Articles
തൊഴിലാളി കലാപത്തിനു പിന്നിൽ ഗൂഢാലോചന സിദ്ധാന്തം അടിച്ചേൽപ്പിക്കാനാണ് യുപി പൊലീസ് തുടക്കംമുതൽ ശ്രമിച്ചത്.
അതിജീവന പോരാട്ടവും രാജ്യദ്രോഹമോ

എം പ്രശാന്ത്
Published on Jun 14, 2026, 11:15 PM | 3 min read
രാജ്യത്തെ തൊഴിലാളികളോട് കേന്ദ്ര ഭരണകക്ഷിയായ ബിജെപിയുടെ നയസമീപനം പുതിയ തൊഴിൽ കോഡുകളിൽ വ്യക്തമാണ്. പതിറ്റാണ്ടുകൾ നീണ്ട പോരാട്ടങ്ങളിലൂടെ തൊഴിലാളികൾ നേടിയെടുത്ത അവകാശങ്ങളെല്ലാം നാല് തൊഴിൽ കോഡിലൂടെ കേന്ദ്ര ബിജെപി സർക്കാർ കവർന്നെടുത്തു. കിട്ടുന്ന കൂലിക്ക് നിശ്ശബ്‌ദം പണിയെടുക്കുക. അവകാശങ്ങൾക്കായി പ്രതിഷേധസ്വരം ഉയർന്നാൽ നിഷ്‌കരുണം അടിച്ചമർത്തും. ഇതാണ് ബിജെപിയുടെ തൊഴിൽനയം. കേന്ദ്രത്തിന്റെ തൊഴിലാളിദ്രോഹ നയം അൽപ്പംകൂടി തീക്ഷ്‌ണമായി നടപ്പാക്കുന്ന തിരക്കിലാണ് നിലവിൽ യുപിയിലെ ബിജെപി സർക്കാർ. തൊഴിൽ സമരത്തിൽ ഉൾപ്പെട്ടവർക്കെതിരായി ഗുരുതര ദേശീയ സുരക്ഷാ നിയമം (എൻഎസ്‌എ)അടക്കം ചുമത്തി. ട്രേഡ് യൂണിയൻ പ്രവർത്തകരെയും തൊഴിലാളികളുടെ അവകാശങ്ങൾക്കായി നിലകൊള്ളുന്ന സാമൂഹ്യപ്രവർത്തകരെയും വിചാരണപോലും കൂടാതെ ദീർഘനാൾ തുറുങ്കിലടയ്‌ക്കുകയാണ് ബിജെപി സർക്കാരിന്റെ ലക്ഷ്യം. ഇനിയൊരു നോയിഡ ആവർത്തിക്കരുതെന്ന വാശിയിലാണ് ആദിത്യനാഥ് സർക്കാർ.
യുപി സർക്കാരിനെ ഞെട്ടിച്ച നോയ്ഡ പ്രക്ഷോഭം
ഏപ്രിൽ 13ന് കൂലി വർധന ആവശ്യപ്പെട്ട് യുപിയിലെ നോയ്ഡയിൽ പൊട്ടിപ്പുറപ്പെട്ട തൊഴിലാളിസമരം സംസ്ഥാന ബിജെപി സർക്കാരിനെ വല്ലാതെ ഉലച്ചു. തൊട്ടടുത്ത ദിവസംതന്നെ മിനിമം കൂലിയിൽ നേരിയ വർധന വരുത്തി സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ബിജെപി അനുകൂല മാധ്യമങ്ങൾ ആദിത്യനാഥ് സർക്കാരിന്റെ തൊഴിലാളി സ്‌നേഹത്തെ വാഴ്‌ത്തിപ്പാടി. നോയിഡയിൽ തുടർന്നുള്ള ദിവസങ്ങളിലെ പൊലീസ് അടിച്ചമർത്തൽ മുഖ്യധാരാ മാധ്യമങ്ങൾ ഗൗനിച്ചതേയില്ല. ആയിരത്തിലേറെ തൊഴിലാളികൾ പൊലീസ് കസ്റ്റഡിയിലായി. സിഐടിയു നേതാക്കൾ ഉൾപ്പെടെ ട്രേഡ് യൂണിയൻ പ്രവർത്തകർ ദിവസങ്ങളോളം വീട്ടുതടങ്കലിലായി.
