സർക്കാർ നിലപാട് കൊടുംവഞ്ചന


പിണറായി വിജയൻ
Published on Jul 20, 2026, 12:00 AM | 4 min read
സംഘപരിവാർ അജൻഡകൾക്ക് നിരന്തരം കീഴടങ്ങുന്ന യുഡിഎഫ് സർക്കാരിന്റെ വഞ്ചനാപരമായ മുഖമാണ് വഖഫ് വിഷയത്തിൽ പുറത്തുവന്നിരിക്കുന്നത്. ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യവും മതസ്ഥാപനങ്ങളുടെമേലുള്ള സ്വതന്ത്രാധികാരവും ന്യൂനപക്ഷങ്ങൾക്ക് നിഷേധിക്കുന്ന കേന്ദ്ര വഖഫ് നിയമ ഭേദഗതിയെ ഹൈക്കോടതിയിൽ പിന്തുണച്ച സംസ്ഥാന സർക്കാരിന്റെ നടപടി കടുത്ത അനീതിയാണ്. സർക്കാരിന്റെ ഈ കീഴടങ്ങൽ ഒറ്റപ്പെട്ടതല്ല. മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതരം ആലാപനം, സർവകലാശാലകളിലെ സംഘപരിവാർവൽക്കരണം എന്നിവയിലുള്ള വിധേയത്വം പിഎം ശ്രീ, ലൈഫ് ഭവനപദ്ധതിയുടെ ബ്രാൻഡിങ് തുടങ്ങിയ വിഷയങ്ങളിലും ആവർത്തിച്ചു. ഇതിൽ ഏറ്റവും അപഹാസ്യം മുസ്ലിംലീഗിന്റെ ചുവടുമാറ്റമാണ്.
പിഎം ശ്രീ, വഖഫ് ഭേദഗതി വിഷയങ്ങളിൽ നേരത്തേ ശക്തമായ എതിർപ്പ് ഉയർത്തിയ ലീഗ്, ഇപ്പോൾ അതേ സംഘപരിവാർനയങ്ങളുടെ വക്താക്കളായി. അധികാരത്തിൽ എത്തിയശേഷം നിലപാടുകളിലെ മറുകണ്ടംചാടൽ മുസ്ലിം ജനസാമാന്യത്തോടുള്ള കൊടിയ വഞ്ചനയാണ്.
2025ൽ കേന്ദ്ര സർക്കാർ പാസാക്കിയ വഖഫ് ഭേദഗതി നിയമം വിവേചനപരവും മുസ്ലിം അപരവൽക്കരണം ലക്ഷ്യമിട്ടുള്ളതുമായിരുന്നു. വഖഫ് ബോർഡിൽ അമുസ്ലിങ്ങളെ തിരുകിക്കയറ്റുന്നതുൾപ്പെടെ കടുത്ത വർഗീയ ലക്ഷ്യങ്ങളുള്ള വ്യവസ്ഥകളാണ് ആർഎസ്എസ് ബുദ്ധികേന്ദ്രങ്ങളിൽനിന്ന് ഉരുത്തിരിഞ്ഞ ഈ നിയമഭേദഗതിയിലുള്ളത്.
മതവിശ്വാസ സ്വാതന്ത്ര്യവും മതസ്ഥാപനങ്ങൾക്കുള്ള സ്വതന്ത്രാധികാരവും ഉറപ്പുനൽകുന്ന ഭരണഘടനയുടെ 14, 25, 26 എന്നീ അനുച്ഛേദങ്ങളുടെ നഗ്നമായ ലംഘനമാണിത്. ബിജെപിയിതര സർക്കാരുകൾ ഒറ്റക്കെട്ടായി എതിർത്ത ഈ ഭരണഘടനാവിരുദ്ധ നിയമത്തിനാണ് കേരളത്തിൽ യുഡിഎഫ് സർക്കാർ സംരക്ഷണം ഒരുക്കുന്നത്. ബിജെപി സംസ്ഥാനങ്ങൾ മാത്രമാണ് ഈ ഭേദഗതി നടപ്പാക്കാൻ തയ്യാറായിട്ടുള്ളത്.
