ad
Deshabhimani

Articles

നേർവഴി

ഐക്യത്തോടെ മോദിക്കെതിരെ

Narendra Modi Speech
എം വി ​ഗോവിന്ദൻ

Published on Apr 23, 2026, 12:00 AM | 3 min read

വനിതാസംവരണ ബിൽ മറയാക്കി, അതുമായി ഒരു ബന്ധവും ഇല്ലാത്ത, ലോക്‌സഭയുടെ അംഗസംഖ്യ 850 ആയി വർധിപ്പിക്കുന്ന 131–-ാം ഭരണഘടനാ ഭേദഗതി ബിൽ പാസാക്കാൻ ശ്രമിച്ച മോദിസർക്കാർ ലോക്‌സഭയിൽ ദയനീയമായി പരാജയപ്പെട്ടു. 528 അംഗങ്ങളുള്ള സഭയിൽ മൂന്നിൽരണ്ടു ഭൂരിപക്ഷത്തിന് 352 വോട്ട്‌ ലഭിക്കേണ്ടിയിരുന്നു. അത് ലഭിക്കാത്തതിനാൽ ബിൽ പരാജയപ്പെട്ടു. 12 വർഷമായി അധികാരത്തിലിരിക്കുന്ന മോദിസർക്കാരിന്‌ ആദ്യമായാണ് ലോക്‌സഭയിൽ ഭരണഘടനാ ഭേദഗതി ബിൽ വോട്ടിനിട്ട് പരാജയപ്പെട്ട് പിൻവലിക്കേണ്ടിവന്നത്. 2015 ലും രാജ്യസഭയിൽ സമാന തോൽവി ഏറ്റുവാങ്ങേണ്ടിവന്നു. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയത്തിൽ സിപിഐ എം നേതാവായിരുന്ന സീതാറാം യെച്ചൂരിയും പി രാജീവും കൊണ്ടുവന്ന ഭേദഗതി 2015 മാർച്ച് മൂന്നിന്‌ പാസായിരുന്നു. ഉന്നതങ്ങളിലെ അഴിമതി തടയുന്നതിലും വിദേശത്തുള്ള കള്ളപ്പണം കണ്ടെത്തി തിരിച്ചുകൊണ്ടുവരുന്നതിലും സർക്കാർ പരാജയപ്പെട്ടുവെന്ന് പ്രഖ്യാപിക്കുന്നതായിരുന്നു ഈ ഭേദഗതികൾ. രാജ്യസഭയിൽ വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്തതിനാലാണ് അത്തരമൊരു തിരിച്ചടി ഉണ്ടായതെന്നായിരുന്നു ബിജെപിയുടെ ന്യായം. പല സുപ്രധാന ബില്ലുകളും ധനബില്ലുകളായി അവതരിപ്പിച്ച് പാസാക്കുകയെന്ന ജനാധിപത്യവിരുദ്ധ രീതി ഇതോടെ മോദിസർക്കാർ സ്വീകരിച്ചു. ആധാർ ബില്ലും ഇലക്‌ടറൽ ബോണ്ട് ബില്ലുംമറ്റും മണി ബില്ലായി അവതരിപ്പിച്ചത് രാജ്യസഭയെ മറികടക്കാനായിരുന്നു. അത്തരമൊരു സർക്കാരാണ് ലോക്‌സഭയിൽ ദയനീയമായി പരാജയപ്പെട്ടത്. സർക്കാരിലുള്ള അവിശ്വാസമാണ് രേഖപ്പെടുത്തപ്പെട്ടത്.


