ad
Deshabhimani

Articles

പ്രവേശനോത്സവത്തിന് മധുരം കുറയരുത്

പ്രവേശനോത്സവത്തിന് മധുരം കുറയരുത്

Praveshanolsavam School Opening
avatar
പി ടി രാഹേഷ്

Published on May 26, 2026, 11:32 PM | 1 min read

ഴ പെയ്‌താലും ഇല്ലെങ്കിലും ജൂണിൽ സ്‌കൂൾ തുറക്കുന്ന ദിവസം ‘പ്രളയം’ പതിവായിരുന്നു. രക്ഷിതാക്കളുടെ കൈയിൽ തൂങ്ങി ഒന്നാംക്ലാസിലേക്കെത്തുന്നവർ കണ്ണീരുകൊണ്ടുണ്ടാക്കുന്ന ‘പ്രളയം.’ പുതിയ ലോകത്തേക്ക് കടന്നുവരുന്നവരുടെ അങ്കലാപ്പാണ് ഈ കരച്ചിലിനുപിന്നിൽ. കേരളത്തിൽ ഈ കരച്ചിൽദിനത്തെ ആനന്ദകരമാക്കിയത് പ്രവേശനോത്സവങ്ങളാണ്. പുതിയ ഇടം കുട്ടികൾ കൗതുകത്തോടെ നോക്കുന്നതാക്കിമാറ്റാനും സന്തോഷകരമായ അന്തരീക്ഷം സൃഷ്ടിക്കാനുമാണ് പ്രവേശനോത്സവം സഹായിക്കുന്നത്.


വിദ്യാഭ്യാസത്തിന്റെ തുടക്കത്തിന് നാടാകെ പിന്തുണ നൽകുന്ന ആഘോഷമാണിത്‌. രക്ഷിതാക്കൾ, അധ്യാപകർ, പൂർവവിദ്യാർഥികൾ, നാട്ടുകാർ എല്ലാവരും ചേർന്ന് സംഘടിപ്പിക്കുന്ന പ്രവേശനോത്സവം ഓരോ നാട്ടിലും പുതിയ സംസ്‌കാരത്തിനാണ് തുടക്കമിട്ടത്. അറിവിന്റെ മധുരം നുകരാനെത്തുന്ന കുട്ടികൾക്കായി നാടാകെയൊരുക്കുന്ന പരിപാടികൾ ചുരുക്കണമെന്നാണ് പുതിയ കേരള സർക്കാർ പ്രഖ്യാപിക്കുന്നത്.


​നാട്ടിലെ എല്ലാ കുട്ടികളും അക്ഷരമുറ്റത്തേക്ക്‌ എത്തുന്നുവെന്ന് ഉറപ്പാക്കാനും ഈ കടന്നുവരവ് ആഘോഷമാക്കാനും വേണ്ടിയാണ് ഓരോ സ്‌കൂളിലും പ്രവേശനോത്സവം നടത്താൻ എൽഡിഎഫ്‌ സർക്കാരുകൾ തീരുമാനിച്ചത്. സ്‌മാർട്ട് വിദ്യാലയങ്ങളും ഹൈടെക് ക്ലാസ്‌മുറികളും ഒരുക്കി ഭൗതികസാഹചര്യം മെച്ചപ്പെടുന്നതിനോടൊപ്പം സ്‌കൂൾ അന്തരീക്ഷം ശിശുസൗഹൃദമാക്കിമാറ്റാനുള്ള ദീർഘവീക്ഷണത്തോടുകൂടിയുള്ള കാഴ്ചപ്പാടാണ് പ്രവേശനോത്സവങ്ങൾ രൂപപ്പെടുത്തിയത്. സംസ്ഥാനതലംമുതൽ ഓരോ പ്രാദേശികതലത്തിലും നടക്കുന്ന പ്രവേശനോത്സവങ്ങൾ കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കുന്നത് സമൂഹത്തിന്റെ ഉത്തരവാദിത്വമാക്കിമാറ്റാനുള്ള ജനകീയ വിദ്യാഭ്യാസപദ്ധതികൂടിയാണ്.


ഈ സ്‌കൂൾ പ്രവേശനോത്സവങ്ങൾ ചെലവ് ചുരുക്കി നടത്താനും ഇല്ലാതാക്കാനും വേണ്ടിയുള്ള കേരളത്തിലെ പുതിയ സർക്കാരിന്റെ ശ്രമം നമ്മുടെ വിദ്യാലയങ്ങൾ നേടിയെടുത്ത മികവിനെ പിറകോട്ടടിപ്പിക്കും. ‘കുട്ടികളുടെ പ്രവേശനോത്സവത്തിന് കാശില്ല' എന്ന രീതിയിൽ വാർത്ത വരില്ലെന്നതാണ്‌ യുഡിഎഫ് സർക്കാരിന് കിട്ടുന്ന പ്രിവിലേജ്.


​വിദ്യാഭ്യാസം ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്വത്തിൽനിന്നാണ് പ്രാദേശികതലംമുതൽ സംസ്ഥാനതലംവരെയുള്ള സർക്കാരുകൾ പിന്മാറുന്നത്. വിദ്യാലയത്തിൽ നടക്കുന്ന ചടങ്ങുമാത്രമായി പ്രവേശനോത്സവത്തെ എടുക്കാതെ സമൂഹത്തിന്റെ കടമയായി കാണാൻ കഴിയണം. കേരളത്തിലെ പൊതുവിദ്യാലയങ്ങൾ സമാനതകളില്ലാത്ത നേട്ടങ്ങൾ കൈവരിച്ച കാലമാണിതെന്ന് നിലവിലെ യുഡിഎഫ് മന്ത്രിമാർപോലും നിഷേധിക്കുന്നില്ല. ആദ്യമായി വിദ്യാലയങ്ങളിലേക്കെത്തുന്ന കുട്ടികളെ ആഘോഷപൂർവംതന്നെ വരവേൽക്കണം. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരളത്തിൽ രൂപപ്പെട്ട പ്രാദേശിക വിദ്യാഭ്യാസ സംരക്ഷണ ഐക്യ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ചെറുത്തുനിൽപ്പുകളും കൂട്ടായ്‌മകളും അനിവാര്യമാണ്. പ്രവേശനോത്സവം മധുരം കുറയാതെ വരുംതലമുറകൾക്കും ലഭിക്കണം.



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home