ഇപ്പോൾ ചിരിക്കുന്നവർ

പ്രതീകാത്മക ചിത്രം

എ കെ രമേശ്
Published on May 20, 2026, 10:01 PM | 2 min read
ഇടശേരിയുടെ ‘കറുത്ത ചെട്ടിച്ചികൾ’ എന്ന കവിതയ്ക്ക് നിരോധനം ഏർപ്പെടുത്തണമെന്ന് മുഖ്യമന്ത്രി വടശേരി ദാമോദര മേനോൻ സതീശൻ പ്രഖ്യാപിച്ചേക്കുമെന്ന് എന്നോട് പറഞ്ഞത് കടുത്ത വേണുഗോപാൽ പക്ഷക്കാരനായ മുതിർന്ന നേതാവാണ്. ‘ഇത്തറവാടിത്ത ഘോഷണത്തെപ്പോലെ വൃത്തികെട്ടു മറ്റൊന്നുമില്ലയൂഴിയിൽ’ എന്ന വരിയാണത്രേ വില്ലൻ. "പഞ്ച് ഇത്തിരി കുറഞ്ഞാലും ജാതിവാലുകൾ ചുമക്കാത്ത കോൺഗ്രസാകുന്നതാണ് കുറെക്കൂടി ഇൻക്ലൂസീവ്’ എന്ന് കോൺഗ്രസ് നേതാവുതന്നെ മുഖ്യമന്ത്രിയെ മക്കാറാക്കിയത് വിചാരിച്ച സ്ഥാനം കിട്ടാത്തതുകൊണ്ടുമാത്രമാണെന്നാണ് ഇപ്പോൾ പ്രചാരണം. ‘തേക്കുംകാട്ടിൽ ജോൺ റോമൻ കാത്തലിക് ജിന്റോ എന്നല്ല ജിന്റോ ജോൺ എന്നുമതി, അതല്ലേ അതിന്റെ ഒരു ബ്യൂട്ടി’ എന്നാണ് ചോദിക്കുന്നത്. മറ്റേത് അഗ്ലി ആണെന്നുതന്നെ വ്യംഗ്യം.
ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ആവിഷ്‌കാരസ്വാതന്ത്ര്യത്തിൽ നെഹ്‌റു അടക്കമുള്ള യുക്തിവാദികൾ നടത്തിയ കൈകടത്തൽ തിരുത്താനാണ് ആർഎസ്‌എസ് ഭക്തനായ നെഹ്‌റുവിയൻ സോഷ്യലിസ്റ്റ്, സത്യപ്രതിജ്ഞാചടങ്ങിൽ ഹിന്ദുദൈവങ്ങളെ മുഴുവൻ വണങ്ങുന്ന വന്ദേമാതരം പാടിപ്പിച്ചതെന്ന് സ്വകാര്യം പറഞ്ഞത് സതീശൻ അനുകൂലിതന്നെ. അതൊന്ന് ക്രോസ് വെരിഫൈ ചെയ്തപ്പോൾ കിട്ടിയ വിവരം മറ്റൊന്നാണ്. ഇത്രക്കേറെ വിജയം സമ്മാനിച്ച ഡീൽ ഒരുക്കിത്തന്നവർക്കും വേണ്ടേ ഒരു മനസ്സുഖമെന്ന് കരുതിയാണത്രേ പാട്ടൊന്ന് മാറ്റിപ്പിടിച്ചത്!
വി ഡി സവർക്കറുടെ പടത്തിനുമുന്നിൽ വിളക്ക് തെളിക്കാൻ മടിയില്ലാത്ത വി ഡി സതീശന് ഗണഗീതംതന്നെ പാടുന്നതിലും മനസ്സാക്ഷിക്കുത്തുണ്ടാകില്ലെന്ന് പറഞ്ഞത് വേണുഗോപാൽ പക്ഷക്കാരൻ.
അതുകൊണ്ടാണത്രേ ബംഗാളിൽ പാടാത്ത മുഴുവൻ വന്ദേമാതരം ഇവിടെ പാടിയത്. ഡീലിനോടത്രയൊന്നും മമതയില്ലാത്തതിനാലാണത്രേ, തന്നിലും മുന്തിയ ആർഎസ്‌എസുകാരനാരെടോ എന്നമട്ടിൽ അരിശംപൂണ്ട ഗവർണർ വന്ദേമാതരനിന്ദ കാട്ടി ആദ്യലാപ്പിൽ അമർന്നിരുന്നുകളഞ്ഞത്! താനൊഴികെ വേദിയിലുള്ളവരെല്ലാം എണീറ്റുനിന്നത് കണ്ട് ചമ്മിയും ചൂടായും മൂപ്പർ കാട്ടിയ ഗോഷ്‌ടി വീഡിയോയിലങ്ങനെ നിറഞ്ഞുകവിയുകയാണ്! തൊപ്പി ധരിച്ചുമാത്രം ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തവർ തൊപ്പിയൂരുമ്പോൾ ചത്ത കുതിരയെപ്പറ്റി പാടിയ പഴയ നെഹ്‌റുവിനെ ഓർത്തുകാണും. നെഹ്‌റുവിയൻ സോഷ്യലിസ്റ്റ് എന്ന് സതീശൻ നേരത്തേ സ്വയം വിശേഷിപ്പിച്ചതിന്റെ പൊരുളറിഞ്ഞ് ഊരിയതാണ് തൊപ്പിയെന്ന് കോ-ലീ-ബി വക്താവ്! അതിനിടയ്ക്കാണ് ശിവഗിരിയിൽനിന്നുയരുന്ന വിലാപം.
