റിപ്പോർട്ടിൽ 'കളി' ഗംഭീരം


വി അബ്ദുറഹിമാൻ
Published on Aug 18, 2026, 01:30 AM | 3 min read
അടിമുടി ഉൗഹാപോഹങ്ങളും മുൻകൂട്ടി നിശ്ചയിച്ച നിഗമനങ്ങളും ആഴയക്കുഴപ്പങ്ങളും നിറഞ്ഞ റിപ്പോർട്ടാണ് അർജന്റീന ഫുട്ബോൾ ടീമിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് കായികവകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി തയ്യാറാക്കിയത്. ഭരണസംവിധാനത്തിന്റെ അടിസ്ഥാനതത്വങ്ങൾപോലും കണക്കിലെടുക്കാതെയുള്ള ‘കണ്ടെത്തലു’കൾ ഗൂഢാലോചനയായിമാത്രമേ കാണാനാകൂ.
സർക്കാർചെലവും സ്വകാര്യചെലവും തമ്മിലും സർക്കാർതീരുമാനവും സ്വകാര്യകരാറും തമ്മിലും സർക്കാരിന്റെ ഉത്തരവാദിത്വവും സ്വകാര്യവ്യക്തികളുടെ നിയമപരവും വാണിജ്യപരവുമായ ഉത്തരവാദിത്വവും തമ്മിലുമുള്ള വ്യത്യാസങ്ങൾ തിരിച്ചറിയുക എന്ന പ്രാഥമിക വ്യവസ്ഥ ഔദ്യോഗിക റിപ്പോർട്ട് നിർബന്ധമായും പാലിക്കേണ്ടതുണ്ട്. എന്നാൽ, സാധ്യതയെ സംശയമാക്കുകയും സംശയത്തെ ക്രമക്കേടാക്കുകയും ചെയ്യുകയാണ് ഇൗ റിപ്പോർട്ട്. ഇത്തരം കണ്ടെത്തലുകളെ ഇഡി, വിജിലൻസ്, ആദായനികുതി തുടങ്ങി അന്വേഷണങ്ങൾക്ക് ശുപാർശ ചെയ്യാനുള്ള അടിസ്ഥാനമാക്കുന്നു. അതീവഗുരുതര ആരോപണങ്ങളാണ് റിപ്പോർട്ടിനെ വ്യാഖ്യാനിച്ച് ചില മാധ്യമങ്ങളും യുഡിഎഫ് സർക്കാരും ഉയർത്തുന്നത്. ഇൗ ആരോപണങ്ങൾക്കാകട്ടെ നേരിയ തെളിവിന്റെയോ സാമാന്യയുക്തിയുടെയോ പിൻബലമില്ല.
അർജന്റീനയുടെ സൗഹൃദമത്സരത്തിന്റെ സ്‌പോൺസറെ കണ്ടെത്താൻ താൽപ്പര്യപത്രം, ടെൻഡർ തുടങ്ങിയ നടപടികൾ ഉണ്ടായിരുന്നില്ല. വിവിധ സ്‌പോൺസർഷിപ് നിരക്കുകൾ താരതമ്യം ചെയ്തില്ല, കമ്പനിയുടെ സാമ്പത്തികശേഷി പരിശോധിച്ചില്ല, ഫണ്ടിന്റെ ഉറവിടം അന്വേഷിച്ചില്ല–എന്നൊക്കെയാണ് റിപ്പോർട്ടിലെ പരാതികൾ. സ്റ്റോർ പർച്ചേസ് മാന്വലിന്റെ തത്വങ്ങൾവരെ വിളിച്ചുപറയുന്നു. റിപ്പോർട്ട് തയ്യാറാക്കിയവർ ഇവിടെയെല്ലാം, പരിശോധിക്കുന്ന ഇടപാടിന്റെ സ്വഭാവംതന്നെ മറക്കുന്നു.
സർക്കാർ ഒരു പണമിടപാടും നടത്തിയിട്ടില്ല
സ്‌പോൺസറിൽനിന്ന് സർക്കാർ സ്‌പോൺസർഷിപ് തുക വാങ്ങുകയായിരുന്നില്ല. പണം ചെലവഴിക്കാൻ സ്‌പോൺസർ മുന്നോട്ടുവരികയായിരുന്നു. സർക്കാർ പൊതുപണം ചെലവഴിക്കുമ്പോഴാണ് സുതാര്യത ഉറപ്പാക്കാൻ ടെൻഡർ സംവിധാനം ഉപയോഗിക്കുന്നത്. സ്വകാര്യകക്ഷി പരിപാടിക്കായി സ്വന്തം പണം കൊണ്ടുവരുമ്പോൾ സർക്കാർ എന്തിനാണ് ടെൻഡർ വിളിക്കുന്നത്. മത്സരവുമായി ബന്ധപ്പെട്ട എല്ലാ സാമ്പത്തികബാധ്യതയും സ്‌പോൺസറാണ് വഹിക്കേണ്ടിയിരുന്നത്.