കർഷകരുടെ 13 മാസം നീണ്ട വിട്ടുവീഴ്ചയില്ലാത്ത പ്രക്ഷോഭത്തെ തുടർന്ന് മൂന്നു കാർഷിക ബില്ലുകൾ മോദിസർക്കാരിന് പിൻവലിക്കണ്ടിവന്നു. സുപ്രീംകോടതി ഇടപെടലിനെ തുടർന്ന് നാഷണൽ ജുഡീഷ്യൽ അപോയിന്റ്‌മെന്റ്‌ കമീഷനും ഇലക്‌ടറൽ ബോണ്ടും ഉപേക്ഷിക്കേണ്ടിയും വന്നു. പ്രതിപക്ഷ മുഖ്യമന്ത്രിമാരെ ലക്ഷ്യമിട്ടുള്ള, അഴിമതിക്കേസിൽ തുടർച്ചയായി ഒരുമാസം ശിക്ഷിക്കപ്പെട്ടാൽ അധികാരം ഒഴിയണമെന്ന ബിൽ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് പാർലമെന്ററി സമിതിക്ക് വിട്ടിരുന്നു. അവതരിപ്പിച്ച ബിൽ, അതും ഭരണഘടനാ ഭേദഗതി ബിൽ സഭയിൽ വോട്ടിനിട്ട് തോറ്റത് മോദിസർക്കാരിനേറ്റ കനത്ത പ്രഹരമാണ്. കശ്മീരിന്റെ പ്രത്യേക പദവി ഉൾപ്പെടെ എടുത്തുകളഞ്ഞ വിവാദ ബില്ലുകൾ പാസാക്കിയെടുത്ത മോദി–അമിത് ഷാ കൂട്ടുകെട്ട് അജയ്യമാണെന്ന പ്രതീതിയാണ് സംഘപരിവാർ നെയ്തെടുത്തത്. അതാണിപ്പോൾ തകർന്നടിഞ്ഞത്. യോജിച്ചുനിന്നാൽ ഇന്ത്യൻ പ്രതിപക്ഷത്തിന് മോദിസർക്കാരിനെയും തോൽപ്പിക്കാനാകുമെന്ന വലിയ സന്ദേശമാണ് ഇത് നൽകുന്നത്.


നിഷ്‌പക്ഷമായി തെരഞ്ഞെടുപ്പ് നടന്നാൽ 2029ലെ തെരഞ്ഞെടുപ്പിൽ അധികാരത്തിൽ വരാൻ കഴിയില്ലെന്ന് ബിജെപിക്കും ആർഎസ്എസിനും ബോധ്യമായിട്ടുണ്ട്. 2024ൽ ബിജെപിക്ക് തനിച്ച് ഭൂരിപക്ഷം നഷ്ടപ്പെടാൻ കാരണം ഹിന്ദിസംസ്ഥാനങ്ങളായ രാജസ്ഥാനിലും ഹരിയാനയിലും ഉത്തർപ്രദേശിലുംമറ്റും സീറ്റ് കുറഞ്ഞതാണ്. ഈ കുറവ് മറികടക്കുകകൂടി പുതിയ നീക്കത്തിന്റെ ലക്ഷ്യമായിരുന്നു. അതിനാലാണ് 2011ലെ സെൻസസ്‌ അനുസരിച്ച് ഉടൻ മണ്ഡല പുനർനിർണയ കമീഷനെ നിയമിക്കാൻ മോദിസർക്കാർ ശ്രമിച്ചത്. ഇതിൽ പല അപകടങ്ങളുമുണ്ട്. ഒന്നാമതായി, മണ്ഡല പുനർനിർണയത്തോടെ ബിജെപിക്ക് സ്വാധീനമുള്ള ഹിന്ദിസംസ്ഥാനങ്ങളിൽ സീറ്റ് വളരെയധികം വർധിക്കും. നിലവിൽത്തന്നെ 543 അംഗസഭയിൽ 207 അംഗങ്ങൾ എട്ട് ഹിന്ദിമേഖലാ സംസ്ഥാനങ്ങളിൽനിന്നാണ്. ഇത് 366 ആയി വർധിക്കും. 77 ശതമാനം വർധന. കേരളം ഉൾപ്പെടെ ആറു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ നിലവിലുള്ള 132 സീറ്റ് 176 ആയാണ് വർധിക്കുക. 33 ശതമാനം വർധനമാത്രം. അതായത് ദക്ഷിണേന്ത്യൻ സംസ്ഥാനത്തേക്കാൾ ഇരട്ടിയിലധികം വർധനയാണ് ഹിന്ദിസംസ്ഥാനങ്ങളിൽ ഉണ്ടാകുക. ബിജെപിക്ക് പാർലമെന്റിൽ എളുപ്പം ഭൂരിപക്ഷം നേടാനും അധികാരം നിലനിർത്താനും മണ്ഡല പുനർനിർണയം വഴിവയ്‌ക്കും. രണ്ടാമതായി, പുനർനിർണയ കമീഷന്റെ തീരുമാനം ജുഡീഷ്യൽ റിവ്യൂവിന് വിധേയമാക്കാൻ കഴിയാത്തതുകൊണ്ടുതന്നെ ബിജെപിയുടെ വിജയം ഉറപ്പാക്കുംവിധം മണ്ഡലങ്ങൾ രൂപപ്പെടുത്തിയെടുക്കാനും കഴിയും. അത് ചോദ്യം ചെയ്യാനുമാകില്ല. ഗൂഢമായ ഈ രാഷ്ട്രീയ ഉദ്ദേശ്യമാണ് പാർലമെന്റിന്റെ ത്രിദിന സമ്മേളനം പ്രത്യേകം വിളിച്ച് ഭരണഘടനാ ഭേദഗതി പാസാക്കാൻ ബിജെപിയെ പ്രേരിപ്പിച്ചത്. ഹിന്ദിസംസ്ഥാനങ്ങൾക്ക് ഗുണകരമായ വിഷയമായതിനാൽ സമാജ്‌വാദി പാർടിപോലുള്ള പ്രതിപക്ഷത്തെ പ്രമുഖ കക്ഷികൾ സഹായിക്കാൻ എത്തുമെന്നാണ് മോദിയും ഷായും കണക്കുകൂട്ടിയത്. ഇഡിയെയും സിബിഐയെയും കയറൂരിവിട്ട് പിന്തുണ വർധിപ്പിക്കാമെന്ന തന്ത്രവും ഫലിച്ചില്ല. എല്ലാ സംസ്ഥാനങ്ങൾക്കും 50 ശതമാനം സീറ്റുവർധന നൽകാമെന്ന് മോദിയും ഷായും പറഞ്ഞെങ്കിലും അത് ബില്ലിന്റെ ഭാഗമല്ലാത്തതിനാൽ പ്രതിപക്ഷം വിശ്വാസത്തിലെടുത്തില്ല.


