കോൺഗ്രസിന്റെ ‘ലേലു അല്ലു...’


സി കെ ദിനേശ്
Published on Jan 20, 2026, 10:57 PM | 2 min read
ഗീബൽസിന് പുതിയ അവതാരങ്ങൾ ഉണ്ടാവുകയെന്നത് എളുപ്പത്തിലൊന്നും സാധ്യമാകുന്ന കാര്യമല്ല. അത്രമാത്രം നെറികെട്ട നുണകൾ സത്യമെന്ന് തോന്നുംവിധം അവതരിപ്പിച്ച് വിജയിപ്പിക്കണം. എന്നാൽ, മറ്റൊരു മാർഗവും മുന്നിലില്ലെന്നതിനാൽ കോൺഗ്രസിന് അപ്രകാരമുള്ളവരെ സൃഷ്ടിച്ചേ മതിയാകൂ.
ഇത് ‘രാഷ്‌ട്രീയ തന്ത്രജ്ഞൻ’ എന്ന ഓമനപ്പേരിട്ട് വിളിക്കുന്ന കുതന്ത്രകാരൻ കനുഗോലു പറഞ്ഞുകൊടുത്തതാണെന്നാണ് മാധ്യമങ്ങൾതന്നെ പുറത്തുവിട്ടത്. പലയിടത്തും തെരഞ്ഞെടുപ്പിൽ പരീക്ഷിച്ച് വിജയിച്ചതാണത്രേ! ശരിയായിരിക്കും, ഇതേ തന്ത്രജ്ഞൻ ബിജെപിയോടൊപ്പം നിന്ന കാലത്ത് ചില സംസ്ഥാനങ്ങൾ ‘പിടിച്ച’ കഥ രാജ്യം ചർച്ച ചെയ്തിട്ടുണ്ട്. നട്ടാൽ കുരുക്കാത്ത നുണ ആവർത്തിച്ചുപറഞ്ഞ് പ്രചരിപ്പിച്ച് ജനങ്ങളെ വസ്തുതകളിലേക്ക് പോകാൻ വിടാതെ പോളിങ് ബൂത്തിലെത്തിച്ച് താൽക്കാലികവിജയം നേടിയ സംഭവങ്ങൾ. എന്നാൽ, കേരളത്തിൽ ഇത് ഓടുമോ? ഇല്ലെന്ന് എല്ലാ ദിവസവും കോൺഗ്രസ് നേതാക്കൾ തെളിയിച്ചുകൊണ്ടിരിക്കുന്നു.
പ്രതിപക്ഷനേതാവ് വി ഡി സതീശനാണ് ഇക്കാര്യത്തിൽ ‘ഫ്രണ്ട് റണ്ണർ’ എന്ന് കഴിഞ്ഞദിവസങ്ങളിൽ പൊളിഞ്ഞടുങ്ങിയ നുണകളുടെ പട തെളിയിച്ചു. ഒപ്പം ഓടുന്ന മറ്റ് കോൺഗ്രസ് നേതാക്കളും ഇതേവേഗത്തിൽ കാലിടറിവീഴുന്നുമുണ്ട്. എന്താണ് കാരണം?

‘‘സത്യം ചെരിപ്പിടുമ്പോഴേക്കും നുണ ലോകം ചുറ്റിയിരിക്കും’’ എന്നത് വളരെ പ്രശസ്തമായ ഒരു ചൊല്ലാണ്. നുണപ്രചാരണത്തെക്കുറിച്ച് മറ്റൊരു വസ്തുതകൂടി ഓർത്തിരിക്കണം; ‘‘ഒരു നുണ പറയുന്നയാൾ അത് ഓർമയിൽ വയ്‌ക്കേണ്ടതുണ്ട്. സത്യത്തിന് ഓർമ ആവശ്യമില്ല. കാരണം അത് എപ്പോഴും സത്യമാണ്.’’ അതെ, കണ്ണും മൂക്കും പൂട്ടി നുണ പറയുമ്പോൾ മുന്പ് പറഞ്ഞത് എന്തെന്ന് ഓർത്തില്ലെങ്കിൽ വി ഡി സതീശനെപ്പോലെ പണി വാങ്ങിക്കൂട്ടേണ്ടി വരും. എണ്ണമറ്റ സമൂഹമാധ്യമങ്ങൾ നാട്ടിൽ വാഴുമ്പോൾ പ്രത്യേകിച്ചും. ‘മുഖ്യധാര’കൾ സതീശന്റെ നുണവ്യവസായത്തിന് ആവോളം വെള്ളം കോരുമ്പോഴാണ് ഇൗ ദുരന്തമെന്നതും പ്രത്യേകം എടുത്തുപറയട്ടെ.
കനുഗോലുവിനെ വിശ്വസിച്ചായിരിക്കും സതീശൻ കഴിഞ്ഞദിവസം തട്ടിവിട്ടു, മുണ്ടക്കൈ, ചൂരൽമല ദുരിതാശ്വാസത്തിന് സിഎംഡിആർഎഫിലേക്ക് പണം നൽകേണ്ടെന്ന് കോൺഗ്രസോ യുഡിഎഫോ പറഞ്ഞിട്ടില്ലെന്ന്. പറഞ്ഞ് നാവെടുത്തില്ല, അതിനുമുന്പുതന്നെ കെപിസിസി പ്രസിഡന്റായിരിക്കെ കെ സുധാകരൻ അടക്കമുള്ളവർ ‘പണം സർക്കാരിന് കൊടുക്കരുത്, കോൺഗ്രസിന് നൽകിയാൽ മതി’ എന്നു പറഞ്ഞത് സമൂഹമാധ്യമത്തിൽ പ്രചരിച്ചു. കോൺഗ്രസ് പിരിച്ച ഫണ്ട് എത്ര? എവിടെ? ആര് മുക്കി? ഇതൊന്നും ആരെയും മുന്പും ബോധ്യപ്പെടുത്തിയിട്ടില്ല. ഇന്നുമില്ല, നാളെയുമില്ല. ‘കോൺഗ്രസ് അല്ലേ’ എന്ന് മാധ്യമങ്ങൾ!