മത്സരം നടത്താൻ നിശ്ചയിച്ച കലൂർ സ്റ്റേഡിയത്തിന്റെ ഉടമസ്ഥാവകാശമോ സമാന അവകാശങ്ങളോ സ്‌പോൺസർക്ക് കെെമാറിയിരുന്നില്ല. ആ വസ്തുതകൾ രേഖകളുടെ അടിസ്ഥാനത്തിൽ പരിശോധിക്കാം. സ്‌പോർട്സ് പർച്ചേസ് മാന്വൽ ഇവിടെ എങ്ങനെയാണ് ബാധകമായതെന്ന് റിപ്പോർട്ട് വിശദീകരിക്കുന്നതേയില്ല.
മത്സരത്തിനുള്ള ഫീസ് സ്വകാര്യ സ്‌പോൺസർ സ്വന്തം വിഭവങ്ങളിൽനിന്ന് നൽകേണ്ടതാണെങ്കിൽ, സർക്കാർ പിന്തുണച്ചുവെന്ന ഒറ്റക്കാരണത്താൽ ആ തുക സർക്കാർചെലവായി മാറുന്നില്ല. സാമ്പത്തികക്രമക്കേട് ആരോപിക്കുംമുമ്പ്, ഏത് സ്വകാര്യബാധ്യതയ്ക്കാണ് സർക്കാർ ഗ്യാരന്റി നൽകേണ്ടിയിരുന്നത്, സ്‌പോൺസറുടെ ഏത് സാമ്പത്തികബാധ്യതയാണ് സർക്കാർ ഏറ്റെടുത്തത്, 198 കോടി അല്ലെങ്കിൽ 210 കോടി എന്നു പറയുന്ന തുക ഏത് സർക്കാർ ഹെഡിലാണ് വരേണ്ടത് എന്നീ അടിസ്ഥാനചോദ്യങ്ങൾ റിപ്പോർട്ടിൽ വ്യക്തമാക്കേണ്ടതായിരുന്നു. ഈ അടിസ്ഥാനകാര്യങ്ങൾക്ക് മറുപടി നൽകാതെ, സ്വകാര്യ വാണിജ്യകണക്കുകൾ ഒന്നിച്ചുകൂട്ടി അവയെ സർക്കാർ ധനസഹായമുള്ള പദ്ധതിയുടെ ചെലവെന്നപോലെ അവതരിപ്പിക്കുകയാണ്.
സ്‌പോൺസറുടെ വാണിജ്യനഷ്ടം സംസ്ഥാനത്തിന്റെ നഷ്ടമല്ല. സ്‌പോൺസർ അർജന്റീന ഫുട്ബോൾ അസോസിയേഷൻ എന്ന സ്വകാര്യസ്ഥാപനവുമായി കരാറൊപ്പിട്ട് പണം നൽകിയിട്ടുണ്ടെങ്കിൽ, പിന്നീട് പരിപാടി നടക്കാതിരുന്നാൽ നഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ അത് പൂർണമായും ആ കരാർകക്ഷികൾ തമ്മിലുള്ള വിഷയമാണ്. ഒരു കക്ഷി കരാർ ലംഘിച്ചാൽ, മറ്റേ കക്ഷിക്ക് കോടതിയെ സമീപിക്കാം. പരിപാടി കേരളത്തിലാണെന്ന കാരണത്താൽ സർക്കാർ സ്വകാര്യ സ്‌പോൺസറുടെ വാണിജ്യതീരുമാനത്തിന്റെ ഗ്യാരന്ററാകുന്നില്ല.