വഖഫ് ഭേദഗതിക്കെതിരെ കേരളത്തിലെ മതനിരപേക്ഷ സമൂഹം ഒറ്റക്കെട്ടായാണ് പ്രതികരിച്ചത്. 2024 ആഗസ്തിൽ പാർലമെന്റിൽ ഭേദഗതി ബില്ലിനെതിരെ ഒക്ടോബർ 14ന് കേരള നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കി. സുപ്രീംകോടതിയിൽ വഖഫ് ഭേദഗതി നിയമത്തിനെതിരായ കേസിൽ കക്ഷിചേരാനും എൽഡിഎഫ് സർക്കാർ തയ്യാറായി. മുസ്ലിംലീഗും കേസിന് പോയിരുന്നു. നിയമസഭയിലെ സർക്കാർ പ്രമേയത്തെ പിന്തുണച്ച് അതിന്റെ ഉള്ളടക്കം മെച്ചപ്പെടുത്താൻ ഏഴ് നിർദേശങ്ങൾ നൽകിയ മുസ്ലിംലീഗ് എംഎൽഎ എൻ ഷംസുദ്ദീനാണ് വഖഫ് വകുപ്പിന്റെ ചുമതലയുള്ള മന്ത്രി. അന്ന് അദ്ദേഹത്തിന്റെ അഞ്ച് നിർദേശങ്ങളും അംഗീകരിക്കുകയായിരുന്നു സർക്കാർ.
വഖഫ് ഭേദഗതി നിയമം “വഖഫ് എന്ന ആശയംതന്നെ ഇല്ലാതാക്കും” എന്നായിരുന്നു ഷംസുദ്ദീൻ അന്ന് പറഞ്ഞത്. എന്നാൽ യുഡിഎഫ് സർക്കാർ ഹൈക്കോടതിയിൽ സ്വീകരിച്ച സമീപനം കാരണം സുപ്രീംകോടതിയിലെ കേസിൽ കേരളത്തിന്റെ ന്യായമായ വാദങ്ങൾ ദുർബലപ്പെടുത്തും. അധികാരത്തിൽ എത്തിയപ്പോൾ, മുൻ നിലപാടുമറന്ന് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ ചെയ്യുന്നതുപോലെ പുതിയ ഭേദഗതി പ്രകാരം വഖഫ് ബോർഡിൽ അമുസ്ലിങ്ങളെ തിരുകിക്കയറ്റാൻ യുഡിഎഫ് സർക്കാരും തയ്യാറാകുകയാണ്. നിയമസഭയിൽ കേന്ദ്ര നിയമത്തിനെതിരെ വീറോടെ സംസാരിച്ച എൻ ഷംസുദ്ദീൻ തന്നെയാണ് ഇന്ന് ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ നൽകിയ സത്യവാങ്മൂലത്തെ ന്യായീകരിച്ച് രംഗത്തുവന്നത്.
അമുസ്ലിങ്ങളെ ബോർഡിൽ അംഗങ്ങളാക്കി ഉൾപ്പെടുത്തിയില്ല എന്ന് ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അടക്കം നൽകിയ ഹർജികളിലാണ് യുഡിഎഫ് സർക്കാരിന്റെ ഒത്തുകളി. 2026 ജൂലൈ 14ന് സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ രേഖാമൂലം പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്: "the government is prepared to re-constitute the Board strictly in compliance with the mandate of section 14 of the unified Waqf Management, Empowerment, Efficiency and Development Act’.
അതായത് പുതിയ ഭേദഗതി നിയമത്തിലെ 14–-ാം വകുപ്പ് അക്ഷരംപ്രതി അനുസരിച്ച് വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കാൻ സർക്കാർ തയ്യാറാണെന്ന്. മുസ്ലിംലീഗിന്റെ നോമിനിയായ സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർ പി എം സനീർ മുഖാന്തരമാണ് ഈ സത്യവാങ്മൂലം സമർപ്പിച്ചത്. അഡ്വക്കറ്റ് ജനറലും ഇതേ നിലപാട് കോടതിയിൽ ആവർത്തിച്ചു. കേന്ദ്ര സർക്കാരിനുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറലും ഇക്കാര്യത്തിൽ ഹർജിക്കാരോടും സംസ്ഥാന സർക്കാരിനോടുമുള്ള യോജിപ്പ് കോടതിയെ അറിയിച്ചു.
