മൂന്നുമാസത്തിനുള്ളിൽ ബ്ലോക്ക് ചെയ്തത് 1,95,000 പോസ്റ്റുകൾ; അഭിപ്രായസ്വാതന്ത്ര്യത്തിലെ സർക്കാർ പൂട്ട്..!


പാർവതി ഗിരികുമാർ
Published on Aug 18, 2026, 08:37 PM | 2 min read
ന്യൂഡൽഹി: കേരളത്തിൽ നിന്നുള്ള വാർത്ത കാർഡുകളും പോസ്റ്റുകളും മാത്രമല്ല, മാർച്ച് മാസം മുതൽ ജൂലൈ വരെ സർക്കാർ ഉത്തരവുകൾ പ്രകാരം സമൂഹമാധ്യമങ്ങളിൽ നൽകിയത് 1,95,000 ബ്ലോക്ക് ഓർഡറുകൾ. കേന്ദ്ര ആഭ്യന്തര വകുപ്പിന് കീഴിലുള്ള സഹ്യോഗ് പോർട്ടൽ വഴിയാണ് ഈ ഉത്തരവുകൾ പുറപ്പെടുവിക്കുന്നത്. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കും സംസ്ഥാന പൊലീസിനും ഇത്തരത്തിൽ ബ്ലോക്കിങ് ഓർഡർ പുറപ്പെടുവിക്കാൻ അധികാരമുണ്ട്.
ഏതെങ്കിലും പോസ്റ്റിനെതിരെ ബ്ലോക്കിങ് ഓർഡർ പുറപ്പെടുവിച്ചത് മൂന്ന് മണിക്കൂറിനുള്ളിൽ അത് നീക്കം ചെയ്യണം എന്നാണ് പുതിയ നിബന്ധന. മെറ്റയുടെ അതിന്റെ എപിഐ (അപ്ലിക്കേഷൻ പ്രോഗ്രാമിങ് ഇന്റർഫേസ്) നിലവിൽ സഹ്യോഗ് പോർട്ടലുമായി സംയോജിപ്പിച്ചിരിക്കുകയാണ്.
ഇതുവഴി, പോർട്ടലിൽ അപ്‌ലോഡ് ചെയ്യുന്ന സർക്കാർ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ഫ്ലാഗ് ചെയ്യപ്പെടുന്ന ഉള്ളടക്കങ്ങൾ കമ്പനിയുടെ പ്രത്യേക മനുഷ്യപരിശോധന കൂടാതെ തന്നെ മെറ്റയുടെ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് സ്വമേധയാ നീക്കം ചെയ്യപ്പെടുകയാണ്. കണക്കുകൾ പ്രകാരം ഒരു മിനിറ്റിൽ ഒരു ബ്ലോക്കിങ് ഓർഡർ എന്ന ശരാശരിയിലാണ് നിലവിലെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകളുടെ നില.
ആഗസ്റ്റ് മാസത്തിൽ കേരള സർക്കാരിന് എതിരെയുള്ള ദേശാഭിമാനി ഉൾപ്പടെ പല മാധ്യമങ്ങളുടെയും കാർഡുകൾ ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്യപ്പെട്ടത് ഇത് പോലെ സഹയോഗ് പോർട്ടലിൽ നൽകിയ ബ്ലോക്കിംഗ് ഓർഡറുകൾ വഴിയകനാണ് സാധ്യത. അങ്ങനെയെങ്കിൽ ഈ ഉത്തരവിട്ടത് സംസ്ഥാന സർക്കാരിനോ കേന്ദ്രസർക്കാരാണോ എന്ന ചോദ്യം ഉയരുകയാണ്. നിലവിൽ ഈ പോർട്ടലിന്റെ നടത്തിപ്പ് കേന്ദ്രസർക്കാർ അധീനതയിലാണുള്ളത്.
എന്നാൽ നീക്കം ചെയ്യപ്പെട്ടവയിൽ പലതും സംസ്ഥാന സർക്കാരിനെ വിമർശിക്കുന്ന ഉള്ളടക്കമുള്ള പോസ്റ്റുകളാണ്. സംഘപരിവാർ വ്യക്തിസ്വാതന്ത്ര്യത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനും മേൽ കടന്നുകയറുന്നതിനായി സമൂഹമാധ്യമങ്ങളിൽ ഏർപ്പെടുത്തുന്ന വിലക്ക് കേരളത്തിലെ യുഡിഎഫ് സർക്കാരിനും ഉപയോഗപ്രദമായ മാറുന്ന സ്ഥിതിയാണ് നിലവിലുള്ളത്. കോക്കറോച്ച് ജനത പാർട്ടിയുടെ വളർച്ചയെയുൾപ്പടെ കേന്ദ്രസർക്കാർ പ്രതിരോധിക്കാൻ ശ്രമിച്ചത് അവരുടെ പേജ് തന്നെ നീക്കം ചെയ്യിച്ചുകൊണ്ടാണ്. സുപ്രീംകോടതിയെ സമീപിച്ചശേഷമാണ് ആ പേജിലെ ബ്ലോക്ക് മാറ്റുന്ന സാഹചര്യമുണ്ടായത്.
കേന്ദ്രത്തിൽ പ്രതിപക്ഷത്തിരിക്കുന്ന ഒരു പാർട്ടിയാണ് കോൺഗ്രസ്. ആ കോൺഗ്രസാണ് നിലവിൽ കേരളം ഭരിക്കുന്നത്. കേന്ദ്രത്തിന്റേതിന് സമാനമായ നിലയിൽ വിമർശനങ്ങൾ ഉയരുമ്പോൾ ആ ശബ്ദത്തെ തന്നെ പൂട്ടിക്കുന്ന പ്രവണതയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നമ്മൾ കാണുന്നത്. കേരളത്തിൽ കൊച്ചു കുട്ടികളുടെയുൾപ്പടെയുള്ള പേജുകളാണ് മെറ്റ ബ്ലോക്ക് ചെയ്തത്.
കേന്ദ്ര സർക്കാരിന് അസഹിഷ്ണുതയുള്ള ഏത് ഉള്ളടക്കവും നീക്കം ചെയ്യുക എന്ന ഫാസിസ്റ്റ് ചിന്താഗതിയിൽ എങ്ങനെ അതെ ഫാസിസത്തെ ചെറുക്കുന്നു എന്നവകാശപ്പെടുന്ന കോൺഗ്രസും ഉൾപെടും എന്നതാണ് ചോദ്യം. കോൺഗ്രസിനും യുഡിഎഫ് സർക്കാരിനും എതിരേയുള്ളതോ കോൺഗ്രസ് ബിജെപി ബന്ധം വിളിച്ചോതുന്നതോ ആയ ഉള്ളടക്കങ്ങളും നീക്കം ചെയ്യപ്പെടുകയാണ്. കോൺഗ്രസ് - ബിജെപി ഡീലിന്റെ ഏകാധിപത്യ വകഭേദമാണ് സമൂഹമാധ്യമങ്ങളിൽ ഈ കടന്നുകയറ്റത്തിലൂടെ പുറത്തുവരുന്നത്.









0 comments