എന്തുകൊണ്ടാണ് ഇപ്പോൾ വി ഡി സതീശൻ ഉൾപ്പെടെ ഇൗ പെരുംനുണ പറഞ്ഞത്. അത് വേറൊന്നുമല്ല, വയനാട് ദുരിതത്തിലാണ്ട പാവങ്ങൾക്ക് സർക്കാർ വാക്കുകൊടുത്തതുപോലെ, കയറിക്കിടക്കാൻ അടച്ചുറപ്പും വൃത്തിയുമുള്ള വീടുകൾ കൈമാറാൻ പോവുകയാണ്. നാടിന്റെ ഹൃദയം ചേർത്തുവച്ച ഇൗ പദ്ധതിയിൽ പ്രതിപക്ഷം മനസ്സുകൊണ്ടുപോലും ചേർന്നില്ലെന്നുമാത്രമല്ല, ദ്രോഹിക്കുകയും ചെയ്തു. ഇൗ വസ്തുത എല്ലാവരും അറിഞ്ഞതിലുള്ള ചളിപ്പുമാത്രമാണ് ഇപ്പോൾ കാണിക്കുന്നത്! ചില കാരണവന്മാര് പാടത്ത് വിളവ് കാണാൻ പോകുന്നതുപോലെ, സിദ്ദിഖ് എംഎൽഎ സർക്കാർ വീടുകൾക്കുമുന്നിൽ നടന്ന് പടമെടുത്തതും അതുകൊണ്ടാണ്.
നാല് വിരൽ ചേർത്ത് ‘ഇൗ നൂറ് വീട്, ആ നൂറ് വീട് എല്ലാം കോൺഗ്രസിന്റേതാണ്’ എന്ന് ഒട്ടും ഉളുപ്പില്ലാതെ സതീശൻ പറഞ്ഞതും സമൂഹമാധ്യമങ്ങളിൽ ‘വമ്പൻ നുണ ഹിറ്റ്’ ആയി.
ഒരു സമുദായനേതാവിന്റെയും തിണ്ണനിരങ്ങില്ലെന്നു പറഞ്ഞ വമ്പിന് ചങ്ങനാശേരിയിൽനിന്ന് കണക്കിന് കിട്ടി. ‘ഇനി ഏത് തിണ്ണയുണ്ട് നിരങ്ങാൻ’ എന്നായി വാർത്ത! മതനിരപേക്ഷ ‘ഗീർവാണം’ തകർന്നടിഞ്ഞത്, ഗോൾവാൾക്കറുടെ പടത്തിനുമുന്നിൽ ആർഎസ്‌എസുകാരേക്കാൾ ഭവ്യതയോടെ കുനിഞ്ഞുവണങ്ങിയ ചിത്രവും ‘ജമാഅത്തെ ഇസ്ലാമി മതതീവ്രവാദം എന്നേ ഉപേക്ഷിച്ചു’ എന്ന വെളുപ്പിക്കൽ ഡയലോഗും നാട്ടുകാർ ഓർമിപ്പിച്ചതോടെയാണ്.
ഇതെല്ലാം കൈയോടെ പിടികൂടി തെരുവിലേക്കിട്ടപ്പോൾ സതീശനും കൂട്ടരും പറയുന്നു: ‘‘ഞങ്ങൾ അങ്ങനെയൊന്നും പറഞ്ഞിട്ടില്ല’’ എന്ന്. ‘ലേലു അല്ലു ലേലു അല്ലു, അഴിച്ചുവിടൂ...’ എന്നുകൂടിയേ ഇനി കേൾക്കാനുള്ളൂ.












