ad
Deshabhimani

Articles

യുഡിഎഫ് നിലപാടുകൾ 
പ്രഖ്യാപനവും യാഥാർഥ്യവും

യുഡിഎഫ് നിലപാടുകൾ 
പ്രഖ്യാപനവും യാഥാർഥ്യവും

UDF.jpg

സത്യപ്രതിജ്ഞ ചടങ്ങിൽ നിന്ന്

avatar
പുത്തലത്ത് ദിനേശൻ

Published on May 20, 2026, 09:52 PM | 4 min read

കേരളത്തിന്റെ മുഖ്യമന്ത്രിയായി വടശേരി ദാമോദര മേനോൻ സതീശൻ 18ന് സത്യപ്രതിജ്ഞ ചെയ്തു. കേരളത്തിന്റെ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉൾപ്പെടെയുള്ള ഇടതുപക്ഷ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. ജനവിധി അംഗീകരിക്കുന്നു. സർക്കാരിന്റെ നല്ല പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുമെന്നും ജനവിരുദ്ധനയങ്ങളെ എതിർക്കുമെന്നും പിണറായി വിജയൻ പിന്നീട് വ്യക്തമാക്കി.

​കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞ ബഹിഷ്‌കരിച്ച്‌ ജനവിധി അംഗീകരിക്കില്ലെന്ന നിലപാടാണ് യുഡിഎഫ് സ്വീകരിച്ചത്. വസ്‌തുത ഇതാണെന്നിരിക്കെ സർക്കാരിനെ തുടക്കത്തിലേ വിമർശിക്കുകയാണ് സിപിഐ എം എന്ന വാദവുമായി ചില മാധ്യമങ്ങൾ രംഗത്തുവന്നിരിക്കുകയാണ്.

യുഡിഎഫിന്റെ മുഖ്യമന്ത്രി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിൽ അരങ്ങേറിയ നാടകങ്ങൾക്ക് ആരാണ് ഉത്തരവാദി? സാധാരണ രാഷ്ട്രീയപാർടിയുടെ നിയമസഭാകക്ഷി നേതാവിനെ തീരുമാനിക്കുന്നത് സംഘടനയുടെ കീഴ്‌വഴക്കപ്രകാരമാണ്. എന്നാൽ, അതിൽനിന്ന്‌ വ്യത്യസ്‌തമായി മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയും യുഡിഎഫ് ഘടകകക്ഷിയായ മുസ്ലിംലീഗും മറ്റു പലരും കോൺഗ്രസിന്റെ നേതാവ് ആരാകണമെന്ന് പരസ്യമായി പ്രഖ്യാപിച്ചത് എൽഡിഎഫിന്റെ നിലപാടുകൊണ്ടായിരുന്നോ?

​വോട്ട്‌ ചെയ്തവർക്കുപോലും ഇത് അംഗീകരിക്കാനായില്ല. ആ ഘട്ടത്തിലാണ് അധികാരത്തിനുവേണ്ടി പരസ്‌പരം ഏറ്റുമുട്ടുന്നതും ചെളിവാരിയെറിയുന്നതും, ജനാധിപത്യത്തിന്റെ മഹത്വവും ബഹുസ്വരതയുടെ വിളയാട്ടവുമാണെന്ന്‌ വിവരിക്കുന്ന വ്യാഖ്യാനം പുറത്തുവന്നത്. സംഘടനാ തെരഞ്ഞെടുപ്പുപോലും നടത്താത്ത കോൺഗ്രസിനെ ജനാധിപത്യത്തിന്റെ മാതൃകയായി അവതരിപ്പിക്കുന്നതിന് വല്ലാത്ത തൊലിക്കട്ടി വേണം.


