വെനസ്വേലയിലും അമേരിക്ക തോൽക്കും


ഡോ. ടി എം തോമസ് ഐസക്
Published on Jan 07, 2026, 12:15 AM | 2 min read
ട്രംപിന് ഇനിയും വെനസ്വേലയെ കീഴടക്കാൻ ആയിട്ടില്ല. പ്രസിഡന്റ് മഡുറോയെ ബന്ദിയാക്കാനേ കഴിഞ്ഞിട്ടുള്ളൂ. എന്തിന് മഡുറോയെപ്പോലും കീഴടക്കാൻ ആയിട്ടില്ല. കൈയിൽ വിലങ്ങുവച്ച് ന്യൂയോർക്കിലെ തടവുകേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്ന വേളയിൽ അദ്ദേഹം പറഞ്ഞത് ലോകം മുഴുവൻ കേട്ടു ‘ഗുഡ്‌നൈറ്റ് ആൻഡ് ഹാപ്പി ന്യൂ ഇയർ. ഷാവേസിന്റെ കാലംമുതൽ നാട് വിട്ടുപോയ പ്രവാസികൾ ആഘോഷങ്ങളിലാണ്. വെനസ്വേലയിലാകട്ടെ പ്രതിഷേധമിരമ്പുകയാണ്. അട്ടിമറിക്കുശേഷം നടന്ന അഭിപ്രായ വോട്ടെടുപ്പിൽ 22 ശതമാനം വെനസ്വേലൻ പൗരന്മാർ മാത്രമാണ് വിദേശ അമേരിക്കൻ ഇടപെടലിനെ പിന്താങ്ങുന്നത് എന്നാണ് തെളിഞ്ഞത്.
മഡുറോ ബന്ദിയാക്കപ്പെട്ടെങ്കിലും സർക്കാർ അതേപടി തുടരുകയാണ്. പട്ടാളം സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചു. ബന്ദിയാക്കപ്പെട്ട പ്രസിഡന്റിനുപകരം ഭരണഘടനാ പ്രകാരം വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് പ്രസിഡന്റായി. അവരുടെ രാഷ്ട്രീയപശ്ചാത്തലം ഈ അവസരത്തിൽ പ്രസക്തമാണ്. അവരുടെ അച്ഛൻ 1976ൽ പൊലീസ് പീഡിപ്പിച്ചു കൊന്ന ഇടതുപക്ഷ ഗറില്ലാ നേതാവായിരുന്നു. അച്ഛനെ കൊലപ്പെടുത്തിയതിന്റെ അമ്പതാം വാർഷികമാണ് 2026. ചുമതലയേറ്റ ഡെൽസിയുടെ ആദ്യത്തെ പ്രസ്താവന ഇതായിരുന്നു. ‘വെനസ്വേലയ്ക്ക് ഒരു പ്രസിഡന്റേ ഉള്ളൂ. അദ്ദേഹത്തിന്റെ പേര് നിക്കോളാസ് മഡുറോ മോറോസ് എന്നാണ്’.

ട്രംപിനും വെനസ്വേലയിലെ ജനകീയ രോഷത്തെക്കുറിച്ച് തിരിച്ചറിവുണ്ട്. അതുകൊണ്ടാണ് തന്റെ നൊബേൽ സമ്മാനം ട്രംപിന് സമർപ്പിച്ച പ്രതിപക്ഷ നേതാവ് മരിയ കൊറീന മചാഡോയെ തള്ളിപ്പറഞ്ഞത്. ‘അവർക്ക് രാജ്യത്തിനുള്ളിൽ അത്തരം ബഹുമാനമോ പിന്തുണയോ ഉണ്ടെന്നു ഞാൻ കരുതുന്നില്ല.’ ഇതോടെ മഡുറോ സർക്കാർ തെരഞ്ഞെടുപ്പ് അട്ടിമറിച്ച് അധികാരത്തിൽ വന്നതാണെന്ന കള്ളപ്രചാരണത്തിന്റെ കാറ്റ് പോയി.
ഡെൽസിയുമായി അമേരിക്കൻ സർക്കാർ രഹസ്യഡീൽ ഉണ്ടാക്കിയിട്ടുണ്ടെന്ന കുപ്രചാരണം അമേരിക്കൻ മാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും അമേരിക്കൻ അനുകൂലികൾ പ്രചരിപ്പിക്കുകയാണ്. ഡെൽസി കൂടുതൽ പ്രായോഗികമായ ഒരു നിലപാട് സ്വീകരിക്കുമെന്നും അമേരിക്കയുമായി ഒത്തുതീർപ്പിലെത്തുമെന്നുമാണ് ട്രംപ് കരുതുന്നതെന്ന് തോന്നുന്നു. പക്ഷേ ഡെൽസി അങ്ങനെ വഴങ്ങുന്നില്ല എന്നുവേണം മനസ്സിലാക്കാൻ. ‘അവർ ശരിയായിട്ടല്ല പ്രവർത്തിക്കുന്നതെങ്കിൽ വലിയ വില നൽകേണ്ടിവരും. ചിലപ്പോൾ മഡുറോയെക്കാൾ വലിയ വില’. എന്നാണു ട്രംപിന്റെ ഏറ്റവും പുതിയ ഭീഷണി.

അമേരിക്ക നേരിട്ട് ഭരിക്കണമെങ്കിൽ അഫ്ഗാനിസ്ഥാനിലും ഇറാഖിലും ഇറക്കിയതിനേക്കാൾ കൂടുതൽ പട്ടാളത്തെ ഇറക്കേണ്ടി വരും. സൈന്യത്തെ മാത്രമല്ല സായുധ ജനവിഭാഗങ്ങളെയും നേരിടേണ്ടിവരും. ഓരോ ചെറുപട്ടണവും തെരുവും യുദ്ധക്കളമാകാം. അതുകൊണ്ടാണ് തെരഞ്ഞെടുപ്പിൽ വിജയിച്ചു എന്ന് അമേരിക്ക പറയുന്ന എഡ്‌മുണ്ടോ ഗോൺസലസിനെയോ മരിയ മചാഡോയെയോ ഭരണമേറ്റെടുക്കാൻ അമേരിക്ക ക്ഷണിക്കാത്തത്.
അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ ചിത്രം കൂടുതൽ വ്യക്തമാകും. ഡെൽസി റോഡ്രിഗസ് ട്രംപുമായി നീക്കു പോക്കുണ്ടാക്കുമോ? അത്തരമൊരു നീക്കുപോക്കിനെ ഷാവേസിന്റെ രാഷ്ട്രീയപ്രസ്ഥാനം അനുകൂലിക്കുമോ? അതോ തുറന്ന ഏറ്റുമുട്ടലിലേക്ക് നീങ്ങുമോ? അങ്ങനെയൊരു ഏറ്റുമുട്ടലുണ്ടായാൽ അയൽപക്കരാജ്യങ്ങളായ കൊളംബിയയും ബ്രസീലും ഗയാനയും കൈയുംകെട്ടി ഇരിക്കുമോ?














