ad
Deshabhimani

Articles

ക്യൂബയ്‌ക്കെതിരെ അമേരിക്ക

ക്യൂബയ്‌ക്കെതിരെ അമേരിക്ക

article 2
avatar
വി ബി പരമേശ്വരൻ

Published on Jul 24, 2026, 12:00 AM | 3 min read

ഇറാനുമായി വീണ്ടും തുടരുന്ന യുദ്ധത്തിനിടയിലും ക്യൂബയെ ആക്രമിക്കാൻ അമേരിക്ക നീക്കങ്ങൾ ശക്തമാക്കുകയാണ്. ജൂലൈ 20ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് (വിദേശമന്ത്രാലയം) പുറത്തിറക്കിയ 100 പേജുള്ള റിപ്പോർട്ട് ഇതിന്റെ ഭാഗമാണ്. "ക്യൂബ: 21–-ാംനൂറ്റാണ്ടിലെ കമ്യൂണിസത്തിന്റെ തലസ്ഥാനം’ എന്ന തലക്കെട്ടിൽ ഒമ്പത് അധ്യായമുള്ള റിപ്പോർട്ടാണിത്. യുഎസ്‌ സർക്കാരിന്റെ ഉന്നതങ്ങളിൽപ്പോലും ക്യൂബൻ ചാരന്മാർ നുഴഞ്ഞുകയറിയിരിക്കുകയാണെന്നും അവർ അമേരിക്കൻ മണ്ണിൽ ഇടതുപക്ഷഭീകരത പടർത്തുകയാണെന്നുമാണ് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നത്. 1959 ജനുവരി ഒന്നിന്റെ വിപ്ലവത്തിനുശേഷവും മുമ്പും ഫിദൽ കാസ്ട്രോ പറഞ്ഞിരുന്നത് "വിപുലവും വിശാലവുമായ യുദ്ധം അമേരിക്കയ്‌ക്കെതിരെ ആരംഭിക്കും’എന്നാണ്. കഴിഞ്ഞ 67 വർഷമായി "അമേരിക്കയെ ഭൂഗോളത്തിൽനിന്ന്‌ തുടച്ചുനീക്കാൻ’ ക്യൂബ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ടിലുണ്ട്‌. ജോർജ് ഫ്ലോയിഡ് എന്ന കറുത്ത വംശജനെ പൊലീസ് ക്രൂരമായി പീഡിപ്പിച്ചുകൊന്നപ്പോഴുണ്ടായ കലാപത്തിലും യുഎസ്‌ ക്യാമ്പസുകളിലെ പലസ്തീൻ അനുകൂലപ്രസ്ഥാനങ്ങളിലും ക്യൂബൻ സ്വാധീനം കാണാമെന്ന് റിപ്പോർട്ട് പറയുന്നു. "അമേരിക്കയ്‌ക്കെതിരായ ക്യൂബൻ ആക്രമണം പാശ്ചാത്യസംസ്കാരത്തിനെതിരായ വിപ്ലവമാണ്‌’ എന്നും റിപ്പോർട്ട് ആരോപിക്കുന്നു.


"ചാരന്മാരെയും സൈനികരെയും മാത്രമല്ല, വിദ്യാർഥികളെയും ബുദ്ധിജീവികളെയും തീവ്രവാദ സെല്ലുകളെയും നയതന്ത്രകവചത്തിൽ പ്രവർത്തിക്കുന്ന ഇന്റലിജൻസ് ഉദ്യോഗസ്ഥരുള്ള സോളിഡാരിറ്റി കമ്മിറ്റികളെയും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന നെറ്റ്‌വർക്കുകളെയും ഉപയോഗിച്ച് ക്യൂബ അമേരിക്കയെ ദുർബലപ്പെടുത്താനും തരംതാഴ്ത്താനും അസ്ഥിരപ്പെടുത്താനും ശ്രമിച്ചു’ എന്നാണ് ഈ കുറ്റപത്രം പറയുന്നത്‌.​

റഷ്യയും ചൈനയും ഇറാനുമായി ചേർന്ന് അമേരിക്കയ്‌ക്കെതിരെ സഖ്യം രൂപീകരിക്കാനാണ് ക്യൂബയുടെ ശ്രമമെന്നു പറഞ്ഞാണ് റിപ്പോർട്ട് അവസാനിക്കുന്നത്. അതായത്, ക്യൂബയിലൂടെ ചൈനയെയാണ് അമേരിക്ക ഉന്നമിടുന്നതെന്ന് വ്യക്തം.