തൊഴിലാളി സമരത്തെ ആക്രമണസമരമായി ചിത്രീക്കരിക്കാൻ വലതുപക്ഷ മാധ്യമങ്ങൾ മത്സരിച്ചു. നോയിഡയിൽ 82 ഇടത്തായി 42,000 തൊഴിലാളികൾ പണിമുടക്കിയതായാണ് പൊലീസ് റിപ്പോർട്ട്. ഇതിൽ രണ്ടിടത്ത് മാത്രമാണ് സമരം അൽപ്പമെങ്കിലും അക്രമാസക്തമായത്. എന്നാൽ, വേഗത്തിൽത്തന്നെ ലാത്തി വീശിയും കണ്ണീർവാതകം പ്രയോഗിച്ചും പൊലീസ് സമരക്കാരെ ആട്ടിപ്പായിച്ചു. പലരെയും കസ്‌റ്റഡിയിലെടുത്തു. ബിജെപി അനുകൂല ടിവി ചാനലുകൾ ആക്രമണസംഭവങ്ങളുടെ ദൃശ്യങ്ങൾ തുടർച്ചയായി സംപ്രേഷണം ചെയ്‌ത് സമരത്തിനിറങ്ങിയ തൊഴിലാളികളെയാകെ കലാപകാരികളായി ചിത്രീകരിച്ചു. നോയ്ഡയിൽ തൊഴിലാളികൾ വലിയ കലാപശ്രമം നടത്തിയെന്ന പ്രതീതി സൃഷ്‌ടിച്ച് പൊലീസ് നരനായാട്ട് ആരംഭിച്ചു. തൊഴിലാളികളെ കൂട്ടമായി കസ്‌റ്റഡിയിലെടുത്ത് ക്രൂരമായി മർദിച്ചു. സിപിഐ എം നേതാക്കൾ ഉൾപ്പെടെ പ്രതിപക്ഷ പാർടി നേതാക്കളും ട്രേഡ് യൂണിയൻ നേതാക്കളും ഇടപെട്ടതിനെത്തുടർന്ന് ബഹുഭൂരിഭാഗം പേരും ജയിൽ മോചിതരായി. എന്നാൽ, നൂറിനടുത്ത് തൊഴിലാളികളും ട്രേഡ് യൂണിയൻ പ്രവർത്തകരും ഇപ്പോഴും ജയിലിലാണ്. സായുധ കലാപം, വധശ്രമം, ക്രിമിനൽ ഗൂഢാലോചന, പൊതുമുതൽ നശിപ്പിക്കൽ, സംഘം ചേർന്നുള്ള ആക്രമണം തുടങ്ങിയ ഗുരുതര കുറ്റങ്ങളാണ് ചുമത്തിയത്. നഗ്‌നമായ മനുഷ്യാവകാശ ലംഘനം നടന്നിട്ടും ഹൈക്കോടതി ഉൾപ്പെടെ യുപിയിലെ കോടതികൾ അനങ്ങിയില്ല. അറസ്‌റ്റിലായ പലരും ഇപ്പോൾ നീതി തേടി സുപ്രീംകോടതിയിലാണ്.
എൻഎസ്‌എ ചുമത്തപ്പെട്ടവരിൽ മാധ്യമപ്രവർത്തകനും
തൊഴിലാളി കലാപത്തിനു പിന്നിൽ ഗൂഢാലോചന സിദ്ധാന്തം അടിച്ചേൽപ്പിക്കാനാണ് യുപി പൊലീസ് തുടക്കംമുതൽ ശ്രമിച്ചത്. അതിനായി അവർ ആദ്യം ലക്ഷ്യമിട്ടത് തൊഴിലാളികൾക്കിടയിൽ പ്രവർത്തിക്കുന്ന സന്നദ്ധപ്രവർത്തകരെയും തെരുവുനാടക കലാകാരന്മാരെയും മറ്റുമാണ്. ഏപ്രിൽ ഒമ്പതിനാണ് നോയ്ഡയിൽ വിവിധ ഫാക്‌ടറികളിലെ തൊഴിലാളികൾ കൂലി വർധന ആവശ്യപ്പെട്ട് ആദ്യമായി തെരുവിലിറങ്ങിയത്. തൊഴിലാളികൾ സംഘടിക്കുന്നത് തൊഴിലുടമകളിലും അധികൃതരിലും പൊലീസിലും അസ്വസ്ഥത സൃഷ്‌ടിച്ചു. തുടർപ്രക്ഷോഭങ്ങളിലേക്ക് നീങ്ങുന്നത് തടയാനായി തൊഴിലാളികൾ ഉൾപ്പെട്ട വാട്‌സാപ്– ടെലഗ്രാം ഗ്രൂപ്പുകളിലേക്കും മറ്റും പൊലീസ് നുഴഞ്ഞുകയറി. ബിഗുൾ മീഡിയ ടെലഗ്രാം ഗ്രൂപ്പ് അവരുടെ ശ്രദ്ധയിലെത്തി. ലഖ്‌നൗ കേന്ദ്രീകരിച്ച് പുറത്തിറങ്ങുന്ന ‘മസ്‌ദൂർ ബിഗുൾ’ എന്ന മാസികയിലേക്കാണ് പൊലീസ് അന്വേഷണം എത്തിയത്. മുതിർന്ന മാധ്യമപ്രവർത്തകനായ സത്യം വർമയാണ് മാസികയുടെ പ്രസാധകൻ. വാർത്താ ഏജൻസിയായ യുഎൻഐയിൽ രണ്ട് ദശകം ജോലി ചെയ്‌തിരുന്നു അറുപത്തഞ്ചുകാരനായ സത്യം. നിലവിൽ ജനചേതന എന്ന പ്രസാധനശാലയുടെ ഉടമസ്ഥനുമാണ്. ഏപ്രിൽ 10ന് തന്നെ യുപി പൊലീസ് ജനചേതനയുടെ ഓഫീസിലെത്തി. സത്യം വർമയെയും സഹപ്രവർത്തകയും കവിയുമായ കത്യയാനി സിൻഹയെയും ചോദ്യംചെയ്‌ത് പൊലീസ് മടങ്ങി. എന്നാൽ, തൊട്ടടുത്ത ദിവസം ബിഗുൾ മീഡിയ ടെലഗ്രാം ഗ്രൂപ്പിൽ ഉൾപ്പെട്ട ആകൃതി ചൗധുരി, സൃഷ്‌ടി ഗുപ്‌ത, മനീഷ, രൂപേഷ് റോയ് എന്നിവരെ നോയ്ഡയിലെ ബൊട്ടാണിക്കൽ ഗാർഡൻ മെട്രോ സ്‌റ്റേഷനിൽനിന്ന് പൊലീസ് കസ്‌റ്റഡിയിലെടുത്തു. അറസ്റ്റ് രേഖപ്പെടുത്താതെ ദിവസങ്ങളോളം കസ്റ്റഡിയിൽ വച്ചു.
