ad
Deshabhimani

Articles

കേന്ദ്രബജറ്റ്‌ നാളെ

നിർമല കാണുമോ യഥാർഥചിത്രം

union budget
എം പ്രശാന്ത്‌

Published on Jan 30, 2026, 11:12 PM | 3 min read

നടപ്പുസാമ്പത്തികവർഷം 7.4 ശതമാനം ജിഡിപി വളർച്ച. വിലക്കയറ്റത്തോത്‌ രണ്ടുശതമാനത്തിൽ താഴെ. ഞായറാഴ്‌ച പൊതുബജറ്റ്‌ അവതരിപ്പിക്കുന്ന കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്‌ ആശ്വസിക്കാവുന്ന കണക്കുകളാണിതെന്ന്‌ പൊതുവായ വിലയിരുത്തലുണ്ട്‌. എന്നാൽ, സൂക്ഷ്‌മതലത്തിൽ രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി പരിശോധിച്ചാൽ കാര്യങ്ങൾ അത്ര ഭദ്രമല്ലെന്ന്‌ ബോധ്യപ്പെടും.


അനിയന്ത്രിതമായ ധനകമ്മിയും 
പൊതുകടവും​

കോവിഡിനുശേഷം അഞ്ചുവർഷം പിന്നിടുമ്പോഴും ധനകമ്മി നിയന്ത്രണത്തിൽ കൊണ്ടുവരാൻ കേന്ദ്രത്തിനായിട്ടില്ല. നടപ്പുവർഷം 4.4 ശതമാനത്തിലേക്ക്‌ ധനകമ്മിയെ എത്തിക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. 2016–17 സാമ്പത്തികവർഷത്തിൽ 5.34 ലക്ഷം കോടിയായിരുന്ന ധനകമ്മി നിലവിൽ 15.69 ലക്ഷം കോടിയിലാണുള്ളത്‌. ധനകമ്മി മറികടക്കുന്നതിനായി കടമെടുപ്പ്‌ ഓരോ വർഷവും വർധിക്കുകയാണ്‌. 2024–25ൽ കേന്ദ്രസർക്കാരിന്റെ ആകെ പൊതുകടം 185 ലക്ഷം കോടിയായിരുന്നത്‌ നടപ്പുസാമ്പത്തികവർഷം 200 ലക്ഷം കോടി രൂപയോട്‌ അടുത്തു. 2026–27ൽ കടം 220 ലക്ഷം കോടി കവിയുമെന്നു തീർച്ച. കേന്ദ്രത്തിന്റെ ആകെ കടവും ജിഡിപിയുമായുള്ള അനുപാതം 57.1 ശതമാനമെന്ന കൈവിട്ട നിലയിലാണ്‌. കടവും ആഭ്യന്തരോൽപ്പാദനവുമായുള്ള അനുപാതം കേരളം 35 ശതമാനത്തിൽ താഴെയായി പിടിച്ചുനിർത്തുമ്പോഴാണ്‌ ധന ഉത്തരവാദിത്വം പാലിക്കണമെന്ന്‌ സംസ്ഥാനങ്ങളെ നിരന്തരം ഓർമിപ്പിക്കുന്ന കേന്ദ്രത്തിന്റെ കടം കുതിക്കുന്നത്‌.


രൂക്ഷമായ തൊഴിലില്ലായ്‌മയും സ്വകാര്യനിക്ഷേപത്തിലെ മുരടിപ്പും

​ആഗോള–ആഭ്യന്തര സാമ്പത്തികസാഹചര്യങ്ങൾ ഒരേപോലെ ആശങ്ക സൃഷ്ടിക്കുന്ന ഘട്ടത്തിലാണ്‌ പൊതുബജറ്റിലേക്ക്‌ രാജ്യം നീങ്ങുന്നത്‌. തൊഴിലില്ലായ്‌മ രൂക്ഷമാകുന്നതും സ്വകാര്യ നിക്ഷേപത്തിൽ വന്നിട്ടുള്ള മന്ദിപ്പും രൂപയുടെ വിലയിടിവും കയറ്റിറക്കുമതിയിലെ അന്തരം ഏറുന്നതും വിദേശനാണ്യശേഖരത്തിലുണ്ടാകുന്ന ഇടിവുമെല്ലാമാണ്‌ ആഭ്യന്തര വെല്ലുവിളികൾ. ഓരോ വർഷവും ലക്ഷക്കണക്കിന്‌ പുതിയ തൊഴിലുകൾ സൃഷ്ടിക്കപ്പെട്ടിരുന്ന ഐടി മേഖലയിൽ നിർമിത ബുദ്ധിയുടെ ആവിർഭാവത്തോടെ നിലവിൽ കൂട്ട പിരിച്ചുവിടലാണ്‌ സംഭവിക്കുന്നത്‌. കടുത്ത തൊഴിൽചൂഷണം നേരിടുന്ന ഓൺലൈൻ വിതരണ മേഖലയിലേക്കുംമറ്റും ചെറുപ്പക്കാർ കൂട്ടമായി എത്തുന്നത്‌ തൊഴിലില്ലായ്‌മയുടെ ആഴമാണ്‌ ചൂണ്ടിക്കാട്ടുന്നത്‌.