യുഎസിലെ നാഷണൽ ലോ ഗ്രിഡും ഡെമോക്രാറ്റിക് പാർടിയിലെ പുരോഗമനപക്ഷമായ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റുകളും പുരോഗമനപ്രസ്ഥാനങ്ങളെ സഹായിക്കുന്ന നെവില്ലെ റോയ് സിംഗവും ജീവിതപങ്കാളി ജോഡി ഇവാൻസും ഡെമോക്രസി നൗവിലെ ആമി ഗോഡ്മാനും നാടകകൃത്തും എഴുത്തുകാരിയുമായ ഈവ് എൻസലറും യുദ്ധവിരുദ്ധ വനിതാസംഘടനയായ കോഡ്പിങ്കും എല്ലാംതന്നെ ക്യൂബൻ സ്വാധീനത്തിന്റെ തെളിവുകളായി ഈ റിപ്പോർട്ടിൽ എടുത്തുകാട്ടുന്നു. ആരെങ്കിലും സാമൂഹ്യനീതിയെക്കുറിച്ചും സാമ്പത്തികതുല്യതയെക്കുറിച്ചും പറഞ്ഞാൽ, കമ്യൂണിസവും ക്യൂബയുമായി ബന്ധമുണ്ടെന്ന്‌ വിലയിരുത്തി അതിനെ തകർക്കണമെന്ന വ്യക്തമായ സന്ദേശമാണ് റിപ്പോർട്ടിൽ. ഇത് ക്യൂബയെ തകർക്കാൻമാത്രം ലക്ഷ്യമിട്ടുള്ളതല്ല; യുഎസിലെ പുരോഗമന -ഇടതുപക്ഷശബ്ദങ്ങളെ നിശ്ശബ്ദമാക്കുക എന്നതുകൂടി അതിലടങ്ങിയിട്ടുണ്ട്. അതോടൊപ്പം പൗരാവകാശസംഘടനകളെയും ട്രേഡ് യൂണിയനുകളെയും തകർക്കണം.


"കള്ളന്റെ വിശ്വാസം എല്ലാവരും കക്കുന്നവരാണ്‌’ എന്ന രൂക്ഷമായ പ്രതികരണമാണ് ഇ‍ൗ റിപ്പോർട്ടിനെക്കുറിച്ച് ക്യൂബൻ പ്രസിഡന്റ് ഡയസ് കാനൽ നടത്തിയത്. "ഏതെങ്കിലും രാജ്യം മറ്റൊരു രാജ്യത്തെ അമിതമായ തോതിൽ നിരീക്ഷിക്കുകയും ആക്രമിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ, അത് ക്യൂബയ്‌ക്കെതിരെ അമേരിക്കയാണ്. ക്യൂബയിലെ ഭരണമാറ്റനീക്കങ്ങൾക്കായി വർഷംതോറും നീക്കിവയ്ക്കുന്ന കോടിക്കണക്കിന് ഡോളർ വിഹിതത്തെക്കുറിച്ച് പൊതുജനങ്ങൾക്ക് നന്നായി അറിയാം. അട്ടിമറിക്കും ഭീകരതയ്ക്കുമാണ് ഈ പണം ഉപയോഗിക്കുന്നത്’– ഡയസ് കാനൽ പറഞ്ഞു.​


ക്യൂബൻ വിപ്ലവം ചരിത്രത്തിലുടനീളം ചെയ്തത് തുടർച്ചയായ ആക്രമണങ്ങൾക്കെതിരെ സ്വയംപ്രതിരോധിക്കുകയാണ്. അത് ക്യൂബയുടെ ന്യായമായ അവകാശവുമാണ്. ക്യൂബ ഒരിക്കലും യുഎസ്‌ ജനതയെ ദ്രോഹിക്കാൻ പ്രവർത്തിച്ചിട്ടില്ലെന്നും അവരുടെ രാജ്യസുരക്ഷയെ ദുർബലമാക്കാൻ ശ്രമിച്ചിട്ടില്ലെന്നും ഡയസ് കാനൽ പറഞ്ഞു. ഫാസിസ്റ്റ് പ്രവണത നയിക്കുന്ന അമേരിക്കയാൽ പുനഃസ്ഥാപിക്കപ്പെടുന്ന അന്തർദേശീയ നവ -മക്കാർത്തിസമാണ് റിപ്പോർട്ടിന്റെ ഉള്ളടക്കമെന്നും ക്യൂബ കുറ്റപ്പെടുത്തി.​


