ad
Deshabhimani

Articles

തന്ത്രം പൊളിഞ്ഞ് അമേരിക്ക

തന്ത്രം പൊളിഞ്ഞ് അമേരിക്ക

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
എം വി ഗോവിന്ദൻ

Published on Jun 17, 2026, 11:31 PM | 3 min read

പശ്ചിമേഷ്യയിൽ നൂറുദിവസത്തിലധികം നീണ്ട യുദ്ധത്തിന് വിരാമമാകുന്നുവെന്ന വാർത്ത ആശ്വാസകരമാണ്. ഇറാനെതിരെ അമേരിക്കയും ഇസ്രയേലും ഏകപക്ഷീയമായി ആരംഭിച്ച യുദ്ധം അവർക്കുതന്നെ പിൻവലിക്കേണ്ടിവന്നു. സമാധാനക്കരാർ വെള്ളിയാഴ്ച സ്വിറ്റ്സർലൻഡിൽ ഒപ്പുവയ്‌ക്കുമെന്നാണ് കരുതുന്നത്. ലെബനനുനേരെയുള്ള ഇസ്രയേൽ ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ മേഖലയിൽ സമാധാനം സ്ഥാപിക്കപ്പെടുമോ എന്ന ആശങ്ക വിട്ടൊഴിഞ്ഞിട്ടുമില്ല.


മാധ്യമങ്ങളിലൂടെ പുറത്തുവന്ന 14 ഇന കരാറിലൂടെ കണ്ണോടിച്ചാൽ വ്യക്തമാകുന്നത് ഇറാന് പൂർണമായും അനുകൂലമായ വ്യവസ്ഥകളാണ് അതിലുള്ളതെന്നാണ്. ലെബനനിൽ ഇസ്രയേൽ നടത്തുന്ന ആക്രമണം അവസാനിപ്പിക്കും, ഇറാന്റെ പരമാധികാരം ബഹുമാനിക്കപ്പെടുകയും ആഭ്യന്തരകാര്യങ്ങളിൽ ഇടപെടാതിരിക്കുകയും ചെയ്യും, 30 ദിവസത്തിനകം ഇറാനെതിരെയുള്ള നാവിക ഉപരോധം അമേരിക്ക പിൻവലിക്കും, അതോടൊപ്പം ഹോർമുസ് കടലിടുക്ക് ഗതാഗതത്തിനായി തുറന്നുകൊടുക്കും, ഇറാനു ചുറ്റുമുള്ള പ്രദേശങ്ങളിൽനിന്ന്‌ അമേരിക്കൻ സേന പിൻവാങ്ങും, ഇറാൻ എണ്ണയ്‌ക്കും രാസവളങ്ങൾക്കും അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം ഘട്ടംഘട്ടമായി പിൻവലിക്കും, ഇറാന്റെ പുനർനിർമാണത്തിനായി അമേരിക്കയും സഖ്യകക്ഷികളും 30,000 കോടി ഡോളറിന്റെ ഫണ്ട് സ്വരൂപിക്കും, അമേരിക്ക മരവിപ്പിച്ച ഇറാന്റെ 10,000 കോടി ഡോളറിൽ 240 കോടി ഡോളർ ഉടൻ തിരിച്ചുനൽകും തുടങ്ങിയ വ്യവസ്ഥകൾ ഭൂരിപക്ഷവും ഇറാന് അനുകൂലമാണ്. ഹോർമുസ് ഗതാഗതത്തിന് തുറന്നുകൊടുക്കുന്നുവെന്നതും ആണവായുധം ഇറാൻ ഉണ്ടാക്കില്ലെന്നതുമാണ് പ്രധാന നേട്ടമായി അമേരിക്ക എടുത്തുകാട്ടുന്നത്.