Bihar Election


കോർപറേറ്റ്‌ നിക്ഷേപം കഴിഞ്ഞ 15 വർഷത്തോളമായി ജിഡിപിയുടെ 12 ശതമാനമെന്ന നിലയിൽ മുരടിച്ചുനിൽക്കുകയാണ്‌. മൂലധന നിക്ഷേപം വർധിച്ച്‌ പ്രതിസന്ധി മറികടക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ടെങ്കിലും മുന്നിലുള്ള പ്രതിസന്ധികളെ കണക്കിലെടുക്കുമ്പോൾ ഇതെത്ര നാൾ തുടരാനാകുമെന്ന ചോദ്യമുണ്ട്‌. സമ്പദ്‌വ്യവസ്ഥയിൽ സ്വകാര്യമേഖലയുടെ നിക്ഷേപം 2023–24ൽ 3.91 ലക്ഷം കോടിയായിരുന്നത്‌ 2024–25ൽ 3.67 ലക്ഷം കോടിയിലേക്ക്‌ കുറഞ്ഞു. അതേസമയം, വൻകിട കോർപറേറ്റുകളുടെ ലാഭം 2020–21ൽ 2.5 ലക്ഷം കോടിയായിരുന്നത്‌ 2024–25ൽ 7.1 ലക്ഷം കോടിയായി വർധിച്ചു. കോർപറേറ്റുകളുടെ കൊള്ളലാഭം ഏറുമ്പോഴും പുതിയ നിക്ഷേപങ്ങൾക്ക്‌ അവർ തയ്യാറാകുന്നില്ല.


​ഇടിയുന്ന രൂപയും വിപണിയിലെ തകർച്ചയും

​ഓഹരിവിപണിയിലെ ചാഞ്ചാട്ടവും മൂല്യം ഇടിഞ്ഞുകൊണ്ടേയിരിക്കുന്ന രൂപയും സമ്പദ്‌വ്യവസ്ഥയുടെ ദുർബലാവസ്ഥയെയാണ്‌ പ്രകടമാക്കുന്നത്‌. നടപ്പുസാമ്പത്തികവർഷം ഏപ്രിൽ–ഡിസംബറിൽ ഓഹരിവിപണികളിൽനിന്ന്‌ വിദേശനിക്ഷേപകർ പിൻവലിച്ചത്‌ 36,000 കോടി രൂപയാണ്‌. രൂപയുടെ മൂല്യമിടിവ്‌ ഇതേ കാലയളവിൽ 6.5 ശതമാനമാണ്‌. കയറ്റിറക്കുമതിയിലെ അന്തരമാകട്ടെ 8.62 ലക്ഷം കോടി രൂപയാണ്‌. അമേരിക്ക ചുമത്തിയ 50 ശതമാനം പ്രതികാര തീരുവ തുടരുന്ന സാഹചര്യത്തിൽ കയറ്റിറക്കുമതി വിടവ്‌ വരുംനാളുകളിൽ കൂടുതൽ രൂക്ഷമാകും.


​പ്രതിപക്ഷസംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരിച്ച്‌ പ്രതിസന്ധി മറികടക്കാനാണ്‌ കോവിഡിനുശേഷം കേന്ദ്രം ശ്രമിക്കുന്നത്‌. നികുതിവരുമാനം സംസ്ഥാനങ്ങളുമായിക്കൂടി പങ്കുവയ്‌ക്കേണ്ടതിനാൽ അതൊഴിവാക്കാൻ സെസ്‌–സർചാർജ്‌ രൂപത്തിലുള്ള ധനസമാഹരണം വർധിപ്പിക്കുകയാണ്‌. 2024–25ൽ 5.40 ലക്ഷം കോടി രൂപയും 2025–26ൽ 5.91 ലക്ഷം കോടി രൂപയുമാണ്‌ സെസ്‌–സർചാർജ്‌ ഇനത്തിൽ സമാഹരിച്ചത്‌. സെസും സർചാർജും സംസ്ഥാനങ്ങളുമായി പങ്കുവയ്‌ക്കേണ്ടതില്ലാത്തതിനാൽ ഇ‍ൗ പണമത്രയും കേന്ദ്രത്തിനുമാത്രമായി ലഭിക്കുകയാണ്‌. പ്രതിപക്ഷസംസ്ഥാനങ്ങൾക്കുള്ള ഗ്രാന്റുംമറ്റും വെട്ടിക്കുറച്ചുള്ള പ്രതികാര നടപടികൾ ഇതിനുപുറമെയാണ്‌.