​മുഖ്യമന്ത്രി വി ഡി സതീശൻ സത്യപ്രതിജ്ഞയിൽ തന്റെ പേര് അവതരിപ്പിച്ച രീതിക്കെതിരെ പരിഹാസവുമായി രംഗത്തുവന്നത് ചാനൽ ചർച്ചയിലെ കോൺഗ്രസ് വക്താക്കളാണ്. ദീർഘകാല സംഘടനാപ്രവർത്തനത്തിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പിൽ മത്സരിച്ചവരെ ബന്ധുത്വത്തിന്റെ പേരുപറഞ്ഞ് പ്രചാരണം നടത്തുകയായിരുന്നു വലതുപക്ഷം. എന്നാൽ, ഇപ്പോഴത്തെ മന്ത്രിസഭയിൽ ഒരു രാഷ്ട്രീയപാരമ്പര്യവുമില്ലാതെ കുടുംബബലത്തിൽ എംഎൽഎമാരായ നാലുപേർ മന്ത്രിമാരായി. ഒരു വീട്ടിൽനിന്നുതന്നെ എംപിയും മന്ത്രിയുമുണ്ടായി. ഇടതുപക്ഷത്തെ വിമർശിച്ചവർക്ക് ഇപ്പോൾ നാവിറങ്ങിപ്പോയിരിക്കുകയാണ്.


സത്യപ്രതിജ്ഞാചടങ്ങിൽ വന്ദേമാതരത്തിന്റെ പൂർണരൂപം അവതരിപ്പിച്ചത് ദേശീയപ്രസ്ഥാനവും ഭരണഘടനാ നിർമാണസമിതിയും എടുത്ത കാഴ്‌ചപ്പാടിന് കടകവിരുദ്ധമായാണ്. ഭരണഘടനാവിരുദ്ധവും ബഹുസ്വരതയെ ദുർബലപ്പെടുത്തുന്നതുമായ ഈ സമീപനത്തെ തുറന്നുകാട്ടേണ്ടത് രാജ്യത്തെ സ്‌നേഹിക്കുന്ന എല്ലാവരുടെയും ഉത്തരവാദിത്വമാണ്. അതാണ് പാർടി ഏറ്റെടുത്തത്. ബംഗാളി നോവലായ ‘ആനന്ദമഠ'ത്തിന്റെ ആമുഖ ഗാനമായാണ് വന്ദേമാതരം പ്രത്യക്ഷപ്പെട്ടത്. നോവലിൽ ബ്രിട്ടീഷുകാരോടുള്ള അനുകമ്പയും മുസ്ലിങ്ങളോടുള്ള വിരോധവും സജീവമാണ്. ഈ നോവൽ പ്രസിദ്ധീകരിക്കുമ്പോൾ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിതമായിരുന്നില്ല. സംഘടന സ്ഥാപിതമായശേഷം 1896 മുതലുള്ള സമ്മേളനങ്ങളിൽ ഇത് ആലപിച്ചിരുന്നു.

1935ൽ പ്രവിശ്യകളിലേക്കുള്ള തെരഞ്ഞെടുപ്പ് വന്നപ്പോൾ ഹിന്ദുക്കളുടെ ദേവതയായ ദുർഗയെമാത്രം പ്രകീർത്തിക്കുന്ന ഗാനത്തെ മുദ്രാവാക്യമായി അവതരിപ്പിക്കുന്നത് ശരിയല്ലെന്ന ചിന്ത കോൺഗ്രസിൽ ശക്തമായി. 1937 ഒക്‌ടോബർ 30ന് കൽക്കത്തയിൽ ചേർന്ന കോൺഗ്രസ് പ്രവർത്തകസമിതി യോഗം ഈ പ്രശ്നം പരിഹരിക്കുന്നതിന് വന്ദേമാതരത്തിന്റെ ആദ്യത്തെ എട്ടുവരികൾമാത്രം ആലപിച്ചാൽ മതിയെന്ന തീരുമാനമെടുത്തു. മാതൃഭൂമിയുടെ സവിശേഷതകൾ വർണിക്കുന്ന ഈ വരികൾ എല്ലാവർക്കും സ്വീകാര്യമായതാണ് എന്നതിന്റെ അടിസ്ഥാനത്തിലാണ് അങ്ങനെ തീരുമാനിച്ചത്.

