ad
Deshabhimani

Articles

അകലുന്ന സമാധാനം

അകലുന്ന സമാധാനം

Iran Tehran Protest Ayatollah Mojataba Khamenei Poster

യുഎസ് കടന്നാക്രമണത്തിനെതിരെ തെഹ്റാനിൽ നടന്ന പ്രകടനത്തിൽനിന്ന് | PHOTO: AFP

avatar
വി ബി പരമേശ്വരൻ

Published on Jun 02, 2026, 10:12 PM | 3 min read

പശ്ചിമേഷ്യയിൽ യുദ്ധത്തിന് അന്ത്യമിടാൻ ആരാണ് എതിരുനിൽക്കുന്നതെന്ന് വ്യക്തമാക്കി അമേരിക്കയും ഇസ്രയേലും വീണ്ടും ഇറാനെതിരെയും ലെബനനെതിരെയും വ്യോമാക്രമണം ശക്തമാക്കിയിരിക്കുകയാണ്. ഇറാനെതിരെ അമേരിക്കയാണ് ആക്രമണം ആരംഭിച്ചതെങ്കിൽ തെക്കൻ ലെബനനിൽ വ്യോമാക്രമണം ശക്തമാക്കിയത് ഇസ്രയേലാണ്. വെടിനിർത്തൽ നീട്ടുന്നതുസംബന്ധിച്ച് പാകിസ്ഥാന്റെയും ഖത്തറിന്റെയും മാധ്യസ്ഥ്യത്തിൽ ചർച്ചകൾ പുരോഗമിക്കവെയാണ് അമേരിക്കയും ഇസ്രയേലും ആക്രമണം കടുപ്പിച്ചത്. തങ്ങൾ മുന്നോട്ടുവയ്‌ക്കുന്ന നിർദേശങ്ങൾ ഇറാനെക്കൊണ്ട് അംഗീകരിപ്പിക്കാൻവേണ്ടിയാണ് അമേരിക്ക ആക്രമണം കടുപ്പിച്ചത്‌. എന്നാൽ, ഇറാനുമായി അമേരിക്ക സമാധാനം സ്ഥാപിക്കുന്നത് അട്ടിമറിക്കാൻ ലക്ഷ്യമിട്ടാണ് തെക്കൻ ലെബനനിൽ ഇറാൻ പിന്തുണയുള്ള ഹിസ്‌ബുള്ളയ്‌ക്കെതിരെ ഇസ്രയേൽ ആക്രമണം ശക്തമാക്കിയത്.


​ഏപ്രിൽ എട്ടിന് ഇറാനുമായി അമേരിക്കയും ഏപ്രിൽ 17 മുതൽ ലെബനനുമായി ഇസ്രയേലും എത്തിച്ചേർന്ന വെടിനിർത്തൽ ധാരണകളാണ് ഇരുവരും ലംഘിച്ചത്. ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രയേലുമാണ് ഇറാനെതിരെ ഏകപക്ഷീയമായി ആക്രമണം ആരംഭിച്ചതും പശ്ചിമേഷ്യയെ അശാന്തമാക്കിയതും. അതിന്റെ ഫലമായി എണ്ണ-വാതക വിതരണത്തിലുണ്ടായ അനിശ്ചിതത്വം ലോകജനതയെയാകെ ദോഷമായി ബാധിക്കുന്ന സമയത്തും യുദ്ധം അവസാനിപ്പിക്കാനല്ല, അത് രൂക്ഷമാക്കാനാണ് അമേരിക്കയും ഇസ്രയേലും തയ്യാറാകുന്നത്. സ്വാഭാവികമായും അമേരിക്കയുമായുള്ള സമാധാനസംഭാഷണങ്ങളിൽനിന്ന്‌ വിട്ടുനിൽക്കാൻ ഇറാൻ തീരുമാനിച്ചിരിക്കുകയാണ്. അമേരിക്കയുമായി നേരത്തേയുണ്ടാക്കിയ വെടിനിർത്തൽ കരാർ ലെബനനിനും ബാധകമാക്കിയിരുന്നു. ഈ ധാരണ ലംഘിക്കപ്പെട്ടതും ഇസ്രയേൽ ലെബനനിൽ ആക്രമണം ശക്തമാക്കിയതുമാണ് സമാധാനസംഭാഷണത്തിൽനിന്ന്‌ പിന്മാറാൻ ഇറാനെ പ്രേരിപ്പിച്ചതെന്ന് താൻസിം ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. സംഭാഷണങ്ങളിൽ ഇറാന്റെ പ്രതിനിധികളായ വിദേശമന്ത്രി അബ്ബാസ് അറാഗ്ചിയും സ്‌പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫും ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്‌തു.