Industrial Growth


​വയോജനങ്ങൾ, യുവജനങ്ങൾ, തൊഴിലാളികൾ, സ്‌ത്രീകൾ, പദ്ധതി തൊഴിലാളികൾ തുടങ്ങി എല്ലാവിഭാഗം ജനങ്ങളെയും ചേർത്തുപിടിച്ചുള്ള ക്ഷേമബജറ്റ്‌ കഴിഞ്ഞദിവസമാണ്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ കേരള നിയമസഭയിൽ അവതരിപ്പിച്ചത്‌. ഇത്തരമൊരു ക്ഷേമസമീപനം കേന്ദ്രബജറ്റിൽ പ്രതീക്ഷിക്കുന്നത്‌ അതിമോഹമാകും. തൊഴിലുറപ്പ്‌ പദ്ധതി അട്ടിമറിച്ചതിനാൽ ഗ്രാമീണദരിദ്രർക്ക്‌ തൊഴിലുറപ്പാക്കാനായി കഴിഞ്ഞ ബജറ്റുകളിൽ നീക്കിവച്ച തുക ഇ‍ൗ ബജറ്റിലുണ്ടാകില്ലെന്ന്‌ തീർച്ച. അവശ ജനവിഭാഗങ്ങൾക്കായുള്ള സാമൂഹ്യക്ഷേമ പദ്ധതികൾക്ക്‌ കൂടുതൽ പണം, ആശാ–അങ്കണവാടി തുടങ്ങി വിവിധ പദ്ധതിത്തൊഴിലാളികളുടെ ഓണറേറിയത്തിലുംമറ്റും വർധന, ആരോഗ്യ–വിദ്യാഭ്യാസ മേഖലകൾക്ക്‌ കൂടുതൽ വിഹിതം, കാർഷികമേഖലയ്‌ക്ക്‌ അർഹമായ പരിഗണന തുടങ്ങിയ ആവശ്യങ്ങൾ എല്ലാ ബജറ്റ്‌ ഘട്ടത്തിലും ഉയരാറുണ്ടെങ്കിലും കേന്ദ്ര ബിജെപി സർക്കാർ കഴിഞ്ഞ 11 വർഷമായി ഇതൊന്നും പരിഗണിച്ചിട്ടില്ല.


കേരളത്തിന്റെ 
പ്രതീക്ഷകൾ

ബജറ്റിനുമുന്നോടിയായുള്ള ധനമന്ത്രിമാരുടെ യോഗത്തിൽ കേരളത്തിന്റെ ആവശ്യങ്ങൾ സംസ്ഥാന ധനമന്ത്രി ഉന്നയിച്ചിരുന്നു. തൊഴിലുറപ്പ്‌ പദ്ധതി പുനഃസ്ഥാപിക്കണമെന്ന ആവശ്യത്തോട്‌ കേന്ദ്രം മുഖംതിരിക്കുമെന്ന്‌ തീർച്ചയാണ്‌. കേന്ദ്രാവിഷ്‌കൃതപദ്ധതികളുടെ വിഹിതം 75 ശതമാനത്തിലേക്ക്‌ ഉയർത്തുക, എയിംസ്‌ അനുവദിക്കുക, ശബരി റെയിൽ പദ്ധതി വേഗത്തിൽ പൂർത്തിയാക്കുക, 1000 കോടി രൂപയുടെ റബർ വിലസ്ഥിരതാനിധിക്ക്‌ രൂപംനൽകുക, വിഴിഞ്ഞം തുറമുഖത്തെ റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കുക, മനുഷ്യ–വന്യജീവി സംഘർഷം തടയുന്നതിനുള്ള നയപരിപാടികൾക്കായി 1000 കോടി രൂപ അനുവദിക്കുക, നെല്ലുസംഭരണത്തിനുള്ള വിഹിതം വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും കേരളം മുന്നോട്ടുവച്ചിരുന്നു.

കഴിഞ്ഞ ബജറ്റുകളിൽ കേരളത്തോട്‌ കാട്ടിയ അവഗണനാനിലപാട്‌ തെരഞ്ഞെടുപ്പുവർഷത്തിലും കേന്ദ്ര ബിജെപി സർക്കാർ തുടരുമോയെന്നാണ്‌ അറിയേണ്ടത്‌.​



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home