സ്വാതന്ത്ര്യലബ്ധിക്കുശേഷം ഭരണഘടനാ നിർമാണസമിതിയിലും ദേശീയഗാനത്തെക്കുറിച്ച് ചർച്ചകൾ നടന്നു. മുഹമ്മദ് ഇക്ബാൽ രചിച്ച ‘സാരേ ജഹാൻസെ അഛാ', രബിന്ദ്രനാഥ ടാഗോറിന്റെ ‘ജനഗണമന', ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ‘വന്ദേമാതരം' എന്നിവയായിരുന്നു പരിഗണിച്ചത്. ‘സാരേ ജഹാൻസെ അഛാ'യുടെ കർത്താവ് വിഭജനത്തിനുശേഷം പാകിസ്ഥാനിലേക്ക് പോയതിനാൽ അത് മാറ്റിവച്ചു. ‘ജനഗണമന' നാനാജാതി മതസ്ഥരുള്ള രാജ്യത്തെ ഗാനമായി സ്വീകരിച്ചു. ‘വന്ദേമാതര'ത്തിന്റെ ആദ്യത്തെ എട്ടുവരികൾമാത്രമാണ് പരിഗണിച്ചത്. 1950 ജനുവരി 24ന് സഭാധ്യക്ഷനായ ഡോ. രാജേന്ദ്രപ്രസാദ് സഭയ്ക്ക് നൽകിയ രേഖാമൂലമുള്ള ഉറപ്പിൽ ‘ജനഗണമന’യെയും ‘വന്ദേമാതര’ത്തിന്റെ ആദ്യ എട്ടുവരിയും തുല്യപ്രാധാന്യത്തോടെ സ്വീകരിച്ചതായി പ്രഖ്യാപിച്ചു.


‘വന്ദേമാതര’ത്തിന്റെ എട്ടുവരികൾമാത്രമല്ല, പൂർണമായും പാടണമെന്ന കാഴ്‌ചപ്പാടാണ് ബിജെപിയുടേത്. ആ അജൻഡയാണ് യുഡിഎഫ്‌ സർക്കാരിന്റെ സത്യപ്രതിജ്ഞാചടങ്ങിൽ നടന്നത്. ആർഎസ്‌എസിന്റെയും ബിജെപിയുടെയും അഭിനന്ദനം യുഡിഎഫിന് ലഭിച്ചത് ഇതിന്റെ പശ്ചാത്തലത്തിലാണ്. ബിജെപി വിജയിച്ച ബംഗാളിൽപ്പോലും സത്യപ്രതിജ്ഞാചടങ്ങിൽ ഇത്തരമൊരു നിലപാട് സ്വീകരിച്ചിരുന്നില്ല. ബിജെപിക്ക് നടപ്പാക്കാനാകാത്തത് യുഡിഎഫ് നടപ്പാക്കിയെന്നർഥം. തമിഴ്നാട്ടിൽ ഈ സ്ഥിതിയുണ്ടായപ്പോൾ അതിനെതിരെയും രാഷ്ട്രീയപാർടികൾ രംഗത്തുവന്നിരുന്നു.


​ഗോൾവാൾക്കറുടെ ജന്മശതാബ്‌ദിക്ക് വിളക്കുകൊളുത്തുകയും രാജീവ് ചന്ദ്രശേഖറിനെ വർഗീയരാഷ്ട്രീയമില്ലാത്ത ആളെന്നും പ്രഖ്യാപിച്ചയാളാണ് വി ഡി സതീശൻ. എന്നിട്ടും തെരഞ്ഞെടുപ്പിനുമുമ്പ് ജാതി, മത ശക്തികളുടെയും തിണ്ണ നിരങ്ങുകയില്ലെന്ന് പ്രഖ്യാപിച്ചു. എന്നാൽ, സത്യപ്രതിജ്ഞ കഴിഞ്ഞയുടൻ കാണാൻ പോയത് ജാതി, മത ശക്തികളെന്ന് സതീശൻ വിശേഷിപ്പിച്ചവരെത്തന്നെയാണ്. കഴിഞ്ഞ 10 വർഷം വർഗീയസംഘർഷങ്ങളില്ലാത്ത കേരളത്തിൽ അത്തരം അസ്വസ്ഥതകളും ഉയർന്നുവരികയാണ്. ആദ്യ മന്ത്രിസഭായോഗത്തിൽ ആശാ വർക്കർമാരുടെ ഓണറേറിയം 21,000 ആയി പ്രഖ്യാപിക്കുമെന്നത് സമരക്കാർക്ക് വി ഡി സതീശൻ നൽകിയ ഉറപ്പായിരുന്നു. 21,000 രൂപയാക്കുമെന്ന് പ്രഖ്യാപിച്ചവർ 3000 രൂപ വർധിപ്പിച്ച് 12,000ൽ ഒതുക്കി. എൽഡിഎഫ് സർക്കാർ 8000 രൂപയാണ് ആശാ വർക്കർമാരുടെ വേതനം വർധിപ്പിച്ചതെന്നകാര്യം ഇവിടെ കൂട്ടിവായിക്കണം.