യുദ്ധത്തിനുമുമ്പും ഹോർമുസ് കടലിടുക്ക് തുറന്നുകിടക്കുകയായിരുന്നു. യുഎസ്‌ ആക്രമണമാണ് ഹോർമുസ് അടയ്‌ക്കാൻ കാരണമായത്. ഇനിമുതൽ ഇറാന്റെ മേൽനോട്ടം ഈ കടലിടുക്കിലൂടെയുള്ള ഗതാഗതത്തിന് ഉണ്ടാകുമെന്ന്‌ ഉറപ്പാണ്. ആണവായുധം നിർമിക്കില്ലെന്ന് 2015ൽത്തന്നെ അമേരിക്ക ഉൾപ്പെടെ ആറു രാഷ്ട്രങ്ങളുമായി ഇറാൻ ഒപ്പിട്ട ആണവകരാറിൽ ഉറപ്പുനൽകിയതാണ്. ആ കരാർ തകർത്തത് 2018ൽ ട്രംപാണ്. ഇപ്പോൾ അതേ കരാറിലെ വ്യവസ്ഥകൾതന്നെയാണ് ട്രംപ് ആവർത്തിക്കുന്നത്. ഇതിൽനിന്നുതന്നെ യുദ്ധത്തിൽ വിജയിച്ചതാരാണെന്ന് വ്യക്തമാകും.


ഇറാന്റെ നേതൃത്വത്തെ തുടച്ചുനീക്കലും അമേരിക്കൻ അനുകൂല ഭരണമാറ്റവും ഇറാന്റെ ആണവ, മിസൈൽ ശേഷി സമ്പൂർണമായി നശിപ്പിക്കലും ലെബനനിലെ ഹിസ്‌ബുള്ളകൾക്കും യെമനിലെ ഹൂതികൾക്കും ഗാസയിലെ ഹമാസിനും ഇറാൻ നൽകുന്ന പിന്തുണ അവസാനിപ്പിക്കലുമാണ് പ്രധാന ലക്ഷ്യങ്ങളായി അമേരിക്ക പറഞ്ഞിരുന്നത്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയെയും കുടുംബാംഗങ്ങളെയും ആദ്യദിവസത്തെ ബോംബിങ്ങിൽത്തന്നെ വധിച്ചെങ്കിലും തുടർന്നുള്ള ഒരു ലക്ഷ്യംപോലും യുഎസിന്‌ നേടാനായില്ല. ഒരു ലക്ഷ്യവും പൂർത്തിയാക്കാതെ ഇറാന്റെ ആവശ്യങ്ങൾക്ക് വഴങ്ങി യുദ്ധം അവസാനിപ്പിക്കേണ്ട ഗതികേടിലായി എന്നർഥം. ഏഴായിരത്തിലധികംപേരുടെ ജീവൻ നഷ്ടമായതും കോടികളുടെ നഷ്ടവുമാണ് യുദ്ധത്തിന്റെ ബാക്കിപത്രം.


ഇറാനെ ഒറ്റപ്പെടുത്താൻ ഇസ്രയേലിന്റെയും മൊസാദിന്റെയും പ്രേരണയാൽ അമേരിക്ക ആരംഭിച്ച യുദ്ധം മേഖലയിൽ ഇസ്രയേലിന്റെ ഒറ്റപ്പെടലിനും അമേരിക്ക–ഇസ്രയേൽ ബന്ധത്തിൽ താൽക്കാലികമായെങ്കിലും വിള്ളൽ വീഴ്ത്താനും മാത്രമേ ഉപകരിച്ചുള്ളൂ. കരാറിന്റെ ഭാഗമായി ലെബനനിൽ ഇസ്രയേൽ നടത്തുന്ന ആക്രമണം പിൻവലിക്കണമെന്ന് നിഷ്കർഷിച്ചത് നെതന്യാഹുവിന് കനത്ത തിരിച്ചടിയായി. ലെബനനിൽനിന്ന്‌ പിൻവാങ്ങില്ലെന്ന ഇസ്രയേലിന്റെ സമീപനത്തെ ട്രംപിന് വിമർശിക്കേണ്ടിവന്നു.