മെട്രോ സ്‌റ്റേഷനിൽനിന്ന് കസ്റ്റഡിയിലെടുത്ത ആകൃതി ചൗധുരി അടക്കമുള്ളവർക്കും വർമയ്‌ക്കുംമേൽ ഗൂഢാലോചന സിദ്ധാന്തം പൊലീസ് അടിച്ചേൽപ്പിച്ചു. ഏപ്രിൽ 13ന് ഉണ്ടായ സംഘർഷങ്ങൾക്ക് ഏപ്രിൽ 11ന് കസ്റ്റഡിയിലായവർ എങ്ങനെ ഉത്തരവാദികളാകുമെന്ന വിശദീകരണം പൊലീസിനില്ല. വർമയെയും സംഘത്തെയും അർബൻ നക്‌സലുകളായി മുദ്രകുത്തി. മാർക്‌സിസ്റ്റ് ആശയക്കാരാണെന്നും മാവോയുടെയും മറ്റും രചനകൾ ഇവർ വായിച്ചിട്ടുണ്ടെന്നും കോടതിയിൽ നൽകിയ റിപ്പോർട്ടിൽ ‘വൻപാതകമായി’ പൊലീസ് ഉൾച്ചേർത്തു. ഡൽഹി സർവകലാശാലയിൽനിന്ന് ചരിത്രത്തിൽ എംഎ നേടിയ ആകൃതി ചൗധുരിയുടെ അച്ഛൻ ബംഗാളിലെ സിപിഐ എം മുഖപത്രമായ ‘ഗണശക്തി’യിലെ ജീവനക്കാരനാണെന്നതും കുറ്റകരമായ കാര്യമായി പൊലീസ് റിപ്പോർട്ടിലുണ്ട്.
തൊഴിലാളിസമര വിഷയത്തിൽ അതിരുകടന്ന ഇടപെടലാണെന്ന് ബോധ്യമുള്ളതുകൊണ്ടുതന്നെ വർമയ്‌ക്കും മറ്റും സുപ്രീംകോടതിയിൽ ആശ്വാസം ലഭിക്കുമോയെന്ന ആശങ്ക പൊലീസിനുണ്ട്. ഇത് തടയാനായി വർമയ്‌ക്കും ആകൃതിക്കുംമേൽ ഇപ്പോൾ എൻഎസ്‌എകൂടി ചുമത്തിയിരിക്കുകയാണ് യുപി പൊലീസ്. തൊഴിലാളിസമരം രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയെന്നാണ് പൊലീസ് വ്യാഖ്യാനം. കൂലിവർധനയ്‌ക്കായി പ്രതിഷേധിക്കുന്ന തൊഴിലാളികൾ തീവ്രവാദികളല്ലെന്നും ഇടതുപക്ഷ ആശയം പിന്തുടരുന്നത് ക്രിമിനൽ കുറ്റമല്ലെന്നും നോയിഡയിലെ തൊഴിൽ സമരവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെ സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. എന്നാൽ, യുപിയിലെ ബിജെപി സർക്കാരിന് ഇൗ നിലപാടല്ല. അവകാശങ്ങൾക്കായി ശബ്‌ദമുയർത്തുന്ന തൊഴിലാളികളെ ഏതുവിധേനയും നിശ്ശബ്‌ദമാക്കുകയെന്ന കോർപറേറ്റ് താൽപ്പര്യമാണ് ബിജെപി പിന്തുടരുന്നത്.
