വനിതാസംവരണം നടപ്പാക്കുക ബിജെപിയുടെ ലക്ഷ്യമേ ആയിരുന്നില്ല. അതായിരുന്നുവെങ്കിൽ 2023 സെപ്തംബറിൽ ഇരുസഭകളും പ്രതിപക്ഷപിന്തുണയോടെ പാസാക്കിയ വനിതാസംവരണ ബിൽ നടപ്പാക്കിയാൽ മതിയായിരുന്നു. ലോക്‌സഭയിൽ ഡിഎംകെ നേതാവ് കനിമൊഴി പറഞ്ഞതുപോലെ വനിതാസംവരണത്തെ മനുഷ്യകവചമാക്കി ഫെഡറൽഘടനയെ അട്ടിമറിച്ച് തെരഞ്ഞെടുപ്പുഭൂപടം മാറ്റിവരയ്‌ക്കാനാണ് ബിജെപി ശ്രമിച്ചത്. വനിതാസംവരണവും മണ്ഡല പുനർനിർണയവും തമ്മിലുള്ള ബന്ധമെന്താണെന്ന പ്രതിപക്ഷചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകാൻപോലും ബിജെപിക്കായില്ല. ബില്ലിനെ എതിർത്താൽ അത് വനിതാസംവരണത്തെ എതിർക്കുകയാണെന്ന് പ്രചരിപ്പിച്ച് ബംഗാളിലും തമിഴ്നാട്ടിലുംമറ്റും സ്ത്രീവോട്ടർമാരെ അവിടത്തെ ഭരണകക്ഷിക്ക് എതിരെ തിരിച്ചുവിടാമെന്ന ലക്ഷ്യമായിരുന്നു ബിജെപിക്ക്. ബിൽ ലോക്‌സഭയിൽ തോറ്റതിന്റെ ജാള്യം മറയ്ക്കാൻ രാഷ്ട്രത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി അക്ഷരാർഥത്തിൽ അതാണ് ചെയ്തത്.

തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലും തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ദൂരദർശനെയും ആകാശവാണിയെയും പാർലമെന്റ് ടെലിവിഷനെയും ഉപയോഗിച്ചുള്ള മോദിയുടെ രാഷ്ട്രീയപ്രസംഗം രാഷ്ട്രത്തോടുള്ള അഭിസംബോധനയായി നൽകിയത്. നഗ്നമായ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനമാണിത്. സിപിഐ എം ഉൾപ്പെടെ എല്ലാ പ്രതിപക്ഷകക്ഷികളും ഏതാണ്ട്‌ 700 പ്രമുഖ വ്യക്തികളും തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ല. സുപ്രീംകോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് പ്രതിപക്ഷം. കമീഷന്റെ ഈ പക്ഷപാതപരമായ പെരുമാറ്റം തെരഞ്ഞെടുപ്പുപ്രക്രിയയുടെ വിശ്വാസ്യത ചോർത്തും.


