ഐറണി തൂങ്ങിച്ചാകട്ടെ

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആർഎസ്‌എസ് പരിപാടിയിൽ ഗോൾവാൾക്കറുടെ ചിത്രത്തെ പൂജിക്കുന്നു

വിനോദ് പായം
Published on Feb 05, 2026, 10:43 PM | 3 min read
എൽഡിഎഫ് സർക്കാരിനെതിരായി യുഡിഎഫ് നടത്തിയ ‘ഐതിഹാസിക സമര’ങ്ങളിലൊന്നായി അവർതന്നെ അവകാശപ്പെടുന്നതാണ് കെ റെയിൽ വിരുദ്ധ സമരം. അർധ അതിവേഗ റെയിൽപാത സംസ്ഥാനത്തിന് ആവശ്യമില്ലെന്നും അത് ജനവിരുദ്ധമാണെന്നും ആരോപിച്ചാണ് മഞ്ഞക്കുറ്റി പറിച്ചെറിയുന്നതരം സമരം യുഡിഎഫുകാർ നടത്തിയത്. വടക്കൻ ജില്ലകളിൽ നാട്ടിയ കുറ്റി കോൺഗ്രസുകാരെക്കാളും ആവേശത്തിൽ പറിച്ചെറിഞ്ഞ കൂട്ടർ മുസ്ലിംലീഗാണ്. ഇപ്പോൾ ഇ ശ്രീധരൻ കാസർകോടിനെ ഒഴിവാക്കി, കണ്ണൂർവരെ വരുമെന്ന് പറയുന്ന അർധ അതിവേഗ റെയിലിനായി വാദിക്കുന്നത് അതേ ലീഗും കോൺഗ്രസും വി ഡി സതീശനും ആണെന്നതാണ് വിചിത്രം. അതുമാത്രമല്ല, ഇപ്പോൾ അതിവേഗ പാതയിൽനിന്ന് കാസർകോടിനെ ഒഴിവാക്കിയാൽ നാട് കത്തുമെന്ന് വെല്ലുവിളിക്കുന്നതും മറ്റാരുമല്ല; സാക്ഷാൽ രാജ്‌മോഹൻ ഉണ്ണിത്താൻ. കെ റെയിലിന്റെ കുറ്റികൾ കടപുഴക്കിയ അതേ നേതാവ്. ഐറണി (വിരോധാഭാസം) തൂങ്ങിച്ചാകട്ടെ എന്നല്ലാതെ എന്തുപറയാൻ!
കെ റെയിലും ശ്രീധരൻ പറയുന്ന അതിവേഗ പാതയും തമ്മിൽ എന്തുണ്ട് വ്യത്യാസം എന്നൊന്നും ഇക്കൂട്ടർക്ക് അറിയേണ്ട കാര്യമില്ല. പിണറായി പറിക്കുന്ന ആണി മാത്രമാണ് ഇവർക്ക് പ്രശ്‌നം. കേന്ദ്ര–സംസ്ഥാന പങ്കാളിത്തം, ചെലവ്, പാതയുടെ അലൈൻമെന്റ്, നടത്തിപ്പ്, വേഗത എന്നിവയിലൊന്നും വ്യത്യാസമില്ലെങ്കിലും പിണറായി ആദ്യം വികസനം കൊണ്ടുവരരുതെന്ന കണ്ടീഷൻ മാത്രമെ യുഡിഎഫിനും ബിജെപിക്കുമുള്ളൂ. കഴിഞ്ഞില്ല, കേരളത്തിന് വേഗ റെയിലേയില്ല എന്ന് കേന്ദ്ര ബജറ്റിൽ പറഞ്ഞപ്പോഴും ശ്രീധരന്റെ പാതയുണ്ടെന്ന പ്രതീതി വരുത്തിക്കുന്ന തിരക്കിലുമായിരുന്നു ബിജെപിയും യുഡിഎഫും മാധ്യമങ്ങളും.
