സതീശന്റെ ‘വർഗീയ’ കണ്ണട !


സി കെ ദിനേശ്
Published on Jan 13, 2026, 10:48 PM | 2 min read
തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷനും മറ്റത്തൂരും കുമരകവുംമറ്റും പറയുന്ന യാഥാർഥ്യങ്ങളാണോ വി ഡി സതീശൻ ആവർത്തിക്കുന്ന ‘ദിവാസ്വപ്‌ന’ലോകമാണോ ജനം വിശ്വസിക്കേണ്ടത്. പ്രതിപക്ഷനേതാവ് തുടർച്ചയായി തട്ടിവിടുന്ന വർത്തമാനങ്ങൾ അങ്ങനെയും ചിന്തിപ്പിക്കുന്നുണ്ട്.
ആർഎസ്‌എസ്–ബിജെപി ബന്ധം സിപിഐ എമ്മിനാണെന്ന് പുലമ്പുമ്പോൾ അത് ‘ലൈവാ’ക്കുന്ന ചില മാധ്യമങ്ങൾക്കും കുറച്ച് ചരിത്രബോധമൊക്കെയാകാം. എത്ര ആവർത്തിച്ച് മറുപടി പറഞ്ഞാലും നുണ പറഞ്ഞുകൊണ്ടിരിക്കുകയെന്ന പതിവുതന്ത്രം എത്ര വേവും?
ആർഎസ്‌എസ് വോട്ട് നേടി വിജയിച്ചുവെന്ന പച്ചക്കള്ളത്തിന് പലപ്രാവശ്യം പിണറായി വിജയൻ മറുപടി പറഞ്ഞതാണെങ്കിലും മാധ്യമങ്ങളുടെ സഹായത്തോടെ വീണ്ടുമോടിക്കുന്നു. 1977ല്‍ രൂപീകൃതമായ ജനതാപാര്‍ടിയില്‍ ജനസംഘം എന്ന പാര്‍ടി ലയിച്ചിരുന്നു. അത് മറയാക്കിയുള്ള നുണപ്രചാരണമാണ് വി ഡി സതീശനും കൂട്ടരും നിരന്തരമായി നടത്തുന്നത്. ജനതാപാർടിയുമായി സഹകരിക്കുന്നത്, അതിൽ ലയിച്ച ജനസംഘവുമായുള്ള ബന്ധമായി വ്യാഖ്യാനിക്കുന്നത് വെറുതെയല്ല. തങ്ങളുടെ ആർഎസ്‌എസ് ബാന്ധവത്തെ എങ്ങനെയും ന്യായീകരിക്കണമെന്നുള്ള തത്രപ്പാടുകൊണ്ടാണ്.
ഇപ്പോൾ ആർഎസ്‌എസ് ബന്ധം മറ്റുള്ളവരിൽ ‘നിക്ഷേപിച്ച്’ തടിതപ്പാൻ ശ്രമിക്കുന്ന പ്രതിപക്ഷനേതാവിന്റെ മണ്ഡലമായ പറവൂരിലെ 2001 മുതലുള്ള ചരിത്രമെന്താണ്. കാൽനൂറ്റാണ്ടായി അവിടെ എംഎൽഎ ആയി ഇരിക്കുന്നതിന്റെ രഹസ്യംതന്നെ ആർഎസ്‌എസുമായി ബന്ധപ്പെട്ടിരിക്കുന്നു. 2001ൽ ആർഎസ്‌എസ് കാര്യാലയത്തിൽ ചെന്ന് വോട്ട് അഭ്യർഥിച്ചത് തിരിച്ചും ചില സഹായങ്ങൾ ഉറപ്പുനൽകിയാണ്. ആർഎസ്‌എസ് പരിപാടിയിൽ ഗാേൾവാൾക്കറുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്താനും അവരുടെ ഗ്രന്ഥങ്ങളെ വണങ്ങാനും ഒട്ടും മടികാണിച്ചിട്ടുമില്ല പ്രതിപക്ഷനേതാവ്. തന്നെ രാഷ്‌ട്രീയമായി എതിർക്കുന്നവരെ കായികമായി ഒതുക്കാനുള്ള ‘വിദ്യ’ നടപ്പാക്കുന്നത് ആര് വഴിയാണ്?