പുതിയ ഭേദഗതിപ്രകാരം, പരമാവധി 11 അംഗങ്ങളെ നാമനിർദേശംചെയ്താണ് വഖഫ് ബോർഡ് രൂപീകരിക്കേണ്ടത്. ഒമ്പതുപേരെയാണ് 2026ൽ എൽഡിഎഫ് സർക്കാർ നിയമിച്ചത്. ബാക്കി രണ്ടുപേരെ പിന്നീട് നിയമിക്കുമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ഭേദഗതി നിയമത്തോടുള്ള വിയോജിപ്പിന്റെ അടിസ്ഥാനത്തിൽ അമുസ്ലിം അംഗങ്ങളെ നിയമിക്കാൻ എൽഡിഎഫ് സർക്കാർ തയ്യാറായില്ല. വഖഫ് ബോർഡ് യോഗം ചേരാൻ 11ൽ അഞ്ച് പേരുടെ ക്വാറം മതി. അതുകൊണ്ടുതന്നെ നിലവിൽ ബോർഡിന്റെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ നിയമതടസ്സവും ഉണ്ടായിരുന്നില്ല.
സംഘപരിവാറും യുഡിഎഫും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിലൂടെയാണ് വഖഫ് ബോർഡ് മരവിപ്പിക്കാനുള്ള ഇടക്കാല വിധി സമ്പാദിച്ചത്. വഖഫ് ഭേദഗതി നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യംചെയ്യുന്ന കേസുകളെല്ലാം സുപ്രീംകോടതിയുടെ പരിഗണനയിലാണ്. നിയമം നടപ്പാക്കാമെന്ന് ഹൈക്കോടതിയിലും നിയമം ശരിയല്ലെന്ന് സുപ്രീംകോടതിയിലും ഒരേ സർക്കാരിന് എങ്ങനെ പറയാനാകും? കേസിൽ കക്ഷി ചേരുന്നതിന്റെ ഭാഗമായി കേരളം സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജി ഫലത്തിൽ റദ്ദുചെയ്യുന്നതാണ് ഹൈക്കോടതിയിൽ സർക്കാർ നൽകിയ സത്യവാങ്മൂലവും അതിന്റെ അടിസ്ഥാനത്തിൽ പുറപ്പെടുവിച്ച ബോർഡ് മരവിപ്പിച്ചുകൊണ്ടുള്ള ഉത്തരവും.
വഖഫ് ഭേദഗതി നിയമത്തിലെ 14–-ാം വകുപ്പ് എഫിലെ ചില വ്യവസ്ഥകൾ ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങൾക്ക് കടകവിരുദ്ധവും മതവിശ്വാസത്തിന് എതിരുമാണെന്ന നിലപാടാണ് കേരളം സുപ്രീംകോടതിയിൽ ഉയർത്തിപ്പിടിച്ചത്. ജുഡീഷ്യൽ സ്‌ക്രൂട്ടിനിയിൽ ഈ വകുപ്പ് ഭരണഘടനാവിരുദ്ധമാണെന്ന് തെളിയുമെന്ന പ്രതീക്ഷയാണ് കേരളത്തിനുണ്ടായിരുന്നത്. മാത്രമല്ല, 14–-ാം വകുപ്പിന് അനുസൃതമായി വഖഫ് ബോർഡ് രൂപീകരിച്ചാൽ അതിൽ മുസ്ലിം മതവിശ്വാസികൾ ന്യൂനപക്ഷമാകാനുള്ള സാധ്യത നിലനിൽക്കുന്നകാര്യവും കേരളം ചൂണ്ടിക്കാട്ടി.
മുസ്ലിം മതസ്ഥാപനങ്ങളുടെ മാനേജ്മെന്റും മേൽനോട്ടവും വഹിക്കുന്ന സമിതികളിൽ ആ വിഭാഗത്തിൽനിന്നുള്ളവർ മാത്രമേ ഉണ്ടാകാവൂ എന്ന വ്യക്തമായ നിലപാടാണ് കേരളം സുപ്രീംകോടതിയിൽ സമർപ്പിച്ചിട്ടുള്ളത്. യുഡിഎഫ് സർക്കാരിന്റെ ചുവടുമാറ്റം സുപ്രീംകോടതിയിലെ നിയമപോരാട്ടംതന്നെ അസാധ്യമാക്കുകയാണ്.