ഐറണി ഇതിൽ മാത്രമല്ല തൂങ്ങിച്ചാകാൻ നിൽക്കുന്നത്. ‘വയനാട് തുരങ്കപാത; അതെന്തായാലും ഞങ്ങൾ തടയും’ എന്ന് വി ഡി സതീശൻ പറയുന്നു. അതേ പാർടിയുടെ നേതാക്കളായ സിദ്ദിഖും ഐ സി ബാലകൃഷ്‌ണനും വയനാട് ഗതാഗത പ്രശ്‌നം പരിഹരിക്കാൻ പദ്ധതി ആവശ്യപ്പെട്ട് ഉപവാസമിരിക്കുന്നു. ‘തീരദേശത്തിന്റെ സ്വസ്ഥത തകർക്കുന്ന തീരദേശ ഹൈവേ ഇൗ നാട്ടിൽ ആവശ്യമില്ല’എന്നുപറഞ്ഞ സതീശന്റെ അതേ പാർടിയിലെ എംഎൽഎമാർ, തീരദേശ പാത വികസനം ഉദ്‌ഘാടനം ചെയ്യാൻ തിരക്കുകൂട്ടുന്നു.
‘വിഴിഞ്ഞത്ത് വേണമെങ്കിൽ മറ്റൊരു വിമോചന സമരത്തിന് ആഹ്വാനം’ ചെയ്യുമെന്ന് പറഞ്ഞ കെ മുരളീധരന്റെ അതേ പാർടിയുടെ പ്രതിപക്ഷ നേതാവ്, വിഴിഞ്ഞം ചടങ്ങിൽ, ചാണ്ടി സാറിട്ട കല്ലിന് സ്‌തുതി പാടുന്നു. ഗെയിൽ പൈപ്പ് ലൈൻ, തങ്ങളുടെ നിസ്‌കാര സ്ഥലം ഇല്ലാതാക്കുമെന്ന് പ്രചരിപ്പിച്ച് കൂട്ടനിസ്‌കാരം സംഘടിപ്പിച്ച ജമാഅത്തെ ഇസ്ലാമിയുടെ മടിയിൽ കിടന്ന് വി ഡി സതീശൻ അവർക്ക് മതേതര സർട്ടിഫിക്കറ്റ് നൽകുന്നു. ഗെയിൽ പൈപ്പ് ലൈൻ സാധ്യമായാൽ പിണറായിയുടെ ഇച്ഛാശക്തിയെ അംഗീകരിക്കുമെന്ന് പരസ്യമായി പറഞ്ഞ കെ സുരേന്ദ്രൻ തന്നെ ‘എൽഡിഎഫ് വികസന വിരുദ്ധതയ്‌ക്കെതിരെയുള്ള മാർച്ച്’ ഉദ്‌ഘാടനം ചെയ്യുന്നു.
വികസന കാര്യത്തിൽ ഇത്തരം നൂറുകണക്കിന് ഐറണികൾ വലതുപക്ഷത്തിനുണ്ട്. അതിനെക്കാളും ഗുരുതരമാണ് അവരുടെ രാഷ്‌ട്രീയ നിലപാടിലെ ഐറണികൾ. മതരാഷ്ട്രവാദം അജൻഡയാണെന്ന് ജമാഅത്തെ ഇസ്ലാമി നേതാവ് ഈയടുത്ത് പറഞ്ഞത് സമൂഹ മാധ്യമങ്ങളിൽ പടരുമ്പോഴും അവർ മതരാഷ്ട്രവാദം ഉപേക്ഷിച്ചുവെന്ന് നിന്നനിൽപ്പിൽ പറയുന്നതും വി ഡി സതീശൻ. വയോധികനായ വെള്ളാപ്പള്ളിയെ ഗതാഗത നിയന്ത്രണമുള്ളതിനാൽ, 200 മീറ്റർ ദൂരം കാറിൽ കയറ്റിയ കുറ്റത്തിന് പിണറായി വിജയനെ സംഘിയാക്കിയ അതേ വി ഡി സതീശൻ, ആർഎസ്‌എസ് പരിപാടിയിൽ ഗോൾവാൾക്കർക്ക് പൂജ നടത്തുമ്പോൾ, അത് പുസ്‌തക പ്രകാശനം മാത്രമാണെന്ന് വ്യാഖ്യാനിക്കും. ‘വെള്ളാപ്പള്ളിയെ ഞാൻ കാറിൽ കയറ്റുമെന്ന്’ ചെന്നിത്തല പറഞ്ഞാൽ അത് അദ്ദേഹത്തിന്റെ എളിമയാണെന്ന് ഇതേ കൂട്ടർ വാഴ്‌ത്തും.
