വാഗ്ദാനം മറന്ന് യുഡിഎഫ് തുടക്കം


പിണറായി വിജയൻ
Published on Jun 17, 2026, 11:29 PM | 3 min read
വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ അധികാരമേറ്റ് ഒരുമാസമാകുന്നു. ജനങ്ങൾക്ക് നൽകിയ വാഗ്‌ദാനങ്ങളും അധികാരത്തിലെത്തിയശേഷം നടപ്പാക്കുന്നതും പരിശോധിച്ചാൽ തുടക്കത്തിൽത്തന്നെ നിലപാടുകളിൽനിന്ന് സർക്കാർ പുറകോട്ടുപോകുന്നു എന്ന് വ്യക്തം. വാഗ്‌ദാനങ്ങൾ പാലിക്കാനുള്ളതാണെന്ന എൽഡിഎഫ് സർക്കാരുകൾ സൃഷ്ടിച്ച മാതൃകയിൽനിന്ന് നാളുകൾക്കുള്ളിൽത്തന്നെ യുഡിഎഫ് അതിവേഗം തിരിഞ്ഞുനടക്കുകയാണ്.
നെഹ്റുവിയൻ സോഷ്യലിസ്റ്റാണെന്നാണ് മുഖ്യമന്ത്രി വി ഡി സതീശൻ അവകാശപ്പെടുന്നത്. എന്നാൽ, അതിനു കടകവിരുദ്ധമാണ് തീരുമാനങ്ങളെല്ലാം. അതിന്റെ ഉദാഹരണമാണ് സാമ്പത്തികസ്ഥിതിയുമായി ബന്ധപ്പെട്ട് അവതരിപ്പിച്ച ധവളപത്രം. എൽഡിഎഫ് നടപ്പാക്കിയ ജനകീയ വികസന ബദലുകളുടെയും ക്ഷേമപദ്ധതികളുടെയും അടിവേരിളക്കുന്ന രാഷ്ട്രീയ നയരേഖയായി വേണം ധവളപത്രത്തെ വിലയിരുത്താൻ. ജനാധിപത്യ സർക്കാരിൽ നിക്ഷിപ്തമായ ക്ഷേമ, സേവന, വികസന ഉത്തരവാദിത്വങ്ങളിൽനിന്ന് ഒളിച്ചോടുകമാത്രമല്ല; കേരളത്തെ സാമ്പത്തികമായി തളർത്തുന്ന കേന്ദ്ര ഉപരോധങ്ങളെയും രാഷ്ട്രീയവിവേചനത്തെയും കണ്ടില്ലെന്നു നടിക്കുന്നു.
വിദ്യാഭ്യാസം, ആരോഗ്യം, ഊർജം എന്നീ അടിസ്ഥാനമേഖലകൾമുതൽ കരിമണൽഖനനവും വിമാനത്താവളങ്ങളും തീരദേശവും തുറമുഖങ്ങളും ഉൾപ്പെടുന്ന തന്ത്രപ്രധാനമായ ഇടങ്ങളെല്ലാം കുത്തകകൾക്ക് തീറെഴുതാനുള്ള നീക്കങ്ങളാണ് ധവളപത്രത്തിലൂടെ മറനീക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റുതുലയ്ക്കാനും പ്രകൃതിസമ്പത്ത് സ്വകാര്യകമ്പനികൾക്ക് ചൂഷണം ചെയ്യാനും വഴിയൊരുക്കുന്നവരാണോ നെഹ്റുവിയൻ സോഷ്യലിസ്റ്റുകൾ? നവലിബറൽ സാമ്പത്തികപരിഷ്കാരങ്ങൾ അടിച്ചേൽപ്പിക്കാനുള്ള നയങ്ങൾക്കെതിരെ പ്രതിരോധം ഉയർത്തിയ പാരമ്പര്യമാണ് കേരളത്തിനുള്ളത്. കേരളത്തിന്റെ ഇടതുപക്ഷമനസ്സ് രൂപപ്പെട്ടത് അത്തരം പോരാട്ടങ്ങളിലൂടെയാണ്.