പൊതു അധികാരികൾ പരിപാടിക്കാവശ്യമായ കാര്യങ്ങൾ ഏകോപിപ്പിച്ചു എന്നതിനാൽ സ്വകാര്യ വാണിജ്യനഷ്ടം സർക്കാർ തിരിച്ചുനൽകേണ്ട സാധ്യതയും ഉണ്ടാകുന്നില്ല. സ്‌പോൺസറുടെ വിദേശ പണമിടപാടുമായി ബന്ധപ്പെട്ട രേഖകൾ സർക്കാർ ഫയലിൽ ഇല്ലെന്നതും റിപ്പോർട്ട് കുറ്റമായി ഉയർത്തുന്നു. ഒരു സ്വകാര്യ വിദേശ പണമിടപാടിന്റെ രേഖ കായികവകുപ്പിന്റെ -ഫയലിൽ ഇല്ലെങ്കിൽ, ‘‘ഈ ഫയലിന്റെ അടിസ്ഥാനത്തിൽ പണമിടപാട് സ്ഥിരീകരിക്കാനാകുന്നില്ല’’ എന്ന നിഗമനത്തിൽമാത്രമേ എത്താൻ കഴിയൂ.
വലിയൊരു തുക വിദേശത്തേക്ക് അയച്ചതായി ആരോപണമുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. അങ്ങനെ പറയാൻ, നിയമപരമായി പ്രസക്തമായ വസ്തുതയൊന്നും സൂചിപ്പിക്കാൻ റിപ്പോർട്ടിന് സാധിക്കുന്നില്ല. ആ പണവുമായി സർക്കാരിന് ബന്ധമുണ്ടെന്നതിന് തെളിവില്ലെന്നുമാത്രമല്ല, നടന്ന വിദേശ പണമിടപാട് നിയമവിരുദ്ധമാണെന്നു പറയുന്നതിനും തെളിവില്ല. വിദേശത്തേക്കാണെന്ന ഒറ്റക്കാരണത്താലോ വലിയ തുകയാണെന്നതിനാലോ വാണിജ്യ ഇടപാട് പരാജയപ്പെട്ടതിനാലോ, അത് കള്ളപ്പണം വെളുപ്പിക്കലാകുന്നില്ല. ജിഎസ്ടി നഷ്ടം എന്ന ആരോപണവും സാങ്കൽപ്പികമാണ്. നടന്നിട്ടില്ലാത്ത പരിപാടി നടന്നിരുന്നുവെങ്കിൽ ഉണ്ടാകുമായിരുന്ന നികുതിയെ സർക്കാർ ഖജനാവിൽനിന്ന് നഷ്ടപ്പെട്ട യഥാർഥ പണമായി അവതരിപ്പിക്കാൻ കഴിയില്ല.
പൊതുജനസുരക്ഷ സർക്കാരിന്റെ കടമ
വൻ ജനക്കൂട്ടം പങ്കെടുക്കാനിരിക്കുന്ന പൊതുപരിപാടിക്കുള്ള നിയമാനുസൃത സർക്കാർ ഏകോപനത്തെ സ്വകാര്യ കമ്പനിക്കായി സർക്കാർസംവിധാനത്തിന്റെ ദുരുപയോഗമായി ചിത്രീകരിച്ചത് ശരിയല്ല. 2025ൽ ഐപിഎൽ ജേതാക്കളായപ്പോൾ ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്‌സ് ക്രിക്കറ്റ് ടീം സംഘടിപ്പിച്ച വിജയാഘോഷം വലിയ ദുരന്തമായത് കണ്ടതാണ്. 11 ജീവനാണ് തിക്കിലും തിരക്കിലും പൊലിഞ്ഞത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് ഒഴിവാക്കാൻ സർക്കാരുകൾക്ക് കടമയുണ്ട്.
ഇവിടെ പൊലീസ്, റവന്യു, ആരോഗ്യം, അഗ്നി രക്ഷാസേന, തദ്ദേശഭരണം തുടങ്ങിയ സർക്കാർസംവിധാനങ്ങൾ ഇടപെട്ടത് സംശയകരമാണെന്ന തോന്നൽ സൃഷ്‌ടിക്കുന്ന രീതിയിൽ സർക്കാർസംവിധാനം എന്ന പദം റിപ്പോർട്ട് ആവർത്തിക്കുന്നു. അന്താരാഷ്‌ട്രപരിപാടി നടക്കുമ്പോൾ സർക്കാരിന്റെ ഉത്തരവാദിത്വം എന്താണെന്ന് മനസ്സിലാക്കുന്നതിലെ പിശകാണിത്. ഇത്തരം സന്ദർഭങ്ങളിൽ ഗതാഗതനിയന്ത്രണം, പൊലീസ് വിന്യാസം, അഗ്നി രക്ഷാസേന തുടങ്ങിയവ കൈകാര്യം ചെയ്‌ത് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയെന്നത് സംസ്ഥാന സർക്കാരിന്റെ അടിസ്ഥാനചുമതലയാണ്. ഇത്തരം തയ്യാറെടുപ്പുകൾക്കായി ഉന്നതതലയോഗം ചേരുന്നത് പതിവാണ്. അത്തരം കാര്യങ്ങളെല്ലാം അനധികൃതമായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നത് ഭരണപരമായി ശരിയല്ല.