കേന്ദ്രം ഫണ്ട് തടയുന്നത് തുടരുമ്പോൾ, കുട്ടികൾക്ക് കിട്ടുന്ന സ്‌കോളർഷിപ് മുടങ്ങരുതെന്ന തോന്നലിൽ ഉദ്യോഗസ്ഥർ പിഎം ശ്രീയിൽ ഒപ്പിട്ടപ്പോൾ ബഹളംവച്ച പ്രധാന കോൺഗ്രസ് നേതാവാണ് കെ സി വേണുഗോപാൽ. അദ്ദേഹത്തിന് സംഘടനാ ചുമതലയുള്ള കർണാടകവും തെലങ്കാനയും ഹിമാചൽപ്രദേശും പിഎം ശ്രീയിൽ ഒപ്പിട്ടപ്പോൾ, അതെന്തുകൊണ്ട് എന്നാരും വേണുഗോപാലിനോട് ചോദിച്ചില്ല; അഥവാ അതിന് മറുപടി പറയേണ്ടുന്ന രാഷ്ട്രീയ ബാധ്യത അദ്ദേഹത്തിനില്ല. ‘വേണമെങ്കിൽ ഞാൻ ബിജെപിയിൽ ചേരു’മെന്ന് പറഞ്ഞ കെ സുധാകരൻ ഇപ്പോഴും ഉന്നത കോൺഗ്രസ് നേതാവ്. ‘ഞങ്ങൾ ആർഎസ്‌എസ് കാര്യാലയത്തിന് കാവൽ നിന്നിട്ടുണ്ട്’ എന്ന് അഭിമാനപൂർവം പറഞ്ഞതും അതേ സുധാകരൻ തന്നെ. പക്ഷെ, എന്താ സംഘപരിവാറുകാർ പരസ്യമായി തലയ്‌ക്ക് വില പറഞ്ഞ പിണറായി വിജയനാണ് ഇപ്പോഴും എപ്പോഴും കോൺഗ്രസിനും ലീഗിനും ജമാഅത്തെ ഇസ്ലാമിക്കും മൃദുസംഘി. അങ്ങനെയാണോ എന്ന് ഡാറ്റ വച്ച് ചോദ്യം ചെയ്‌താൽ അതുപറഞ്ഞയാളായിരിക്കും വലതുപക്ഷത്തിന് സംഘി. യഥാർഥ സംഘികളും ഇൗ ഐറണി കണ്ട് തലയറഞ്ഞ് ചിരിക്കുന്നുണ്ട് എന്നത് മറ്റൊരു കാര്യം.
വസ്‌തുതകൾ നിരത്തി ദൃശ്യങ്ങൾ കാട്ടി അങ്ങനെയല്ല എന്ന് തെളിയിച്ചാലും ഐറണി വാദം തുടരാമെന്നതാണ് വലതുപക്ഷ തന്ത്രം. അവൻ, അവന്റെ ഭരണം എന്ന് വി ശിവൻകുട്ടിയെ ആവർത്തിച്ച് അപഹസിച്ച സതീശൻ ഒരു ലജ്ജയും കൂടാതെ അങ്ങനെ പറഞ്ഞിട്ടേയില്ലായെന്ന് സഭയിൽ ആവർത്തിക്കുന്നു. ആരും ഓഡിറ്റ് ചെയ്തേയില്ല! ‘എയിംസ് വരും മറ്റേ മോനേ' എന്ന സുരേഷ് ഗോപിയുടെ വിടുവായത്തം എല്ലാവരും കണ്ടതാണ്. പക്ഷേ, എന്താ ‘പൊന്നുമോനേ' എന്നാണ് പറഞ്ഞതെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ പറയുന്നു. ഗോൾപോസ്റ്റ് മാറ്റി മാറ്റിക്കളിക്കലാണ് മികവെന്നുതോന്നി വലതുപക്ഷം ഈ കളി ജയിക്കുമെന്ന് തോന്നിക്കും. എന്നാൽ, ഗ്യാലറിയിൽ ഐറണി കണ്ട് മൂക്കത്ത് വിരൽ വയ്‌ക്കുന്ന നാട്ടുകാരാണ് കളിക്ക് മാർക്കിടുക എന്നത് അവർ തിരിച്ചറിയുന്നേയില്ല!












