കാര്യംന്നല്ലേ. വന്ദേമാതരത്തിന്റെ ആദ്യ എട്ടുവരി പാടിയാ മതീന്ന്‌ തീരുമാനിച്ചത്‌ നമ്മടെ കോൺഗ്രസാന്ന്‌. 1937 ഒക്ടോബർ 30-ന് കൽക്കത്തയിൽ ചേർന്ന കോൺഗ്രസ് പ്രവർത്തകസമിതിയോഗം ആദ്യ എട്ടുവരികൾ മാത്രം മതിയെന്ന്‌ തീരുമാനിച്ചു. പക്ഷേ, സംഘവിലാസം സതീശൻ സർക്കാരിന്റെ പ്രവർത്തകസമിതി നാഗ്‌പൂരിലല്ലേ. അപ്പോ പിന്നെ വന്ദേമാതരവും സംഘവഴിയിലാകൂല്ലോ‍‍.


പിന്നെ, സർക്കാരിന്റെ മുഖശ്രീ തന്നെ പിഎംശ്രീയല്ലേ, വോട്ട്‌ തേടാൻ നേരത്ത്‌ അറബിക്കടലിലെറിയുന്നൊക്കെ പലരും പറഞ്ഞത്‌ ഒള്ളത്‌ തന്ന്യാ, പക്ഷേ, ലീഗിനാച്ചാൽ പോലും സംഘകോപം വരുത്തുന്നത്‌ ചെയ്യാനാകോ. ഒന്നൂല്ല്യച്ചാ ഉണ്ടചോറിനോട്‌ നന്ദികേട്‌ കാട്ടിയാലും പിന്നാമ്പുറത്തൂടെ കിട്ടിയ വോട്ടിന് നന്ദി കാണിക്കാണ്ടിരിക്കാനാവോ. കാര്യെന്തായാലും നെഹ്‌റുവും ഗാന്ധിയും ഇറങ്ങിപ്പോയെന്ന്‌ പറഞ്ഞ പുസ്‌തകത്തിൽ അവരൊന്നും കേറി വന്നില്ലേലും വടശ്ശേരി ദാമോദരൻ..അയ്യ്‌ വീണ്ടും നാക്കുപിഴയാണല്ലോ അദാനി തമ്പാ... വിനായക്‌ ദാമോദർ സവർക്കർ ചോദ്യത്തിൽ വീരപരിവേഷത്തിലങ്ങ്‌ അവതരിച്ചിട്ടുണ്ട്‌. അത്‌ മാത്രോ സംഘത്തിന്‌ കണ്ണിന്‌ നേരെ കണ്ടാൽ കലിയിറങ്ങിയാടുന്ന സർവകലാശാലകളെയും സതീശസർക്കാർ മോഡിഫൈ ചെയ്‌തു. പൂക്കിചിരി ചിരിച്ച്‌ ജെൻസിയെ പൂഴ്‌ത്തിയെങ്കിലെന്താ സർക്കാർ സർവകലാശാലകളെ സംഘ വിസികളെ വച്ചങ്ങ്‌ മോഡിഫൈ ചെയ്‌ത്‌. പിന്നെ പ്ലീഡർ, അഡ്വക്കറ്റ്‌ ജനറൽ, പേഴ്‌സണൽ സ്‌റ്റാഫ്‌ തുടങ്ങി സ്വാഗതസംഘത്തിലും വാട്‌സാപ്പ്‌ഗ്രൂപ്പിലും വരെ ഉൾപ്പെടുത്താൻ പറ്റുന്നിടത്തെല്ലാം മിത്രസ‍ൗഹൃദമാക്കി. അപ്പോ പിന്നെ ഫലശ്രുതിയെന്താന്ന്‌ വച്ചാൽ വന്ദേമാതരം മാറി വന്ദേ താമരയായി. സംഘവിലാസം സതീശൻ സർക്കാരിന്റെ കേളിക്കൊട്ടുയരുന്നിടത്തെല്ലാം ഇനി വന്ദേതാമര ഉയരും.



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home