​ഖജനാവിൽ പൂച്ച പെറ്റുകിടക്കുന്നുവെന്നായിരുന്നു സതീശൻ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പറഞ്ഞത്. എന്നാൽ, 6000 കോടി രൂപ ഖജനാവിലുണ്ടെന്ന് മുൻ ധനമന്ത്രി കെ എൻ ബാലഗോപാൽ കാര്യകാരണസഹിതം വ്യക്തമാക്കി. ബാലഗോപാൽ പറഞ്ഞതാണ് ശരിയെന്ന് തെളിയിക്കുന്നതാണ് യുഡിഎഫ്‌ ക്ഷേമ പെൻഷൻ നൽകുന്നതിന് കഴിഞ്ഞദിവസം 1070 കോടി രൂപ അനുവദിച്ചത്‌. തെരഞ്ഞെടുപ്പിന്റെ ഘട്ടത്തിൽ എൽഡിഎഫിനെതിരായി നടത്തിയ മറ്റൊരു കള്ളപ്രചാരവേലകൂടിയാണ് ഇവിടെ പൊളിഞ്ഞുവീണത്.

​മെയ് 15 മുതൽ കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യം നൽകുമെന്ന് യുഡിഎഫ് പ്രഖ്യാപിച്ചു. ഇപ്പോൾ ജൂൺ 15 മുതൽ അത് നടപ്പാക്കുമെന്ന് മാറ്റിപ്പറഞ്ഞു. എന്നാൽ, ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ ചില വിഭാഗം ബസുകളിൽമാത്രമായി സൗജന്യം പരിമിതപ്പെടുത്തുമെന്നാണ്.


എൽഡിഎഫിന്റെ പ്രകടനപത്രികയിൽ സാമ്പത്തികനിലകൂടി പരിഗണിച്ച് സൗജന്യങ്ങൾ വർധിപ്പിക്കുമെന്നായിരുന്നു പ്രഖ്യാപനം. ചെയ്യാൻ കഴിയുന്നതുമാത്രം പറയുകയും പറയുന്നത് ചെയ്യുകയും ചെയ്യുന്ന എൽഡിഎഫ്‌ സമീപനമാണ് തെരഞ്ഞെടുപ്പിന്റെ മുഖത്തുപോലും തെളിഞ്ഞുനിന്നത്. പ്രകടനപത്രിക നടപ്പാക്കാൻ എൽഡിഎഫിന് കഴിഞ്ഞതും യാഥാർഥ്യബോധമുള്ള ഈ സമീപനത്താലാണ്.

​മന്ത്രിമന്ദിരങ്ങളുടെ അറ്റകുറ്റപ്പണികൾ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നടത്തിയപ്പോൾ അത് ധൂർത്താണെന്നാണ് യുഡിഎഫ് പ്രഖ്യാപിച്ചത്. എന്നാൽ, ഇപ്പോൾ അധികാരത്തിൽ വന്നയുടൻ അഞ്ചുകോടിയോളം രൂപ അതിനായി നീക്കിവച്ചു. ഇടതുപക്ഷം നടത്തിയ പ്രവൃത്തികൾ ആഡംബരമായും യുഡിഎഫ് നടത്തിയ പ്രവൃത്തികൾ അറ്റകുറ്റപ്പണികളായും വാർത്ത കൊടുത്ത് സായുജ്യമടയുകയാണ് വലതുപക്ഷ മാധ്യമങ്ങൾ.