കേന്ദ്രത്തിന്റെ വിവേചനസമീപനത്തോടുള്ള മൗനത്തിൽ ഒതുങ്ങുന്നതല്ല യുഡിഎഫ് സർക്കാരിന്റെ സംഘപരിവാർ വിധേയത്വം. വർഗീയരാഷ്ട്രീയത്തോട് വിട്ടുവീഴ്ചയില്ലെന്ന അവകാശവാദത്തോടെ വോട്ടുപിടിച്ചവർ സത്യപ്രതിജ്ഞാചടങ്ങിൽ വാക്കുമാറി. സത്യപ്രതിജ്ഞ പൂർണമായും സംഘപരിവാറിന് വഴങ്ങിക്കൊടുക്കുന്ന ചടങ്ങാക്കിമാറ്റി. മതനിരപേക്ഷ ജനാധിപത്യത്തിന് മുറിവേൽപ്പിച്ച ഈ നടപടി സംഘപരിവാർ നേട്ടമായി ആഘോഷിച്ചു. ബിജെപിയുടെ അനുമോദനം തുടർന്നും ലഭിക്കുന്നു. യുഡിഎഫ് സർക്കാരിന്റെ നയപ്രഖ്യാപനം ബിജെപിയുടെ പ്രകടനപത്രികയിൽനിന്നും കാഴ്ചപ്പാടുകളിൽനിന്നും കടമെടുത്തതാണെന്ന് ബിജെപി അവകാശപ്പെട്ടു.
ഗവർണർമാരെ ഉപയോഗിച്ച് സർവകലാശാലകൾ വരുതിയിലാക്കാനുള്ള കേന്ദ്രശ്രമങ്ങൾക്കെതിരെ എൽഡിഎഫ് സർക്കാരുകൾ ഉയർത്തിയ പ്രതിരോധങ്ങളെല്ലാം ഈ സർക്കാർ തുടക്കത്തിലേ തകർത്തു. ഗവർണറുമായി ഒരുതരത്തിലുമുള്ള ഏറ്റുമുട്ടലിനും ഇല്ലെന്ന നിലപാടാണ് ഉന്നതവിദ്യാഭ്യാസമന്ത്രി സ്വീകരിക്കുന്നത്. ആർഎസ്എസിന്റെ നൂറാംവാർഷികത്തോടനുബന്ധിച്ച് മോഹൻ ഭാഗവതിന്റെ പരിപാടിയിൽ മൂന്ന് വിസിമാർ പങ്കെടുത്തതിലും സർക്കാർ മൗനംപാലിച്ചു. പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും ജനാധിപത്യവിശ്വാസികളുടെയും പ്രതിഷേധത്തിനൊടുവിലാണ് മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, ഉന്നതവിദ്യാഭ്യാസമന്ത്രി എന്നിവർ വിസിമാരെ വിമർശിച്ചെന്നുവരുത്തിയത്.
തെരഞ്ഞെടുപ്പുകാലത്ത് മതവിദ്വേഷം പ്രചരിപ്പിച്ച ആളായി വെള്ളാപ്പള്ളി നടേശനെ വിശേഷിപ്പിച്ചവർ ഭരണം ലഭിച്ചപ്പോൾ അനുഗ്രഹം വാങ്ങാൻ വരിനിൽക്കുകയാണ്. എൻഡിഎയുടെ ഭാഗമാണ് വെള്ളാപ്പള്ളി നടേശന്റെ മകനായ തുഷാർ വെള്ളാപ്പള്ളി നേതൃത്വം നൽകുന്ന ബിഡിജെഎസ്. അദ്ദേഹം മുഖ്യമന്ത്രിയുടെ വീട്ടിലെത്തി അഭിവാദ്യം അർപ്പിക്കുന്നു. അനഭിമതനായിരുന്ന വെള്ളാപ്പള്ളി കുറച്ചുദിവസങ്ങൾകൊണ്ട് ഇവർക്കെങ്ങനെയാണ് അഭിമതനായത്? തെരഞ്ഞെടുപ്പുകാലത്തെ പ്രചാരണങ്ങളെല്ലാം തെറ്റായിരുന്നു എന്നാണോ ഇത് വ്യക്തമാക്കുന്നത്?
നിയമനകാര്യത്തിൽ നിത്യേന വിവാദങ്ങൾ ഉണ്ടാകുന്നു. വൈദ്യുതിമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി സ്വന്തം സഹോദരീഭർത്താവിനെ നിയമിച്ചത് വിമർശവിധേയമായപ്പോൾ അദ്ദേഹത്തെ രാജിവയ്‌പിക്കേണ്ടിവന്നു. ശബരിമല സ്വർണക്കൊള്ളയിൽ പങ്കാളികളായ സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകൻ കെ ബി പ്രദീപിന്റെ ദേവസ്വം സ്പെഷൽ ഗവണ്മെന്റ് പ്ലീഡറായുള്ള നിയമനം വലിയ പ്രതിഷേധത്തിന് ഇടയാക്കി. ദേവസ്വംമന്ത്രിയെപ്പോലും അറിയിക്കാതെ തീരുമാനമെടുത്തത് എന്തിനെന്ന് ജനങ്ങളോട് പറയാനുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ട്. പ്രതികൾക്കുവേണ്ടി ഹാജരായ അഭിഭാഷകനെത്തന്നെ ദേവസ്വംചുമതല ഏൽപ്പിച്ചത് കേസ് അട്ടിമറിക്കാനാണെന്ന സംശയം വ്യാപകമാണ്.