വനിതകളോടുള്ള മോദിയുടെ സ്നേഹപ്രകടനം വെറും കാപട്യമാണ്. സ്ത്രീകളെ ഇതുവരെയും അംഗങ്ങളാകാൻ അനുവദിക്കാത്ത ആർഎസ്‌എസിന്റെ പ്രചാരകനായിരുന്നു മോദി. സ്ത്രീകൾക്ക് സ്വാതന്ത്ര്യം അനുവദിക്കരുതെന്നും അവരെന്നും പുരുഷന്മാരുടെ നിയന്ത്രണത്തിൽ കഴിയേണ്ടവരാണെന്നും ഉദ്ഘോഷിച്ച മനുസ്മൃതി ഭരണഘടനയാക്കണമെന്ന് പറഞ്ഞവരാണ് ആർഎസ്എസുകാർ. അതുകൊണ്ടാണ് ലോക്‌സഭയുടെ അംഗസംഖ്യ വർധിപ്പിച്ച് (273) സ്ത്രീകൾക്ക് സീറ്റ് നൽകാൻ ബിൽ കൊണ്ടുവന്നത്. നിലവിൽ പുരുഷന്മാരുടെ സീറ്റ് കുറയ്ക്കുന്ന കാര്യം ബിജെപിക്ക് ആലോചിക്കാൻപോലും കഴിയുന്നില്ല. പുരുഷന്മാരുടെ സീറ്റ് ഉറപ്പിച്ചതിനുശേഷമാണ് സീറ്റുകൾ കൂട്ടി സ്ത്രീകൾക്ക് നൽകുന്നത്. യഥാർഥത്തിൽ വനിതാസംവരണ ബില്ലല്ല പുരുഷസംവരണ ബില്ലാണ് ബിജെപി കൊണ്ടുവന്നതെന്ന നിരീക്ഷണം ചില മാധ്യമങ്ങൾ നടത്താനുള്ള കാരണം ഇതാണ്. രാജസ്ഥാനിൽ രൂപ് കൻവർ 1987ൽ സതി അനുഷ്ഠിച്ചപ്പോൾ അതിനെ പിന്തുണച്ച് പ്രകടനം നടത്താൻപോലും ബിജെപിയുടെ മുൻ വൈസ് പ്രസിഡന്റ് വിജയ രാജെ സിന്ധ്യ തയ്യാറായി. ഉന്നാവും കത്വയും ഹാഥ്‌രസും വനിതാ ഗുസ്തി താരങ്ങളും ബിൽക്കീസ് ബാനുവും ഓർമിപ്പിക്കുന്നത് സംഘപരിവാറിന്റെ സ്ത്രീസുരക്ഷയുടെ കറുത്ത വശങ്ങളാണ്.


എല്ലാ അധികാരങ്ങളും കൈപ്പിടിയിലൊതുക്കി ജുഡീഷ്യറിയെയും ഭരണഘടനാ സ്ഥാപനങ്ങളെയും വരുതിയിലാക്കി, മാധ്യമങ്ങളെ നിശ്ശബ്ദമാക്കി 16 വർഷം അധികാരത്തിൽ തുടർന്ന ഹംഗറിയിലെ വിക്ടർ ഓർബൻ കഴിഞ്ഞദിവസം നടന്ന തെരഞ്ഞെടുപ്പിൽ ദയനീയമായി തോറ്റത്‌ മോദിക്കും പാഠമാകേണ്ടതാണ്. പ്രതിപക്ഷം ഒറ്റക്കെട്ടായി നീങ്ങിയാൽ മോദിയെയും പരാജയപ്പെടുത്താൻ കഴിയുമെന്ന വലിയ സന്ദേശമാണ് ഹംഗറി നൽകുന്നത്. ഇന്ത്യൻ പാർലമെന്റിൽനിന്ന്‌ ഉയരുന്നതും ഇതേ സന്ദേശമാണ്.



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home