​അമേരിക്കയെ ഇനിയും വിശ്വസിക്കാനാകില്ലെന്ന ആഖ്യാനമാണ് ഇറാൻ മുന്നോട്ടുവയ്‌ക്കുന്നത്. 2025 ജൂണിലും 2026 ഫെബ്രുവരിയിലും സമാധാനസംഭാഷണങ്ങൾ വിവിധതലങ്ങളിൽ പുരോഗമിക്കവെയാണ്‌ ഇറാനെതിരെ അമേരിക്കൻ–-ഇസ്രയേൽ ആക്രമണം നടന്നത്. അമേരിക്ക ഉൾപ്പെടെ ആറു രാഷ്‌ട്രങ്ങളുമായി 2015ൽ ഇറാൻ ഒപ്പുവച്ച ആണവക്കരാർ ഏകപക്ഷീയമായി റദ്ദാക്കിയതും അമേരിക്കയായിരുന്നു. 2018ൽ ഡോണൾഡ് ട്രംപാണ് ആണവക്കരാർ റദ്ദാക്കിയതും ഇറാനെതിരായ ഉപരോധങ്ങൾ ശക്തമാക്കിയതും. അന്താരാഷ്ട്രനിയമങ്ങളോ ചട്ടങ്ങളോ പാലിക്കാതെ കവലച്ചട്ടമ്പിയെപ്പോലെ പെരുമാറുന്ന അമേരിക്കയെ വിശ്വസിച്ച് മുന്നോട്ടുപോകുന്നതെങ്ങനെ എന്ന പ്രസക്തമായ ചോദ്യമാണ് ഇറാൻ ഉയർത്തുന്നത്.


​എളുപ്പം വിജയം പ്രതീക്ഷിച്ചാണ് അമേരിക്ക ഇറാനെതിരെ യുദ്ധം ആരംഭിച്ചത്. ഒന്നുരണ്ടു ദിവസത്തിനകം യുദ്ധത്തിന് വിരാമമാകുമെന്നും പൂർണമായും കീഴടങ്ങലല്ലാതെ ഇറാനുമുമ്പിൽ മറ്റു മാർഗമില്ലെന്നുമായിരുന്നു ആദ്യഘട്ടത്തിലുള്ള ട്രംപിന്റെ പ്രഖ്യാപനം. ഇറാൻ നേതൃത്വത്തെ തുടച്ചുനീക്കൽ, അമേരിക്കൻ അനുകൂല ഭരണമാറ്റം, ഇറാന്റെ ആണവ മിസൈൽശേഷി സമ്പൂർണമായി നശിപ്പിക്കൽ, ലെബനനിലെ ഹിസ്‌ബുള്ളയ്‌ക്കും യെമനിലെ ഹൂതികൾക്കും ഗാസയിലെ ഹമാസിനും ഇറാൻ നൽകുന്ന പിന്തുണ അവസാനിപ്പിക്കൽ എന്നിവയാണ് പ്രധാന ലക്ഷ്യങ്ങളായി അമേരിക്ക പറഞ്ഞിരുന്നത്. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയെ ആദ്യദിവസത്തെ ബോംബിങ്ങിൽത്തന്നെ വധിക്കാനായെങ്കിലും തുടർന്നുള്ള ലക്ഷ്യങ്ങളൊന്നും അമേരിക്കയ്‌ക്ക് നേടാനായില്ല. മാത്രമല്ല, ഹോർമുസിന്റെ നിയന്ത്രണം കൈക്കലാക്കി പെട്രോളിന്റെയും എൽഎൻജിയുടെയും 20 ശതമാനം വിതരണം തടസ്സപ്പെടുത്തി ലോക സമ്പദ്‌വ്യവസ്ഥയെ ശ്വാസംമുട്ടിക്കാനും ഇറാന്‌ കഴിഞ്ഞു. ഒപ്പം പശ്ചിമേഷ്യയിലെ ഇരുപതോളം അമേരിക്കൻ സൈനികകേന്ദ്രങ്ങൾക്ക് കാര്യമായ നാശനഷ്‌ടം ഏൽപ്പിക്കാനും യുദ്ധം ഗൾഫ് മേഖലയിലേക്ക് വ്യാപിപ്പിക്കാനും ഇറാനായി. കഴിഞ്ഞമാസം സിഐഎ പെന്റഗണ് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്, ഇറാന്റെ 70 ശതമാനം മിസൈൽശക്തിയും ഇപ്പോഴും നിലനിൽക്കുന്നുവെന്നാണ്. അമേരിക്കൻ ബോംബിങ്ങിൽ തകർക്കപ്പെട്ട ഭൂഗർഭ മിസൈൽ നിർമാണകേന്ദ്രങ്ങൾ പുനർനിർമിച്ചതായും വാർത്ത വന്നു. അതായത് ഇറാന്റെ മിസൈൽശേഷി നശിപ്പിച്ചുവെന്ന ട്രംപിന്റെ വീരവാദങ്ങൾക്ക് യാഥാർഥ്യവുമായി ബന്ധമൊന്നുമില്ലെന്നർഥം. പ്രതീക്ഷിച്ചതിൽനിന്ന്‌ വ്യത്യസ്‌തമായി യുദ്ധം ഇറാന് അനുകൂലമായതോടെ വെടിനിർത്തൽ കരാർ നീട്ടി ഇറാനുമായി സമാധാനകരാറിൽ ഒപ്പിടാൻ കേഴുന്ന അമേരിക്കയെയാണ് നാം ഇപ്പോൾ കാണുന്നത്.