മുൻനിലപാടുകളിൽനിന്ന് ഒരു സങ്കോചവുമില്ലാതെ മുഖ്യമന്ത്രി ഒളിച്ചോടുന്നു. പ്രതിപക്ഷത്തിരുന്ന കാലത്ത് കേന്ദ്രസർക്കാർ ഇന്ധനവില കൂട്ടുമ്പോൾ സംസ്ഥാനം നികുതിയും സെസ്സും കുറച്ച് ജനങ്ങൾക്ക് ആശ്വാസം നൽകണമെന്നു പറഞ്ഞ് തെരുവിൽ സമരം ചെയ്തവരാണ് യുഡിഎഫ് മന്ത്രിസഭയിലുള്ളവർ. ഇന്ന് അധികാരക്കസേരയിൽ ഇരിക്കുമ്പോൾ ആ വാക്കുകളൊക്കെ മറന്നു. ഇന്ധനവില പലതവണ വർധിച്ചിട്ടും സംസ്ഥാന നികുതിയോ സെസ്സോ കുറയ്ക്കാൻ തയ്യാറായിട്ടില്ല. പിഎം ശ്രീ വിഷയത്തിൽ വലിയ കോലാഹലമാണ് യുഡിഎഫ് ഉണ്ടാക്കിയത്.
എൽഡിഎഫ് എംഒയു ഒപ്പിട്ടിരുന്നെങ്കിലും പിന്നീട് നിർത്തിവയ്‌ക്കാൻ തീരുമാനിച്ചു. രേഖാമൂലംതന്നെ കത്ത് കേന്ദ്രത്തിന് നൽകുകയും ചെയ്തു. അതുപ്രകാരം പദ്ധതി നടപ്പാക്കാൻ സാധിക്കില്ല. എന്നാൽ, എൽഡിഎഫ് സർക്കാർ ഒപ്പിട്ടതിനാൽ നടപ്പാക്കാതെ പറ്റില്ലെന്ന വാദമാണ് ഇപ്പോൾ ഉയർത്തുന്നത്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളെല്ലാം വളരെ മുന്പുതന്നെ പിഎം ശ്രീയിൽ ഒപ്പുവച്ചു. കോൺഗ്രസിന് പദ്ധതിയോടുള്ള അനുകൂലസമീപനം ഇതിൽനിന്ന് വ്യക്തം. മനുഷ്യ–-വന്യജീവി സംഘർഷത്തിന്റെ കാര്യത്തിലും സമാനരീതിയിൽ ജനങ്ങളെ കൈയൊഴിയുന്ന നിലപാടാണ് കാണുന്നത്. മൂന്നാഴ്ചയ്ക്കകം ആറു ജീവനുകളാണ് വന്യജീവി ആക്രമണത്തിൽ പൊലിഞ്ഞത്. എന്നിട്ടും ഉദാസീന നിലപാടാണ് വനംമന്ത്രി സ്വീകരിക്കുന്നത്.
പകർച്ചവ്യാധികൾ പെരുകുന്ന സാഹചര്യത്തിലും വീഴ്‌ചയാണ് സർക്കാരിനുണ്ടായത്. ഭരണത്തിലുള്ളവരുടെ പിടിപ്പുകേടുകൊണ്ടാണ് നിപാ ഉൾപ്പെടെ ഉണ്ടാകുന്നതെന്നു പറഞ്ഞ വ്യക്തിയാണ് നിലവിലെ ആരോഗ്യമന്ത്രി. പ്രതിരോധപ്രവർത്തനങ്ങളുടെ ഏകോപനമില്ലായ്മ ഉദ്യോഗസ്ഥരിൽ ചുമത്തി രക്ഷപ്പെടാനാണ് മന്ത്രി ശ്രമിക്കുന്നത്. നിപാ കണ്ടെത്തി ദിവസങ്ങൾ കഴിഞ്ഞിട്ടും കോഴിക്കോട്ട് ഒരു ഡിഎംഒയെ നിയമിക്കാനായില്ല. ജീവൻരക്ഷാമരുന്നുകളുടെ കാര്യത്തിൽപ്പോലും പരസ്പരവിരുദ്ധ അഭിപ്രായങ്ങളാണ് മന്ത്രിയും ഉദ്യോഗസ്ഥരും പറഞ്ഞത്. മഴക്കാലപൂർവ ശുചീകരണവും മാലിന്യനിർമാർജനവും താളംതെറ്റി.