ഉത്തരവാദിത്വബോധമുള്ള ശക്തിയായി പ്രവർത്തിക്കാൻ തയ്യാറാകണമെന്ന് സ്വന്തം കവലച്ചട്ടമ്പിയോട് പറയേണ്ടിവന്നു ട്രംപിന്. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ശക്തിയാണ് ഇസ്രയേൽ എന്ന സ്ഥിതി ഇറാന്റെ യുദ്ധവിജയത്തോടെ ചോദ്യംചെയ്യപ്പെട്ടു. മേഖലയിലെ പ്രധാന ശക്തിയായി ഇറാൻ ഉയർന്നു. മേഖലയിലെ അസ്ഥിരതയ്‌ക്കും സംഘർഷത്തിനും പ്രധാന കാരണം ഇറാനാണെന്ന ഇതുവരെയുള്ള ആഖ്യാനത്തിന് മാറ്റംവരികയും യഥാർഥത്തിൽ ഇസ്രയേലാണ് മേഖലയെ സംഘർഷഭരിതമാക്കുന്നതെന്ന നിരീക്ഷണം പാശ്ചാത്യരാജ്യങ്ങൾക്കടക്കം അംഗീകരിക്കേണ്ടിയും വന്നു.


അമേരിക്കൻ നേതൃത്വത്തിലുള്ള പാശ്ചാത്യചേരിയിലും കടുത്ത ഭിന്നിപ്പാണ് ഇറാൻവിഷയവുമായി ബന്ധപ്പെട്ട് രൂപപ്പെട്ടത്. ഹോർമുസ് കടലിടുക്ക് തുറക്കാൻ നാറ്റോ അംഗരാജ്യങ്ങളുടെ സഹായം ട്രംപ് അഭ്യർഥിച്ചെങ്കിലും ആരും മുന്നോട്ടുവന്നില്ല. അമേരിക്കയില്ലെങ്കിൽ നാറ്റോ വെറും വട്ടപ്പൂജ്യമായിരിക്കുമെന്ന ഭീഷണി മുഴക്കിയിട്ടും ജർമനിയോ ഫ്രാൻസോ പിന്തുണയ്‌ക്കാൻ തയ്യാറായില്ല. സ്പെയിനെപ്പോലുള്ള രാജ്യങ്ങൾ യുഎസ്‌ ആക്രമണത്തിനുനേരെ പരസ്യമായി രംഗത്തുവന്നു.


യുദ്ധത്തിന്റെ ഫലമായി ഗൾഫ് രാജ്യങ്ങളിൽ അമേരിക്കയ്‌ക്കുണ്ടായ സ്വാധീനത്തിലും ഇടിവ്‌ തട്ടി. സുരക്ഷ പരിഗണിച്ചാണ് ജിസിസി രാഷ്ട്രങ്ങൾ അമേരിക്കയുമായി അടുത്തതും അവർക്ക് സൈനികതാവളങ്ങൾ നിർമിക്കാൻ അനുവാദം നൽകിയതും. എന്നാൽ, ഇവ പരക്കെ ഇറാൻ ആക്രമണത്തിന് വിധേയമായപ്പോൾ ഗൾഫ് രാഷ്ട്രങ്ങളുടെ സുരക്ഷയും അവതാളത്തിലായി. അമേരിക്കയ്‌ക്ക് വലിയ സാമ്പത്തികനഷ്ടമുണ്ടായതിനുപുറമെ ഗൾഫ് രാജ്യങ്ങളിൽ അമേരിക്കൻ വിശ്വാസ്യതയ്‌ക്ക് ഇടിച്ചിൽ തട്ടി. ഇറാനെതിരെ ഗൾഫ് രാഷ്ട്രങ്ങളെ തിരിക്കാനുള്ള അമേരിക്കൻ തന്ത്രമാണ് പാളിയത്.