​യുദ്ധത്തിനുമുമ്പ് ഹോർമുസ് കടലിടുക്ക് എങ്ങനെയാണോ തുറന്നുപ്രവർത്തിച്ചത് അതുപോലെയാക്കണമെന്നാണ് ഇറാനുമായുള്ള സംഭാഷണങ്ങളിൽ അമേരിക്ക ആവശ്യപ്പെടുന്നത്. ഇറാൻ ആണവായുധം ഉണ്ടാക്കുന്ന സാഹചര്യം ഒഴിവാക്കപ്പെടണമെന്ന ആവശ്യവും അമേരിക്ക മുന്നോട്ടുവയ്‌ക്കുന്നു. എന്നാൽ ഭരണമാറ്റം, മിസൈൽശേഷി കുറയ്‌ക്കൽ, സഖ്യകക്ഷികൾക്ക് നൽകുന്ന സഹായം ഉപേക്ഷിക്കൽ എന്നീ ആവശ്യങ്ങളൊന്നും അമേരിക്ക ഇപ്പോൾ ഉയർത്തുന്നില്ല. പരിമിതമായ അമേരിക്കൻ ആവശ്യങ്ങൾ അംഗീകരിക്കാൻപോലും ചില നിബന്ധനകൾ ഇറാൻ മുന്നോട്ടുവയ്‌ക്കുകയാണ്. ഒന്നാമതായി, ഇറാൻ തുറമുഖങ്ങൾക്കെതിരെ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം പിൻവലിക്കണം. അതോടൊപ്പം നാലരപ്പതിറ്റാണ്ടായി അമേരിക്ക തുടരുന്ന സാമ്പത്തിക ഉപരോധത്തിൽ ഇളവുവരുത്തുകയും മരവിപ്പിച്ച സ്വത്തുക്കൾ ഉപയോഗിക്കാൻ ഇറാന് അനുവാദം നൽകുകയും വേണം. വെടിനിർത്തൽ ലെബനനിനും ബാധകമായിരിക്കണമെന്നും ഇറാൻ ശഠിക്കുന്നു.


ഈ ആവശ്യങ്ങൾ അംഗീകരിച്ചാൽ അത് ഇറാന് കീഴ്പ്പെട്ടുവെന്ന പ്രതീതിയുണ്ടാക്കും. അതിനാൽ ഈ ആവശ്യങ്ങളിൽ ചിലതെങ്കിലും ഉപേക്ഷിക്കാൻ ഇറാനിൽ സമ്മർദം ചെലുത്തുന്നതിന്റെ ഭാഗമായാണ് ഇറാന്റെ ഗോരുക് നഗരത്തിലെയും ക്വഷം ദ്വീപിലെയും റഡാർ, ഡ്രോൺ കേന്ദ്രങ്ങൾക്കുനേരെ അമേരിക്ക ബോംബിങ് നടത്തിയതും ഇറാൻ തിരിച്ചടിച്ചതും. ഇതോടൊപ്പം ഇസ്രയേൽ ലെബനൻ ആക്രമണവും കടുപ്പിച്ചു. ഞായറാഴ്‌ചയാണ് തെക്കൻ ലെബനനിലെ പ്രസിദ്ധമായ ബ്യൂഫോർട്ട് കാസിൽ ഇസ്രയേൽ സേന പിടിച്ചെടുത്തത്. 12–ാംനൂറ്റാണ്ടിൽ നിർമിക്കപ്പെട്ടുവെന്ന് കരുതുന്ന ഈ കാസിൽ ലെബനനിലെ പ്രധാന ചരിത്രസ്‌മാരകമാണ്. ടൈർ നഗരവും ആക്രമിക്കപ്പെട്ടു. എന്നാൽ, ഇതൊന്നും ഇറാനെ സ്വന്തം നിലപാട് എടുക്കുന്നതിൽനിന്ന്‌ പിന്തിരിപ്പിച്ചില്ല. സംഭാഷണങ്ങളിൽനിന്ന്‌ പിൻവാങ്ങുകയാണെന്ന് ഇറാൻ അറിയിച്ചു.