ലത്തീൻ കത്തോലിക്കന്റെ ശാപവചനം. നാടാർ മഹാസഭയുടെ രോഷം. തുടർന്നിങ്ങോട്ട് ഓരോ ദിവസം മുമ്മൂന്നുവീതം ജാതി- മത സംഘടനകളുടെ താരാട്ടുപാട്ട് സ്വാഭാവികം! ഇത്രയുംകാലം ഇവരൊക്കെ എന്തൊരു സമാധാനക്കേടോടെയാണ് ഉണ്ടതും ഉറങ്ങിയതും ഉണർന്നിരുന്നതും എന്നാർക്കും തോന്നിപ്പോകുംവിധം അതങ്ങനെ പെരുകിപ്പെരുകി വരികയാണ്. സത്യപ്രതിജ്ഞയ്ക്കുശേഷമാണ്, മന്ത്രിമാർ തമ്മിലാണ് വകുപ്പിന്റെ പേരിൽ വിഭജനമെന്ന കാര്യം നാട്ടാരറിയുന്നത്! നീയോ ഞാനോ, എനിക്കോ നിനക്കോ എന്നുതന്നെ പുലയാട്ട്. നിയുക്ത മന്ത്രിസ്ഥാനം കാക്കകൊത്തി പോയപ്പോൾ നടന്നുവന്ന് പിൻസീറ്റിൽ കാണികൾക്കൊപ്പമിരുന്ന് പ്രതിഷേധിച്ച എംഎൽഎ മുൻ മുഖ്യമന്ത്രിയുടെ ദുഃഖപുത്രൻമാത്രമല്ല, മലങ്കര ഓർത്തഡോക്സ് സഭയുടെ ഇഷ്ടപുത്രൻകൂടിയാണ്. അച്ഛൻ കാട്ടിയ അവഗണനയ്ക്ക് പകരംവീട്ടുകയാണ് പുതിയ മുഖ്യൻ എന്നാണ് കേൾവി.
അതിനിടെ ആർഎസ്എസ് മുഖപത്രം ഇഷ്ടംപോലെ ചൊരിയുന്നുണ്ട് പ്രശംസ, ഇനീഷ്യലിൽ മാത്രമല്ല പ്രവർത്തനത്തിലും വി ഡി സവർക്കറെ ഓർമിപ്പിക്കുന്ന മുഖ്യനെ. മുഴു വന്ദേമാതരം 1937ൽ വെട്ടിച്ചുരുക്കി ആദ്യ രണ്ടു ചരണങ്ങൾമാത്രമാക്കിയ കോൺഗ്രസ് നേതൃത്വത്തിന്റെ നടപടിയെ റദ്ദാക്കിക്കുന്നതിനാണ് സ്‌തുതി. കേരളത്തിന്റെ രാഷ്ട്രീയമണ്ഡലത്തിൽ ദേശീയതയെ പ്രതീകാത്മകമായി ഉറപ്പിക്കുകയാണ് ഈ നടപടിയെന്നാണ് സംഘപരിവാർ തിരിച്ചറിയുന്നത്. തങ്ങൾ ആഗ്രഹിക്കുംവിധംതന്നെയാണ് കാര്യങ്ങൾ നീങ്ങുന്നതെന്ന് പറയാതെ പറയുകയാണ് ആർഎസ്‌എസ് മുഖപത്രം. കലാപരിപാടികൾ ഇങ്ങനെ പുരോഗമിക്കവേ, മാധ്യമങ്ങളുടെ വാഴ്‌ത്തുപാട്ടുകൾ ഏറുന്നു. സ്‌തുതിഗീതങ്ങൾ മുഴങ്ങുന്നു. അവയുടെ മുതലാളിമാർ ആർത്താർത്ത് ചിരിക്കുന്നു. പക്ഷേ, കാര്യം ജനങ്ങൾക്ക് മനസ്സിലായിവരുന്നുണ്ട്. ഇപ്പോൾ ചിരിക്കുന്നവർ തീർച്ചയായും ഭയാനകമായ വാർത്തകൾ കേൾക്കാനിരിക്കുന്നതേയുള്ളൂ.