ക്യൂബയ്ക്കെതിരായ പ്രചാരണത്തിനുള്ള തരംതാണ ലഘുലേഖമാത്രമാണ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ റിപ്പോർട്ട്. യുഎസിന്‌ ക്യൂബ ഭീഷണിയാണെന്നത് സത്യവുമായി ഒരു ബന്ധവുമില്ലാത്ത കാര്യമാണ്. സൈനിക ആക്രമണത്തിന് അനുകൂലമായ പൊതുബോധം സൃഷ്ടിക്കുകയാകാം അമേരിക്കയുടെ ലക്ഷ്യം. ക്യൂബയിലെ ആഭ്യന്തരക്രമം അട്ടിമറിക്കാനും കലാപാന്തരീക്ഷം സൃഷ്ടിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായിമാത്രമേ റിപ്പോർട്ടിനെ കാണാൻ കഴിയൂ. നൂറോളം അട്ടിമറികൾ നടത്തിയ അമേരിക്ക, ക്യൂബ അട്ടിമറിക്ക്‌ ശ്രമിക്കുന്നുവെന്ന്‌ ആരോപിക്കുന്നത് തനി കാപട്യമാണ്. ക്യൂബൻ വിപ്ലവ ഇതിഹാസത്തോടുള്ള മറഞ്ഞിരിക്കുന്ന ആരാധന മറച്ചുവയ്ക്കാനാകാതെ, സാമൂഹികനീതിയുടെയും പരമാധികാര സംരക്ഷണത്തിന്റെയും മാതൃകയ്ക്കുമുന്നിൽ ഒരു ആണവ വൻശക്തിക്കുള്ള ഭയമാണ് റിപ്പോർട്ട് വെളിപ്പെടുത്തുന്നതെന്ന ക്യൂബയുടെ നിരീക്ഷണം അർഥവത്താണ്.


ഒരു തെളിവുമില്ലാതെ സങ്കൽപ്പകഥകളാണ് ഈ റിപ്പോർട്ടിലുടനീളം ഉള്ളതെന്നാണ് പ്രമുഖ മാധ്യമപ്രവർത്തകനായ ക്രിസ് ഹെഡ്ജസിന്റെ അഭിപ്രായം. "റിപ്പോർട്ടിലെ വാദങ്ങൾ വളച്ചൊടിച്ചതും സാങ്കൽപ്പികവുമാണ്‌. ലിബറൽ മൂല്യങ്ങളോടും ജനാധിപത്യത്തോടും ഇടതുപക്ഷത്തോടുമുള്ള വെറുപ്പിലാണ് അത് വേരൂന്നിയിരിക്കുന്നത്’ എന്ന്‌ "ട്രംപിന്റെ പ്രേതശത്രുക്കൾ’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ക്രിസ് ഹെഡ്ജസ് അഭിപ്രായപ്പെട്ടു. ക്യൂബ അമേരിക്കയ്‌ക്ക് സുരക്ഷാഭീഷണിയാണെന്നും ചൈന ക്യൂബയിൽ ചാരപ്രവർത്തനം നടത്തുകയാണെന്നുമുള്ള ആരോപണം ചൈനയും തള്ളി. ക്യൂബയുടെ പരമാധികാരം സംരക്ഷിക്കാനും വിദേശ ഇടപെടൽ തടയാനും ചൈന പ്രവർത്തിക്കുമെന്ന് വിദേശമന്ത്രാലയ വക്താവ് ലിൻ ജിയാൻ അറിയിച്ചു.


ക്യൂബയെ ആക്രമിക്കാൻ പെന്റഗൺ വിശദമായ പദ്ധതികൾ ആസൂത്രണം ചെയ്തുവരികയാണെന്ന വാർത്തകൾക്കിടയിലാണ്‌ വിദേശമന്ത്രാലയത്തിന്റെ റിപ്പോർട്ടും വരുന്നത്. വ്യോമാക്രമണത്തിന് കുപ്രസിദ്ധിയാർജിച്ച അമേരിക്കൻ സേനയുടെ 101 എയർബോൺ ഡിവിഷനാണ് ക്യൂബയെ ആക്രമിക്കാൻ പദ്ധതി തയ്യാറാക്കുന്നതെന്ന് സിബിഎസ്‌ ന്യൂസാണ്‌ റിപ്പോർട്ട് ചെയ്തത്. ഹെലികോപ്റ്റർവഴി ആയിരക്കണക്കിന് സൈനികരെ ക്യൂബൻ തീരത്തിറക്കി ആക്രമിക്കാനാണ് പദ്ധതിയെന്നും ഈ ടെലിവിഷൻ ചാനൽ റിപ്പോർട്ട് ചെയ്തു.