ഒറ്റദിവസം പതിനായിരത്തിലധികം ആളുകൾ പകർച്ചവ്യാധികൾമൂലം ആശുപത്രികളിൽ എത്തുന്നു. ആരോഗ്യസംവിധാനങ്ങളിലെ പ്രതിസന്ധി തടയുന്നതിനുപകരം സർക്കാർ രാഷ്ട്രീയതാൽപ്പര്യങ്ങൾക്ക് വഴങ്ങാതിരുന്ന ആരോഗ്യവകുപ്പ് മേധാവിയെ തരംതാഴ്ത്തി. പൊതുജനാരോഗ്യരംഗം ഒരുമാസത്തിനകംതന്നെ ഇത്ര കുത്തഴിഞ്ഞത് ആശങ്കാജനകമാണ്.
കെഎസ്ആർടിസിയിൽ സ്‌ത്രീകൾക്ക് സൗജന്യയാത്ര എന്നായിരുന്നു യുഡിഎഫ് വാഗ്ദാനം. എന്നാൽ, അത് ഓർഡിനറി ബസുകളിൽമാത്രമാക്കി. ഓർഡിനറി ബസുകൾ 25 ശതമാനത്തിൽ താഴെയാണ്. അതിൽത്തന്നെ സിറ്റി ഫാസ്റ്റ് സ്റ്റിക്കറുകൾ പതിച്ച് സൗജന്യയാത്രയിൽനിന്ന് ഒഴിവാക്കി.
എൽഡിഎഫ് സർക്കാർ നടപ്പാക്കിയ സ്ത്രീസുരക്ഷാ പദ്ധതിയും അട്ടിമറിക്കുകയാണ്. 3720 കോടിയുടെ അതിബൃഹത്തായ സ്ത്രീസുരക്ഷാ പദ്ധതിയിൽ രണ്ടുമാസത്തെ തുക തടഞ്ഞുവച്ചു. സൗജന്യയാത്ര പദ്ധതി വിപുലമാക്കുകയും സ്ത്രീസുരക്ഷാ പദ്ധതി തുടരുകയും വേണം. ആദിവാസി ഗോത്ര വിഭാഗത്തിൽപ്പെട്ട 308 മെന്റർ അധ്യാപകരെ പിരിച്ചുവിട്ട നടപടി കടുത്ത നീതിനിഷേധമാണ്. കൊഴിഞ്ഞുപോക്ക് തടയുന്നതിനും പഠനപിന്തുണ നൽകുന്നതിനും എൽഡിഎഫ് സർക്കാരാണ് മെന്റർ അധ്യാപകരെ നിയമിച്ചത്. ഗോത്രവിദ്യാർഥികളുടെ പഠനം ഇതോടെ താളംതെറ്റി. തൊഴിലന്വേഷകരായ യുവാക്കൾക്ക് മാസംതോറും 1000 രൂപ ധനസഹായം നൽകുന്ന ‘കണക്ട് ടു വർക്ക്' പദ്ധതിയും അട്ടിമറിക്കുന്നു.
ചുരുക്കത്തിൽ, നെഹ്റുവിയൻ സോഷ്യലിസമല്ല നടപ്പാക്കാൻപോകുന്നത്, വലതുപക്ഷ കോർപറേറ്റ് ദാസ്യമാണ് യുഡിഎഫ് നടപ്പാക്കുന്നത്. പതിറ്റാണ്ടുകളുടെ പോരാട്ടങ്ങളിലൂടെ നാം പടുത്തുയർത്തിയ ജനക്ഷേമ മാതൃകകളെ തകർക്കുന്ന സ്വകാര്യവൽക്കരണവും സംഘപരിവാർ പ്രീണനവുമായിരിക്കും ഈ യു ടേണിന്റെ ദിശ നിശ്ചയിക്കുന്നത്. യുഡിഎഫ് വാഗ്ദാനങ്ങളെല്ലാം കേവലം വോട്ട് തട്ടാനുള്ള തന്ത്രങ്ങളായിരുന്നുവെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞുതുടങ്ങി. യുഡിഎഫ് മുന്നോട്ടുവയ്‌ക്കുന്ന പുതുയുഗം, കേരളം കാത്തുസൂക്ഷിച്ച മതനിരപേക്ഷ ജനാധിപത്യ പാരമ്പര്യത്തിന് തുരങ്കംവയ്‌ക്കാനുള്ള മുദ്രാവാക്യം മാത്രമാണെന്ന സൂചനയാണ് കഴിഞ്ഞ ഒരുമാസം വെളിവാക്കുന്നത്.