​യുദ്ധം നീളുമെന്ന് വ്യക്തമായതോടെ വീണ്ടും സമാധാനത്തെക്കുറിച്ച് സംസാരിക്കാൻ ട്രംപ് ആരംഭിച്ചു. ഇതിനകം 4000 കോടി ഡോളറാണ് അമേരിക്കയ്‌ക്ക് ചെലവായത്. അതിനാൽ ലെബനനും ഇസ്രയേലും പരസ്‌പരം വെടിനിർത്തൽ കരാറിലെത്തിയതായി ലെബനനിലെ അമേരിക്കൻ എംബസി അറിയിച്ചു. ഇസ്രയേൽ ബെയ്റൂട്ട് ആക്രമണവും ഹിസ്‌ബുള്ള ഇസ്രയേലിനെതിരായ ആക്രമണവും നിർത്തുമെന്നും ലെബനൻ പ്രസിഡന്റും എക്‌സിൽ കുറിക്കുകയുണ്ടായി. ട്രംപ് നെതന്യാഹുവുമായി സംസാരിച്ചാണ് ഈ വെടിനിർത്തലെന്ന് അറിയിപ്പുണ്ടായെങ്കിലും ബെയ്റൂട്ടും തെക്കൻ ലെബനനും ഇസ്രയേൽ ഡിഫൻസ് ഫോഴ്സസ് തുടർന്നും ആക്രമിക്കുമെന്ന് നെതന്യാഹു വ്യക്തമാക്കി. ഇതിനകം ഇസ്രയേൽ ആക്രമണത്തിൽ ലെബനനിൽ 3300 പേർ കൊല്ലപ്പെട്ടു. ഇതിൽ 800 പേർ കൊല്ലപ്പെട്ടത്‌ ഏപ്രിൽ 17ന് നിലവിൽ വന്ന വെടിനിർത്തൽ കരാറിനുശേഷമാണെന്നത് ഇസ്രയേലിന്റെ വെടിനിർത്തൽ ലംഘനത്തിലേക്കാണ് വിരൽചൂണ്ടുന്നത്. ഇതുകൊണ്ടാണ് ലെബനനിൽ ഇസ്രയേൽ നടത്തുന്ന വെടിനിർത്തൽലംഘനം എല്ലാ മേഖലയ്‌ക്കും ബാധകമാണെന്ന് ഇറാൻ വിദേശമന്ത്രി പറഞ്ഞത്; അമേരിക്ക ഇറാൻ തുറമുഖങ്ങൾ ഉപരോധിക്കുന്നതും വെടിനിർത്തൽലംഘനമാണെന്ന് ഖാലിബാഫും അഭിപ്രായപ്പെട്ടു. ഏതായാലും ഇസ്രയേലിന്റെ ലെബനൻ ആക്രമണത്തിനെതിരെ ഫ്രാൻസും ബ്രിട്ടനും ജർമനിയും രംഗത്തുവന്നിരിക്കുകയാണ്. യുഎൻ രക്ഷാസമിതി വിളിച്ച് ഇക്കാര്യം ചർച്ച ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം. അമേരിക്കയും ഇസ്രയേലും തീർത്തും ഒറ്റപ്പെടുകയാണിപ്പോൾ. വിജയക്കൊടി നാട്ടി യുദ്ധത്തിൽനിന്ന്‌ പിന്മാറുകയെന്ന അമേരിക്കൻ പ്രതീക്ഷ അതിവേഗം അസ്‌തമിക്കുകയുമാണ്.




deshabhimani section

Dont Miss it

Recommended for you

Deshabhimani
Home