പശ്ചിമേഷ്യൻ യുദ്ധത്തിൽ അമേരിക്കയ്‌ക്ക് വലിയ തലവേദന സൃഷ്ടിച്ച ഇറാനിയൻ ഡ്രോണുകൾ ക്യൂബയിലും കണ്ടെത്തിയെന്നതാണ് അവർക്കെതിരെ ആക്രമണം നടത്തുന്നതിനുള്ള ന്യായീകരണമായി യുഎസ്‌ നിരത്തുന്നത്. ക്യൂബയിൽ ഇപ്പോഴും അമേരിക്ക കൈയടക്കിയ ഗ്വാണ്ടനാമോ നാവികതാവളം ജൂണിൽ സന്ദർശിച്ച വേളയിൽ അമേരിക്കൻ വാർ സെക്രട്ടറി പീറ്റർ ഹെഗ്സെത്തും ക്യൂബൻ കൈവശമുള്ള ഇറാൻ നിർമിത ഡ്രോണുകൾ അമേരിക്കയ്‌ക്കും ഗ്വാണ്ടനാമോ താവളത്തിനും വലിയ ഭീഷണിയാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. ട്രംപും ഇത്‌ ആവർത്തിച്ചു. ചൈനയ്‌ക്കും റഷ്യക്കും ചാരപ്രവർത്തനം നടത്തുന്നതിനുള്ള സൗകര്യങ്ങൾ ക്യൂബ ചെയ്യുകയാണെന്ന് ജോ ബൈഡനും ട്രംപും ഒരുപോലെ ആരോപിച്ചിരുന്നു.


ജൂലൈ 17ന്‌ ഫോറിൻ പോളിസി മാഗസിൻ പ്രസിദ്ധീകരിച്ച വിദഗ്‌ധരുടെ അഭിമുഖങ്ങളിൽ ഭൂരിപക്ഷംപേരും ക്യൂബ അമേരിക്കയ്‌ക്ക് ഭീഷണിയാണെന്ന ആഖ്യാനത്തെ തള്ളുകയാണ്. ക്യൂബ ഏതാനും ഡ്രോണുകൾ ശേഖരിച്ചുവെന്നത് വസ്തുതയാണെന്ന് കരുതിയാലും അത് യുഎസിന്‌ ഭീഷണിയാണെന്ന് പറയാനാകില്ലെന്നാണ് അവരുടെ അഭിപ്രായം. യുഎസിലെ മുൻ ഇന്റലിജൻസ് ഓഫീസറായ ഫുൾട്ടൺ ആംസ്ട്രോങ് പറഞ്ഞത് "ക്യൂബൻ മിസൈൽ പ്രതിസന്ധിക്കുശേഷം, 63 വർഷത്തിനിടയിൽ അമേരിക്കയ്‌ക്കോ ഗ്വാണ്ടനാമോയ്‌ക്കെതിരെയോ ക്യൂബയ്‌ക്ക് ആക്രമണോദ്ദേശ്യമുണ്ടെന്നതിന് ഒരു തെളിവും ലഭ്യമല്ല’ എന്നാണ്. എന്നാൽ, ഈ യുക്തിയൊന്നും സാമ്രാജ്യത്വത്തിന് ബാധകമല്ല. മുതലാളിത്തത്തെ രക്ഷിക്കാൻ, യുഎസ്‌ ആധിപത്യം ഉറപ്പിക്കാൻ ക്യൂബയെന്ന വിപ്ലവരാജ്യത്തെ അവർക്ക് തകർത്തെറിയണം. അതിനുള്ള ഒരുക്കങ്ങളാണ് ഘട്ടംഘട്ടമായി നടത്തുന്നത്. അതിന്റെ ഭാഗമാണ് ഈ റിപ്പോർട്ട്.​



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home