സർക്കാർ വകുപ്പുകൾ, പൊതുസ്ഥാപനങ്ങൾ, സ്‌പോൺസർ, കായികസംഘടനകൾ, ബാങ്കുകൾ, വിദേശ കരാർകക്ഷികൾ, നിയന്ത്രണ ഏജൻസികൾ എന്നിവരെയെല്ലാം ഒറ്റസ്ഥാപനമായി ചിത്രീകരിക്കുന്നു എന്നതാണ് റിപ്പോർട്ടിലെ ആശയപരമായ ഏറ്റവും വലിയ പിഴവ്. ഏത് ഉത്തരവാദിത്വം ആരുടേതെന്ന് തിരിച്ചറിയാൻപോലും കഴിയാത്തവരാണ് റിപ്പോർട്ട് എഴുതിയുണ്ടാക്കിയത്. പരിപാടിക്ക് സൗകര്യം ഒരുക്കുന്നതുകൊണ്ട് അതുമായി ബന്ധപ്പെട്ട കരാർ, വാണിജ്യം, ബാങ്കിങ്, നികുതി തുടങ്ങിയ ബാധ്യതകൾക്കെല്ലാം നിയമപരമായി സർക്കാർ ഉത്തരവാദിയായി എന്ന ആനമണ്ടത്തരമാണ് എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്. ലോകമെങ്ങുമുള്ള സർക്കാരുകൾ സ്വകാര്യപങ്കാളിത്തമുള്ള കായിക, സാംസ്‌കാരിക, ടൂറിസം, വാണിജ്യ പരിപാടികൾക്ക് സൗകര്യമൊരുക്കുകയും പിന്തുണ നൽകുകയും ചെയ്യാറുണ്ട്. കേരളത്തിൽ നടക്കുന്ന അന്താരാഷ്‌ട്ര ക്രിക്കറ്റ് മത്സരങ്ങൾക്ക് നികുതിയിളവ് ഉൾപ്പെടെ നൽകാറുണ്ട്. സർക്കാരിന്റെ ഇത്തരം പിന്തുണയിൽ ഉൾപ്പെടുന്ന കാര്യങ്ങളൊന്നും സ്വകാര്യ സംഘാടകരുടെ വാണിജ്യ കരാറിനുള്ള സാമ്പത്തികബാധ്യതയിൽ സർക്കാരിനെ ഉൾപ്പെടുത്തുന്നില്ല.
കുറ്റം കണ്ടെത്താനായില്ല; ശിക്ഷ വിധിച്ചു
കുറ്റം തെളിയിക്കുന്നതിനുമുമ്പ് ശിക്ഷാവിധിയുടെ ഭാഷയിലാണ് റിപ്പോർട്ട് സംസാരിക്കുന്നത്. ഒരന്വേഷണം വസ്‌തുതകളിൽനിന്നാരംഭിച്ച് നിഗമനത്തിൽ എത്തുകയാണ് വേണ്ടത്. എന്നാൽ, ഇവിടെ ആദ്യം നിഗമനം തീരുമാനിച്ചു. പിന്നീട് അതിനെ പിന്തുണയ്‌ക്കാൻ കടുത്ത വാക്കുകൾ പ്രയോഗിച്ചു. അങ്ങനെ കരുതിക്കൂട്ടി റിപ്പോർട്ട് തയ്യാറാക്കണമെങ്കിൽ അതിനുപിന്നിൽ കൃത്യമായ ഉദ്ദേശ്യമുണ്ടാകും. ഉന്നതതലത്തിൽ ജോലി ചെയ്യുന്ന ഒരുദ്യോഗസ്ഥൻ എന്തിനായിരിക്കും ഇത്തരത്തിൽ കടുംകൈക്ക് തുനിഞ്ഞതെന്ന് പരിശോധിക്കേണ്ടതുണ്ട്. നിഷ്‌പക്ഷമായ പരിശോധന നടന്നാൽ റിപ്പോർട്ടിലെ ദുരുദ്ദേശ്യം പുറത്തുവരും. ഒൗദ്യോഗികപദവി ദുരുപയോഗം ചെയ്യുന്നതിന് കടുത്ത ശിക്ഷാനടപടിയും ആവശ്യമാണ്.
(കായിക–യുവജനക്ഷേമ വകുപ്പ് മുൻമന്ത്രിയാണ് ലേഖകൻ)