ട്രംപിന്റെ മേയ്ക്ക് അമേരിക്ക ഗ്രേറ്റ്‌ എഗെയ്ൻ (മാഗ) സഖ്യത്തിലും വിള്ളലുണ്ടായി. അമേരിക്കയെ അനാവശ്യമായി യുദ്ധത്തിലേക്ക് വലിച്ചിഴച്ച ട്രംപിന്റെ നടപടി, ടക്കർ കാൾസനെപ്പോലുള്ള അനുയായികൾ എതിർത്തു. ഇറാന് വഴങ്ങി കരാർ ഒപ്പിട്ടതിനെയും മാഗ അനുയായികൾ വിമർശിച്ചു. നവംബറിലെ കോൺഗ്രസ് തെരഞ്ഞെടുപ്പ് ട്രംപിന് വലിയ വെല്ലുവിളിയാണിന്ന്.


അവസാനമായി അമേരിക്കൻ സൈനികശേഷിയുടെ പരിമിതി ലോകത്തിന് ബോധ്യമായി. ഇറാന്റെ ആണവശേഷി പോയിട്ട്, മിസൈൽ- ഡ്രോൺ ശേഷിപോലും തകർക്കാനായില്ല. യുദ്ധത്തിനുശേഷവും ഇറാന്റെ 70 ശതമാനം മിസൈൽ ശേഷിയും നിലനിൽക്കുകയാണ്. വ്യക്തമായ ലക്ഷ്യമോ തന്ത്രമോ ഇല്ലാതെ യുദ്ധത്തിൽ എടുത്തുചാടിയ അമേരിക്കയ്‌ക്ക് എങ്ങനെയെങ്കിലും തലയൂരണമെന്ന സ്ഥിതിയായി. നാൽപ്പതിലധികം തവണയാണ് വെടിനിർത്തലിനെക്കുറിച്ചും സമാധാനക്കരാറിനെക്കുറിച്ചും ട്രംപ് സംസാരിച്ചത്. എന്നാൽ, ഇറാനാകട്ടെ വലിയ ഒരുക്കവും മുൻകരുതലും നടത്തുകയും ചെയ്തു.


പരമോന്നത നേതാവിനെയും പ്രതിരോധമന്ത്രിയെയും വധിച്ചപ്പോൾ അവർ പുതിയ നേതാക്കളെ തെരഞ്ഞെടുത്തു. ഒരുഘട്ടത്തിൽപ്പോലും പതറാതെ യുദ്ധമുഖത്ത് നിലയുറപ്പിച്ചു. ചൈനയുടെ വളർച്ചയോടെ അമേരിക്കൻ സാമ്പത്തികാധിപത്യം ചോദ്യംചെയ്യപ്പെട്ടതുപോലെ, ഇറാന്റെ മുമ്പിലുണ്ടായ തോൽവി അമേരിക്കയുടെ സൈനികാധിപത്യത്തെയും ചോദ്യമുനയിൽ നിർത്തി. സോവിയറ്റ് തകർച്ചയ്‌ക്കുശേഷമുള്ള അമേരിക്കയുടെ സമഗ്രാധിപത്യം തകരാൻ തുടങ്ങിയിരിക്കുന്നുവെന്ന് ഉറപ്പിച്ചുപറയാം. ട്രംപിനൊപ്പം ഇന്ത്യൻ പ്രധാനമന്ത്രി മോദിയുടെ പ്രതിച്ഛായയും തകർന്നു. യുദ്ധം തുടങ്ങുന്നതിനുമുമ്പ് ഇസ്രയേൽ സന്ദർശിച്ച് നെതന്യാഹുവിന് പിന്തുണ അർപ്പിച്ച മോദി, പരാജിതസഖ്യത്തിനൊപ്പം നിലയുറപ്പിച്ച് സ്വയം പരാജിതനായി.​



Deshabhimani
Home