അധികാരത്തിലെത്തിയ ഉടൻ വലതുപക്ഷ സർവീസ് സംഘടനകളുടെ ലെറ്റർപാഡിലെ ശുപാർശകളുടെ അടിസ്ഥാനത്തിൽ ജീവനക്കാരെ സ്ഥലംമാറ്റാൻ തുടങ്ങി. സെക്രട്ടറിയറ്റിലെ സമരഗേറ്റ് തുറന്നത് 10 വർഷത്തെ ഇടവേളയ്ക്കുശേഷമെന്ന കള്ളപ്രചാരണവും അവതരിപ്പിച്ചു. രണ്ടാമത്തെ വനിതാ ഡെപ്യൂട്ടി സ്‌പീക്കറാണ് ഈ നിയമസഭയിലുള്ളതെന്ന ചരിത്രവിരുദ്ധ പ്രസ്‌താവനയും വി ഡി സതീശൻ ഇതോടൊപ്പം മുന്നോട്ടുവച്ചു. ടീം യുഡിഎഫ് എന്ന പ്രഖ്യാപനമാണ് തെരഞ്ഞെടുപ്പിൽ നടത്തിയത്. എന്നാൽ, മന്ത്രിമാരെ തെരഞ്ഞെടുത്തതിൽ അസംതൃപ്തിയുമായി യുഡിഎഫിലെ ഘടകകക്ഷികൾ പരസ്യപ്രഖ്യാപനം നടത്തി. തെരഞ്ഞെടുപ്പിനുമുമ്പ് നൽകിയ വാഗ്‌ദാനങ്ങളിൽനിന്നും പ്രഖ്യാപനങ്ങളിൽനിന്നും ചുരുങ്ങിയ ദിവസംകൊണ്ട് യുഡിഎഫ് പിന്നോട്ടുപോയിരിക്കുകയാണ്. തുടക്കത്തിൽത്തന്നെ പൊലീസിനെ കയറൂരിവിട്ട്‌ പാവങ്ങളെ ദ്രോഹിക്കുന്ന നയമാണ്‌ മുന്നോട്ടുവയ്ക്കുന്നത്‌. എറണാകുളം മലയിടംതുരുത്ത് പാര്യത്തുകാവ് നഗറിലെ പൊലീസ്‌ നടപടി ഇതാണ്‌ വ്യക്തമാക്കുന്നത്‌.


കുടിയൊഴിപ്പിക്കലിന്റെ പേരിൽ സ്ത്രീകളെയും കുട്ടികളെയും അസുഖബാധിതരെയുമടക്കം പൊലീസ് തല്ലിച്ചതച്ചു. വർഷങ്ങളായി നിലനിൽക്കുന്ന ഇ‍ൗ പ്രശ്‌നം എൽഡിഎഫ്‌ സർക്കാർ സംയമനത്തോടെയാണ്‌ കൈകാര്യം ചെയ്‌തിരുന്നത്‌. ഇത് തുറന്നുകാട്ടുകയെന്നത് ജനങ്ങളോട് ഉത്തരവാദിത്വമുള്ള രാഷ്ട്രീയപാർടികൾ ഉൾപ്പെടെയുള്ളവരുടെ കടമയാണ്. അത് തുടർന്നുകൊണ്ടിരിക്കും. ഇത്‌ ജനാധിപത്യത്തെ കൂടുതൽ ശക്തിപ്പെടുത്തുകയും ജനകീയരാഷ്ട്രീയത്തിന് കരുത്താവുകയും ചെയ്യും. വന്ന പോരായ്മകൾ എല്ലാതലങ്ങളിലും പരിശോധിച്ച് തിരുത്തി കൂടുതൽ കരുത്തോടെ എൽഡിഎഫ് മുന്നോട്ടുവരികതന്നെ ചെയ്യും.



Deshabhimani
Home