1996ൽ ആദ്യമത്സരത്തിൽ ഭേഷായി തോറ്റ സതീശൻ ആർഎസ്‌എസ് കാര്യാലയത്തിൽ പോയി ‘കാര്യം സാധിച്ചു’. 2001ൽ ബിജെപിക്ക് കിട്ടിയത് 3000 വോട്ട്. 1991ലും 1996ലും കിട്ടിയതിനേക്കാൾ കുറഞ്ഞ വോട്ട്. തുടർന്നിങ്ങോട്ട് ആർഎസ്‌എസ് വോട്ട് ഉറപ്പിക്കാനുള്ള മിടുക്കും സതീശൻ കാണിച്ചു. 2006ൽ വീണ്ടും ബിജെപിയുടെ വോട്ട് കൂപ്പുകുത്തി. 2016 മുതൽ ബിജെപിയിൽനിന്ന് സീറ്റ് എടുത്തുമാറ്റി ബിഡിജെഎസിന് നൽകി. 2021ൽ അവരുടെ വോട്ട് നേർപകുതിയായി കുറഞ്ഞു. ഇതൊക്കെ താനേ സംഭവിച്ചതാണെന്ന് ആര് വിശ്വസിക്കും? പറവൂരിൽ തങ്ങളുടെ വോട്ട് സതീശനാണെന്ന് ബിജെപി നേതാവ് ആർ വി ബാബുതന്നെ പരസ്യമായി പറഞ്ഞിട്ടുള്ള കാര്യമാണ്. അതിനുമാത്രമുള്ള ആർഎസ്‌എസ് ബന്ധം എന്താണെന്ന് സതീശനാണ് ജനങ്ങളോട് പറയേണ്ടത്.കോലീബി സഖ്യവും ജമാഅത്തെ ഇസ്ലാമിയുമായി ചേര്‍ന്നതും എല്ലാവരും ഒന്നിച്ച് സിപിഐ എമ്മിനെതിരെ നിന്നതും ജനങ്ങളുടെ മുന്നിലുണ്ട്. 1980ല്‍ കാസര്‍കോട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് മുന്നണിയുടെ സ്ഥാനാര്‍ഥിയായി മത്സരിച്ചത് ആര്‍എസ്എസുകാരനായ ഒ രാജഗോപാലായിരുന്നു. ഇതേ കോമ്പിനേഷനിൽ പെരിങ്ങളത്ത് കെ ജി മാരാരും. രണ്ടിടത്തും വർഗീയ കൂട്ടുകെട്ടിനെ ജനം തൂത്തെറിഞ്ഞു. 1991ലെ ബേപ്പൂര്‍, വടകര കോലീബി സഖ്യത്തിന്റെ കഥ കേരളം മറക്കില്ല.
കോൺഗ്രസ് ദേശീയ നേതാക്കൾക്കുതന്നെ നേരിട്ട് ആർഎസ്‌എസ് ബന്ധമുണ്ടെന്നതിനാൽ ഒരാൾ മറുപടി പറഞ്ഞാൽ മതിയാകില്ല. 1980ൽ ഇന്ദിരാഗാന്ധിക്ക് അധികാരം ലഭിക്കാന്‍ ആര്‍എസ്എസ് സഹായിച്ചിരുന്നു. ഇന്ത്യന്‍ എക്സ്പ്രസ് രാഷ്‌ട്രീയ ലേഖകനായിരുന്ന നീരജ ചൗധരിയുടെ ‘ഹൗ പ്രൈം മിനിസ്‌റ്റേഴ്‌സ് ഡിസൈഡ്’ എന്ന പുസ്തകത്തിൽ 1980ൽ പ്രധാനമന്ത്രിയായി തിരിച്ചുവന്നശേഷം ഇന്ദിരാഗാന്ധി തുടർന്ന ആർഎസ്‌എസ് ബന്ധം വിവരിക്കുന്നുണ്ട്. 1982ല്‍ ആര്‍എസ്എസ് സര്‍സംഘചാലകിന്റെ സഹോദരനായ ബാബുറാവു ദേവറസിന്റെ അടുത്തേക്ക് രാജീവ് ഗാന്ധിയെ, ഇന്ദിര പറഞ്ഞയച്ചിരുന്നു. 1986ല്‍ രാമക്ഷേത്ര ശിലാന്യാസത്തിന് ബാബ്‌റി മസ്‌ജിദിന്റെ പൂട്ടുകള്‍ തുറക്കാനുള്ള രാജീവ് ഗാന്ധിയുടെ തീരുമാനത്തിനുപിന്നിലും ബാബുറാവു ദേവറസിന്റെ സ്വാധീനമുണ്ടായിരുന്നു.

നൂറ്റാണ്ട് തികഞ്ഞ ആർഎസ്‌എസുമായി ചേർന്ന ചരിത്രമല്ല, പോരാടിയതിന്റെ ചോരപ്പാടുകളാണ് കമ്യൂണിസ്റ്റുകാരിലുള്ളത്. ആർഎസ്‌എസ്–ബിജെപി സംഘത്തിന്റെ കൊലക്കത്തിക്ക് ഇരയായി കേരളത്തിൽ രക്തസാക്ഷികളായത് 215 കമ്യൂണിസ്റ്റുകാരാണെന്ന് ഓർക്കണം.
ഇൗ യാഥാർഥ്യങ്ങളെല്ലാം ചരിത്രത്തിൽ നീണ്ടുനിവർന്നു കിടക്കുമ്പോഴാണ് മറ്റുള്ളവരെല്ലാം ചരിത്രബോധമില്ലാത്തവരും ‘അൽഷിമേഴ്‌സ്’ ബാധിച്ചവരുമാണെന്ന ധാരണയിൽ പരമ അബദ്ധങ്ങൾ വി ഡി സതീശൻ എഴുന്നള്ളിക്കുന്നത്. ‘വിആർ ഗ്ലാസ്’ വച്ച് കളിക്കുന്ന കുട്ടികൾക്കുപോലും ഇതിനേക്കാൾ എത്രയോ യാഥാർഥ്യബോധം ഉണ്ടായിരിക്കും!