സുപ്രീംകോടതിയിൽ വഖഫ് ഭേദഗതി നിയമത്തെ സംബന്ധിച്ച ഹർജികളിൽ തീർപ്പ് വരുന്നതുവരെ സർക്കാരിന് സാവകാശം ആവശ്യപ്പെടാമായിരുന്നു. എന്നാൽ, സർക്കാർ 14–-ാം വകുപ്പിന് അനുസൃതമായി ബോർഡ് പുനഃസംഘടിപ്പിക്കാൻ വെമ്പൽകാട്ടി. ഇത് കേവലം ഒരു രഹസ്യധാരണയോ ഒത്തുതീർപ്പോ അല്ല, മറിച്ച് സംഘപരിവാറിന് മുന്നിലുള്ള സമ്പൂർണമായ കീഴടങ്ങലും പാദസേവയുമാണ്. അത് മറച്ചുവയ്‌ക്കാനുള്ള ശ്രമമാണ് മുസ്ലിംലീഗിനുവേണ്ടി ജനറൽ സെക്രട്ടറിയുടെ ഭാഗത്തുനിന്ന് കണ്ടത്.
ഹൈക്കോടതിയുടെ പരിഗണനയിലുള്ള നാല് ഹർജികളിൽ ഒന്ന്, ഷിയാ വിഭാഗത്തിന് ബോർഡിൽ പ്രാതിനിധ്യം ലഭിച്ചിട്ടില്ലെന്ന ഹർജിയാണെന്ന് ചൂണ്ടിക്കാട്ടി തെറ്റിദ്ധാരണ ഉണ്ടാക്കാനാണ് അദ്ദേഹം ശ്രമിച്ചത്. ഹൈക്കോടതിയിൽ വന്ന യഥാർഥ വിഷയം ഷിയാ പ്രാതിനിധ്യമല്ല. മറിച്ച് വഖഫ് ബോർഡിൽ അമുസ്ലിം പ്രതിനിധികളെ ഉൾപ്പെടുത്തിയിട്ടില്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. ഈ ഹർജിക്ക് മറുപടിയായി, ഹർജിക്കാരോട് യോജിപ്പ് രേഖപ്പെടുത്തിയും 14–-ാം വകുപ്പ് പൂർണമായി ഉൾക്കൊണ്ടും ബോർഡ് പുനഃസംഘടിപ്പിക്കാമെന്നും സർക്കാർ കോടതിയിൽ സത്യവാങ്മൂലം നൽകി.
പൗരത്വ നിയമം, എസ്ഐആർ, ജനസംഖ്യാവ്യതിയാനം (ഡെമോഗ്രാഫിക് ചെയ്ഞ്ച്) പഠിക്കൽ തുടങ്ങിയ സംഘപരിവാർ അജൻഡകളുടെ തുടർച്ചയാണ് പുതിയ കേന്ദ്ര വഖഫ് ഭേദഗതി നിയമം. ഈ വിഷയങ്ങളിലെല്ലാം കേരളം ഉയർത്തിയ പോരാട്ടങ്ങൾ ഇനി പ്രതീക്ഷിക്കേണ്ടതില്ല എന്നാണ് യുഡിഎഫ് സർക്കാർ അടിവരയിട്ട് പ്രഖ്യാപിക്കുന്നത്. വഖഫ് ഭേദഗതി നിയമത്തിന്റെ കേരളത്തിലെ പ്രായോജകരായി മാറുകയാണ് യുഡിഎഫ് സർക്കാർ. കോൺഗ്രസിന്റെയും ലീഗിന്റെയും ഈ കാപട്യത്തിനെതിരെയും ന്യൂനപക്ഷ വഞ്ചനയ്ക്കെതിരെയും അതിശക്തമായ പ്രതിഷേധം കേരളത്തിൽ ഉയർന്നുവരേണ്ടതുണ്ട്.















